റോക്കട്രി ദ് നമ്പി ഇഫക്ട്; മാധവനുമായി കൈ കോര്ത്ത് ഡോ. വർഗീസ് മൂലൻ
Mail This Article
നമ്പി നാരായണന്റെ ജീവിതകഥ സിനിമയാക്കാൻ സിനിമാതാരം മാധവൻ ആലോചിച്ചപ്പോൾത്തന്നെ, മലയാളി സുഹൃത്തായ അങ്കമാലിക്കാരൻ ഡോ. വർഗീസ് മൂലൻ അതിന്റെ നിർമാതാവായി തീർന്നതിൽ തീരെ അദ്ഭുതപ്പെടേണ്ടതില്ല. ജ്യോതിശാസ്ത്രത്തിൽ ചെറുപ്പം മുതൽ താല്പര്യമുണ്ടായിരുന്ന വർഗീസ് മൂലൻ, നമ്പി നാരായണനോടുള്ള അതിയായ ആരാധന പണ്ടു മുതലേ മനസിൽ കൊണ്ടു നടന്നിരുന്നു.
അതിനൂതന സാങ്കേതിക വിദ്യയുടെ പ്രായോഗിക പരീക്ഷണങ്ങളുടെ ഫലമായി രൂപം കൊണ്ട ലിക്വിഡ് പ്രൊപ്പൽഷൻ മൊഡ്യൂൾ ആയ വികാസ് എൻജിന്റെ ഭാരതത്തിലെ ഉപജ്ഞാതാവും ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവനും, ഡോ. APJ അബ്‌ദുൾ കലാം വിക്രം സാരാഭായ്, ഹോമി ഭാഭ എന്നിവരോടൊപ്പം ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക ശാഖക്ക് കനത്ത സംഭാവന നൽകുകയും ചെയ്തിരുന്ന നമ്പി നാരായണന് പക്ഷേ, 1994-ൽ വന്നുപോയ വിധിവൈപരീത്യത്തിൽ ഡോ. വർഗീസ് മൂലന് വളരെ ഉൽക്കണ്ഠയുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ 1996-ൽ നമ്പി നാരായണനെ നിരപരാധിയായി കോടതി വിധിച്ചെങ്കിലും ചാരകേസിന്റെ പ്രത്യാഘാതങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ വേട്ടയാടുമെന്ന് അറിയാമായിരുന്ന ഡോ.വർഗീസ് മൂലൻ, കഴിയുമെങ്കിൽ മാനുഷികമായി എന്തെങ്കിലും ചെയ്യണമെന്ന് നേരത്തേ ആഗ്രഹിച്ചിരുന്നെങ്കിലും, മാധവന്റെ "റോക്കട്രീ ദി നമ്പി ഇഫെക്റ്റ്" എന്ന ബിഗ് ബജറ്റ് ബോളിവുഡ് സിനിമയുടെ നിർമാതാവായതോടെയാണ് അത് സഫലമാവുന്നത്.
ഡോ.വർഗീസ് മൂലന്റെ ബാനർ ആയ വർഗീസ് മൂലൻ പിക്‌ചേഴ്‌സും മാധവന്റെ ഭാര്യ സരിതാ മാധവൻറെ ബാനർ ആയ ട്രൈകളർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംവിധാനവും മാധവൻ തന്നെയാണ് നിർവഹിക്കുന്നത്. ‘ഓർമകളുടെ ഭ്രമണപഥം" എന്ന നമ്പി നാരായണന്റെ ആത്മകഥയുടെ കർത്താവും 'ക്യാപ്റ്റൻ' എന്ന മലയാള സിനിമയുടെ സംവിധായകനുമായ പ്രജീഷ് സെൻ ആണ് കോ–ഡയറക്ടർ.
നടൻ മാധവൻ തന്നെ നമ്പി നാരായണനായി അഭിനയിക്കുന്ന ആത്മകഥാചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലിഷിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ഈ സിനിമ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള 6,500 കേന്ദ്രങ്ങളിലെ തിയറ്ററുകളിൽ ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ആറു രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ ബിഗ്ബജറ്റ് ചിത്രം, 17 വർഷത്തിനു ശേഷം മാധവൻ നടി സിമ്രാനുമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
രാഷ്ട്രീയ വിവാദങ്ങളും സിനിമയും
നമ്പി നാരായണൻ എന്ന പേരിനൊപ്പം മാസങ്ങൾ നീണ്ട ഒരു കോളിളക്കമാണ് ഒരു തലമുറയ്ക്ക് ഓർമയെങ്കിൽ ഈ സിനിമയിൽ ആ കോളിളക്കത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകളാണ് തലനാരിഴകീറി വിശകലനം ചെയ്യുന്നത്. നമ്പി നാരായണൻ എന്ന വ്യക്തിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന വേദനകളുടേയും സങ്കടങ്ങളുടേയും നഷ്ടങ്ങളുടേയും കഥപറയുകയാണ് റോക്കട്രീ: ദ് നമ്പി ഇഫക്ട്.
അന്നത്തെ ചാരക്കേസുകൾ കൊണ്ട് നമ്പി നാരായണനുണ്ടായ നഷ്ടം അദ്ദേഹത്തിനു മാത്രമല്ല; ഇന്ത്യയ്ക്കു മാത്രമല്ല; ലോകത്തിനു മൊത്തമാണെന്നും, റോക്കറ്റ് സാങ്കേതിക വിദ്യയെ എത്രമാത്രം പിന്നോക്കം വലിക്കുന്നതായിത്തീർന്നു അന്നത്തെ വടംവലികളെന്നു വ്യക്തമാക്കുന്നതാണ് ചിത്രം.
നീണ്ട താരനിര
റോക്കറ്ററി: ദ് നമ്പി ഇഫക്ടിൽ അഭിനയിക്കുന്ന വളരെ കുറച്ചു പേരുടെ വിവരങ്ങൾ മാത്രമാണ് ഇതിനകം പുറത്തു വിട്ടിട്ടുള്ളത്. മാധവൻ നായകനായെത്തുന്ന വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ പുറത്തുവിട്ടിരുന്നു. നടി സിമ്രാൻ ഈ സിനിമയിൽ മാധവൻറെ നായികയായി എത്തുന്നു.
ടൈറ്റാനിക്കിലും, ഗെയിം ഓഫ് ത്രോൺസിലും നിർണായക വേഷങ്ങളിലെത്തിയ ഹോളിവുഡ് താരം റോൺ ഡോനാച്ചി; ലവ് ജോയ്, ഡൗൺ ടൌൺ ആബി, അനദർ ടൈം അനദർ പ്ലേസ് എന്നീ ലോകോത്തര സിനിമകളിലെ നായികയും ബാഫ്റ്റ അവാർഡ് ജേതാവുമായ ഐറിഷ് താരം ഫില്ലിസ് ലോഗൻ; പ്രമുഖ പാശ്ചാത്യ അഭിനേതാവ് വിൻസെന്റ് റിയോട്ട തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു. ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മറ്റ് പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമായിത്തീർന്നിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടാമെന്നാണ് നിർമ്മാതാക്കളുടെ നിലപാട്.
തിരക്കഥ, സംവിധാനം, നിർമാണം
നടൻ മാധവനിലെ സംവിധായകനെ നമ്മൾ കാണാനിരിക്കുകയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നമ്പി നാരായണന്റെ
ജീവചരിത്രത്തെ അടിസ്ഥാനപ്പെടുത്തി "റെഡി ടു ഫയർ: ഹൗ ഇന്ത്യ ആൻഡ് ഐ സർവൈവ്ഡ് ദി ഐഎസ്‌ആർഒ സ്‌പൈ കേസ്", "ഓർമകളുടെ ഭ്രമണപഥം" തുടങ്ങിയ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും നമ്പി നാരായണൻ എന്ന വ്യക്തിയുടെ ജീവൻ തുടിക്കുന്ന സാമിപ്യത്തിന്റെ നേർചിത്രമായാണ് സിനിമയുടെ തിരക്കഥ മാധവൻ നമ്പി നാരായണനിൽ നിന്ന് നേരിട്ട് പകർത്തിയിരിക്കുന്നത്. സിനിമ പുരോഗമിക്കുന്നതനുസരിച്ച് നമ്പി നാരായണൻ അനുഭവിച്ച വ്യഥകൾ കാണികളുടെ, രാജ്യത്തിന്റെ, ലോകത്തിന്റെ തന്നെ വ്യഥയായി മാറുന്നു.
തിരക്കഥയും സംവിധാനവും മുഖ്യകഥാപാത്രവും ഒരാൾ തന്നെയായായതുകൊണ്ട് മറ്റു സിനിമകളിൽ മുഖ്യ ശിൽപികൾ പലരാവുമ്പോൾ, ഭാഷയിലൂടെ നടത്തേണ്ടി വരുന്ന പരസ്പര ആശയവിനിമയത്തിലെ വികാര വിചാരങ്ങളുടെ വേലിയേറ്റങ്ങൾക്ക് ഉണ്ടാകാറുള്ള വരുന്ന വ്യതിയാനങ്ങൾ, ഇല്ലാതെയാവുന്നു. ഈ സിനിമയുടെ പൂർണതയുടെ പിന്നിലെ ഒരു രഹസ്യം അതാണ്. ഓരോ സെറ്റിലും മാധവൻ നിറഞ്ഞാടുമ്പോൾ അഭിനയമാണെന്നത് മറന്ന് കണ്ടു നിന്ന ടെക്‌നീഷ്യന്മാരുടെ പോലും കണ്ണുകൾ നിറഞ്ഞു പോയത് അത് കൊണ്ടാവണം.
വർഗീസ് മൂലൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ഫാക്ടറികളിലെ ഭക്ഷ്യോൽപ്പന്നനിർമാണവും കയറ്റുമതിയും ഇറക്കുമതിയും മുതൽ മൂലൻസ് ഹൈപ്പർ-മാർക്കറ്റുകളും വിതരണ ശൃംഖലയും ചില്ലറവിൽപനയും അടങ്ങിയ മേഖലകളിലൂടെയാണ് തന്റെ ബിസിനസ് വളർന്നതെന്ന് അദ്ദേഹം പറയുന്നു.
ചെറുപ്പം മുതൽ എഴുത്തിനോടും വായനയോടുമുണ്ടായിരുന്ന കമ്പം സിനിമയിലേയ്ക്ക് എത്തിക്കുയായിരുന്നു. മൂന്ന് നോവലുകളിൽ ഒന്നും, അനേകം കഥകളും, ലേഖനങ്ങളും, കവിതകളും സ്വയം ഈണം പകർന്ന് രചിച്ച ഭക്തിഗാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 'വിജയ് മൂലൻ ടാക്കിസ്' എന്ന ബാനറിൽ നിർമിച്ച "ഓട് രാജ ഓട്" എന്ന തമിഴ് സിനിമക്ക് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചിരുന്നു. ബിസിനസിൽ സജീവമായതോടെ എഴുത്തിലേയ്ക്കുള്ള ശ്രദ്ധ നഷ്ടപ്പെട്ടെങ്കിലും കലയോടുള്ള സ്നേഹത്തിൽ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
നിർധനരായ 201 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയും, അര ഡസനോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പൂർണ്ണധനസഹായം നൽകിയും, ഡസൻ കണക്കിന് പുതിയ വീടുകൾ പണിത് നിർധനർക്ക് നൽകിയും, ഓട്ടോടാക്സികൾ സംഭാവന ചെയ്തും വർഗീസ് മൂലൻ ഫൗണ്ടേഷൻ കേരളത്തിൽ സാമൂഹ്യ സേവന രംഗത്ത് മുന്നിൽ തന്നെയുണ്ട്. വിവിധ മേഖലകളിൽ ചെയ്തിട്ടുള്ള സേവനങ്ങൾക്കുള്ള അംഗീകാരമായി നിരവധി ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.