ADVERTISEMENT

നാടകസംവിധായകൻ, സിനിമാ താരം, വെബ്സീരീസ് നടൻ, കഥപറച്ചിലുകാരൻ....ഇതിലെവിടെയും കാണാം റോഷൻ മാത്യുവിനെ. കരിയറിന്റെ തുടക്കത്തിൽ തന്നെ തൊട്ടപ്പനിലെയും മൂത്തോനിലെയും കനപ്പെട്ട റോളുകൾ ചെയ്തു മലയാള സിനിമയിൽ ശ്രദ്ധനേടുകയും ചെയ്തിരിക്കുന്നു റോഷൻ. അതോടൊപ്പം ഇന്ത്യൻ ടറന്റിനോ എന്നു വിശേഷിപ്പിക്കപ്പെടുന്ന അനുരാഗ് കശ്യപിന്റെ നെറ്റ്ഫ്ലിക്സ് ചിത്രത്തിലും റോഷൻ അഭിനയിച്ചു. സത്യത്തിൽ എവിടെയാണ് റോഷൻ. നാടകത്തിലോ സിനിമയിലോ മലയാളത്തിലോ ഹിന്ദിയിലോ?

 

 നായകനാകുന്ന ആദ്യ ചിത്രമാണോ കപ്പേള? 

roshan-4
കപ്പേള സിനിമയിൽ റോഷൻ.

 

വിശ്വാസപൂർവം മൻസൂർ, മാച്ച്ബോക്സ് എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിരുന്നു. ഇതു നായകനായ സിനിമ, ഇത് അല്ലാത്ത സിനിമ എന്നൊന്നും കാണുന്ന ആളല്ല ഞാൻ. ചെറുതെങ്കിലും ഗുണകരമാകണം ഓരോ റോളും. ചെറിയ കഥ പറയുന്ന ഒരു ചെറിയ സിനിമയാണ് കപ്പേള. നായികയുടെ ജീവിതത്തെ മാറ്റിമറയ്ക്കുന്ന ഒരു ചെറു സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. 

roshan-1
മൂത്തോനിൽ നിവിൻ പോളിക്കൊപ്പം റോഷൻ.

 

തൊട്ടപ്പനും മൂത്തോനും സ്റ്റാറ്റസ് ഉയർത്തിയോ? 

roshan-5
അനുരാഗ് കശ്യപിനൊപ്പം റോഷൻ.

 

തൊട്ടപ്പൻ എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ്. അത് ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളിൽ വന്നശേഷമാണ് കൂടുതൽ ഫോൺ വിളികൾ വരാൻ തുടങ്ങിയത്. ഈയടുത്ത് കഥ പറയാൻ വന്ന ഒന്നു രണ്ടുപേർ തൊട്ടപ്പനിലെ എന്റെ പ്രകടനം കണ്ടിട്ടാണ് അവരുടെ സിനിമയിലേക്ക് എന്നെ പരിഗണിച്ചതെന്നു പറയുകയുണ്ടായി. മൂത്തോന്റെ കാര്യത്തിൽ ഞാൻ ഒപ്പം ജോലി ചെയ്യണമെന്നാഗ്രഹിച്ച ഒരുപാട് ആളുകൾക്കൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചുവെന്നതാണ് സന്തോഷം. 

 

അനുരാഗ് കശ്യപിന്റെ കണ്ണിൽപ്പെടുന്നതെങ്ങനെ? 

roshan-3
ചോക്ക്ഡ് വെബ് സീരീസ് ടീമിനൊപ്പം റോഷൻ.

 

മൂത്തോന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ‘നീ ഏതാ? നീ എവിടെയുള്ളതാ? എനിക്കെന്താ നിന്നെ നേരത്തേ അറിയാത്തേ?’ എന്നൊക്കെ ചോദിച്ചു. ‘ഞാൻ ഒരു സ്ക്രിപ്റ്റ് അയച്ചു തരാം. വായിച്ചു നോക്കിയിട്ടു പറയൂ,’ എന്നെല്ലാം പറഞ്ഞു. പിന്നീടാണ് ഇതൊരു നെറ്റ്ഫ്ലിക്സ് ചിത്രമാണെന്ന് അറിയുന്നത്. ‘ചോക്ക്ഡ്’ എന്നാണു പേര്. മേയിൽ സംപ്രേഷണം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. 

 

സിനിമാത്തിരക്കിനിടയിൽ നാടകം?

roshan-2
മുംബൈയിലെ കഥപറച്ചിൽ വേദിയിൽ റോഷൻ.

 

കോളജ് പഠനകാലത്ത് ഒരുപാടു നാടകങ്ങൾ ചെയ്തു. അതിനു ശേഷം മുംബൈയിൽ പോയി നാടക പഠനത്തിൽ കോഴ്സ് ചെയ്തു. അക്കാലത്ത് ഒന്നരക്കൊല്ലത്തോളം നാടകം മാത്രമാണ് ചെയ്തത്. സിനിമയിൽ അവസരം കൂടുതൽ വന്നതോടെയാണ് നാടക പ്രവർത്തനം കുറഞ്ഞത്. കൊച്ചിയിൽ തന്നെയുള്ള സുഹൃത്തുക്കളുമായി ചേർന്ന് വീണ്ടും നാടകം ചെയ്തുതുടങ്ങി. അങ്ങനെ വെരി നോർമൽ ഫാമിലി എന്ന നാടകം യാഥാർഥ്യമായി. 

 

വെബ്സീരീസിന്റെ സാധ്യതകൾ?

 

മുംബൈയിൽ നാടകവുമായി നടക്കുമ്പോഴാണ് സോണി നിർമിച്ച ‘ടാൻലിനസ്’ എന്ന വെബ്സീരീസ് ചെയ്യുന്നത്. അക്കാലത്ത് പഠനച്ചെലവുകൾക്ക് പണം കണ്ടെത്താൻ ദിവസവും ധാരാളം ഓഡിഷനു പോകുമായിരുന്നു. അങ്ങനെ ഒരുപാട് പരസ്യങ്ങളും കോർപറേറ്റ് വിഡിയോകളും ചെയ്തു. അത്തരം ഒരു ഓഡിഷനിലൂടെയാണ് സോണിയുടെ വെബ്സീരിസിലും എത്തിപ്പെട്ടത്. 

 

അവസരം ചോദിച്ചുനടന്നിട്ടുണ്ടോ? 

 

അവസരം ചോദിക്കുന്നത് എന്റെ ബോധ്യത്തിനു വഴങ്ങാത്ത ഒരു കാര്യമാണ്. ഒരു സിനിമയിൽ വളരെ കുറച്ച് കഥാപാത്രങ്ങളേ ഉണ്ടാകാറുള്ളു. ഒരു എഴുത്തുകാരനും സംവിധായകനും എത്ര ഉറക്കമൊഴിച്ച് ഉണ്ടാക്കിയെടുത്തവയാണ് ആ കഥാപാത്രങ്ങൾ. അപ്പോൾ എന്ത് അവകാശം വച്ചാണ് ഒരു പരിചയവുമില്ലാത്ത അവരോട് ഞാൻ അവസരം ചോദിക്കുക. എനിക്ക് ഒരു ഓഡിഷന് അവസരം തരൂ എന്നു മാത്രമാണ് അന്നും ഇന്നും ഞാൻ ചോദിക്കാറുള്ളൂ. 

 

കഥപറച്ചിലുകാരൻ? 

 

സ്പോക്കൺ ഫെസ്റ്റ് എന്ന കഥപറച്ചിൽ മേള കഴിഞ്ഞ മൂന്നാലു വർഷമായി നടക്കുന്നുണ്ട്. കമ്യൂൺ എന്നൊരു ഗ്രൂപ്പാണ് സംഘാടകർ. ഓരോ വർഷവും ഓരോ നഗരത്തിലും എഴുത്തുകാരെ ക്ഷണിച്ച് ഒരു കൂട്ടായ്മയ്ക്കു മുൻപിൽ കഥപറച്ചിൽ സംഘടിപ്പിക്കുന്നതാണ് ഈ മേള. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഞാൻ കഥപറച്ചിലുകാരനായി പോയത്. ഗൃഹാതുരത്വമായിരുന്നു വിഷയം. ചങ്ങനാശേരിയിൽ എന്റെ അച്ചാച്ചൻ താമസിച്ചിരുന്ന വീടുമായി ബന്ധപ്പെട്ട് കുറച്ചുനാൾ മുൻപ് എഴുതിവച്ച ഒരു കഥയാണ് അവിടെ പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com