ടവൽ ബെഡിലിടുന്നത് ഞാനും ഫ്രിഡ്ജിൽ സ്പൂൺ വയ്ക്കുന്നത് ഫ്രാൻസിസും: അതൊരു സിനിമയായി !
Mail This Article
ആമസോൺ പ്രൈമിൽ ഈയടുത്ത് റിലീസ് ചെയ്ത 'പുത്തം പുതു കാലൈ' എന്ന ഹ്രസ്വചിത്രങ്ങളുടെ ആന്തോളജിയിലെ എല്ലാ ചിത്രങ്ങളും തമിഴിൽ ആയിരുന്നെങ്കിലും ക്യാമറയ്ക്ക് മുൻപിലും പിന്നിലുംപ്രവർത്തിച്ചവരിൽ നിറയെ മലയാളികളുണ്ട്. അതിൽ പ്രേക്ഷകരെ ഏറെ അദ്ഭുതപ്പെടുത്തിയ പേരായിരുന്നു ശ്രുതി രാമചന്ദ്രൻ. ആന്തോളജിയിലെ ആദ്യ ചിത്രമായ 'ഇളമൈ ഇതോ ഇതോ' എന്ന ചിത്രത്തിന്റെ കഥയുടെ ക്രെഡിറ്റിൽ ഫ്രാൻസിസ് തോമസിനൊപ്പം ശ്രുതി രാമചന്ദ്രന്റെ പേരു തെളിഞ്ഞപ്പോൾ മലയാളികൾ ഒന്നു സംശയിച്ചു. ഇത് നമ്മുടെ ശ്രുതി തന്നെയാണോ? ഇങ്ങനെയൊരു സംശയം അൻപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോഴും പലരുടെയും മനസിൽ ഉയർന്നിരുന്നു. കമലയിലെ പ്രകടനത്തിന് മികച്ച ഡബിങ് ആർടിസ്റ്റായി ശ്രുതിയുടെ പേര് പ്രഖ്യാപിച്ചപ്പോഴായിരുന്നു അത്.
ശ്രുതി രാമചന്ദ്രനെ പ്രേക്ഷകർക്കു കൂടുതൽ പരിചയം സൺഡേ ഹോളിഡേയിലെ 'തേപ്പുകാരി'യായ കഥാപാത്രത്തിലൂടെയാണ്. എന്നാൽ, ഇനി ആ ഒരു ലേബലിൽ ശ്രുതി രാമചന്ദ്രനെ ഒതുക്കാനാവില്ല. കാരണം, കമലയിലെ ഡബിങ് മികവും ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലെ രചനാവൈഭവവും ശ്രുതിയിലെ ബഹുമുഖപ്രതിഭയെ ചലച്ചിത്രപ്രേമികൾക്കു മുൻപിൽ അനാവൃതമാക്കിയിരിക്കുന്നു. ശ്രുതി രാമചന്ദ്രനും ഭർത്താവ് ഫ്രാൻസിസും ചേർന്നാണ് ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിച്ച സംസ്ഥാനപുരസ്കാരത്തെക്കുറിച്ചും ലോക്ഡൗണിൽ അവിചാരിതമായി സംഭവിച്ച എഴുത്തിനെക്കുറിച്ചും ശ്രുതി രാമചന്ദ്രൻ മനോരമ ഓൺലൈനിൽ മനസു തുറക്കുന്നു.
പലർക്കും അക്കാര്യം സർപ്രൈസ്
എനിക്കും ഫ്രാൻസിസിനും 13 വർഷമായി പരസ്പരം അറിയാം. പക്ഷേ, ഞങ്ങളുടെ റോളുകൾ എപ്പോഴും വ്യത്യസ്തമായിരുന്നു. ഞാൻ അഭിനേതാവാണെങ്കിൽ ഫ്രാൻസിസ് എഴുത്തുകാരൻ. ഇപ്പോൾ ഞങ്ങളുടെ റോളുകൾ ഒന്നായി. സിനിമ ആമസോൺ പ്രൈമിൽ കണ്ട് അവസാനം ക്രെഡിറ്റിൽ ഞങ്ങളുടെ പേര് എഴുതിക്കാണിച്ചപ്പോൾ... It was overwhelming! ആ അനുഭവം പറയാൻ വേറൊരു വാക്ക് എനിക്ക് അറിയില്ല. കാര്യം കഥയെഴുതിയത് ഞങ്ങളാണ്.
പക്ഷേ, താരങ്ങളുടെ പ്രകടനം, സംവിധായികയുടെ ബ്രില്ല്യൻസ്, മ്യൂസിക്, ദൃശ്യങ്ങൾ എല്ലാം കൂടി വന്നപ്പോൾ അതൊരു മനോഹരമായ അനുഭവമായി. It was so beautiful! പിന്നെ, ഇത് എഴുതിയത് ഞങ്ങൾ ഒരുമിച്ചാണെന്ന് പലർക്കും അറിയില്ലായിരുന്നു. അതു പലർക്കും വലിയ സർപ്രൈസ് ആയി. ഞാനും ഫ്രാൻസിസും വർക്ക് ചെയ്യുമ്പോൾ വളരെ ഓർഗാനിക് ആണ്. ഒരു ഐഡിയ ഞാൻ പറഞ്ഞാൽ ഫ്രാൻസിസ് അതു വികസിപ്പിക്കും. തിരിച്ചും അങ്ങനെ തന്നെ. പ്രഫഷനലി ഫ്രാൻസിസ് ഒരു എഴുത്തുകാരനാണ്. എന്തു വർക്ക് ആകും, എന്തു നടക്കില്ല എന്നതു സംബന്ധിച്ച് ഫ്രാൻസിസിന് കൃത്യമായ ധാരണയുണ്ട്.
ലോക്ഡൗണിലെ എഴുത്ത്
ഫ്രാൻസിസും സുധ മാഡവും വേറൊരു പ്രൊജക്ടിന്റെ ചർച്ചകളിൽ ആയിരുന്നു. അപ്പോഴാണ് ആമസോണിന്റെ ഓഫർ എത്തിയത്. പ്രണയം, പ്രതീക്ഷ തുടങ്ങിയ ആശയങ്ങൾ പങ്കുവയ്ക്കുന്ന കഥയാണ് അവർക്ക് വേണ്ടിയിരുന്നത്. ഞാനും ഫ്രാൻസിസും അപ്പോൾ 'അന്വേഷണം' എന്ന സിനിമയുടെ ഹാങ്ങോവറിലായിരുന്നു. അത് അൽപം ഡാർക്ക് മൂവി ആയിരുന്നല്ലോ. അതിൽ നിന്നൊന്ന് മാറണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ സിനിമ എഴുതിയത്. 'അന്വേഷണം' എന്ന സിനിമ ഫ്രാൻസിസ് എഴുതിക്കഴിഞ്ഞാണ് ഞാൻ വായിക്കുന്നത്.
ഒരു സ്ക്രിപ്റ്റ് പൂർത്തിയായാലും ഷൂട്ടിങ്ങിനു മുൻപ് അതിൽ ചെറിയ മാറ്റങ്ങൾ വരുമല്ലോ. അങ്ങനെ ഇരുന്ന് ഫ്രാൻസിസും ഞാനും ആശയങ്ങൾ രൂപീകരിച്ചപ്പോഴാണ് നമുക്ക് ഒന്നിച്ച് വർക്ക് ചെയ്യാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞത്. ഭാര്യയും ഭർത്താവാണെന്നു പറഞ്ഞാലും ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ അടിച്ചു പിരിയും. 'അന്വേഷണം' നൽകിയ തിരിച്ചറിവായിരുന്നു ഞങ്ങൾക്കൊരുമിച്ച് വർക്ക് ചെയ്യാൻ പറ്റും എന്നത്. ആ സിനിമയ്ക്കു ശേഷം ലോക്ഡൗൺ ആയപ്പോൾ ഞങ്ങൾ ഒരുമിച്ച് പല സ്റ്റോറിലൈനും ആലോചിച്ചു കൊണ്ടിരുന്നു. ആ സമയത്താണ് സംവിധായിക സുധയുടെ ഓഫർ വന്നത്. ആ കഥ രണ്ടു ദിവസം എടുത്ത് എഴുതി. സംവിധായിക സുധയെ കേൾപ്പിച്ചു. അവർക്ക് ഇഷ്ടപ്പെട്ടു. കാസ്റ്റിങ് കഴിഞ്ഞതിനുശേഷം കുറച്ചു സീനുകൾ അതനുസരിച്ച് മാറ്റി. ഞങ്ങൾ എഴുതിയത് ഇംഗ്ലിഷിലായിരുന്നു. പിന്നീടത് തമിഴിലേക്ക് മാറ്റി.
സിനിമയിലെ ഞാനും അവനും
പ്രണയിക്കുമ്പോൾ നമുക്ക് എപ്പോഴും ചെറുപ്പമാണ് എന്നാണ് സിനിമ പറയുന്നത്. പ്രണയത്തിന്റെ വൈകാരിക നിമിഷങ്ങളിലാണ് കല്യാണിയും കാളിദാസും പ്രത്യക്ഷപ്പെടുന്നത്. ആ കഥാപാത്രങ്ങൾ റിയാലിറ്റിയിലേക്ക് എത്തുമ്പോൾ ജയറാമും ഉർവശിയും വരുന്നു. ഈ കാസ്റ്റിങ്ങിന്റെ ക്രെഡിറ്റ് സംവിധായികയ്ക്കാണ്. ഇത്തരത്തിലൊരു ആശയം ചർച്ചകളിലൂടെ പരുവപ്പെട്ടതാണ്. നമ്മുടെ അച്ഛന്റെയും അമ്മയുടെയും പ്രായത്തിലുള്ള രണ്ടുപേർ തമ്മിലുള്ള പ്രണയം. അത് നെഗറ്റീവായി പലർക്കും തോന്നാം. നെഗറ്റീവ് എന്ന വാക്ക് കുറച്ച് കടുത്തതാണ്. പക്ഷേ, അങ്ങനെയൊരു ബന്ധം വിലക്കപ്പെട്ടതെന്തോ ആണെന്ന ഒരു തോന്നലുണ്ട് സമൂഹത്തിൽ.
എന്നാൽ, ഈ രീതിയിൽ ദൃശ്യവൽക്കരിച്ചപ്പോൾ അതൊരു വിലക്ക് കൽപിക്കേണ്ട സംഭവമല്ലെന്നു ഫീൽ ചെയ്യിപ്പിച്ചു എന്നു ചിലർ പറഞ്ഞു. ആ ഒരു ചിന്ത നല്ലതല്ലേ! ഈ സിനിമയിലെ പല സീനുകൾക്കും പ്രചോദനം ഞങ്ങളുടെ തന്നെ ജീവിതമാണ്. വീട്ടിൽ ഞാനാണ് ടവൽ ബെഡിലിടുന്നത്. ഫ്രാൻസിസ് ആണ് ഫ്രിഡ്ജിൽ സ്പൂൺ വയ്ക്കുന്നത്. അങ്ങനെ കുറെ ചെറിയ കാര്യങ്ങളുണ്ട്. അക്കാര്യത്തിൽ ഫ്രാൻസിസിന്റെ ബ്രില്ല്യൻസ് ശരിക്കും വർക്ക് ചെയ്തിട്ടുണ്ട്. പരസ്യമേഖലയിലാണ് ഫ്രാൻസിസ് വർക്ക് ചെയ്യുന്നത്. നിശ്ചിതസമയത്തിനുള്ളിൽ ഒരു കഥ മൊത്തം പറയുന്ന ടെക്നിക് ഫ്രാൻസിസിന് നന്നായി അറിയാം. ഓരോ കാര്യങ്ങൾ ആഡ് ചെയ്യാമെന്നു ഞാൻ പറഞ്ഞാലും അത് ആ കുറഞ്ഞ സമയത്തിൽ ഫിറ്റ് ആകുമോ, അല്ലെങ്കിൽ ഏറ്റവും ബെസ്റ്റ് ഏതായിരിക്കും എന്നൊക്കെയുള്ള തീരുമാനങ്ങൾ ഫ്രാൻസിസിന്റെയാണ്.
ഡബ് ചെയ്തത് ഞാൻ പോലും മറന്നു
കമലയിലെ ഡബിങ് അവിചാരിതമായി സംഭവിച്ചതാണ്. ഞാൻ താമസിക്കുന്നത് കടവന്ത്രയിലാണ്. വിസ്മയ സ്റ്റുഡിയോയുടെ അടുത്താണ്. ഒരു ദിവസം സംവിധായകൻ രഞ്ജിത് ശങ്കർ വിളിച്ച് കമലയുടെ ഡബിങ്ങിനെക്കുറിച്ച് പറഞ്ഞു. വന്നൊന്നു നോക്കൂ, ഓകെ ആണെങ്കിൽ ചെയ്യാം എന്ന ധാരണയിലാണ് പോയത്. അവിടെ ചെന്ന് ശബ്ദം കൊടുത്തപ്പോൾ അത് ആ കഥാപാത്രത്തിന് ഓകെ ആയി. രഞ്ജിത് ശങ്കറിന്റെ ഒരു ആത്മവിശ്വാസത്തിൽ ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണ് കമല. കഴിഞ്ഞ വർഷം ചെയ്ത സിനിമ ആയിരുന്നല്ലോ അത്. ഞാൻ ആ കാര്യം മറന്നേ പോയി. എനിക്ക് വീട്ടിൽ കേബിൾ കണക്‌ഷൻ ഇല്ല. ന്യൂസ് എല്ലാം ഫോണിലാണ്.
ആറു മാസമായി യാതൊരു അനക്കവുമില്ലാതെ ഇരിക്കുന്ന എന്റെ ഫോണിലേക്ക് പെട്ടെന്ന് നിറയെ മെസേജുകൾ വരാൻ തുടങ്ങി. ഞാൻ ഫോൺ സൈലന്റിൽ ഇട്ടു. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് വിളിച്ച്, എടോ നിനക്ക് സ്റ്റേറ്റ് അവാർഡ് ഉണ്ടല്ലോ എന്നു പറയുന്നത്. ഞാൻ അയാളെ കുറച്ചു ചീത്ത വിളിച്ചു ഫോൺ വച്ചു. പിന്നെ, ഇൻഡസ്ട്രിയിൽ നിന്നു കുറച്ചു പേർ വിളിച്ചു. അതിൽ സംവിധായകൻ മനു അശോകനും ഉണ്ടായിരുന്നു. അദ്ദേഹത്തോടും ഞാൻ ചോദിച്ചത്, എന്തിനാണ് എല്ലാവരും എന്നെ വിളിച്ച് അഭിനന്ദിക്കുന്നത് എന്നാണ്. ആളാണ് പറഞ്ഞത്, ഡബ്ബിങിന് ഏതോ ശ്രുതി രാമചന്ദ്രനാണ് പുരസ്കാരം എന്ന്. അതിന് ഞാൻ ഡബ്ബ് ചെയ്തിട്ടില്ലല്ലോ എന്നായി ഞാൻ. അപ്പോൾ അദ്ദേഹം പറഞ്ഞു, എന്തോ തെറ്റു പറ്റിയതാകും... കമല എന്ന ചിത്രത്തിൽ ശബ്ദം കൊടുത്ത ശ്രുതിക്കാണ് അവാർഡ് എന്ന്. കമല എന്നു കേട്ടപ്പോഴാണ് എനിക്ക് കത്തിയത്. അപ്പോഴാണ് ഈ പുരസ്കാരത്തിന്റെ കാര്യം ഞാൻ വിശ്വസിക്കുന്നത്. എന്തായാലും വലിയ സർപ്രൈസ് ആയിരുന്നു ആ പുരസ്കാരം.
പുതിയ പ്രൊജക്ട്
മനു അശോകന്റെ 'കാണെക്കാണെ' എന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. ടൊവീനോ, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ തുടങ്ങിയ താരങ്ങളുണ്ട്. സിനിമയുടെ പൂജ കഴിഞ്ഞു. ഇതാണ് എന്റെ പുതിയ പ്രൊജക്ട്. പിന്നെ ഫ്രാൻസിസിനൊപ്പം ചില എഴുത്തു പരിപാടികളുമുണ്ട്. അടുത്ത ഒരു പ്രൊജക്ട് ഒരുമിച്ചു തന്നെ ചെയ്യാമെന്നാണ് പ്ലാൻ. ചിലതൊക്കെ എഴുതി വച്ചിട്ടുണ്ട്. അതു ഡെവലപ് ചെയ്യണം.