ഞാനും ബിടെക്കുകാരൻ: ‘ഓപ്പറേഷൻ ജാവ’ സംവിധായകൻ പറയുന്നു
Mail This Article
ഓപ്പറേഷൻ ജാവ എന്ന ചെറിയ, വലിയ സിനിമ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഈ വർഷത്തെ ആദ്യ ഹിറ്റ് എന്ന വിശേഷണവും ചിത്രത്തിനു ലഭിക്കുന്നുണ്ട്. വർഷങ്ങളുടെ പരിചയമുള്ള ഒരു സംവിധായകനാണ് ഈ ചിത്രം ഇത്ര കയ്യടക്കത്തോടെ ചെയ്തത് എന്ന് തോന്നിയാൽ നിങ്ങൾക്ക് തെറ്റി. സംവിധായകൻ പുതുമുഖമാണ്. ഒന്നുരണ്ടു ഹ്രസ്വചിത്രങ്ങളും ഒട്ടനവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും സിനിമാസംവിധാന രംഗത്ത് പിച്ചവച്ചു തുടങ്ങുന്ന തരുൺ മൂർത്തിയാണ് ആ സംവിധായകൻ. നല്ല സിനിമകളെ സ്നേഹിക്കുന്നവർക്ക് ഒരു വിരുന്നൊരുക്കാൻ പാകത്തിന് പൊടിക്കൈകൾ കൈവശമുള്ള തരുൺ മൂർത്തി മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു...
ആദ്യ സിനിമയ്ക്കു തന്നെ വലിയ പ്രതികരണങ്ങൾ , എന്ത് തോന്നുന്നു?
സ്വാഭാവികമായും വളരെയധികം സന്തോഷം തോന്നുന്നു. എല്ലായിടത്തുനിന്നും നല്ല അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഷോ കൂടുന്നുണ്ട്, ഹൗസ് ഫുൾ ആയി പോകുന്നു എന്ന റിപ്പോർട്ട് കിട്ടുന്നു. എന്റെ ആദ്യത്തെ സിനിമയാണ് ഓപ്പറേഷൻ ജാവ. അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് ടെൻഷൻ ഉണ്ടായിരുന്നു, അത് മാറി വരുന്നുണ്ട്. വരും ദിവസങ്ങളിലെ പ്രതികരണങ്ങൾ കൂടി അറിയാനുണ്ട്.
ഷോർട്ട് ഫിലിമുകൾ മാത്രം ചെയ്തു പരിചയമുള്ള ഒരാൾക്ക് എങ്ങനെ ആണ് ഒരു സിനിമ ചെയ്യാനുള്ള ധൈര്യം കിട്ടിയത്?
സിനിമ മനസ്സിൽ കയറിയിട്ട് വർഷങ്ങളായി. അധ്യാപകൻ എന്ന ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് വേണ്ടി ഇറങ്ങിയിട്ട് രണ്ടു വർഷവും. ഇതിനിടയിൽ ഹ്രസ്വ ചിത്രങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തു. ഈ രണ്ടു വർഷവും മനസ്സിൽ കയറ്റിയ ഒരു തീമാണ് ഈ സിനിമ. സിനിമയെക്കുറിച്ച് കുറെ ഇമേജുകൾ മനസ്സിൽ ഉണ്ടായിരുന്നു. അത് ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ തിയറ്ററിൽ എത്തിക്കണം എന്നെ ആഗ്രഹമുണ്ടായിരുന്നുള്ളൂ. അതിനുവേണ്ടിയുള്ള ചേരുവകൾ ചേർത്തിരുന്നു. അങ്ങനെ ചേർത്ത ഷോട്ടുകൾ വരുമ്പോൾ ആളുകൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു കാണുമ്പോൾ സന്തോഷമുണ്ട്.
ആദ്യത്തെ ചിത്രം തന്നെ ഒരു ത്രില്ലർ
അങ്ങനെ ത്രില്ലർ എന്നൊന്നും കരുതിയിട്ടിട്ടില്ല, ആദ്യമായി ചെയ്യുന്ന സിനിമ ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത കഥ ആയിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞാലും ആളുകൾ സിനിമയെപ്പറ്റി ചർച്ച ചെയ്യണം. ഛായാഗ്രാഹകനായ ഷൈജു ഖാലിദ് സൈബർ സെല്ലിനെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ സാധ്യത എന്നോട് നാലഞ്ചു വർഷം മുൻപ് പറഞ്ഞിരുന്നു. പിന്നെ രണ്ടുപേരും അത് മറന്നു. പക്ഷേ ഒരു സിനിമയെപ്പറ്റി ഞാൻ ആലോചിച്ചപ്പോൾ ഷൈജു പറഞ്ഞ തീമീന് ഇപ്പോഴും സാധ്യതയുണ്ടല്ലോ എന്ന് തോന്നി. ഏറ്റവും യാഥാർഥ്യമായി തോന്നുന്ന രീതിയിൽ സൈബർ സെല്ലിനെയും സൈബർ ക്രൈമുകളെയും പ്രേക്ഷകർക്കു പരിചയപ്പെടുത്തുക. എന്നാൽ അതൊരു ഡോക്യുമെന്ററി പോലെ തോന്നാത്ത രീതിയിൽ ചെയ്യുകയും വേണം. ഒടുവിൽ അത് ത്രില്ലർ ആയി മാറുകയായിരുന്നു.
ആദ്യ സിനിമയിൽ അധികം പോപ്പുലർ അല്ലാത്ത താരങ്ങളെ കാസ്റ്റ് ചെയ്തത്?
അങ്ങനെ താരമൂല്യമോ പോപ്പുലാരിറ്റിയോ നോക്കിയില്ല. സിനിമയിലെ കഥാപാത്രങ്ങൾ ആ വേഷത്തിനു അനുയോജ്യമാണോ എന്നാണ് നോക്കിയത്. കാണുന്നവർക്ക് അസ്വാഭാവികത തോന്നരുത്. ഇനിയിപ്പോള്‍ ഏതെങ്കിലും വലിയ ഒരു താരമാണ് ഒരു കഥാപാത്രത്തിന് യോജിച്ചത് എന്ന് തോന്നിയാൽ അവരെ സമീപിക്കുമായിരുന്നു. കാണുന്നവർക്ക് കഥാപാത്രത്തെയും ആർട്ടിസ്റ്റിനെയും വേർതിരിച്ചു തോന്നരുത്.
ഞാൻ തിരഞ്ഞെടുത്ത ഓരോ താരങ്ങളും ആ കഥാപാത്രം ചെയ്യാൻ യോജിച്ചതാണ്, ഇവർ അല്ലാതെ മറ്റാരും ചെയ്താൽ അത് നന്നാകില്ല എന്ന് തോന്നി അങ്ങനെയാണ് ഓരോരുത്തരെയും തിരഞ്ഞെടുത്തത്. പ്രഗത്ഭരായ ഒരുപാട് താരങ്ങളുള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്, പക്ഷേ ഓരോ സീനും കാണുമ്പോൾ പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നണം, ഇപ്പൊൽ കിട്ടുന്ന ഫീഡ്ബാക്ക് കണ്ടിട്ട് എന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് തോന്നുന്നത്. ഒരു ചെറിയ സ്പാർക്ക് കിട്ടിയാൽ കത്തിപ്പടരുന്ന താരങ്ങളാണ് ഈ സിനിമയിൽ ഉള്ള എല്ലാവരും.
താരങ്ങളെ തിരഞ്ഞെടുത്തത് എങ്ങനെയാണ്?
സിനിമാരംഗത്ത് എനിക്ക് ആരെയും പരിചയമില്ല. ഗേറ്റിനു വെളിയിൽ നിന്ന് ഷൂട്ടിങ് കണ്ടുള്ള പരിചയമേ ഉള്ളൂ. ആദ്യമായി സെറ്റിനകത്ത് കയറുന്നത് തന്നെ എന്റെ സിനിമയുടെ സെറ്റിലാണ്. അലക്സാണ്ടർ പ്രശാന്തിനെ മാത്രമേ താരങ്ങളിൽ എനിക്ക് മുൻപരിചയം ഉള്ളൂ. ലുക്മാനെ ഷോർട്ട് ഫിലിമുകളിൽ കണ്ടറിയാം. ഈ സിനിമയിലെ താരങ്ങളെ എല്ലാം ഓഡിഷൻ നടത്തി എടുത്തതാണ്. അബു വാളയംകുളം എന്ന കാസ്റ്റിങ് ഡയറക്റ്റർ ഉണ്ടായിരുന്നു ഒപ്പം. ആരും വഴിതെറ്റിക്കാൻ വന്നില്ല. കൂടെ ഉള്ളവരെല്ലാം ഈ സിനിമ ഇങ്ങനെ തന്നെ ചെയ്യണം എന്ന് പറയുന്നവർ തന്നെയായിരുന്നു . പ്രൊഡക്‌ഷൻ സൈഡിൽ നിന്നുപോലും സമ്മദർങ്ങൾ ഉണ്ടായില്ല. നല്ല ആർട്ടിസ്റ്റുകൾ ഉണ്ട് ഈ സിനിമയിൽ, അതാണ് എനിക്ക് എടുത്തു പറയാൻ ഉള്ളത്. എന്റെ ഒരു സെലക്‌ഷൻ പോലും തെറ്റിയിട്ടില്ല.
ഒരു പുതിയ സംവിധായകന് നിർമാതാവിനെ കിട്ടാൻ ബുദ്ധിമുട്ടിയോ?
വി സിനിമാസ് എന്ന പ്രൊഡക്‌ഷൻ കമ്പനി ആണ് നിർമാതാക്കൾ. ഞാൻ കഥ പറഞ്ഞപ്പോൾ തന്നെ അവർ സമ്മതിച്ചു. അവർ മുൻപ് ചെയ്ത സിനിമകളെല്ലാം പ്രഗത്ഭരായ സംവിധായകരുടേതാണ്. എം. പദ്മകുമാർ സർ, മധുപാൽ സർ എന്നിവരാണ് മുൻപുള്ള പടങ്ങൾ ചെയ്തത്. അവരുടെ സിനിമ ഞാൻ ചെയ്യുമ്പോൾ എനിക്ക് സ്വയം ഒരു സമ്മര്‍ദം തോന്നിയിരുന്നു. കാരണം പുതിയ സംവിധായകനാണെങ്കിലും ഞാൻ കാരണം അവർക്ക് നഷ്ടം വരാൻ പാടില്ലല്ലോ. ഉത്തരവാദിത്തം കൂടുതലാണ്, അതുകൊണ്ടു തന്നെ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. രണ്ടു വർഷം കൊണ്ട് എഴുതിയ സ്ക്രിപ്റ്റ് ആണ്, ഈ സ്ക്രിപ്റ്റ് എങ്ങനെ ചെയ്യണം എന്ന് നല്ല ധാരണ ഇതിനോടകം തന്നെ വന്നിരുന്നു. എനിക്ക് എന്താണ് വേണ്ടതെന്നു എന്റെ ടീമിനും പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു മുൻപരിചയം ഇല്ലാത്തത് സിനിമയെ ബാധിച്ചില്ല. ഞങ്ങൾ അത്രത്തോളം ചർച്ച ചെയ്യുകയും പ്ലാൻ ചെയ്യുകയും ചെയ്തു. അതുകൊണ്ടു തന്നെ പറഞ്ഞ ബജറ്റിൽ തന്നെ പടം പൂർത്തിയാക്കാൻ കഴിഞ്ഞു.
കോവിഡ് പ്രതിസന്ധി സിനിമയെ ബാധിച്ചോ?
ഞങ്ങളെ പേടിപ്പിച്ചത് കോവിഡ് ആണ്. കോവിഡ് ഷൂട്ടിങ്ങിനെ ബാധിച്ചില്ല. 2020 ജനുവരിയിൽ ഷൂട്ട് തുടങ്ങി, ഫെബ്രുവരി 10 നു ഷൂട്ട് പൂർത്തിയാക്കി. മെയ് പത്തിന് റിലീസ് തീയതി തീരുമാനിച്ചിരുന്നു. കോവിഡിന് മുൻപേ പണിയെല്ലാം പൂർത്തിയാക്കി. ഒരുപക്ഷേ കോവിഡിന് ശേഷമായിരുന്നെങ്കിൽ ഈ പടം നടക്കില്ലായിരുന്നു. പിന്നെ എങ്ങനെ റിലീസ് ചെയ്യാൻ കഴിയും എന്നൊരു പേടി ഉണ്ടായിരുന്നു. പ്രേക്ഷകർ ഇപ്പോൾ വളരെ ചൂസ് ചെയ്താണ് സിനിമ കാണുന്നത്. കോവിഡ് കഴിഞ്ഞു തിയറ്ററുകൾ തുറന്നപ്പോൾ നല്ല സിനിമയാണെങ്കിൽ മാത്രമേ പ്രേക്ഷകർ കാണുകയുള്ളൂ. നല്ല കണ്ടന്റ് കൊടുത്താൽ അവർ സ്വീകരിക്കും. അതാണ് പ്രതീക്ഷ.
പുതിയ സിനിമയ്ക്ക് തിയറ്ററുകൾ കിട്ടുക എന്ന ബുദ്ധിമുട്ട് ഉണ്ടായോ?
എനിക്ക് നന്ദി പറയാനുള്ളത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. അവർ കൃത്യമായ പ്ലാൻ ഉണ്ടാക്കി, ചെറിയ സിനിമകൾക്കു കൂടി പരിഗണന തന്ന് റിലീസ് ചാർട്ട് ചെയ്തു. തിയറ്റർ ഉടമകളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചർച്ച ചെയ്ത് ചെറിയ സിനിമകളെക്കൂടി പ്രൊമോട്ട് ചെയ്യുന്ന രീതിയിൽ തീരുമാനമെടുത്തു. അതുകൊണ്ടു തന്നെയാണ് ഞങ്ങളുടെ സിനിമകൾക്കും സ്പേസ് കിട്ടിയത്. അറുപതിൽ കൂടുതൽ സിനിമകൾ പൂർത്തിയായി റിലീസ് കാത്തിരിക്കുകയാണ്, എല്ലാവരുടെയും പേടി ഒരു മലവെള്ളപ്പാച്ചിൽ പോലെ വരും പലതും ഒലിച്ചു പോകും എന്നുള്ളതായിരുന്നു. പക്ഷേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഗംഭീരമായി സിനിമകൾ ചാർട്ട് ചെയ്തു, അത് എടുത്തുപറയേണ്ട ഒന്നാണ്.
ഒരുപാട് താരങ്ങളുള്ള ഈ സിനിമയിലെ നായകൻ ആരാണ്?
ഈ സിനിമയിലെ എല്ലാ താരങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. ബിനു പപ്പു ഇല്ലെങ്കിൽ ബാലുവും ലുക്മാനും ഇല്ല, അലക്സാണ്ടർ പ്രശാന്ത് ഇല്ലെങ്കിൽ ബിനു പപ്പു ഇല്ല, ഇർഷാദ് ഇല്ലെങ്കിൽ സൈബർ സെല്ലില്ല, വിനായകൻ ഇല്ലെങ്കിൽ ഈ സിനിമയേ ഇല്ല. പിന്നെ സ്ഥിരമായി കണ്ടുവരുന്ന സിനിമകളുടെ രീതി വച്ച് നോക്കിയാൽ ബാലു വർഗീസും ലുക്മാനും ആണ് നായkന്മാർ. പക്ഷേ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ സംബന്ധിച്ചടത്തോളം നായകൻ വിനായകനാണ്. വിനായകന്റെ കാഴ്ചപ്പാടിലാണ് സിനിമയുടെ കഥ നീങ്ങുന്നത്.
ജെയ്ക്സ് ബിജോയ്‌യുടെ സംഗീതം
സിനിമാരംഗത്തെ വളരെ എക്സ്പീരിയൻസ് ഉള്ള ആളുകൾ സൗണ്ടും മ്യൂസിക്കും ചെയ്തത് പടത്തിനു വളരെ ഗുണം ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് അവാർഡ് വിന്നർ വിഷ്ണു ആണ് സൗണ്ട് ചെയ്തിരിക്കുന്നത് ജെയ്ക്സ് ബിജോയ് ബാക്ഗ്രൗണ്ട് സ്കോർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. നല്ല ക്വാളിറ്റി സൗണ്ട് ഉള്ള തിയറ്ററുകളിൽ ഗംഭീരമായ ഇമ്പാക്റ്റ് ആണ്. അവർ രണ്ടുപേരുടെയും പരിചയവും കഴിവും പടത്തിന് നന്നായി ഗുണം ചെയ്തു.
സ്വന്തം പ്രഫഷൻ സിനിമയെ സഹായിച്ചു?
അതെ ഞാൻ ഒരു ബിടെക്ക് കാരൻ ആണ്, എംടെക്കും ഉണ്ട്. അത് കഴിഞ്ഞു നാല് വർഷം ഒരു എൻജിനീയറിങ് കോളജിൽ പഠിപ്പിച്ചു. അതിന് ശേഷം സിനിമ എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. പഠിച്ചുകൊണ്ടിരുന്ന കാലത്തെ അനുഭവങ്ങളും കോളജിലെ സംഭവങ്ങളും ഒക്കെ ഇതിൽ എന്നെ സഹായിച്ചിട്ടുണ്ട്. സിനിമയിൽ എന്റെ ആത്മഗതങ്ങൾ, എന്റെ സുഹൃത്തുക്കളുടെ, എന്റെ സ്റ്റുഡൻസിന്റെ, എന്റെ അമ്മയുടെ ഒക്കെ ആത്മകഥകൾ ഉണ്ട്. ആ നിമിഷങ്ങൾ ഒക്കെ ഓർക്കാനും എഴുതാനും വലിയ ഇഷ്ടമാണ്. തിയറ്ററിൽ സിനിമ കണ്ടപ്പോൾ ഞാൻ നെഞ്ചോടു ചേർത്ത നിമിഷങ്ങൾ മറ്റുള്ളവർ ആസ്വദിക്കുന്നതും കയ്യടിക്കുന്നതും കണ്ടപ്പോൾ സംതൃപ്തി തോന്നി. അതൊക്കെ അനുഭവകഥകൾ ആയതുകൊണ്ട് തന്നെ എഴുതാൻ ബുദ്ധിമുട്ടുണ്ടായില്ല.
എന്താണ് പ്രതീക്ഷ
ഇത് യുവാക്കൾക്ക് വേണ്ടി മാത്രമുള്ള സിനിമയല്ല. ഇതിൽ കുടുംബബന്ധങ്ങളുണ്ട്, പലരുടെയും വികാരങ്ങളുണ്ട്, കുടുംബമായി വന്നു കാണേണ്ട സിനിമയാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും ഒരുപാട് ചിന്തിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതും പേടിപ്പെടേണ്ടതുമായ കാര്യങ്ങൾ ഇതിലുണ്ട്. ഒരുപാട് സൈബർ ക്രൈമുകൾ നടക്കുന്ന കാലമാണ്. ഒരു ഫോൺ ഉപയോഗിക്കുന്നതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും എല്ലാവരും അറിഞ്ഞിരിക്കണം. കുട്ടികൾ ഉള്ള മാതാപിതാക്കൾ, ചെറുപ്പക്കാർ, പെൺകുട്ടികൾ , അധ്യാപകർ അങ്ങനെ സമൂഹത്തിലെ എല്ലാ മേഖലയിലും ഉള്ള ആളുകൾ ഈ സിനിമ കാണേണ്ടതാണെന്ന് ഞാൻ പറയും. ബാക്കി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എല്ലാവരും സിനിമ കണ്ടു,അതിൽ നിന്നും നല്ലതു ഉൾക്കൊണ്ടു സിനിമയെ സ്വീകരിക്കും എന്നാണു പ്രതീക്ഷ.
സിനിമകളുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നത് പേടിപ്പിക്കുന്നുണ്ടോ?
അങ്ങനെ ഒരു ആശങ്ക ഇല്ലാതില്ല, പക്ഷേ ഇപ്പോൾ കൂടുതൽ ശ്രദ്ധയോടെയാണ് സിനിമാപ്രവർത്തകർ നീങ്ങുന്നത്. ടെലിഗ്രാം വഴി സിനിമ പ്രചരിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇതിനെയൊക്കെ പറ്റിതന്നെയാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. പൈറസിയെപ്പറ്റി സിനിമ സംസാരിക്കുന്നുണ്ട്. ജോലിയില്ലായ്മ, അത് യുവാക്കളെ എങ്ങനെ വഴിതെറ്റിക്കും ഇതെല്ലം, പിന്നെ ഇവിടെ ഒന്നും സേഫ് അല്ല എന്നാണു സിനിമ പറയാൻ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാവരും കണ്ടിരിക്കേണ്ടതാണ് എന്ന് പറയുന്നത്.
സംവിധാന രംഗത്ത് കൂടുതൽ സജീവമാകുമോ?
എഴുത്തും സംവിധാനവും അഭിനയവും ഒക്കെ താല്പര്യമുണ്ട്. ബുദ്ധിമാനായ കാക്ക എന്ന ഷോർട്ട് ഫിലിം എഴുതി, അതിൽ ഞാൻ അഭിനയിച്ചിരുന്നു . ഇൻ ബിറ്റ്‌വീൻ എന്ന ഷോർട് ഫിലിം സംവിധാനം ചെയ്തു. പതിനെട്ടോളം ഷോർട്ട് ഫിലിമിനു കഥ എഴുതി. കൂടുതൽ ചെയ്തിട്ടുള്ളത് പരസ്യചിത്രങ്ങളാണ്. പുതിയ ഒരു ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്, മറ്റു ചില സ്ക്രിപ്റ്റുകൾ എഴുതിക്കൊണ്ടിരിക്കുന്നു. ജാവയെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു, ബാക്കിയൊക്ക വരുന്നതുപോലെ സ്വീകരിക്കാനാണ് ഇഷ്ടം.