ആരാധനയാലല്ല, ആ ഉറ്റുനോട്ടം: അച്ഛൻ കാത്തിരുന്ന ചിത്രം: നിഖിലാ വിമൽ അഭിമുഖം
Mail This Article
മമ്മൂട്ടി ആരാധിക എന്നതിലുപരി അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്ന നടിയാണ് താനെന്നും അതുകൊണ്ടായിരിക്കാം അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നുപോയതെന്ന് നടി നിഖിലാ വിമൽ. ദ് പ്രീസ്റ്റിന്റെ ഗൾഫ് വിജയാഘോഷത്തെ തുടർന്ന് ദുബായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ആണ് മമ്മൂട്ടിയെ കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന തന്റെ ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതിനെക്കുറിച്ച് നിഖില വിശദീകരിച്ചത്.
അതൊരു ആരാധന മൂത്തുള്ള നോട്ടമോ, വിസ്മയത്തോടെയുള്ള പ്രവർത്തിയോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ഒാരോ വാക്കും ശ്രദ്ധാപൂർവം കേട്ടിരിക്കണമെന്നുണ്ടായിരുന്നു. ആ ഒരു നിമിഷത്തിൽ പടമെടുത്തതുകൊണ്ടായിരിക്കാം മറ്റുള്ളവർക്ക് അങ്ങനെ തോന്നിയത്. ദ് പ്രീസ്റ്റിന്റെ കഥ ആദ്യം കേൾക്കുമ്പോൾ അതിൽ മമ്മൂക്ക അഭിനയിക്കുന്നുണ്ടായിരുന്നില്ല. പിന്നീട് അത് സംഭവിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ സന്തോഷം തരുന്ന കാര്യമാണെന്നും താരം പറഞ്ഞു.
മമ്മൂട്ടി ആരാധകനായ അച്ഛൻ കാത്തിരുന്ന ചിത്രം
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അച്ഛൻ കാണാൻ കാത്തിരുന്ന സിനിമയായിരുന്നു ദ് പ്രീസ്റ്റ്. അസുഖക്കിടക്കയിലായിരുന്നപ്പോഴും അച്ഛൻ ചിത്രത്തിന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. ഇൗ സിനിമ തിയറ്ററിൽ ചെന്ന് കാണണം എന്ന അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം പക്ഷേ, നടക്കാതെ പോയി. പെട്ടെന്ന് അച്ഛൻ ഞങ്ങളെയെല്ലാം വിട്ട് ഇൗ ലോകത്ത് നിന്ന് പോയത് ഏറെ സങ്കടകരമാണ്. എന്നാൽ ചിത്രം ഗംഭീര വിജയമായപ്പോൾ ഏറ്റവുമധികം സന്തോഷം അച്ഛന് തന്നെയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കും വ്യക്തിപരമായി അങ്ങനെ തന്നെയാണ്. മമ്മൂക്കയുടെ കൂടെയുള്ള അഭിനയം എന്നിക്ക് വലിയ അനുഭവം സമ്മാനിച്ചു.
സൂപ്പർ താര ചിത്രത്തിൽ ഇതാദ്യം
സ്റ്റാർ സിനിമകളിലും മികച്ച അഭിനേതാക്കളുടെ ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഞാനാദ്യമായിട്ടാണ് ഒരു സൂപ്പർതാര ചിത്രത്തിലഭിനയിക്കുന്നത്. ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിരുന്നു മമ്മുക്കയുടെ കൂടെയുള്ള അഭിനയം. എങ്ങനെ അഭിനയിക്കണമെന്നോ ഇങ്ങനെ അഭിനയിക്കൂ എന്നോ പറഞ്ഞുതരുന്നതല്ല, അല്ലെങ്കിൽ ഒരു ക്ലാസിൽ ചെന്ന് പഠിക്കുന്ന രീതിയിലുമുല്ല കാര്യം. അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ട് നമുക്ക് ഏറെ പഠിക്കാൻ സാധിക്കുന്നു എന്നതായിരുന്നു ആ പ്രത്യേകത.
വ്യക്തിപരമായി ഞാനേറെ ആശ്വാസത്തോടെ ഒന്നിച്ചഭിയിച്ച അഭിനേതാവാണ് മമ്മുക്ക. സഹ അഭിനേതാക്കെല്ലാവർക്കും ഉത്സാഹം പകരുന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻ്റെ സമീപനം. മമ്മുക്കയും മഞ്ജു വാര്യർ ചേച്ചിയുമല്ലാതെ, ബാക്കിയെല്ലാം താരതമ്യേന എന്നെപ്പോലെ വലിയ അഭിനയ പരിചയമില്ലാത്ത അഭിനേതാക്കളായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ബേബി മോണിക്കയടക്കം എല്ലാവരെയും അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചു. തന്റെ ഭാഗങ്ങൾ പെട്ടെന്ന് ചിത്രീകരിച്ച ശേഷം വേണമെങ്കിൽ മമ്മുക്കയ്ക്ക് പോകാൻ സാധിക്കുമായിരുന്നെങ്കിലും അതിന് തുനിയാതെ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന്, ഞാനടക്കമുള്ളവർ ശരിയാകുന്നതുവരെ അഭിനയിച്ചു. അതൊക്കെ അഭിനയ ജീവിതത്തിലെ പ്രധാന പാഠമായി കരുതുന്നു.
തമിഴ്, മലയാളം അഭിനയ വ്യത്യാസമില്ല
തമിഴിലെയും മലയാളത്തിലെയും അഭിനയത്തിൽ വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. വ്യവസായത്തിൻ്റെയും ഭാഷയുടെയും കമേഴ്സ്യൽ ആയിട്ടുള്ളതുമായ വ്യത്യാസം മാത്രമേയുള്ളൂ. ചില ചിത്രങ്ങൾ സാമ്പത്തികമായി ഗുണകരമായിരിക്കാം. മറ്റു ചിലവ നമുക്ക് ഏറെ സംതൃപ്തി തരുന്നവയുമായിരിക്കാം. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം ഇൗയൊരു വ്യത്യാസം കാണാവുന്നതാണ്.
മലയാളത്തിൽ ചെറിയ ചിത്രങ്ങളെ വലിയ നടീനടന്മാർ പിന്തുണയ്ക്കും. അതേസമയം, മറ്റു ഭാഷകളിൽ എപ്പോഴും ചെറിയ സിനിമകൾ അങ്ങനെ തന്നെയായിരിക്കും. മമ്മുക്കയും മഞ്ജു ചേച്ചിയും കാരണമാണ് എനിക്കും മോണിക്കയ്ക്കുമൊക്കെ പ്രീസ്റ്റിൽ പ്രാധാന്യം കൈവരുന്നത്. ഞങ്ങൾ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മുക്കയും മഞ്ജു ചേച്ചിയും അഭിനയിക്കേണ്ട കാര്യമില്ല. എന്നിട്ടും അവർ അതിന് തയ്യാറാവുകയും അതുവഴി ചിത്രം ഏറെ പ്രാധാന്യം കൈവരിക്കുകയും ചെയ്തു. ചെറിയ രീതിയിൽ ആരംഭിച്ച ചിത്രത്തെ വലുതാക്കിയത് മമ്മുക്കയും മഞ്ജു ചേച്ചിയുമാണെന്നതിൽ സംശയമില്ല. ഇവരെ കാണാനാണ് ഇൗ കോവിഡ് കാലത്തും പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ചുകയറുന്നത്.
പ്രതിഫലത്തിൽ വിട്ടുവീഴ്ച
അവർ പല ചിത്രങ്ങൾക്ക് വേണ്ടിയും തങ്ങളുടെ പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇൗ ചിത്രത്തിൽ അങ്ങനെയുണ്ടായോ എന്ന് എനിക്കറിയില്ല. നിർമാതാവ് ആന്റോ ജോസഫിന് ഇവരുടെ പിന്തുണയുള്ളതു കൊണ്ട് മാത്രമാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ ഒരിക്കലും അതൊരു നല്ല ചിത്രമായിത്തീരുമോ എന്ന് പ്രവചിക്കാൻ സാധിക്കുകയില്ല. ചിത്രം റിലീസായാൽ മാത്രമേ അതിൻ്റെ ഭാവി നിശ്ചയിക്കാനാകൂ.
താരപദവി ഇനിയും അകലെ
ഒരു ചിത്രത്തിന്റെ വിജയാഘോഷ സമയത്ത് മാത്രമേ അതിലഭിനയിച്ച എന്നെപ്പോലുള്ളവർക്ക് ജനപ്രീതിയുണ്ടാവുകയുള്ളൂ. അടുത്തടുത്ത ചിത്രങ്ങളുടെ ഭാവിയാണ് ഒരു അഭിനേതാവിന്റെ താരപദവി ഉറപ്പിക്കുന്നത്. രണ്ടോ മൂന്നോ വർഷത്തെ അഭിനയ ജീവിതം എടുത്തുനോക്കിയാൽ മാത്രമേ അതൊക്കെ വിലയിരുത്താനാകൂ. തിരിഞ്ഞനോക്കുമ്പോൾ നല്ല അഭിനേത്രിയായിരുന്നു എന്ന് മാത്രം കണ്ടാൽ മതി. അല്ലാതെ താരമായിരുന്നു എന്നതിനോ, ഒത്തിരി പണം നേടി എന്നതിനോ പ്രസക്തിയില്ല. ജോജു ജോർജ് നിർമിക്കുന്ന മധുരം, സിബി മലയിലിന്‍റെ കുത്ത് എന്നീ ചിത്രങ്ങളിലാണ് പുതുതായി അഭിനയിക്കുന്നതെന്നും നിഖില കൂട്ടിച്ചേർത്തു.