ADVERTISEMENT

‘ലൂസിഫറി’ലെ ബോബി, ‘തനി ഒരുവനി’ലെ സിദ്ധാർഥ് അഭിമന്യു... ഇവരിൽ ആരെയാണു കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ ഉത്തരം എളുപ്പമാകില്ല, പ്രേക്ഷകർക്ക്. രണ്ടുപേരും വില്ലന്മാരാണ്, നായകനെക്കാൾ കയ്യടി നേടിയ, ആരാധകർ കണ്ണുവച്ച സുന്ദരവില്ലന്മാർ. ആ ഇഷ്ടത്തിനു പിന്നിലെ ഒരു പങ്ക് വസ്ത്രാലങ്കാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാട്ടിലെത്തിച്ച സുജിത് സുധാകരനുള്ളതാണ്. പക്ഷേ, ദേശീയ പുരസ്കാരം നേടുംവരെ വെള്ളിവെളിച്ചത്തിൽനിന്നു മാറിനിൽപായിരുന്നു ഈ തൃശൂർ സ്വദേശി.

 

തമിഴിൽ 20 സിനിമകൾ ചെയ്തെങ്കിലും മലയാളത്തിൽ വിരലിലെണ്ണാവുന്നവ മാത്രം. ഒപ്പം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ലൂസിഫർ, മരക്കാർ – ഓരോ സിനിമയിലും ക്യാൻവാസ് വലുതായിക്കൊണ്ടിരുന്നു; ഒടുവിൽ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും.

 

തനി ഒരുവൻ

 

ബെംഗളൂരുവിലെ വോഗ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഫാഷൻ പഠനം. ഏഴോളം ഫാഷൻ ഡിസൈനർമാരുടെ കീഴിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭം തുടങ്ങി, അതു പൊട്ടി കടമൊക്കെ ആയപ്പോൾ മറ്റെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. സിനിമയോട് എന്നും ഇഷ്ടമുണ്ടായിരുന്നു. അങ്ങനെ ചെന്നൈയിലെത്തി. പല പ്രൊഡക്‌ഷൻ ഹൗസുകളെയും സമീപിച്ച് ബയോഡേറ്റ കൊടുത്തു മടങ്ങി. ഒടുവിൽ ആദ്യ അവസരം കിട്ടി – ഇരുമ്പു കുതിരൈ. ഓഫ്ബീറ്റ് ചിത്രമായിരുന്നു. വിജയിച്ചതുമില്ല. പക്ഷേ, അവരുടെ അടുത്ത ചിത്രത്തിലേക്കും വിളിച്ചു. അതായിരുന്നു തനി ഒരുവൻ.

 

സുന്ദരവില്ലൻ സിദ്ധാർഥ് 

marakkar-trailer

 

അരവിന്ദ് സ്വാമിയെപ്പോലെ സുന്ദരനും സുമുഖനുമായ ഒരാൾ ഏതു വേഷത്തിലും ഗ്ലാമറസാണ്. അദ്ദേഹത്തിന്റെ ലുക്ക് ക്ലീനാണ്, ഏതും എന്തും ചേരും. അതുകൊണ്ടുതന്നെ ഡീപ് ആയ സ്യൂട്ടുകൾ ആണ് ‘തനി ഒരുവനി’ലെ ആ കഥാപാത്രത്തിനു വേണ്ടി ഒരുക്കിയത്. 

  

ഗുരു

 

lucifer-vivek-oberoi-1

പ്രിയദർശൻ എനിക്കു ഗുരുവാണ്. ചെന്നൈയിലെത്തിയ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ബയോഡേറ്റ നൽകി. ഇടയ്ക്കിടെ അവസരം ചോദിച്ചു പോകും, രണ്ടു മാസം കഴിഞ്ഞു വരൂ എന്നൊക്കെ അദ്ദേഹം പറയും, വീണ്ടും പോകും. മൂന്നോ നാലോ പരസ്യം ചെയ്യാൻ അവസരം കിട്ടി. പിന്നീടാണ് അദ്ദേഹം ‘ഒപ്പ’ത്തിലേക്കു വിളിച്ചത്. 

 

മരക്കാർ, അറബിക്കടലിന്റെ സിംഹം 

 

മരക്കാർ മലയാളിയാണ്. പക്ഷേ, ഇതൊരു പാൻ ഇന്ത്യ സിനിമയാണ്. ഒരു മുണ്ടും മേൽമുണ്ടും ഉടുത്ത് മരക്കാർ വന്നുനിന്നാൽ അതിൽ ഗാംഭീര്യം ഉണ്ടാവില്ല. ഒരുപക്ഷേ, മലയാളികൾ അംഗീകരിച്ചേക്കും; മറ്റു ഭാഷകളിലെ പ്രേക്ഷകർക്കു രസിച്ചെന്നുവരില്ല. യാഥാർഥ്യത്തിനും ഫാന്റസിക്കും ഇടയിൽ കഥാപാത്രത്തെ പ്ലേസ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. വിർശനങ്ങളുണ്ടാകാം, മരക്കാറിൽ മലയാളിയില്ല, ഫാന്റസി ലുക്കാണ് എന്നു പറഞ്ഞേക്കാം. 

 

സിനിമയ്ക്കായി 8 മാസത്തോളം മുന്നൊരുക്കങ്ങൾ നടത്തി. ടീം റിസർച് നടത്തി റഫറൻസ് തന്നിരുന്നു. പക്ഷേ, അതിൽക്കൂടുതൽ എന്തുചെയ്യാം എന്നാണ് ആലോചിച്ചത്. സംവിധായകൻ ഒകെ പറഞ്ഞ കോസ്റ്റ്യും പോലും മൂന്നും നാലും വട്ടം റീവർക്ക് ചെയ്തിട്ടുണ്ട്. ആഭരണവും ചെരിപ്പ് ഉൾപ്പെടെയുള്ളവയുമെല്ലാം മെറ്റീരിയൽസ് വാങ്ങി ഹൈദരാബാദിൽ നിന്ന് ആളുകളെ വരുത്തി ചെയ്യിച്ചതാണ്. വസ്ത്രങ്ങളൊരുക്കാൻ ഡൈയിങ് പഠിച്ചു, അതിനായി യൂണിറ്റ് തുടങ്ങി. എല്ലാം ഹാൻഡ് ഡൈ ചെയ്തെടുത്തതാണ്. 

 

ലൂസിഫർ

 

ഈ സിനിമ മൊത്തം വൈറ്റ് ആൻഡ് ഗ്രേയാണെന്നാണ് പൃഥ്വിരാജ് ആദ്യമേ പറഞ്ഞത്. എല്ലാ കഥാപാത്രങ്ങൾക്കും കളർ ബോർഡ് തയാറാക്കിയിരുന്നു. ലാൽ സാറിന്റെ കഥാപാത്രത്തിനു വെള്ളവസ്ത്രമാണ്. സിംപിൾ ഷർട്ടും മുണ്ടുമാണെങ്കിലും ഇടുന്നതു ലാലേട്ടനാകുമ്പോൾ റേഞ്ച് മാറി. അവസാന സീനിൽ സ്റ്റൈലിഷ് ലുക്കിലും അദ്ദേഹം വരുന്നുണ്ട്. അതിൽ പൃഥ്വിയുടെ സംഭാവന വലുതാണ്. തനിക്കു വേണ്ടതെന്താണ് എന്നു കൃത്യമായി പറയും. 

 

ഓ! ബോബി 

 

ഗുഡ് ലുക്കിങ് ആണ് വിവേക് ഒബ്‌റോയി. ഏതു വേഷത്തിലും പെർഫെക്ട്. ‘ലൂസിഫറി’ൽ അദ്ദേഹം ഉപയോഗിച്ചതെല്ലാം ലൈറ്റ് കളേഡ് സ്യൂട്ടുകളാണ്. ആദ്യം മുംബൈയിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി അളവെല്ലാം എടുത്തിരുന്നു. പിന്നീട് മൂന്നോ നാലോ ആഴ്ചയ്ക്കു ശേഷമാണ് ഷൂട്ടിനായി വിവേക് എത്തുന്നത്. ഞങ്ങൾ ട്രയൽ നോക്കാനായി അദ്ദേഹത്തിന്റെ ഹോട്ടൽ റൂമിലെത്തി. പക്ഷേ, സ്യൂട്ട് ഇട്ടതോടെ അദ്ദേഹം ആകെ ഡൗൺ ആയി. അളവെടുത്തു തയ്ച്ചതാണെങ്കിലും ലൂസ് ഫിറ്റ് ആണ്. ഞങ്ങൾ അന്നെടുത്ത അളവിൽ നിന്ന് അദ്ദേഹം മെലിഞ്ഞതാണെന്നു പറയാൻ പറ്റില്ലല്ലോ. 

 

ആൾട്ടർ ചെയ്യാമെന്നു പറഞ്ഞെങ്കിലും വിവേക് സമ്മതിച്ചില്ല. കയ്യിൽ ചില വസ്ത്രങ്ങളുണ്ട്, അതുപയോഗിക്കാം എന്നായി. ഞാനാകെ ടെൻഷനായി. നമ്മുടെ കളർ തീം തെറ്റും, പിന്നെ അന്നത്തെ ഷൂട്ട് മുടങ്ങും. പക്ഷേ, പൃഥ്വിരാജ് വളരെ സുന്ദരമായാണ് ആ സന്ദർഭം കൈകാര്യം ചെയ്തത്. ‘സുജിത് പേടിക്കേണ്ട, വിവേക് സെറ്റിൽ വരട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്. വിവേക് എത്തി. കാരവനിൽ കയറി പൃഥ്വി സംസാരിക്കുന്നു, പിന്നീട് സ്യൂട്ട് ഇട്ടുനോക്കാൻ കൊടുക്കുന്നു, ഇതൊന്ന് ആൾട്ടർ ചെയ്യണമല്ലോ എന്നു പൃഥ്വി പറയുന്നു. ഒരു മണിക്കൂറിൽ എല്ലാം സെറ്റായി. 

 

മോഹൻലാൽ

 

എന്തെങ്കിലും പുതുതായി ട്രൈ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ലാലേട്ടൻ. ചൈനീസ് കോളർ, ക്യൂബർ കോളർ, ലോങ് കുർത്ത, പലതരം പ്രിന്റുകൾ അങ്ങനെ കൗതുകമുള്ള എന്തും ആസ്വദിക്കാനും പരീക്ഷിക്കാനും ഇഷ്ടം. ചില സ്റ്റിച്ചിങ് കാണുമ്പോൾ ‘മോനേ എനിക്കിതു പോലൊരു ഷർട്ട് സ്റ്റിച്ച് ചെയ്തു തരാമോ’ എന്നു ചോദിക്കുന്നയാൾ. 

നാഷനൽ അവാർഡ് കിട്ടിയപ്പോൾ വിളിച്ചു – അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടോ എന്നു ചോദിച്ചു. എങ്കിൽ മോൻ എനിക്ക് ഇഷ്ടമുള്ളൊരു ഷർട്ട് തയ്ച്ചു കൊണ്ടുവരൂ എന്നു പറഞ്ഞു. 

   

ഡിക്യു: സ്റ്റൈൽ ഐക്കൺ

 

സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിൽ മോളിവുഡിലെ രൺവീർ സിങ്ങാണ് ദുൽഖർ സൽമാൻ. ഓരോന്നും തേടിപ്പിടിച്ചു ട്രൈ ചെയ്യുന്നയാളാണ്. ഓരോ ദിവസവും ടീഷർട്ടിൽ പോലും വ്യത്യസ്തതയ്ക്കു ശ്രമിക്കും. സ്യൂട്ട് ഇത്രയും പെർഫെക്ടായി ധരിക്കുന്ന മറ്റൊരു നടനില്ല.

 

പൃഥ്വിരാജ്

 

ഏതു വേഷവും ചേരുന്നയാളാണ് പൃഥ്വി. ഹീറോ പ്രോഡക്ടാണ് അദ്ദേഹം. മുന്നിൽ വന്നു നിൽക്കുമ്പോൾ നമുക്കതു ഫീൽ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com