നവരസയിൽ എന്റെ പേരും ‘മണി’: മണിക്കുട്ടൻ അഭിമുഖം
Mail This Article
നവരസ എന്ന ആന്തോളജി ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുമ്പോൾ നേട്ടമുണ്ടാക്കുന്നത് മണിക്കുട്ടൻ എന്ന നടൻ കൂടിയാണ്. ഒൻപത് ചിത്രങ്ങളിൽ, സമ്മർ ഓഫ് 92 എന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മണിക്കുട്ടൻ അഭിനയിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും ഇതിഹാസങ്ങളായ സിനിമാപ്രവർത്തകരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന നവരസയിൽ അഭിനയിക്കാൻ കഴിഞ്ഞത് സിനിമാജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായി കാണുന്നുവെന്ന് മണിക്കുട്ടൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘2020 ഡിസംബർ 23നാണ് ഐ.വി. ശശി സാറിന്റെ മകനും പ്രിയദർശൻ സാറിന്റെ അസിസ്റ്റന്റുമായ അനി എന്നെ വിളിക്കുന്നത്. മണിരത്നം സർ നിർമിക്കുന്ന "നവരസ" എന്ന പ്രൊജക്ടിൽ പ്രിയൻ സർ ചെയ്യുന്ന സിനിമയിൽ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരുപാട് ലെജൻഡ്സ് ഒത്തുചേരുന്ന ഇത്രയും വലിയ പ്രൊജക്ടിലേക്ക് എന്നെ പരിഗണിച്ചത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു.’–മണിക്കുട്ടൻ പറയുന്നു.
‘2019 സെപ്റ്റംബറിലാണ് അവസാനം ഒരു സിനിമയിൽ അഭിനയിച്ചത്. കോവിഡ് കാരണം വലിയ ഒരു ഗ്യാപ്പ് വന്നിരുന്നു. തമിഴ് ഇൻഡസ്ട്രിയിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാനായി ചെയ്ത പ്രൊജക്ടായിരുന്നു "നവരസ". അതിൽ പങ്കാളിയായ എല്ലാവരും പ്രതിഫലം വാങ്ങാതെയാണ് ആണ് വർക്ക് ചെയ്തത്. കോവിഡ് കാലത്ത് എല്ലാവരും ബുദ്ധിമുട്ടിലാണല്ലോ, സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ സാന്നിധ്യം കൊണ്ടെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നത് വലിയ ഒരു കാര്യമാണ്. ഞാൻ ആദ്യമായാണ് തമിഴിൽ അഭിനയിക്കുന്നത്. നന്ദി അറിയിക്കാനായി പ്രിയൻ സാറിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ‘എടാ കാര്യമൊക്കെ അറിഞ്ഞല്ലോ, നീ വന്നു ചെയ്തിട്ട് പോകൂ’ എന്നാണ്.’
‘കഥാപാത്രത്തിന്റെ പേരും "മണി" എന്നു തന്നെയാണ്. 1985-90 കാലഘട്ടത്തിൽ ഉള്ള ഒരു കഥാപാത്രമാണ് മണി. യോഗിബാബു സാറിന്റെ ചെറുപ്പകാലം കാണിക്കുന്ന കഥാപാത്രം. അദ്ദേഹം ഒരു അധ്യാപകനാണ്. നവരസങ്ങളിൽ ഹാസ്യം ആണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. ഏതൊക്കെ രീതിയിൽ ഹ്യൂമർ വന്നു പോകുന്നു എന്നുള്ളതാണ് സിനിമ പറയുന്നത്. എനിക്ക് കിട്ടിയ കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. കാരണം എന്റെ അഭിനയം കണ്ടിട്ട് പ്രിയൻ സാറിന്റെ മുഖത്ത് ചിരി കണ്ടു. കോമഡി ചെയ്ത് ഒരു സംവിധായകനെ ചിരിപ്പിക്കാൻ കഴിഞ്ഞാൽ ഒരു ആക്ടർ വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്. ആക്ടറിന്റെ പ്ലസ് പോയിന്റാണ് പ്രിയൻ സർ എപ്പോഴും കാണുന്നത്. ആ പോസിറ്റീവ് ഉപയോഗിക്കാൻ അദ്ദേഹം ശ്രമിക്കും.’
‘നവരസ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രാധാന്യത്തേക്കാൾ ആ പ്രൊജക്ടിന്റെ പ്രാധാന്യമാണ് ഞാൻ പോസിറ്റീവ് ആയി കാണുന്നത്. ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് സിനിമ മാറിയതിനു ശേഷം ലീഡിങ് ആയ ഒടിടി പ്ലാറ്റ്ഫോമിൽ സെലക്ട് ചെയ്യപ്പെടുന്ന ഒരു അഭിനേതാവായി മാറാൻ കഴിയുന്നതെങ്ങനെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതൊരു വലിയ പണി തന്നെയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഇത്തരമൊരു പ്രൊജക്ടിലേക്ക് അവസരം ലഭിച്ചത്. നെറ്റ്ഫ്ലിക്സിന്റെ മേൽനോട്ടത്തിൽ മണിരത്നം സാറിന്റെ നിർമാണത്തിൽ പ്രിയൻ സർ, കാർത്തിക് സുബ്ബരാജ് സർ, ഗൗതം സർ തുടങ്ങിയവരുടെ സിനിമകൾ ചേർന്ന ഒരു വലിയ പ്രൊജക്റ്റാണിത്. പ്രിയൻ സാറിന്റെയും മണിരത്നം സാറിന്റെയും സിനിമകൾ കണ്ടു വളർന്ന നമുക്ക് അവരുടെ സിനിമയിൽ അഭിനയിക്കുക എന്നുള്ളത് ഒരു സ്വപ്നമാണ്. നെറ്റ്ഫ്ലിക്സ് പോലെ ഒരു പ്ലാറ്റ്ഫോമിൽ വരുക എന്നുള്ളതും വലിയ കാര്യം തന്നെ. ഇത്രയും കാലത്തെ സിനിമാജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ് "നവരസ".’–മണിക്കുട്ടൻ പറഞ്ഞു.
‘നവരസ കഴിഞ്ഞ് ഒരു പ്രൊജക്ടും കമ്മിറ്റ് ചെയ്തിട്ടില്ല. നവരസയും മരക്കാറും റിലീസ് ചെയ്യാനിരിക്കുകയാണ്. മരക്കാറിൽ ലാൽ സാറിനും മഞ്ജു ചേച്ചിയോടുമൊപ്പമാണ് മായിൻകുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ നൂറുകോടി സിനിമയിൽ അഭിനയിക്കുക എന്നത് മറ്റൊരു വലിയ ഭാഗ്യമാണ്. വമ്പൻ പടമായ ബാഹുബലിയുടെ സെറ്റ് കണ്ടു അന്തംവിട്ടവർ, അതിലും വലിയ സെറ്റ് കണ്ടു മൂക്കത്ത് വിരൽ വച്ച കാഴ്ചയാണ് മരക്കാരിന്റെ സെറ്റിൽ കണ്ടത്. കോവിഡ് കാരണം റിലീസ് നീണ്ടുപോകുന്നതിൽ വിഷമമുണ്ട്.’
‘മുൻപും വലിയ പ്രോജക്ടുകളുടെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഛോട്ടാ മുംബൈ, മാമാങ്കം, കമ്മാര സംഭവം തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമ എനിക്ക് കിട്ടിയത് ദൈവത്തിന്റെ അനുഗ്രഹം മൂലമാണ്. അതിനുശേഷവും എനിക്കെല്ലാം തന്നത് സിനിമയാണ്. എന്തെങ്കിലും കിട്ടാത്തതിൽ എനിക്ക് നിരാശ ഇല്ല, കിട്ടുന്നതിൽ സന്തോഷപ്പെടുന്ന ഒരാളാണ് ഞാൻ. ഇടയ്ക്കിടെ ഓരോ നല്ല പ്രൊജക്ടിന്റെ ഭാഗമായി ഇൻഡസ്ട്രിയിൽ നിൽക്കാൻ കഴിയുന്നുണ്ട്. അവസരം കിട്ടാതിരിക്കുമ്പോൾ മനസ്സ് മടുക്കാതെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ, അംഗീകാരം കിട്ടുമ്പോൾ മതിമറക്കാറുമില്ല. ഇതിനിടയിലുള്ള ഒരു ബാലൻസ് സൂക്ഷിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.’
‘നെറ്റ്ഫ്ലിക്സ് നവരസയുടെ ടീസർ ഇറക്കിയപ്പോൾ എന്നെ പിന്തുണച്ച് ഒരുപാട് കമന്റ്സ് അവിടെ വന്നിരുന്നു. അത് കണ്ടിട്ടാണ് അവർ ട്രെയിലറിൽ എന്റെ ഭാഗവും ഉൾപ്പെടുത്തിയത്. എനിക്ക് അനുകൂലമായ ഒരു കമന്റ് നെറ്റ്ഫ്ലിക്‌സും അവിടെ ഇട്ടിരുന്നു. എന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നവരസയും മരക്കാറും റിലീസ് ചെയ്തു കഴിയുമ്പോൾ ഇനിയും നല്ല വേഷങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷ.’–മണിക്കുട്ടൻ പറഞ്ഞു.