ADVERTISEMENT

എറണാകുളത്തു സെറ്റിൽ ചെയ്ത് അവിടെ വർക്ക് ചെയ്താലേ മലയാളത്തിൽ സിനിമ ചെയ്യാൻ സാധിക്കൂ എന്ന ധാരണ മാറിയതായി ‌സെന്ന ഹെഗ്ഡെ. ഏതാനും പോസ്റ്റ് പ്രൊ‍‍ഡക്‌ഷൻ വർക്കുകൾക്കു വേണ്ടി മാത്രമാണ് തനിക്ക് എറണാകുളത്തെ ആശ്രയിക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. പൂർണമായും കാഞ്ഞങ്ങാട് ചിത്രീകരിച്ച് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’ മികച്ച രണ്ടാമത്തെ ചിത്രത്തിനും കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിനു പുറമേ ഒടിടി റിലീസിലും മികച്ച പ്രതികരണമാണ്. ചിത്രത്തിന്റെ കഥയും ഹെഗ്ഡെയുടേതാണ്.

 

പ്രേക്ഷകരുടെ അഭിനന്ദനങ്ങൾക്കു നടുവിലാണ് സെന്ന ഹെഗ്ഡെ. ഏറെ നാളുകൾക്കു ശേഷം മലയാളത്തിൽ ഒരു റിയലിസ്റ്റിക് സിനിമ കാണാൻ സാധിച്ചതിലുള്ള സന്തോഷവും പ്രേക്ഷകർ പങ്കുവയ്ക്കുന്നു. കാഞ്ഞങ്ങാട് ചിത്രീകരിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടതിൽ നാട്ടുകാർക്കും ആഹ്ലാദം. ‘നല്ലൊരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ‌ ആർക്കും ഇന്ന് സിനിമ ഷൂട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. സിനിമ എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും ചെയ്യാം. പടം എവിടെ വച്ചു ചെയ്താലും പിന്നീട് അത് എങ്ങനെയാണ് വിൽക്കാൻ പോകുന്നത് എന്നതാണ്  പ്രധാനം’– ഹെഗ്ഡെ പറയുന്നു. 

 

സൗണ്ട് മിക്സിങിനും ഗ്രേഡിങ്ങിനും മാത്രമാണ് കൊച്ചിയെ ‘തിങ്കളാഴ്ച നിശ്ചയം’ ആശ്രയിച്ചത്. മ്യൂസിക് ഡയറക്ടർ‌ ബെംഗളൂരുവിൽ ഇരുന്നാണ് സംഗീതം ചെയ്തത്. എന്റെ സിനിമയുടെ ബാക്കി എല്ലാം കാഞ്ഞങ്ങാടു തന്നെ ആയിരുന്നു. അവസരം കിട്ടിയാൽ എല്ലാ സിനിമയും കാഞ്ഞങ്ങാടു തന്നെ ചെയ്യും. അതും മലയാളത്തിൽ തന്നെ–സെന്ന പറഞ്ഞു. സിനിമയെപ്പറ്റിയും കാഞ്ഞങ്ങാടിനെപ്പറ്റിയും ഒടിടിയെപ്പറ്റിയുമെല്ലാം മനസ്സു തുറക്കുകയാണ് ഹെഗ്ഡെ.

 

‘സ്റ്റാർ’ ഇല്ലാതിരുന്നിട്ടും...!

senna-hegde_MOVIE

 

‘നല്ലൊരു സ്റ്റാർ ഇല്ലാതെ ഒടിടിയിൽ പടം എടുക്കാത്ത സാഹചര്യമുണ്ട്. പക്ഷേ സിനിമയിൽ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സ്വീകരിക്കപ്പെട്ടത് എനിക്കു തന്നെ വിശ്വസിക്കാനായിട്ടില്ല. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ പോലെ ഏതാനും സിനിമകൾ കാസർ‌കോടിനെ കഥാപാത്രമായി വന്നെങ്കിലും പൂർണ തോതിലുള്ള കാസർകോട് സിനിമ ഇതുവരെ മലയാളത്തിൽ കണ്ടിട്ടില്ല. 

thinkalazhcha-nishchayam-movie-review-3

 

ഇവിടെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ ധാരാളമുണ്ട്. പലരെയും ഇപ്പോഴാണ് ഞാൻ‌ പരിചയപ്പെടുന്നതെന്നു മാത്രം. മലയാളത്തിൽ 100 കോടി കടന്ന പുലിമുരുകന്റെ സംവിധായകൻ വൈശാഖൻ പോലും കാസർകോടുകാരനാണല്ലോ. കാഞ്ഞങ്ങാട് സിനിമ നിർമിക്കാൻ പറ്റിയ ഇടമാണ്. നാടിനോടും വീടിനോടും ഏറെ ഇഷ്ടമുള്ളതുകൊണ്ട് മറ്റ് സ്ഥലങ്ങളിൽ പോയി സിനിമ ചെയ്യാൻ താൽപര്യമില്ല.

 

thinkalazhcha-nishchayam-movie

യുഎസിലെ ജോലി രാജിവച്ചാണ് സിനിമാ മോഹവുമായി ഞാൻ കാസർകോടേക്കു വന്നത്. കാഞ്ഞങ്ങാട് വീട്ടിലെത്തിയ ശേഷം ചുറ്റിലും കണ്ട കാര്യങ്ങളാണ് സിനിമ ആക്കിയത്. എന്റെ അച്ഛൻ കാഞ്ഞങ്ങാടുകാരനും അമ്മ മംഗളൂരുകാരിയുമാണ്. കാഞ്ഞങ്ങാട് താമസിക്കുന്ന മലയാളി തന്നെയാണു ഞാൻ. പഠിച്ചതൊക്കെ മംഗളൂരുവിലായതിനാലും കന്നഡ ഭാഷ കുറെക്കൂടെ പരിചിതമായതിനാലും ചിത്രം ആദ്യം കന്നഡയിൽ‌ ചെയ്യാനായിരുന്നു ആലോചിച്ചത്. പക്ഷേ ‘തിങ്കളാഴ്ച നിശ്ചയം’ മലയാളത്തിൽ കാഞ്ഞങ്ങാടൻ‌ ഭാഷയിൽ പറഞ്ഞാലേ വർക്കൗട്ട് ആവുകയുള്ളു എന്നു പിന്നീട് തോന്നി.  

 

നിർമാണം കന്നഡ കമ്പനി!

 

കന്നഡയിലെ പ്രമുഖ നിർമാണ കമ്പനിയായ പുഷ്കർ ഫിലിംസാണ് ചിത്രം നിർമിച്ചത്. അവരോട് പറഞ്ഞപ്പോൾ ഭാഷ ഏതായാലും കുഴപ്പമില്ല എന്ന മറുപടി കിട്ടിയതോടെ ആശ്വാസമായി. നല്ല കഥകളാണ് സിനിമയ്ക്ക് വേണ്ടത്. നല്ല കഥ കണ്ടെത്തുകയാണ് പ്രയാസം. ബജറ്റ് അടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുന്നത്. 3 സിനിമകൾ ചെയ്യാനുള്ള കഥകൾ തയാറായിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം സ്വന്തം കഥ തന്നെയാണ്. ഇതിലൊരു ചിത്രം പുതുമുഖങ്ങളെ മാത്രം അണി നിരത്തി ഉള്ളതാണ്. 

 

സംസ്ഥാന അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. കിട്ടിയതിൽ വലിയ സന്തോഷം.  തികച്ചും സാധാരണമായ ജീവിത മുഹൂർത്തങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ ജനാധിപത്യവൽകരണത്തിനും സ്ത്രീകളുടെ സ്വയംനിർണയ അവകാശത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന സിനിമയെന്നാണ് ചിത്രത്തെ കുറിച്ചുള്ള ജൂറിയുടെ പരാമർശം. നാട്ടിൻപുറത്തെ കല്യാണ വീടുകളിൽ നടക്കുന്ന പലകാര്യങ്ങളും നിരീക്ഷിച്ച് തയാറാക്കിയ കഥയാണിതെന്നും ഹെഗ്ഡെ പറയുന്നു.

 

കാഞ്ഞങ്ങാടെ കല്യാണ നിശ്ചയം

 

കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ വേഗത്തിൽ ഒരു കല്യാണ നിശ്ചയം നടത്തേണ്ടി വരുന്നു. അത് നടത്താനുള്ള നല്ല ദിവസം തിങ്കളാഴ്ചയാണ്. ഈ നിശ്ചയത്തിന് 2 ദിവസം മുൻപുള്ള കഥയാണ് സിനിമ പറയുന്നത്. കാഞ്ഞങ്ങാട് മുതൽ പയ്യന്നൂർ വരെയുള്ള പുതുമുഖങ്ങളാണ് സിനിമയിലെ താരങ്ങൾ. എല്ലാ കഥാപാത്രത്തിനും ഒരേ പ്രധാന്യമാണ് സിനിമയിൽ നൽകിയത്.

 

2020 ഓഗസ്റ്റിൽ പൂർത്തിയായ സിനിമ ഐഎഫ്എഫ്കെയിലും പ്രദർശിപ്പിച്ചിരുന്നു. സെന്നയുടെ മൂന്നാമത്തെ സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. 0.41 ആണ് ആദ്യ ചിത്രം. പിന്നീട് കന്നഡയിൽ ‘കഥയുണ്ട് ശുരുവാകുതെ’ എന്ന ചിത്രവും സംവിധാനം ചെയ്തു. ചിത്രം തിയറ്ററിലോ ഒടിടിയിലോ പ്രദർശിപ്പിക്കാനുള്ള ചർച്ച നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

കാഞ്ഞങ്ങാട് തോയമ്മലിലാണ് സെന്നയുടെ വീട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീടും സ്ഥലവും വിട്ടു നൽകിയതിനാൽ സിനിമയ്ക്കായി വാങ്ങിയ വാടക വീടുകളിലൊന്നിലാണ് സെന്നയുടെ താമസം. ഉടൻ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. സിനിമയുടെ വിജയത്തിനും ഈ പുരസ്കാരം സഹായിക്കുമെന്ന് സെന്ന ഹെഗ്ഡെ പറഞ്ഞു. ജനുവരിയിൽ മലയാളത്തിലെ അടുത്ത സിനിമ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് സെന്ന ഹെഗ്ഡെ.

 

English Summary: Interview with Director Senna Hegde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com