30 ദിവസം ഷൂട്ട്, ‘ഭ്രാന്തന്മാരുടെ’ ഹോട്ടൽ; ‘കലഹ’ത്തിലെ കാഴ്ചകൾക്കു പിന്നിൽ: വിനോദ് ഇല്ലംപള്ളി അഭിമുഖം
Mail This Article
മലയാളികളെ ഏറെ രസിപ്പിച്ച വേറിട്ട പരീക്ഷണചിത്രമാണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹം. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത കഥ പറച്ചിൽ രീതിയാണ് സിനിമ അവലംബിച്ചതെങ്കിലും പ്രേക്ഷകരുമായി കൃത്യമായി ബന്ധിപ്പിക്കുന്ന കഥാപാത്രസൃഷ്ടിയും മേക്കിങ്ങും കയ്യടി നേടി. ഒറ്റ നോട്ടത്തിൽ വിചിത്രമെന്നു തോന്നിപ്പിക്കുകയും അതേസമയം റിയലിസ്റ്റിക്കായും മുമ്പോട്ടു പോകുന്ന കഥയെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നതിൽ ക്യാമറ വഹിച്ച പങ്ക് ചെറുതല്ല. ഗ്രാൻഡ്മാസ്റ്റർ, ഓം ശാന്തി ഓശാന, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് ഇല്ലംപള്ളിയാണ് കനകം കാമിനി കലഹത്തിനായി ക്യാമറ ചലപ്പിച്ചത്. സിനിമയുടെ വിശേഷങ്ങളുമായി വിനോദ് ഇല്ലംപള്ളി മനോരമ ഓൺലൈനിൽ.
വേറിട്ട പാറ്റേൺ
സാധാരണ ഞാൻ ചെയ്തു വരുന്ന പാറ്റേണിൽ നിന്നു മാറ്റിപ്പിടിച്ച സിനിമയാണ് കനകം കാമിനി കലഹം. സംവിധായകൻ നല്ലൊരു പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ്. അതെല്ലാം ഈ സിനിമയ്ക്ക് ഗുണമായി ഭവിച്ചിട്ടുണ്ട്. പിന്നെ, നിർമാതാവ് എന്ന നിലയിൽ നിവിൻ പോളി എല്ലാ സഹകരണവും ഉറപ്പാക്കി. സിനിമയ്ക്കു യോജിച്ച ക്യാമറയും ലൈറ്റുമെല്ലാം ആവശ്യപ്പെട്ടതു തന്നെ ഉറപ്പാക്കി. സിനിമയുടെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാത്ത സംവിധായകനും നിർമാതാവുമാണ് ഈ സിനിമയെ ഇത്രത്തോളം എത്തിച്ചത്.
ഷൂട്ട് തുടങ്ങാൻ ലൗഡ് സ്പീക്കറിൽ പാട്ട്
അബാദ് ഹോട്ടൽ ഒരു 30 ദിവസത്തേക്ക് സിനിമയ്ക്കു വേണ്ടി പൂർണമായും എടുക്കുകയായിരുന്നു. കോവിഡിന്റെ മൂർധന്യാവസ്ഥയിലാണ് ഇതിന്റെ ഷൂട്ട് നടന്നത്. സിനിമയുടെ മൊത്തം അണിയറപ്രവർത്തകരും ഷൂട്ട് തീരുന്നതു വരെ അവിടെ തന്നെ താമസിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഷൂട്ട്. രാവിലെ ആറു മണിയാകുമ്പോൾ എല്ലാവരും എണീറ്റു വരും. ഷൂട്ടിന് സമയമായെന്ന് അറിയിക്കാൻ രാവിലെ ആറു മണിക്ക് ലൗഡ്സ്പീക്കറിൽ ഏതെങ്കിലും പാട്ട് വയ്ക്കും അപ്പോൾ എല്ലാവരും താഴേക്കിറങ്ങി വരും. പാട്ടു കേൾക്കുമ്പോൾ എല്ലാവർക്കും മനസിലാകും, ഷൂട്ട് തുടങ്ങാറായി എന്ന്. ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ ഇടവേള! അതു കഴിയുമ്പോഴും പാട്ടിടും. എല്ലാവരും വീണ്ടും ലോബിയിലേക്ക് എത്തും. അങ്ങനെ രസകരമായിരുന്നു ഷൂട്ടിങ് ദിവസങ്ങൾ!
ഗംഭീര കാസ്റ്റിങ്
ഷൂട്ടിന്റെ സമയത്ത് ഞെട്ടിച്ചത് ഗ്രേസ് ആന്റണിയായിരുന്നു. അവരങ്ങ് തകർത്ത് അഭിനയിക്കുകയായിരുന്നു. നല്ല പോസിറ്റിവിറ്റിയുള്ള പെൺകുട്ടിയാണ് ഗ്രേസ്. സെറ്റിൽ നല്ല കളി തമാശയൊക്കെ പറഞ്ഞു നടന്നാലും ക്യാമറയ്ക്കു മുമ്പിൽ ആക്ഷൻ പറഞ്ഞാൽ കൃത്യം കഥാപാത്രമാകും അവർ. കഥാപാത്രത്തിന് ചില മാനറിസങ്ങൾ ഉണ്ടാകുമല്ലോ. അതെല്ലാം വിട്ടുപോകാതെ ചെയ്യും.
സ്ക്രിപ്റ്റ് പഠിച്ചാണ് അവർ ചെയ്യുന്നത്. സംശയം ഉള്ള ഭാഗങ്ങൾ മോനിറ്ററിൽ വന്നു നോക്കും.സംവിധാനത്തിൽ താൽപര്യമുള്ള കക്ഷിയാണ് ഗ്രേസ്. അതിൽ കഴിവുമുണ്ട്. ഇടവേളകളിൽ നമുക്കൊപ്പം സമയം ചെലവഴിക്കും. സംശയങ്ങൾ ചോദിക്കും. അവർ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതുപോലെ, രാജേഷ് മാധവൻ, ജോയ് മാത്യു, വിൻസി, വിനയ് ഫോർട്ട്, ജാഫറിക്ക... അങ്ങനെ എല്ലാവരും അതിഗംഭീരമായി ചെയ്തു. ജാഫറിക്കയ്ക്ക് വേറൊരു എനർജിയായിരുന്നു. വളരെ മികച്ച കാസ്റ്റിങ് ആയിരുന്നു.
വെല്ലുവിളിയായ 'വാം ടോൺ'
ഒരു കളർ പാലറ്റ് വേണമെന്ന് സംവിധായകൻ കൃത്യമായി പറഞ്ഞിരുന്നു. വാം ടോണാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. സിനിമ മൊത്തത്തിൽ ഒരു കളർ പാലറ്റിൽ നിൽക്കണം എന്നായിരുന്നു നിർദേശം. പഴക്കമുള്ള ഒരു ഹോട്ടലിന്റെ ഫീൽ പ്രേക്ഷകർക്കു കിട്ടുന്നതിനാണ് ശ്രദ്ധ നൽകിയത്. രാവിലെ ഒൻപതു മണിക്ക് തുടങ്ങി പുലർച്ചെ രണ്ടു മണിയോടെ തീരുന്ന രീതിയിലാണ് സിനിമയുടെ പ്രധാന സംഭവങ്ങൾ നടക്കുന്നത്. ഇതു നമ്മൾ ഷൂട്ട് ചെയ്യുന്നത് 30 ദിവസങ്ങളിലായാണ്. പകൽ സമയത്ത് സൂര്യപ്രകാശം അകത്തേക്ക് കടക്കാതിരിക്കാൻ കറുത്ത തുണിയിട്ട് പല ഭാഗങ്ങളും അടച്ചിരുന്നു. ഒറിജിനൽ സൂര്യപ്രകാശം ഫ്രെയിമിൽ കേറാതിരിക്കാനാണ് ഇതു ചെയ്തത്. ഷൂട്ട് നടന്ന ഹോട്ടൽ മൊത്തത്തിൽ കറുത്ത തുണിയിട്ട് മൂടിയെന്നു പറഞ്ഞാലും തെറ്റില്ല. അതുപോലെ നമ്മൾ ശ്രദ്ധിച്ചിരുന്നു. സിനിമയിലുടനീളമുള്ള വാം ടോൺ നിലനിറുത്താനായിരുന്നു ഇത്.
സ്വാധീനിച്ച കാഴ്ചകൾ
കനകം കാമിനി കലഹത്തിന്റെ ദൃശ്യങ്ങൾ 2014ൽ പുറത്തിറങ്ങിയ ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ എന്ന സിനിമയെ ഓർമപ്പെടുത്തിയെന്ന് പലരും പറഞ്ഞു. ഞാൻ പക്ഷേ, ആ സിനിമ കണ്ടിട്ടില്ല. ഈ സിനിമയ്ക്ക് റഫറൻസിനായി ഞാൻ മറ്റൊരു സിനിമകളും കണ്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ഗ്രാൻഡ്മാസ്റ്റർ സിനിമ ചെയ്തപ്പോഴും ഇതുപോലുള്ള റഫറൻസുകളെപ്പറ്റി ചില നിരൂപണങ്ങളിൽ കണ്ടിരുന്നു. എന്നാൽ, അതിനും റഫറൻസുകൾ നോക്കിയല്ല ക്യാമറ ചെയ്തത്. നല്ല പഴക്കമുള്ള ഹോട്ടലാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഊട്ടിയിൽ ബ്ലൂ ഹിൽസ് എന്നൊരു ഹോട്ടലുണ്ട്. അവിടെയൊക്കെ ഷൂട്ടിനു പോകുമ്പോൾ ആ ഹോട്ടലും അതിന്റെ ലൈറ്റിങും കളറുമെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. മൂന്നാറിൽ ഇതുപോലെ സിനിമാ പോസ്റ്ററുകളൊക്കെ ഇന്റീരിയറിൽ വച്ചിട്ടുള്ള ഹോട്ടലുണ്ട്. ആ കാഴ്ചകളൊക്കെയാണ് ഈ സിനിമ ചെയ്തപ്പോൾ എന്നെ സ്വാധീനിച്ചത്.
മിസ് ചെയ്യുന്ന തിയറ്റർ കാഴ്ച
ഒടിടിയിൽ സിനിമ റിലീസ് ചെയ്യുകയാണെന്നു കേട്ടപ്പോൾ എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു. ഇതു തിയറ്ററിനു വേണ്ടി നിർമിച്ച സിനിമയാണല്ലോ! അതിന്റെ കളർ ടോൺ, ശബ്ദം... ഇതെല്ലാം ഒടിടിയൽ ആകുമ്പോൾ എന്താകുമെന്നായിരുന്നു ആകുലത. പല ഡിവൈസുകളിൽ പല കളർ ടോണിലാകുമോ കാണുക എന്ന സംശയം ഉണ്ടായിരുന്നു. ടെൻഷനടിച്ച പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും തിയറ്റർ മിസ് ആയത് വലിയ നഷ്ടമായി തന്നെ തോന്നുന്നു.
ആദ്യം തിയറ്ററിൽ റിലീസ് ചെയ്തിട്ട് ഒടിടിയിൽ പോകുന്ന തരത്തിൽ ആയിരുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചു പോവുകയാണ്. കാരണം, ഒരു സിനിമയുടെ ദൃശ്യമികവിനു വേണ്ടി ഒറു വലിയസംഘം പ്രവർത്തിക്കുന്നുണ്ട്. അവരുടെ പരിശ്രമം ചെറിയൊരു സ്ക്രീനിലേക്ക് ഒതുങ്ങുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന സങ്കടമാണ്. മേരി ആവാസ് സുനോ ആണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജയസൂര്യ–മഞ്ജു വാര്യർ ഒന്നിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.