ADVERTISEMENT

കണ്ടിറങ്ങുന്നവർക്കെല്ലാം ഒരേ അഭിപ്രായം, കാണുന്നവരെല്ലാം ‘ഇതു കാണേണ്ട പടം’ എന്നുറപ്പിച്ചു പറയുന്നു. അങ്ങനെ മൗത്ത് പബ്ലിസിറ്റിയിലൂടെ മറ്റൊരു കൊച്ചുസിനിമ കൂടി മലയാളത്തിൽ ഹിറ്റ് അടച്ചിരിക്കുന്നു. കോവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകൾ തുറന്ന്, മൂന്നാമത്തെ ആഴ്ചയിറങ്ങിയ ‘ജാനേമൻ’ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത്, ആദ്യ രണ്ടു ദിവസം വലിയ തിരക്കില്ലായിരുന്നെങ്കിൽ ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ല എന്ന പരിഭവമാണ് പലരും പങ്കുവയ്ക്കുന്നത്. 

 

വൻ താരനിലയില്ലാതെ എത്തിയ ഈ കൊച്ചുചിത്രം പ്രേക്ഷകരുടെ സ്വന്തം ‘ജാനേമൻ’ ആയി മാറിയപ്പോൾ‍ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുപോലെ കയ്യടി നേടുന്നു. ഓരോ കഥാപാത്രങ്ങളും വ്യത്യസ്ത രീതിയിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുമ്പോൾ ആദ്യ ചിത്രത്തിനു തന്നെ ഇത്ര വലിയ വരവേല്‍പ് കിട്ടിയ സന്തോഷത്തിലാണ് യുട്യൂബർ ശ്രുതി സത്യൻ. 

 

ചിത്രത്തിൽ അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് ശ്രുതി എത്തുന്നത്. നിലവിൽ ഒന്നേകാൽ ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള, ബ്യൂട്ടി, ഫാഷൻ വിഡിയോകളുടെ യുട്യൂബ് ചാനൽ ‘മുതലാളി’യും തൃശൂർ സ്വദേശിനിയുമായ ശ്രുതി ജാനേമനിലേക്ക് എത്തിയതിന്റെയും മറ്റു വിശേഷങ്ങളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

sruthy-sathyan-1

 

ആദ്യ സിനിമയ്ക്കു ഇത്രയും മികച്ച സ്വീകരണം പ്രതീക്ഷിച്ചിരുന്നോ?

 

ശരിക്കും പറഞ്ഞാൽ ഇല്ല. ഒരു നല്ല ചിത്രമാകുമെന്ന് അറിയാമായിരുന്നു. എന്നാൽ ഇത്രയും ഏറ്റെടുക്കുമെന്നു പ്രതീക്ഷിച്ചില്ല. സിനിമ കണ്ടിട്ട് നിരവധി പേരാണ് വിളിക്കുന്നത്. വളരെയധികം സന്തോഷമുണ്ട്. 

sruthy-sathyan-actress

 

യുട്യൂബർ എങ്ങനെ നടിയായി?

 

ganapathi-sruthy
സംവിധായകൻ ചിദംബരത്തിനൊപ്പം ഗണപതിക്കുമൊപ്പം

യുട്യൂബിലെ വിഡിയോകൾ കണ്ടിട്ട് ചിത്രത്തിന്റെ സഹസംവിധായകനാണ് എന്റെ കാര്യം നടൻ ഗണപതിയോട് പറയുന്നത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഗണപതി. അങ്ങനെ അവർ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ടു. ചിത്രത്തിന്റെ ഒരു ഭാഗം അഭിനയിച്ച് വിഡിയോ അയച്ചുകൊടുത്തപ്പോൾ നേരിട്ട് എത്താൻ ആവശ്യപ്പെട്ടു. അവിടെവച്ച് ചില സീനുകൾ ഒക്കെ ചെയ്യിച്ച്, സ്ക്രീൻ ടെസ്റ്റിനൊക്കെ ശേഷമാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ നവംബർ–ഡിസംബർ സമയത്തായിരുന്നു ഷൂട്ട്.

 

എങ്ങനെയുണ്ടായിരുന്നു ഷൂട്ടിങ് അനുഭവം?

 

sruthy-sathyan-32

സിനിമയിൽ അവസാനം കാസ്റ്റ് ചെയ്തവരിൽ ഒരാളാണ് ഞാനെന്നു തോന്നുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് രണ്ടു ദിവസം മുൻപാണ് ഇതിലേക്ക് എത്തുന്നത്. സിനിമ ഏകദേശം ഒരു ദിവസത്തെ കഥ തന്നെയാണ് പറയുന്നതിനാൽ ആദ്യ ദിവസം തന്നെ എനിക്ക് ഷോട്ടുണ്ടായിരുന്നു. ഇതിനുമുൻപ് ഞാനൊരു ഷൂട്ടിങ് പോലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. സെറ്റിലെ ഒരാളെ പോലും പരിചയമുണ്ടായിരുന്നില്ല. 

 

പക്ഷേ എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് അത്യാവശ്യം നന്നായി ചെയ്യാൻ സാധിച്ചെന്നു കരുതുന്നു. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിങ് എന്നതിനാൽ വളരെക്കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വീട്ടിലാണ് എല്ലാവരും താമസിച്ചത്. ഒരു കുടുംബം പോലെയായിരുന്നു. ഏകദേശം 30–35 ദിവസത്തോളം നീണ്ടനിന്ന ഷൂട്ടായിരുന്നു. 

 

തൃശൂർക്കാരി എങ്ങനെ കൊച്ചിഭാഷ പഠിച്ചു?

 

ചിത്രം കണ്ടവരെല്ലാം ഇതുതന്നെയാണ് ചോദിക്കുന്നത്. യഥാർഥത്തിൽ കഥാപാത്രത്തിന് ഡബ് ചെയ്തത് ഞാനല്ല. പക്ഷേ സിനിമ കണ്ടപ്പോൾ എനിക്ക് പോലും അങ്ങനെ തോന്നിയില്ല. എന്റെ ശബ്ദവുമായി അത്രയ്ക്കു സാമ്യമുണ്ട്. ഇക്കാര്യം ഞാൻ തന്നെ ഡബ് ചെയ്തു കുട്ടിയോടു മെസേജ് അയച്ചു പറയുകയും ചെയ്തു. ആദ്യം ഞാൻ തന്നെ ഡബ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. അതിനായി സ്റ്റുഡിയോയിൽ എത്തുകയും ചെയ്തു. പക്ഷേ ഇടയ്ക്കിടെ തൃശൂർ ഭാഷ കേറിവരുന്നതിനാൽ മറ്റാരെയെങ്കിലും കൊണ്ടു ചെയ്യിച്ചാലോ എന്നു ഡയറക്ടർ ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു. ഞാനായിട്ട് എന്റെ ക്യാരക്ടറിനെ തന്നെ നശിപ്പിക്കണ്ടല്ലോ..

 

സിനിമയിൽ മദ്യപിക്കുന്ന ഉൾപ്പെടെ സീൻ ഉണ്ടല്ലോ? ഷൂട്ട് ചെയ്തപ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ?

 

ശരിക്കും ഈ സീൻ അഭിനയിച്ച്, വിഡിയോ അയയ്ക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. ഇതു കണ്ടിട്ടാണ് നേരിട്ടു വിളിപ്പിച്ചത്. ഏറ്റവും പരിചയമുള്ള സീൻ ഇതുതന്നെയായിരുന്നതിനാൽ ഷൂട്ടിങ്ങിന്റെ സമയത്ത് വലിയ പ്രശ്നമുണ്ടായിരുന്നില്ല.  

 

ആ സീനിൽ ചോദിക്കുന്നതുപോലെ, ശരിക്കും എത്ര വയസ്സായി? മറ്റുവിശേഷങ്ങൾ?

 

സിനിമയിൽ 24 ആയെങ്കിലും ശരിക്കും 22 ആയിട്ടേയുള്ളൂ. ഒരു ബിടെക്കുകാരിയാണ്. കഴിഞ്ഞ വർഷമാണ് പാസ് ഔട്ടായത്. അവസാന സെമസ്റ്റർ സമയത്താണ് യുട‍്യൂബ് ചാനൽ ആരംഭിക്കുന്നത്. ലോക്ഡൗൺ സമയത്ത് ഒരുപാട് സമയം കിട്ടിയതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് വിഡിയോകൾ ചെയ്യാൻ സാധിച്ചു. വളരെ പെട്ടെന്ന് ഒരു ലക്ഷത്തിലധികം സബസ്ക്രൈബേഴ്സിനെ കിട്ടുകയും ചെയ്തു. അതിനാൽ മറ്റു ജോലിക്ക് ഒന്നും പോയിട്ടില്ല. ഭർത്താവ് ഉൾപ്പെടെ കുടുംബം മുഴുൻ മികച്ച പിന്തുണയാണ് തരുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനുശേഷം, ഈ മാർച്ചിലായിരുന്നു വിവാഹം.

 

ഭാവിപരിപാടികൾ?

 

യുട്യൂബ് ചാനലുമായി മുൻപോട്ടു പോകും. ഇതിനിടയിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ, എനിക്ക് ചെയ്യാൻ സാധിക്കുന്നതാണെന്നു തോന്നിയാൽ സിനിമകൾ ചെയ്യും. യുട്യൂബ് വിഡിയോകൾ ചെയ്യുന്നത് അതിനൊരു തടസ്സമല്ലോ. നിലവിൽ പുതിയ പ്രൊജക്ടുകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. 

 

കൗതുകംകൊണ്ട് ഒരു ചോദ്യംകൂടി, സിനിമയിൽ ശരിക്കും മോനിച്ചന്റെ ‘ജാനേമൻ’ ആയിരുന്നോ? 

 

അത് സസ്പെൻസ്..നിങ്ങൾ തന്നെ ആലോചിച്ചോളൂ..

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com