‘കാവലി’ലെ റേച്ചലാകാൻ കട്ടപ്പനയിൽ പോയി ഒരു കുടുംബത്തിനൊപ്പം താമസിച്ചു, വീട്ടുജോലികൾ ചെയ്തു: റേച്ചൽ ഡേവിഡ്
Mail This Article
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ൽ പ്രണവ് മോഹൻലാലിന്റെ നായികയായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് റേച്ചൽ ഡേവിഡ് എന്ന ബെംഗളൂരു മലയാളി പെൺകുട്ടി. കാവൽ എന്ന സുരേഷ് ഗോപി ചിത്രത്തിൽ തനി നാടൻ പെൺകുട്ടിയായി വീണ്ടും മലയാളികളുടെ ഇഷ്ടതാരമാവുകയാണ് റേച്ചൽ. ആദ്യ ചിത്രത്തിലെ വേഷം റേച്ചലിന്റെ മനസ്സിനോട് വളരെ അടുത്തു നിന്നതാണെങ്കിൽ കണ്ടു പരിചയം പോലുമില്ലാത്ത ഒരാളായി കാവലിൽ റേച്ചൽ മാറി. കട്ടപ്പനയിലെ സാധാരണ മലയോര ഗ്രാമീണ കുടുംബത്തിൽ ഒരു അംഗത്തെപ്പോലെ താമസിച്ചാണ് റേച്ചൽ സ്വന്തം പേരുതന്നെയുള്ള കഥാപാത്രമായി മാറിയത്. വഴിതെറ്റി സിനിമയിൽ എത്തിച്ചേർന്നതാണെങ്കിലും ഇതാണ് ഇനി തന്റെ ലോകം എന്ന് റേച്ചൽ തിരിച്ചറിയുന്നു. മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന റേച്ചൽ കാമ്പുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു...
സോഷ്യൽ മീഡിയ വഴി വന്ന സിനിമ
മമ്മിയും ഡാഡിയും മലയാളികൾ ആണെങ്കിലും ഞങ്ങൾ ബെംഗളൂരുവിലാണ് താമസിക്കുന്നത്. ഡാഡിയുടെ നാട് കോഴിക്കോടും മമ്മിയുടേത് ചെങ്ങന്നൂരുമാണ്. എനിക്ക് ഒരു അനുജത്തിയാണ് ഉള്ളത്. ഞങ്ങൾ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. പതിനാറ് വയസ്സു മുതൽ ഞാൻ മോഡലിങ് ചെയ്തു തുടങ്ങിയിരുന്നു. അതിനോടൊപ്പം പഠനവും തുടർന്നു. മോഡലിങ് എനിക്കൊരു ഹോബി ആയിരുന്നു. ഡിഗ്രി കഴിഞ്ഞു മുംബൈക്ക് പോയി അനുപം ഖേർ ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു. കോഴ്സ് കഴിഞ്ഞപ്പോൾ മമ്മി ഫെയ്സ്‌ബുക്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാസ്റ്റിങ് കോൾ കണ്ടു എന്നോട് അയച്ചുനോക്കൂ എന്ന് പറഞ്ഞു.
ഒരു ഉറപ്പുമില്ലാതെയാണ് ഫോട്ടോ അയച്ചത്. കൊച്ചിയിൽ ആയിരുന്നു ഓഡിഷൻ, രണ്ടു മാസം കഴിഞ്ഞപ്പോൾ ആ സിനിമയിലേക്ക് വിളി വന്നു. പ്രണവ് മോഹൻലാൽ ആയിരുന്നു ആ സിനിമയിലെ നായകൻ. വളരെ നല്ല അനുഭവമായിരുന്നു ആദ്യ സിനിമ എനിക്ക് തന്നത്. 2019 ൽ ആണ് കാവലിലേക്ക് എന്നെ വിളിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ വിളിച്ച് നിധിൻ രൺജി പണിക്കരുടെ അടുത്ത സിനിമയുടെ കഥ കേൾക്കാൻ വരണം എന്നുപറഞ്ഞു. ഞാൻ കൊച്ചിയിൽ എത്തി കഥ കേട്ട് ഓക്കേ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സുരേഷ് ഗോപി സർ ആണ് എന്നെ ഈ സിനിമയിലേക്ക് ശുപാർശ ചെയ്തതെന്ന്. അദ്ദേഹത്തിന് എന്റെ ആദ്യത്തെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ഞാൻ കാവലിലേക്ക് എത്തിയത്.
ആദ്യ നായകൻ പ്രണവ് മോഹൻലാൽ
എന്റെ ആദ്യത്തെ പടമായിരുന്നല്ലോ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. അപ്പുവിന്റെ (പ്രണവ്) രണ്ടാമത്തെ പടമായിരുന്നു. എനിക്ക് സിനിമാലോകത്ത് ആരെയും അറിയില്ല. ഞാൻ നല്ല ടെൻഷനിലായിരുന്നു. പടം തുടങ്ങുന്നതിനു മുൻപ് ഞങ്ങൾക്ക് ഒരു വർക്ക്ഷോപ് ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോഴേക്കും എല്ലാ ടെൻഷനും മാറി. 100 ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു അപ്പോഴേക്കും ഞാനും അപ്പുവും നല്ല സുഹൃത്തുക്കളായി. അതുകൊണ്ട് സിനിമയിലും ഞങ്ങളുടെ ജോഡി നന്നായി വന്നു. ഞങ്ങൾ ഗ്രൂപ്പായി കുറേ യാത്രകൾ ചെയ്തു. സെറ്റിൽ എല്ലാവരോടും നല്ല സൗഹൃദത്തോടെയാണ് അപ്പു പെരുമാറുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
കാവലിലെ നാടൻ പെൺകുട്ടി
കഥ കേട്ടപ്പോൾത്തന്നെ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എന്താണോ അതിന്റെ വിപരീതമാണ് റേച്ചൽ. ബെംഗളൂരുവിൽ ജനിച്ചു വളർന്ന എനിക്ക് കേരളത്തിലെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ല. റേച്ചൽ ആണെങ്കിൽ പുറംലോകത്തെപ്പറ്റി ഒന്നും അറിയാത്ത മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടി. കഥാപാത്രത്തെപ്പറ്റി പഠിക്കാൻ ഞാൻ കട്ടപ്പനയിൽ പോയി താമസിച്ചു. പള്ളിയിലെ അച്ചൻ പരിചയപ്പെടുത്തിയ ഒരു കുടുംബത്തിനോടൊപ്പം അവരുടെ വീട്ടിൽ പത്തു ദിവസം താമസിച്ച് അവരുടെ രീതികൾ മനസ്സിലാക്കി.
അവിടെ രണ്ടു ചേച്ചിമാരുണ്ടായിരുന്നു അവരോടൊപ്പം വീട്ടിലെ ജോലികളെല്ലാം ചെയ്തു, അടുത്ത വീടുകളിൽ പാല് കൊടുക്കാൻ പോയി, മുറ്റമടിച്ചു, ആഹാരം ഉണ്ടാക്കാൻ പഠിച്ചു, പാത്രം കഴുകി, അവരോടൊപ്പം രാവിലെ പള്ളിയിൽ പോയി, വസ്ത്രങ്ങൾ നനച്ചു, അവരുടെ വസ്ത്രങ്ങൾ ധരിച്ചു, അങ്ങനെ അവരുടെ ഒരു കുട്ടിയായി അവിടെ ജീവിച്ചു. ആ വീട്ടിലെ അമ്മ തയ്യൽജോലി ചെയ്യുന്ന ആളാണ്. അവരുടെ രീതികളും കണ്ടു മനസ്സിലാക്കി അങ്ങനെയാണ് ഞാൻ റേച്ചൽ ആയി മാറിയത്. എനിക്ക് ഒട്ടും കണ്ടു പരിചയമില്ലാത്ത ജീവിതമാണ് അത്.
എന്റെ ഡാഡി കോഴിക്കോടും മമ്മി ചെങ്ങന്നൂരും ഉള്ളതാണ്. പക്ഷേ അവിടെയുള്ളതിനേക്കാൾ വളരെ വ്യത്യാസമുള്ള ജീവിതരീതിയാണ് കട്ടപ്പനയിൽ. ഞങ്ങൾ താമസിച്ച ഉടുമ്പൻചോല വളരെ ചെറിയ ഒരു സ്ഥലമാണ്. പല സ്ഥലങ്ങളിലും വൈദ്യുതിയോ മൊബൈൽ കണക്‌ഷനോ ഇല്ല. ഭയങ്കര തണുപ്പായിരുന്നു അവിടെ. ഞങ്ങൾ രാവിലെ എഴുന്നേറ്റു നടക്കാൻ പോകുമായിരുന്നു. അവരോടൊപ്പം ഒരു വിവാഹത്തിനും ഒരു മരണാനന്തര ചടങ്ങിനും പങ്കെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങളായിരുന്നു അത്. ആ പത്തു ദിവസം കൊണ്ട് ജീവിതം ഒരുപാടു പഠിച്ചു. മൊബൈൽ ഒന്നും ഉപയോഗിക്കാത്തതുകൊണ്ടു കഥയിലും കഥാപാത്രത്തിലും കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. അവരോടൊപ്പം കൂടുതൽ സംസാരിക്കാനും അവരോടു സംസാരിച്ച് മലയാളം കൂടുതൽ പഠിക്കാനും കഴിഞ്ഞു. സാധാരണ ജീവിതത്തിൽനിന്ന് പത്തുദിവസത്തേക്ക് ഒരു ഒളിച്ചോട്ടം പോലെ ആയിരുന്നു അത്.
അപ്രതീക്ഷിതമായി സിനിമയിലേക്ക്
ഞാൻ സിനിമയിൽ അഭിനയിക്കുമെന്ന് എന്റെ വിദൂരസ്വപ്നത്തിൽ പോലും തോന്നിയിട്ടില്ല. ചെറുപ്പത്തിൽ എന്റെ താല്പര്യം സ്പോർട്സിൽ ആയിരുന്നു. എന്റെ ദിനചര്യ വളരെ തിരക്കേറിയതായിരുന്നു. രാവിലെ സ്റ്റേഡിയത്തിൽ പോകും, പിന്നീട് സ്കൂൾ, അതുകഴിഞ്ഞു ട്യൂഷൻ. സ്കൂളിൽ പഠിക്കുമ്പോൾ സിനിമ കാണാനൊന്നും സമയം കിട്ടിയിട്ടില്ല. ബിസിനസ് മാനേജ്‌മെന്റ് ആണ് ഞാൻ പഠിച്ചത്. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതു മുതൽ സിനിമ കാണാൻ തുടങ്ങി. ലോക്ക്ഡൗൺ സമയത്ത് സിനിമകൾ കാണാൻ ഒരുപാട് സമയം കിട്ടി.
കാവലിലേക്ക് എന്നെ തിരഞ്ഞെടുത്തതിന് ശേഷം സുരേഷ്‌ഗോപി സാറിന്റെ ഹിറ്റായ പടങ്ങളും അദ്ദേഹത്തിന്റെ പുതിയ പടങ്ങളുമൊക്കെ കണ്ടു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോൾ അദ്ദേഹത്തെക്കുറിച്ച് ധാരണ ഉണ്ടാകണമല്ലോ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ആക്‌ഷൻ സീനുകളും കാണാൻ കഴിഞ്ഞു. ഇത്രയും സീനിയർ ആയ ഒരു കലാകാരനോടൊപ്പം ജോലി ചെയ്യാൻ എനിക്ക് പേടി ഉണ്ടായിരുന്നു. ഞാൻ ഒരു പുതിയ ആളാണ്, ഞാൻ കാരണം തെറ്റു പറ്റുമോ കൂടുതൽ ടേക് എടുക്കേണ്ടി വരുമോ എന്നൊക്കെ പേടിച്ചു. പക്ഷേ സുരേഷ്‌ഗോപി സാർ വളരെ നല്ല പിന്തുണയാണ് തന്നത്. എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. എനിക്ക് സമാധാനമായി ചെയ്യാനുള്ള സമയം അനുവദിച്ചു തന്നു, ഒരുപാട് ഉപദേശം തന്നു.
നമ്മൾ എപ്പോഴും മനസ്സുകൊണ്ട് സജീവമായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. മനസ്സ് കാടുകയറാൻ പാടില്ല, സെറ്റിൽ വന്നു കഴിഞ്ഞാൽ നമ്മെ പൂർണമായും ജോലിയിൽ സമർപ്പിക്കണം. ഏതു ജോലി ഏറ്റെടുത്തലും 100% ആത്മാർഥത കാണിക്കണം എന്നൊക്കെ അദ്ദേഹം ഉപദേശിച്ചു. സെറ്റിൽ വന്നു കഴിഞ്ഞാൽ മലയാളത്തിൽ മാത്രം സംസാരിക്കണം എന്ന് പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെക്കാൾ കുറച്ച് ഗൗരവമുള്ള സിനിമ ആയിരുന്നു കാവൽ. പക്ഷേ സെറ്റിൽനിന്നും സീനിയർ താരങ്ങളിൽനിന്നും ഒരുപാട് പഠിക്കാൻ കഴിഞ്ഞു. എന്നെപ്പോലെ ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല അവസരമായിരുന്നു.
പുനീത് രാജ്‌കുമാർ എന്ന നഷ്ടം
പുനീത് രാജ്കുമാർ സാറിനൊപ്പം ഒരു പരസ്യ ചിത്രത്തിലാണ് ഞാൻ അഭിനയിച്ചത്. എങ്കിൽ കൂടി അദ്ദേഹം വളരെ നല്ല സുഹൃദ്ബന്ധം നിലനിർത്തിയിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന, വളരെ ആക്റ്റീവ് ആയ വ്യക്തി ആയിരുന്നു അദ്ദേഹം. ഞാൻ ഒരു കന്നഡ പടം ചെയ്തപ്പോൾ അതിനും അദ്ദേഹം നല്ല പിന്തുണ തന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഞാൻ വിഷ് അയച്ചിരുന്നു. ഒരു ചെറിയ വർക്കിൽ മാത്രമാണ് ഒന്നിച്ചഭിനയിച്ചത്, എന്നിട്ടും അദ്ദേഹം ഓർമകളിൽ എന്നെയും സൂക്ഷിച്ചു. ഞാൻ ഒരുപാട് ആരാധിച്ചിരുന്ന ഒരു കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല. ഇന്ത്യൻ സിനിമാലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഒരു നല്ല സുഹൃത്തിനെയും സഹോദരനെയുമാണ് നഷ്ടപ്പെട്ടത്.
ഭാവി പ്രതീക്ഷ
ഒരു പ്രതീക്ഷയും ഇല്ലാതെയാണ് സിനിമയിൽ എത്തപ്പെട്ടത്. കിട്ടിയ മലയാളം സിനിമകൾ രണ്ടും നല്ല സിനിമകളായിരുന്നു. മലയാളസിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാൻ കരുതുകയാണ്. ഇപ്പോൾ ഞാൻ ഈ ജോലി ഇഷ്ടപ്പെടുന്നു. ആദ്യമായി അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആണ് അതിനു ശേഷം കാവൽ. ലവ് മോക്റ്റൈൽ 2 എന്നൊരു കന്നഡ ചിത്രവും ചെയ്തു. അത് റിലീസിന് തയാറെടുക്കുന്നു. നയൻതാരയും വിഘ്‌നേഷും നിർമിച്ച വോക്കിങ് ടാക്കിങ് സ്ട്രോബെറി ഐസ്ക്രീം എന്ന ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. ക്യാമറയ്ക്ക് മുന്നിൽ ആണ് എന്റെ ഭാവി എന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു സിനിമാതാരം ആകുമെന്ന് ചിന്തിച്ചിട്ടേ ഇല്ല, പക്ഷേ ദൈവം എന്നെ ഇവിടെ എത്തിച്ചു. എന്റെ നിയോഗം ഒരു നടി ആവുക തന്നെ ആയിരുന്നു. ഇതല്ലാതെ ഇനി എന്തു ചെയ്യും എന്ന് എനിക്കറിയില്ല. ഇതുവരെ എന്റെ യാത്ര സുഗമമായിരുന്നു. വളരെ നല്ല ആളുകളോടൊപ്പമായിരുന്നു ഞാൻ ഇതുവരെ ഞാൻ ജോലി ചെയ്തത്. ഇനിയും നല്ല കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.