ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ‘നവരസ’, ‘മരക്കാർ’ തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് മണിക്കുട്ടൻ. മരക്കാറിലെ മായിൻകുട്ടി എന്ന കഥാപാത്രം അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് മണിക്കുട്ടൻ പറയുന്നു. പ്രതിസന്ധിയിൽ തളർന്നിരിക്കുമ്പോൾ പ്രിയദർശൻ എന്ന സംവിധായകൻ ചേർത്തുപിടിക്കാറുണ്ടെന്നും അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും സിനിമയെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും മുന്നോട്ടു പോകാനുമുള്ള പ്രേരണ നൽകാറുണ്ടെന്നും മണിക്കുട്ടൻ പറയുന്നു. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സിനിമയെ കൂടുതൽ ഗൗരവമായി സമീപിക്കാൻ തന്നെ പരുവപ്പെടുത്തിയെന്നും മണിക്കുട്ടൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മരക്കാരുടെ മായിൻകുട്ടി

‘മരക്കാരി’ൽ മായിൻകുട്ടി എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. വളരെ ചെറിയ സ്ക്രീൻ സ്പേസ് മാത്രമേ ഉള്ളൂ. പക്ഷേ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. 2018 സെപ്റ്റംബറിൽ ആണ് പ്രിയൻ സാറിന്റെ അസിസ്റ്റന്റ് വിളിച്ച് പ്രിയൻ സാർ ചെയ്യുന്ന പടത്തിൽ ഒരു കഥാപാത്രം ചെയ്യണം എന്ന് പറഞ്ഞത്. അത് കഴിഞ്ഞു പ്രിയൻ സാറും വിളിച്ചു. ‘കടൽക്കൊള്ളക്കാരുടേതു പോലുളള രൂപഭാവങ്ങൾ വേണം, നീ വർക്ഔട്ട് ചെയ്ത് താടിയൊക്കെ വളർത്തിക്കോ’ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഞാൻ രണ്ടു മാസം മായിൻകുട്ടിയുടെ രൂപത്തിലേക്കു മാറാൻ വേണ്ടി നന്നായി പരിശ്രമിച്ചു. 2018 ഡിസംബർ 5 ന് ആണ് ഷൂട്ടിങ് തുടങ്ങിയത്.

ആദ്യദിവസം തന്നെ ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് മറക്കാനാകില്ല. വൈകുന്നേരമാണ് എന്റെ ആദ്യ സീൻ എടുത്തത്. ചിന്നാലി എന്ന കഥാപാത്രത്തെ കുതിരപ്പുറത്ത് പുറകോട്ട് തിരിച്ചിരുത്തി ഓടിച്ചു പോകുന്ന രംഗമായിരുന്നു ആദ്യം ചെയ്തത്. എനിക്ക് അതുവരെ കുതിര ഓടിക്കാൻ അറിയില്ലായിരുന്നു. ഞാൻ രാവിലെ മുതൽ വൈകിട്ടുവരെ കുതിരയോട്ടം പഠിച്ചു. അന്ന് എടുത്ത സീനിൽ ഞാൻ ചിന്നാലിയെ കുതിരപ്പുറത്തിരുത്തി കുതിരയെ നടത്തിച്ച് കൊണ്ടുപോവുകയാണ്. അതുവരെയുള്ളത് ഒരു ദിവസം കൊണ്ട് പരിശീലിച്ചു. പിന്നെ കുതിരയും നന്നായി ഇണങ്ങി. അഭിനയ വിദ്യാർഥികളോട് മഹാന്മായ നടൻമാർ സഹകരിക്കുന്നതുപോലെ കുതിരയും എനിക്കായി സഹകരിച്ചു. അന്നത്തെ ഷൂട്ട് കഴിഞ്ഞു തിരികെ തിരുവനന്തപുരത്ത് തിരിച്ചെത്തി കുതിരയോട്ടം നന്നായി പഠിച്ചു. മരക്കാരിനു വേണ്ടി ഞാൻ കുതിരയോട്ടം പഠിച്ചത് എന്നെ മാമാങ്കത്തിലേക്കു വിളിച്ചപ്പോൾ എനിക്ക് ഗുണം ചെയ്തു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് എന്നെ മാമാങ്കം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അതിലും ഞാൻ വളരെ വേഗത്തിൽ കുതിരയോടിച്ച് വരുന്ന സീനുണ്ട്.

പ്രതിഭകൾക്കൊപ്പം അനർഘനിമിഷങ്ങൾ

മരക്കാരിൽ എനിക്ക് അഞ്ചോ ആറോ സീനുകൾ ആണ് ഉണ്ടായിരുന്നതെങ്കിലും അത് ലാൽ സാറിനോടൊപ്പവും മഞ്ജു ചേച്ചി, പ്രഭു സർ എന്നിവരോടൊപ്പവുമാണ്. അഭിനയം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല അവസരമായിരുന്നു അത്. ഒരുപാട് പ്രഗത്ഭരായ കലാകാരന്മാർ അഭിനയിച്ച സിനിമയാണ്. അതുപോലെ തന്നെ ആധുനിക സാങ്കേതിക വിദ്യ ഒരുപാട് ഉപയോഗിച്ചിട്ടുള്ള സിനിമയും. അത്തരമൊരു സിനിമയിൽ ചെറുതായാലും ഒരു കഥാപാത്രം ചെയ്യാൻ അവസരം ലഭിക്കുകയും അത് പ്രേക്ഷകർ ഓർത്തിരിക്കുകയും ചെയ്യുന്നു എന്നുള്ളത് വലിയ കാര്യമാണ്. പടം റിലീസ് ആയതിനു ശേഷം ഒരുപാട്പേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്.

മോഹൻലാൽ - പ്രിയദർശൻ ജോഡി നൂറുകോടിയേക്കാൾ വിലമതിക്കുന്നത്

മോഹൻലാൽ സർ–പ്രിയൻ സർ കൂട്ടുകെട്ട് എന്നത് മലയാള സിനിമാ പ്രേക്ഷകർ അത്രത്തോളം വിലകൽപിക്കുന്ന, സ്നേഹിക്കുന്ന കൂട്ടുകെട്ടാണ്. ആ വില ചെലവായ നൂറുകോടിയേക്കാൾ വലുതാണ്. ഒപ്പം എന്ന സിനിമയിൽ ഇതേ കൂട്ടുകെട്ടിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പ്രിയൻ സാറിന്റെ തന്നെ നവരസ, നിമിർ എന്നീ ചിത്രങ്ങളിലും അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ജീവിതം എങ്ങോട്ടു പോകും എന്നറിയാതെ നിൽക്കുമ്പോൾ എനിക്ക് കിട്ടിയ സമ്മാനങ്ങളാണ് നവരസയും മരക്കാറും.

manikuttan-mamangam

പ്രതിസന്ധിയിൽ താങ്ങാവുന്ന പ്രിയദർശൻ

എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയൻ സാറാണ്. എനിക്കു പ്രതിസന്ധി ഘട്ടത്തിൽ സിനിമ തന്നു സഹായിച്ചിട്ടുള്ളത് പ്രിയൻ സാറാണ്. സിസിഎൽ കളിക്കുന്നതിനു മുൻപ് ഒരുവർഷത്തോളം ഞാൻ സിനിമയില്ലാതെ ഇരുന്നിരുന്നു. എനിക്ക് പറ്റിയ മേഖലയല്ലേ സിനിമ, എന്റെ തീരുമാനങ്ങൾ തെറ്റായിരുന്നോ എന്നൊക്കെ ആ സമയത്ത് തോന്നിയിരുന്നു. ആ സമയത്താണ് സിസിഎൽ വഴി പ്രിയൻ സാറിനെ പരിചയപ്പെടുന്നതും അദ്ദേഹം അത് കഴിഞ്ഞു ചെയ്ത സിനിമകളിൽ എനിക്ക് അവസരം തന്നതും. അദ്ദേഹത്തിന്റെ സിനിമകളിൽ ഭാഗമായപ്പോൾ അഭിനയം കൂടുതൽ പഠിക്കാൻ കഴിഞ്ഞു. പ്രിയൻ സാറിനോടൊപ്പമൊക്കെ ജോലി ചെയ്യുമ്പോഴാണ് സിനിമയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു എന്നൊക്കെ മനസ്സിലാകുന്നത്. പ്രിയൻ സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണ തന്നുകൊണ്ടിരുന്നു.

mani

പ്രണവ് മോഹൻലാൽ

ഞാൻ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാരിന്റെ ലൊക്കേഷനിൽ ആണ്. എനിക്കും പ്രണവിനും ഒരുമിച്ചുള്ള സീനുകളൊന്നും ഇല്ലായിരുന്നു. പ്രണവിനെ ആദ്യമായി കണ്ടപ്പോൾത്തന്നെ എന്നെ ചേട്ടാ എന്നു വിളിച്ച് അടുത്തുവന്നു. അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം ഞാൻ ആരാധിക്കുന്ന ലാൽ സാറിന്റെ മകൻ എന്നെ ആദ്യമായി കാണുമ്പോൾ ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയാണ്. എന്നെ അടുത്ത് അറിയില്ലെങ്കിലും ഞാൻ ഒരു നടനാണെന്ന് മനസ്സിലാക്കി ബഹുമാനം തരികയായിരുന്നു. പ്രണവിന്റെ പെരുമാറ്റം വളരെ അഭിനന്ദനാർഹമാണ്.

റാമോജി എന്ന അഭിനയക്കളരി

ഏഷ്യയിലെ തന്നെ എറ്റവും വലിയ ഫിലിം സിറ്റിയായ റാമോജിയിൽ ഷൂട്ട് ചെയ്യുക, അവിടെ ഇത്രയും കാലം താമസിക്കുക എന്നുള്ളത് ഏതൊരു നടനും ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ്. എനിക്ക് പത്ത് ദിവസത്തോളമുള്ള ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞാൻ ഒരുമാസത്തോളം അവിടെ തങ്ങി. പ്രഭു സർ, അർജുൻ സർ, സുനിൽ ഷെട്ടി സർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു ചേട്ടൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഒട്ടനവധി പ്രഗൽഭ താരങ്ങളും ഉണ്ടായിരുന്നല്ലോ. ഷൂട്ടിങ് ഇല്ലാത്ത ദിവസം അവിടെപ്പോയി ബാക്കിയുള്ളവരുടെ അഭിനയം കണ്ടു പഠിക്കുമായിരുന്നു.

മരക്കാർ ചരിത്രമാകുമ്പോൾ

കുഞ്ഞാലി മരക്കാർ ഒരു ചരിത്രപുരുഷനാണ്. അതുകൊണ്ടു ചരിത്രത്തോട് നീതി പുലർത്തിയേ സിനിമ ചെയ്യാൻ സാധിക്കൂ. പ്രിയൻ സാർ ചരിത്രത്തോട് നീതിപുലർത്തി എന്നുതന്നെയാണ് എന്റെ വിശ്വാസം. കുഞ്ഞാലി മരക്കാറെക്കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്, പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട് അത്തരമൊരു ചരിത്രപുരുഷന്റെ കഥ സിനിമയാക്കിയപ്പോൾ ആ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ രണ്ടുവർഷത്തിലേറെയായി പ്രേക്ഷകരെപ്പോലെ ഞങ്ങളും കാത്തിരിക്കുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com