സ്റ്റിൽ ഫൊട്ടോഗ്രഫറിൽ നിന്ന് സിനിമാറ്റോഗ്രഫർ; വിഷ്ണു തണ്ടാശ്ശേരി അഭിമുഖം
Mail This Article
അമിത പ്രതീക്ഷയില്ലാതെ ചെന്ന് ചിരിമഴയിൽ നനഞ്ഞു കുളിച്ച പ്രേക്ഷകർ ജാൻ എ മനിന് പ്രശംസ ചൊരിയുമ്പോൾ, ചിരി അമിട്ടുകൾ ശക്തിയൊട്ടും ചോരാതെ സ്ക്രീനിലെത്തിച്ച വിഷ്ണു തണ്ടാശ്ശേരി സ്വതന്ത്ര ഛായാഗ്രാഹകനായുള്ള ആദ്യകാൽവയ്പ് വൻ വിജയമായതിന്റെ സന്തോഷത്തിലാണ്. ചടങ്ങുകളുടെ ചിത്രം പകർത്തുന്ന ഏതെങ്കിലും സ്റ്റുഡിയോയിൽ ഒതുങ്ങിപ്പോകുമായിരുന്ന തന്റെ ജീവിതം സ്റ്റിൽ ഫൊട്ടോഗ്രഫിയിലൂടെ വളർന്ന് ജാൻ എ മനിന്റെ സിനിമാറ്റോഗ്രഫറിലെത്തിയ കഥ ‘സേഫ് ആയി’ പറയുകയാണ് തൃശൂർ പൊന്നൂക്കര സ്വദേശി വിഷ്ണു.
∙ സ്റ്റിൽ ഫൊട്ടോഗ്രഫിയിൽ തുടക്കം
8 വർഷമായി സിനിമയുടെ സ്റ്റിൽ ഫൊട്ടോഗ്രഫറായി രംഗത്തുണ്ട് ഞാൻ. വി.കെ.പ്രകാശ് സംവിധാനം െചയ്ത നത്തോലി ചെറിയ മീനല്ല ആണ് ആദ്യ ചിത്രം. അതിനുശേഷം നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, ബാംഗ്ലൂർ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം, പ്രേമം, ട്രാൻസ് തുടങ്ങി 25ൽ അധികം സിനിമകൾക്കായി ക്യാമറയെടുത്തു. ജോജിയാണ് സ്റ്റിൽ ഫൊട്ടോഗ്രഫറായുള്ള അവസാന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത സംടൈംസ് എന്ന തമിഴ് സിനിമയിൽ സമീർ താഹിറിന്റെ ക്യാമറ അസിസ്റ്റന്റായി. ഷൈജു ഖാലിദിനൊപ്പം കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാംപാതിര എന്നീ ചിത്രങ്ങളിലും ഛായാഗ്രാഹണ സഹായിയായി.
∙ ജാൻ എ മൻ
നിർമാതാക്കളിലൊരാളായ ഷോണുമായുള്ള പരിചയമാണ് എന്നെ ജാൻ എ മനിൽ എത്തിക്കുന്നത്. അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം നേരത്തേ അറിയുന്നവരായിരുന്നതിനാൽ ആദ്യ ചിത്രത്തിന്റെ ടെൻഷനൊന്നുമില്ലാതെ തന്നെ പൂർത്തിയാക്കാനായി. അർജുൻ അശോകനെ ‘പറവ’ മുതൽ പരിചയമുണ്ട്. ഗണപതിയെയും മുൻപേ അറിയാം.വളരെ കുറച്ച് അണിയറ പ്രവർത്തകരെ ഉപയോഗിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 35 ദിവസം കൊണ്ടാണ് ചിത്രം തീർത്തത്.
∙ ഒരു വീട്ടിൽ പാർട്ടി, എതിർ വീട്ടിൽ മരണം
മരണ വീട്ടിലെയും ബെർത്ഡേ പാർട്ടി നടക്കുന്ന എതിർവശത്തെ വീട്ടിലെയും സംഭവങ്ങൾ പറയുന്ന ജാൻ എ മൻ ക്യാമറയുടെ സാന്നിധ്യം തോന്നിക്കാത്ത വിധം ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഷൂട്ട് അധികവും രാത്രിയായിരുന്നു. മരണ വീടിന് ഒരു കൂൾ ടോണും ആഘോഷ വീടിന് വാം ടോണും നൽകുകയായിരുന്നു. പ്രാക്ടിക്കൽ ലൈറ്റുകളും മിനിമം സിനിമാ ലൈറ്റുകളുമാണ് ഉപയോഗിച്ചത്. സെറ്റിലും ആഘോഷത്തിന്റെ മൂഡ് ആയിരുന്നു. ചിത്രത്തിലെ സമ്പത്തിന്റെ വീടുപോലെ ലൊക്കേഷന് തൊട്ടടുത്തു തന്നെയുള്ള വലിയൊരു വീട്ടിലായിരുന്നു എല്ലാവരും. മേയ്ക്കപ്പും മറ്റു ജോലികളുമെല്ലാം അവിടെയാണ് നടന്നത്. ഒടിടി പ്ലാറ്റ്ഫോം ഉദ്ദേശിച്ചു നിർമിച്ച സിനിമയാണ് ജാൻ എ മൻ. പ്രിവ്യു വച്ച ശേഷമാണ് തിയറ്റർ റിലീസ് സാധ്യത തെളിയുന്നത്. പടം തിയറ്ററിൽ ഇറക്കാൻ സാധിച്ചതിന്റെ സന്തോഷം വേറെ തന്നെയാണ്. അധികം വൈകാതെ ഒടിടിയിലും റിലീസ് ചെയ്യും.
∙ സിനിമ സ്വപ്നത്തിലേ ഇല്ലായിരുന്നു
ചില്ലറ ട്വിസ്റ്റുകളൊക്കെ കഴിഞ്ഞാണ് ഞാനിവിടെ നിൽക്കുന്നത്. ഫോട്ടോ എടുക്കാൻ എനിക്കിഷ്ടമായിരുന്നു എന്നല്ലാതെ സിനിമ സ്വപ്നത്തിലേ ഇല്ലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഒന്നും പഠിച്ചിട്ടുമില്ല. പ്ലസ് ടു കഴിഞ്ഞ് തൃശൂരിൽ വിഷ്വൽ ഇഫക്ട്സും അനിമേഷനും പഠിക്കാൻ ചേർന്നതാണ്. ഫോട്ടോഷോപ് പരിചയത്തിനുവേണ്ടി സ്റ്റുഡിയോയിൽ സഹായി ചേർന്നു. ക്യാമറയിൽ ട്രൈപോഡ് തട്ടാതെ നോക്കലായിരുന്നു ആദ്യ ജോലി. സ്റ്റുഡിയോ കാലത്ത് ഒട്ടുമിക്ക ഫൊട്ടോഗ്രഫർമാരെയും പരിചയപ്പെടാൻ സാധിച്ചു. അങ്ങനെയിരിക്കെ വി.കെ.പ്രകാശിന്റെ അസോഷ്യേറ്റായിരുന്ന സജിമോൻ ചേട്ടനാണ് സാറിനെ പരിചയപ്പെടുത്തുന്നത്. വൈകാതെ നത്തോലിയിലൂടെ സിനിമാ പ്രവേശം. ആഗ്രഹിച്ചു വന്നതല്ലെങ്കിലും ഇവിടെയെത്തിയപ്പോൾ തിരിച്ചറിഞ്ഞു ഇതുതന്നെയാണ് എന്റെ തട്ടകം. ഇഷ്ടപ്പെട്ട സിനിമകളെടുത്ത ആൾക്കാരുടെ അടുത്തുതന്നെ എത്തിപ്പെടാനുള്ള ഭാഗ്യവുമുണ്ടായി. അങ്ങനെ അനിമേഷൻ പഠനത്തിന് ഫുൾ സ്റ്റോപ്പിട്ടു.
∙ ക്യാമറ വലുതാകുന്നു
സ്റ്റിൽ ഫൊട്ടോഗ്രഫിയിൽ ഒരു പീക്കിൽ എത്തിക്കഴിഞ്ഞാൽ പിന്നെ കാര്യമായി ഒന്നും പരീക്ഷിക്കാനുണ്ടാകില്ല. സിനിമറ്റോഗ്രഫർ സമീർ താഹിറാണ് സ്റ്റിൽ ഫൊട്ടോഗ്രഫിയിൽ കരിയർ തുടരാനാണോ ആഗ്രഹമെന്ന് എന്നോട് അന്വേഷിക്കുന്നത്. താൽപര്യമറിയിച്ചപ്പോൾ അദ്ദേഹം അസിസ്റ്റന്റാക്കി. അവിടെനിന്നാണ് രണ്ടാം തുടക്കം. സംവിധായകൻ അമൽ നീരദും ഷൈജു ഖാലിദുമെല്ലാം വഴികാട്ടികളായി. മട്ടാഞ്ചേരിയിലെ അന്തരിച്ച ജൂത മുത്തശ്ശി സാറ കോഹനെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററി സാറ, താഹ, തൗഫീഖിന്റെ ക്യാമറയ്ക്കു പിന്നിൽ ഞാനായിരുന്നു. ഡോക്യുമെന്ററിയുടെ ആദ്യ സ്ക്രീനിങ് ഇസ്രയേലിലാണ് നടന്നത്.
∙ ഭാവി?
പുതിയ ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്. സ്റ്റിൽ ഫൊട്ടോഗ്രഫിയും ഇഷ്ടമാണെങ്കിലും സിനിമറ്റോഗ്രഫിയിൽ ശ്രദ്ധിക്കാനാണ് ആഗ്രഹം.
∙ കുടുംബം
അച്ഛൻ ഉണ്ണിക്കൃഷ്ണൻ ബിസിനസുകാരനാണ്. അമ്മ ഷീജ. സഹോദരി ഡൽഹിയിൽ ഫാഷൻ കമ്യൂണിക്കേറ്ററായി ജോലി നോക്കുന്നു. ഞാൻ ജോലിയും കാര്യങ്ങളുമായി ഇപ്പോൾ കൊച്ചിയിലാണ് താമസം.