ADVERTISEMENT

‘മിന്നൽ മുരളി’ റിലീസ് ആയതു മുതൽ സിനിമാപ്രേമികളുടെ ചർച്ചാ വിഷയം ഉഷയുടെയും ഷിബുവിന്റെയും നിഷ്കളങ്ക പ്രണയമാണ്.  ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഉഷ എന്ന നിസ്സഹായയായ സ്ത്രീയുടെ കഥാപാത്രം ഷെല്ലി എൻ. കുമാർ എന്ന താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.  ഒട്ടനവധി സീരിയലുകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിരുന്ന നടിയാണ് ഷെല്ലി.  

ദേശീയ പുരസ്‌കാരം നേടിയ ‘തങ്ക മീൻകൾ’ ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു സിനിമാതാരമായി മലയാളികൾക്കിടയിൽ അറിയപ്പെടാൻ ‘മിന്നൽ മുരളി’ വരെ കാത്തിരിക്കേണ്ടി വന്നു എന്ന് ഷെല്ലി പറയുന്നു.  ‘മിന്നൽ മുരളി’ റിലീസ് ആയതിനു ശേഷമുള്ള അഭിനന്ദന പ്രവാഹത്തിൽ ഒട്ടൊന്നു പകച്ചിരിക്കുകയാണ് ഷെല്ലി.  തനിക്ക് കിട്ടിയ പ്രശംസകളുടെ മുഴുവൻ ക്രെഡിറ്റും ‘മിന്നൽ മുരളി’ ടീമിനുള്ളതാണെന്ന് ഷെല്ലി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘മിന്നൽ മുരളി’യിലൂടെ മലയാളികളുടെ മനസ്സിലേക്ക്

സ്കൂളിൽ പഠിക്കുമ്പോൾ കലാപരമായ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു.  ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടുണ്ട്, നാടകത്തിൽ അഭിനയിക്കുമായിരുന്നു, അതോടൊപ്പം സ്പോർട്സിലും സജീവമായിരുന്നു.  ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്.  മനോരമ പത്രത്തിൽ ഒരു പരസ്യം കണ്ട് എന്റെ കൂട്ടുകാരി അയച്ചു തന്നതാണ്.  ആ സിനിമ ചെയ്തു പക്ഷേ റിലീസ് ആയില്ല.  പിന്നെ ഒന്നുരണ്ടു സീരിയൽ ചെയ്‌തു.  ‘തനിയെ’ എന്ന സീരിയലിന് മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് ലഭിച്ചു.  

കേരള കഫെയിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘ഐലൻഡ് എക്സ്പ്രസ്’ എന്ന സിനിമ ആയിരുന്നു റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം.  അതിനു ശേഷം ഫഹദ് ഫാസിലിന്റെ ‘അകം’ എന്ന സിനിമയിൽ അഭിനയിച്ചു.  ‘ചട്ടക്കാരി’, തമിഴിൽ റാം സംവിധാനം ചെയ്ത ‘തങ്ക മീൻകൾ’, ബി. അജിത് കുമാറിന്റെ ‘ഈട’, സുധീപ് ജോഷി സംവിധാനം ചെയ്ത ‘ചിറകിൻ മറവിൽ’, സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘സഖാവ്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.  

shelly-ram
തങ്ക മീൻകള്‍ സിനിമയിൽ റാമിനൊപ്പം ഷെല്ലി

‘തങ്ക മീൻകൾ’ ദേശീയ അവാർഡ് കിട്ടിയ ചിത്രമാണ്.  അതിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ കൂടുതൽ ചിത്രങ്ങൾ എന്നെ  തേടിയെത്തുമെന്ന് ഞാൻ കരുതിയിരുന്നു.  പക്ഷേ അങ്ങനെ ഉണ്ടായില്ല.  ഇപ്പോൾ ‘മിന്നൽ മുരളി’യിൽ അഭിനയിച്ചതോടെയാണ് ആദ്യമായി മലയാളത്തിൽ നിന്നും എനിക്ക് ഇത്രത്തോളം അഭിനന്ദനങ്ങൾ ലഭിക്കുന്നത്. വളരെ അടുത്ത കുറേ സുഹൃത്തുക്കളുണ്ട്.  അവരെല്ലാം വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.  ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. ബേസിലും സോഫിയ പോളും മറ്റു അണിയറപ്രവർത്തകരുടെയും വളരെ നാളത്തെ കാത്തിരിപ്പിന്റെ ഫലമാണ്.  കോവിഡ് വ്യാപനവും, തിയറ്ററുകൾ അടച്ചിടലും പി. ബാലചന്ദ്രൻ സർ ഉൾപ്പടെയുള്ള ചില താരങ്ങളുടെ മരണവും ചിത്രത്തിന്റെ റിലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.  ഇപ്പോൾ ഈ സിനിമയുടെ വിജയം കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട്.  ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് കിട്ടുന്നത്.

   

ഇടവേളയിൽ പഠനം പൂർത്തിയാക്കി 

ഒടുവിൽ അഭിനയിച്ചത് മഴവിൽ മനോരമയ്ക്ക് വേണ്ടി ‘സ്ത്രീപദം’ എന്ന സീരിയലിൽ ആയിരുന്നു.  അതിനു ശേഷം സീരിയലും സിനിമയും കിട്ടിയില്ല എന്നതാണ് വാസ്തവം.  കോവിഡ് എല്ലാ മേഖലയെയും പോലെ സിനിമാ സീരിയൽ വ്യവസായത്തെയും ബാധിച്ചിരുന്നല്ലോ.  പിന്നെ ഞാൻ അതിന്റെ പിന്നാലെ പോയതുമില്ല.  ഇതിനിടെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം മാസ്റ്റേഴ്സ് പൂർത്തിയാക്കി ഒരു ആഡ് ഏജൻസിയിൽ കോപ്പി റൈറ്റർ ആയി ജോലിക്ക് കയറി.  ഇപ്പോൾ മൂൺ ഹൈവ് എന്ന ബാംഗ്ലൂർ ബേസ്ഡ് ഐടി കമ്പനിയിൽ കണ്ടന്റ് റൈറ്റർ ആണ്.  നല്ല പ്രോജക്റ്റ് വന്നാൽ ചെയ്യാം എന്നുള്ളതായിരുന്നു തീരുമാനം.  ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി എന്നെ നന്നായി പിന്തുണച്ചു.  എന്റെ ജോലിയോടൊപ്പം എന്റെ പാഷനും പിന്തുടരാൻ അവർ സഹായിക്കുന്നുണ്ട്.

shelly-n-kumar-actress

ഒട്ടും പ്രതീക്ഷിക്കാതെ വന്ന വിളി 

സേക്രഡ് ഹാർട്ട് കോളജിൽ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബേസിലിന്റെ അസ്സിസ്റ്റന്റ് ശിവ വിളിക്കുന്നത്.  ഒരു കഥ പറയാനുണ്ട് ബേസിൽ ജോസഫിനെ വന്നു കാണു എന്ന് പറഞ്ഞു.  ബേസിലിനെ എനിക്ക് നേരിട്ട് അറിയില്ല.  അദ്ദേഹത്തിന്റെ ‘ഗോദ’യും ‘കുഞ്ഞിരാമായണ’വും കണ്ടിട്ടുണ്ട് . കുഞ്ഞിരാമായണം എനിക്ക് ഒരുപാട് ഇഷ്ടപെട്ട ചിത്രമാണ്.  അവർ വിളിച്ചപ്പോൾ എനിക്ക് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല.  കാരണം ‘തങ്ക മീൻകൾ; കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും ചിത്രങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ കിട്ടിയില്ല.  

shelly-n-kumar-actress-2

ഒന്നും പ്രതീക്ഷിക്കാതെയാണ് ബേസിലിനെ പോയി കണ്ടത്.  ബേസിൽ എന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ നല്ല ഒരു വിവരണം തന്നു.  ചിലർ കഥ പറഞ്ഞാൽ നമുക്ക് ഒന്നും മനസിലാകില്ല.  പക്ഷേ ബേസിൽ കഥ പറഞ്ഞപ്പോൾ ആ കഥാപാത്രത്തെപ്പറ്റി ഒരു നല്ല ഐഡിയ എനിക്ക് കിട്ടി.  ആ കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായി.  ബേസിൽ, ‘തങ്ക മീൻകൾ’ കണ്ടിട്ടാണ് എന്നെ വിളിച്ചത്.  ഞാൻ ലുക്കിൽ അധികം ശ്രദ്ധിക്കുന്ന ആളല്ല.  വാർഡ്രോബ് തുറക്കുമ്പോൾ ആദ്യം കാണുന്ന വസ്ത്രം എടുത്ത് ധരിച്ച് പുറത്തുപോകുന്ന ആളാണ് ഞാൻ.  അവരോട് പറഞ്ഞു, ‘അന്ന് ഇരുന്നപോലെയേ  അല്ല ഞാൻ ഇപ്പോൾ ഇരിക്കുന്നത് ഞാൻ ഒരുപാട് മാറിയിട്ടുണ്ട്, ഈ കഥാപാത്രത്തിന് ഞാൻ യോജിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ചെയ്യാം’.   അത്രയും പറഞ്ഞിട്ട് അവിടം വിട്ടു. പിന്നെ ഒരു മാസം വിവരമൊന്നുമില്ല.  ഒരു മാസത്തിനു ശേഷം ശിവ വീണ്ടും വിളിച്ച് സെറ്റിൽ ജോയിൻ ചെയ്യാൻ പറഞ്ഞു.

വിസ്മയിപ്പിച്ച ഗുരു 

ഷിബുവായി അഭിനയിച്ച ഗുരു സോമസുന്ദരം സാറിന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചു.   മലയാളം അദ്ദേഹത്തിന്റെ ഭാഷയല്ല.  തമിഴ് താരങ്ങൾ ഒരുപാട് ഓവറായി അഭിനയിക്കും എന്ന ധാരണ മലയാളികൾക്കുണ്ട്, ആ ധാരണ അദ്ദേഹം തിരുത്തി.  അദ്ദേഹം ഈ കഥാപാത്രത്തിനുവേണ്ടി ഒത്തിരി കഠിനാധ്വാനം ചെയ്തു.  അത് അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ കാണാനുണ്ട്.  അദ്ദേഹം തന്നെയാണ് ഈ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തത്.   സാധാരണക്കാരുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ് പ്രണയവും പ്രണയനഷ്ടവുമൊക്കെ.  

ഷിബുവിന്റെ മരണം ഈ സിനിമയുടെ  അനിവാര്യതയായിരുന്നു.  ഒരുപക്ഷേ ആ ഒരു മരണം കാരണമായിരിക്കും  ഉഷയും ഷിബുവും ഇത്രയും ആഘോഷിക്കപ്പെടുന്നത്.  അദ്ദേഹം ആ കഥാപാത്രം വളരെ നന്നായി കൈകാര്യം ചെയ്തു.  അദ്ദേഹം ചെയ്യുന്നതിന് പ്രതികരിക്കുക എന്ന ജോലി മാത്രമേ എനിക്ക് ഉണ്ടായുള്ളൂ.  അത്രത്തോളം അദ്ദേഹം ആ കഥാപാത്രത്തോട് നീതിപുലർത്തി.  നൂറുശതമാനം ആത്മാർത്ഥമായാണ് ഓരോ സീനും ചെയ്യുന്നത്. സാറിന്  പൂർണമായി തൃപ്തി വരുന്നതുവരെ ചെയ്യും.  അവസാനത്തെ ആ സീൻ എങ്ങനെ ചെയ്യണം എന്നുള്ളത് ബേസിൽ ഞങ്ങൾക്ക് വിട്ടുതന്നിരുന്നു.  ആ സീൻ ഒറ്റ ടേക്ക് ആയിരുന്നു.  

shelly-n-kumar-actress-211

സഹോദരനെ കൊന്നവനാണ് മുന്നിൽ നിൽക്കുന്നതെന്ന് ഉഷ അറിയുന്നില്ല, അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഉഷ അയാളെ തള്ളി പറയുമായിരുന്നു.  ടൊവിനോയുടെ കഥാപാത്രം ചോദിക്കുന്നുണ്ട് ഈ വിവരം ഉഷ അറിഞ്ഞാൽ നീ എന്ത് ചെയ്യും എന്ന്.  ഷിബു പറയുന്നത്,  ‘ഇത് ഉഷ അറിയരുത്, ഞങ്ങൾ ഇവിടെ നിന്ന് പോയിക്കൊള്ളാം’ എന്നാണ്.  എല്ലാ മനുഷ്യനും മറ്റാരോടും പറയാൻ കഴിയാത്ത ചില രഹസ്യങ്ങളുണ്ട്.  ഉഷയ്ക്ക് ഷിബുവിനോട് മാനസിക അടുപ്പമുണ്ട് കാരണം ആ നാട്ടിലെ ഒട്ടുമിക്ക പുരുഷന്മാരും ഉഷയെ മറ്റൊരു കണ്ണുകൊണ്ടു നോക്കുമ്പോൾ ഷിബു മാത്രമാണ് അവളോട് സ്നേഹത്തോടെയും ആദരവോടെയും സമീപിക്കുന്നത്.  

shelly-n-kumar-actress-21

മകൾക്ക് സുഖമില്ലാതെ കിടക്കുമ്പോൾ ഷിബു അവളെ സഹായിക്കുന്നതൊക്കെ അവളുടെ മനസ്സിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിക്കുന്നു.  ഒടുവിൽ ഇനി ഷിബു മാത്രമേ ആശ്രയിക്കാനുള്ളൂ എന്ന സത്യം ഉഷ മനസിലാക്കുന്നു.  മിക്കപ്പോഴും താളം തേടിപ്പോകുന്ന ഷിബുവിന്റെ മനസ്സ് ഉറച്ചു നിൽക്കുന്നത് ഉഷയോടുള്ള സ്നേഹത്തിൽ മാത്രമാണ്.  ശരിക്കും പറഞ്ഞാൽ ഷിബു മരിക്കുമ്പോൾ അത് എല്ലാവരുടെയും കണ്ണ് നനയ്ക്കുന്നുണ്ട്.  ഗുരു സോമസുന്ദരം സാറിന്റെ അഭിനയ മികവ് കൂടിയാണ് ഷിബു എന്ന കഥാപാത്രം ഇത്രയും വിജയിക്കാൻ കാരണം.  ഞങ്ങൾ ചെയ്തത് സമീർ താഹിർ വളരെ നന്നായി ഒപ്പിയെടുത്തു.  സമീർ ഇക്കായ്ക്ക് കൂടിയാണ് നന്ദി പറയേണ്ടത്. 

ചരിത്രം കുറിച്ച സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞ സന്തോഷം

ടൊവിനോ ഒരു ഹിറ്റ് മേക്കർ ആണ്. ടൊവിനോയുടെ സിനിമ ആയതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ഹിറ്റ് ആകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടായിരുന്നു.   എന്നാലും ഇത്രത്തോളം ആളുകൾ ഏറ്റെടുക്കുന്ന ഒരു ചിത്രമാകും അതിൽ ഒരു പ്രധാന കഥാപാത്രമാണ് ഞാൻ ചെയ്യുന്നതെന്ന് ഞാൻ അറിഞ്ഞില്ല.  2019 ഡിസംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്.  മാർച്ച് പകുതിയോടെ എന്റെ കഥാപാത്രം ചെയ്തു കഴിഞ്ഞു.   കോളജിലെ അധ്യാപകരും സഹപാഠികളും എന്നെ ഒരുപാട് സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.  ബേസിലിന്റെ ചിത്രത്തിൽ ഒരു കഥാപാത്രവും വെറുതെ വന്നു പോകില്ല.  ഒരു ചെറിയ കഥാപാത്രമാണെങ്കിൽ കൂടി അവരെ നമ്മൾ ശ്രദ്ധിക്കും.  അങ്ങനെ ഒരുപാട് ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിലുണ്ട്.  മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതിയ തുടക്കം കുറിക്കുന്ന ഒരു സിനിമയാണ് മിന്നൽ മുരളി.  അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് .

shelly-kishore-serial

ഏതു വേഷമായാലും ഒരു കൈ നോക്കാം

ദുഃഖപുത്രിയുടെ ഇമേജ് ആണ് എനിക്ക് എപ്പോഴുമുള്ളത്.  പക്ഷേ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.  പട്ടാള വേഷവും സ്റ്റണ്ടും ഒക്കെ എനിക്ക് വഴങ്ങും.  ഞാൻ വിഷമം വരുമ്പോൾ അത് പ്രകടിപ്പിക്കുന്ന ആള് തന്നെ എങ്കിലും മോങ്ങി തൂങ്ങി ഇരിക്കുന്ന പ്രകൃതമല്ല.  വളരെ ശക്തമായി പ്രതികരിക്കുന്ന ഒരാളാണ്.  ഞാൻ ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം എന്റെ ജീവിതവുമായി സാദൃശ്യമുണ്ട്.  പക്ഷേ എന്നെ പൂർണമായി കാണിക്കുന്ന ഒരു കഥാപാത്രവും ഇതുവരെ ചെയ്തിട്ടില്ല.  ഞാൻ നന്നായി ജോക്ക് പറയുന്ന ആളാണ് എന്റെ സുഹൃത്തുക്കൾക്കറിയാം.  ഇനി ഇതുവരെ ചെയ്തതിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുണ്ട്.  എല്ലാ തരം കഥാപാത്രങ്ങളും പരീക്ഷിക്കാൻ താല്പര്യമുണ്ട്.

ബേസിൽ എന്ന ക്യാപ്റ്റൻ ഉള്ളപ്പോൾ ഈ കപ്പൽ മുങ്ങുകയില്ല സർ

ബേസിൽ ജോസഫ് ഒരു നല്ല മനുഷ്യസ്നേഹിയാണ്.  ഇത്രയും ഹിറ്റ് സിനിമകളുടെ ശില്പിയാണ് അദ്ദേഹം എന്ന് നമുക്ക് കണ്ടാൽ തോന്നില്ല.  നമ്മളിൽ ഉള്ള ഒരാളായിട്ടാണ് എപ്പോഴും നിൽക്കുന്നത്.  ഒരു വലിയ സംവിധായകനാണ് എന്നൊരു ഭാവമൊന്നുമില്ല  ഒരു ചെറിയ വേഷം ചെയ്യാൻ വന്ന ആളിനുപോലും അദ്ദേഹം കൊടുക്കുന്ന ആദരവ് അധികമാരും ചെയ്യാറില്ലാത്ത കാര്യമാണ്.  എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു മനുഷ്യനാണ് അദ്ദേഹം.  എല്ലാ കലാകാരന്മാർക്കും അവർക്ക് ഇഷ്ടമുള്ളതുപോലെ അഭിനയിക്കാൻ സ്വാതന്ത്ര്യം കൊടുക്കും.  

കഥാപാത്രത്തിന്റെ ഒരു സ്കെച്ച് തന്നുകഴിഞ്ഞാൽ നമ്മൾ എങ്ങനെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് കാണിച്ചു കൊടുത്താൽ മതി.  അതിൽ കൂടുതൽ വല്ലതും വേണോ എന്തെങ്കിലും കുറയ്ക്കണോ എന്ന് ബേസിൽ പറഞ്ഞു തരും.  നമുക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാൻ സ്വാതന്ത്ര്യം ബേസിൽ തന്നിരുന്നു.  ആത്മവിശ്വാസത്തോടെ അഭിനയിക്കാൻ നമ്മെ അത് സഹായിക്കും.  മലയാള സിനിമയ്ക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്ന ഒരു സംവിധായകനാണ് അദ്ദേഹം.  ഇതുവരെ എടുത്ത സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജോണർ ആണ് അദ്ദേഹത്തിന്റെ ഈ സിനിമ.  എപ്പോ വേണമെങ്കിലും കൈവിട്ടു പോകാവുന്ന ഒരു തീമായിരുന്നു ഈ സിനിമയുടേത്.  സാധാരണ സൂപ്പർ ഹീറോ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ഇമോഷനൽ തീം കൂടി ഈ സിനിമയ്ക്ക് ഉണ്ടല്ലോ.  പക്ഷേ അതൊരു പരാജയമാകാതെ തികഞ്ഞ കയ്യടക്കത്തോടെ പൂർത്തീകരിക്കാൻ ബസിലിന് കഴിഞ്ഞു.  അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  ഞങ്ങളുടെ കപ്പൽ അടിയുലയാതെ കാത്ത ക്യാപ്റ്റൻ ആണ് ബേസിൽ ജോസഫ്.

shelly-n-kumar-actress-serial
സ്ത്രീപദം എന്ന സീരിയലിൽ ഷെല്ലി

ഛായാഗ്രഹണം സമീർ താഹിർ 

സമീർ ഇക്കയുടെ പേര് എടുത്തുപറയേണ്ടതാണ്.  അദ്ദേഹമല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രയും നന്നായി വരില്ല.  ബേസിൽ പറഞ്ഞു തരുന്നത് ഞാൻ സമീർ ഇക്കയെ ചെയ്തു കാണിക്കുമായിരുന്നു.  അത് എങ്ങനെ വേണമെന്ന് സമീർ ഇക്ക പറഞ്ഞു തരും.  അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതായിരുന്നു.

മകനാണ് എന്റെ ലോകം 

തിരുവനന്തപുരത്താണ് എന്റെ വീട്.  ഇപ്പോൾ വർക്ക് ഫ്രം ഹോം ആയതുകൊണ്ട് വീട്ടിൽത്തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്.  വീട്ടിൽ ഞാനും അമ്മയും എന്റെ മകൻ യുവനുമാണ് ഉള്ളത്.  മകൻ സെക്കൻഡ് സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത്.  സെറ്റിൽ ഒക്കെ ഞാനും അമ്മയും മകനും ഒരുമിച്ചാണ് പോകാറ്.  മോനാണ് എന്റെ എറ്റവും വലിയ സപ്പോർട്ട്.  അവൻ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ എനിക്ക് നല്ലതാണെന്ന് ഉറപ്പിക്കാം.   ഈ സിനിമയിൽ അഭിനയിച്ച വസിഷ്ഠ് എന്ന കുട്ടിയും യുവനും നല്ല കൂട്ടുകാരായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉടനീളം അവൻ ഉണ്ടായിരുന്നു.  

shelly-n-kumar-actress-2112

എല്ലാ കുട്ടികളെയും പോലെ അവനും സൂപ്പർ ഹീറോസിന്റെ ആരാധകനാണ് അതുകൊണ്ടു ‘മിന്നൽ മുരളി’ അവനു ഇഷ്ടപ്പെടുമെന്ന് കരുതുന്നു.  അവൻ ക്രിസ്മസ് വെക്കേഷനിൽ ആയതിനാൽ സിനിമ കണ്ടിട്ടില്ല, അവൻ തിരികെയെത്തിയാൽ ഉടൻ മിന്നൽ മുരളി കാണിക്കണം.   കുട്ടികളെ ആകർഷിക്കാനും അവർക്ക് ചിരിക്കാനും ഒരുപാടു കാര്യങ്ങൾ ഈ സിനിമയിലുണ്ട്.  എല്ലാ കുട്ടികൾക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്.   സിനിമയുടെ ആവേശമൊക്കെ കഴിഞ്ഞു ഞാൻ ജോലിയിൽ ശ്രദ്ധ ചെലുത്തി തുടങ്ങി.  സിനിമകൾ എന്നെത്തേടി വന്നാൽ സ്വീകരിക്കും .  അഭിനയം എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്.  ലീവ് എടുത്തു പോയി സിനിമകൾ ചെയ്യാൻ എന്റെ ഓഫിസിൽ നിന്ന് അനുമതി തന്നിട്ടുണ്ട്.

നന്ദിയുണ്ട് കടപ്പാടും 

മിന്നൽ മുരളി ടീമിനോട് എനിക്ക് നന്ദിയും കടപ്പാടുമുണ്ട്.  പ്രത്യേകിച്ച് നിർമ്മാതാവ് സോഫിയ പോളിനോട്‌.  സോഫിയ മാം ഈ സിനിമയ്ക്കായി ഒരുപാട് പ്രശ്നങ്ങൾ നേരിടുകയും തരണം ചെയ്യുകയും ചെയ്തിരുന്നു.  ഒരു ധീരയായ വനിതയാണ് മാം.  മാമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  പിന്നെ ബേസിൽ, സമീർ ഇക്ക, ടൊവിനോ, ഗുരു സർ, ഹരിശ്രീ അശോകൻ ചേട്ടൻ പിന്നെ സിനിമയിൽ അഭിനയിച്ച മറ്റുള്ളവരോടും അണിയറ പ്രവർത്തകരും എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. 

കോളജിലെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിലെ അധ്യാപകരുടെയും എന്റെ കൂട്ടുകാരും പിന്തുണ കൊണ്ടാണ് എനിക്ക് ഈ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞത്.  എല്ലാവരോടും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.  മിന്നൽ മുരളി കണ്ടിട്ട് ഒരുപാടു സുഹൃത്തുക്കളും സിനിമാപ്രവർത്തകരും വിളിക്കുന്നുണ്ട്.  നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്.  മിന്നൽ മുരളിയും എന്റെ കഥാപാത്രവും ഏറ്റെടുത്ത എല്ലാ പ്രേക്ഷകരോടും ഹൃദയം നിറഞ്ഞ നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com