‘1992 മുതൽ മമ്മൂട്ടിക്കൊപ്പമുണ്ട്’; മൈക്കിളപ്പന്റെ ശിവൻകുട്ടി: അബു സലിം അഭിമുഖം
Mail This Article
അബു സലിമിനോട് മലയാളികൾക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. നാൽപ്പതു വർഷമായി മലയാളസിനിമയോടൊപ്പം നിശബ്ദസാന്നിധ്യമായി അബു സലിം ഉണ്ട്. ചെറുപ്പക്കാരുടെ സ്വപ്നമായ മിസ്റ്റർ ഇന്ത്യ എന്ന ടൈറ്റിൽ വരെ സ്വന്തമാക്കിയ ഈ നിയമപാലകന് പക്ഷേ സിനിമയോടായിരുന്നു കൂറ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമകളിൽ തന്റെ സാന്നിധ്യമറിയിച്ചിരുന്ന അബു സലിം, അമൽ നീരദ്–മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിൽ ഒരു സുപ്രധാന കഥാപാത്രമായി എത്തുമ്പോൾ അദ്ദേഹത്തിനും ഇത് സ്വപ്നസാക്ഷാൽക്കാരം. ഏറെ പ്രിയപ്പെട്ട മമ്മൂക്ക ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പം വളരെക്കാലമായി ആഗ്രഹിച്ച അമൽ നീരദിന്റെ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. കടുവ, പവർ സ്റ്റാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് അബു സലീമിന്റെതായി എത്താനിരിക്കുന്നതെന്ന സന്തോഷം "എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന ഡയലോഗിലൊതുക്കുമായാണ് കരുത്തനായ ഈ നിഷ്കളങ്കൻ.
മാസ്സും ക്ലാസ്സുമായ ഭീഷ്മ പർവം
മമ്മൂക്കയും അമൽ നീരദും പത്തുപതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് ഭീഷ്മപർവം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം. എല്ലാവരും പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ഒരു വിജയം കൈവരിക്കാൻ ചിത്രത്തിനായി. അമൽ നീരദിന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം വളരെ കാലമായി ഉണ്ടായിരുന്നു. നല്ലൊരു വേഷം വച്ചിട്ടുണ്ട് എന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടു മാസം മുൻപ് അമൽ സർ എന്നെ വിളിച്ചിട്ടു "അബൂക്ക പുതിയ പടത്തിൽ ഒരു വേഷമുണ്ട് താടിയും മുടിയുമൊക്കെ ഒന്ന് വളർത്തിക്കോ ഇവിടെ വന്നിട്ട് ബാക്കി ചെയ്യാം" എന്ന് പറഞ്ഞു.
അങ്ങനെ ഞാൻ രണ്ടുമാസക്കാലം താടിയും മുടിയുമൊക്കെ വളർത്തി. പക്ഷേ തീരുമാനിച്ച സമയത്ത് ഷൂട്ടിങ് തുടങ്ങാൻ കഴിഞ്ഞില്ല. കോവിഡ് കാരണം പ്രതീക്ഷിച്ചതിലും ഒന്നുരണ്ടു മാസം കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങിയത്. ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു "ലുക്കിൽ എനിക്കിനി ഒന്നും ചെയ്യാനില്ല ശിവൻകുട്ടി എന്ന കഥാപാത്രം തന്നെയാണ് ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് ". എന്റെ കഥാപാത്രത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ് തീരാറായപ്പോഴാണ് ഏകദേശരൂപം കിട്ടിയത്. പക്ഷേ സിനിമ കണ്ടുനോക്കാൻ പറ്റിയില്ല. പടം തിയറ്ററിൽ വന്നപ്പോഴാണ് കണ്ടത്. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷമായിരുന്നു ഭീഷ്മപർവത്തിലേത്. അതിന് അമൽസാറിനോട് നന്ദി പറയുന്നു.
കോവിഡ് കാലത്ത് അടഞ്ഞു കിടന്ന തിയറ്ററുകൾക്കും സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും പുത്തനുണർവ്വ് നൽകിയ ചിത്രമാണ് ഭീഷ്മപർവം. ഈ സമയത്ത് നൂറുശതമാനം സീറ്റുകൾ അനുവദിക്കപ്പെടുകയും തിയറ്ററുകൾ എല്ലാം നിറഞ്ഞൊഴുകുന്ന കാഴ്‌ച കാണാൻ സാധിക്കുകയും ചെയ്തു. ഒരേസ്വരത്തിൽ എല്ലാവരും നല്ല അഭിപ്രായം പറയുന്ന സിനിമയായി ഭീഷ്മപർവം മാറി. മറ്റൊരു കാര്യം ഈ സിനിമയിലെ ഒരു ചെറിയ കഥാപാത്രം പോലും വെറുതെ വന്നു പോകുന്നില്ല എല്ലാവർക്കും പ്രാധാന്യമുണ്ട്. ആദ്യം കാണിക്കുന്ന ഓട്ടോക്കാരനിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. ഡയലോഗിന്റെ അതിപ്രസരമില്ലാതെ ഭാവത്തിലും നോട്ടത്തിലും പോലും മൈക്കിളപ്പൻ എന്ന കഥാപാത്രമായി മമ്മൂക്ക തകർത്തിട്ടുണ്ട്. എഴുപുന്ന വീട്ടിൽ വച്ചായിരുന്നു ഷൂട്ടിങ്. എല്ലാവരും ഡയലോഗ് പഠിച്ച് അവരവരുടെ ഭാഗം ഭംഗിയാക്കി. സ്പോട്ട് ഡബ്ബിങ് ആയിരുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് എല്ലാവരും അഭിനയിച്ചത്. കോവിഡിന് ശേഷം എല്ലാവർക്കും ആവേശവും പ്രതീക്ഷയുമായാണ് ഭീഷ്മ വന്നിട്ടുള്ളത്. സിനിമ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
മൈക്കിളപ്പന്റെ ശിവൻകുട്ടി
മമ്മൂക്കയോടൊപ്പം 1992 മുതൽ ഒരുമിച്ചഭിനയിക്കുന്നതാണ്. സിനിമയിലേക്കാൾ അപ്പുറത്തുള്ള ഒരു വ്യക്തിബന്ധം മമ്മൂക്കയുമായിട്ടുണ്ട്. സിനിമ ഇല്ലെങ്കിലും വിളിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ ധാരാളം പടങ്ങളിൽ പോസിറ്റീവും നെഗറ്റീവുമായുള്ള കഥാപാത്രങ്ങൾ ചെയ്തു. പ്രജാപതിയിലെ കാട്ടി പോലെ ഉള്ള ഒരു കഥാപാത്രമാണ് ഇതും. പക്ഷേ ഇതിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ ആക്‌ഷൻ സീനുകളിൽ ഒന്നും പങ്കെടുക്കാതെ മമ്മൂക്കയുടെ ആജ്ഞാനുവർത്തിയായി ഒപ്പം നിൽക്കുന്ന കഥാപാത്രമാണ്.
ശരീരഭാഷയും മുഖഭാവങ്ങളും കൊണ്ട് മൈക്കിളിന്റെ ആജ്ഞകൾ നടപ്പാക്കുന്ന വിശ്വസ്തനാണ് ശിവൻകുട്ടി. ആദ്യത്തെ സീനിൽ തന്നെ ശിവൻകുട്ടിക്ക് മൈക്കിളപ്പനിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്ന് സംവിധായകൻ പറഞ്ഞുവയ്ക്കുന്നുണ്ട്. ആ ശിവൻകുട്ടി കൈവിട്ടുപോകുമ്പോൾ സ്വന്തം രക്തബന്ധംപോലും മറന്നുള്ള പെരുമാറ്റമാണ് പിന്നെ മൈക്കിളപ്പനിൽ കാണുന്നത്. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എന്റെ കഥാപാത്രം അതിഭാവുകത്വമില്ലാതെ തന്മയത്തത്തോടെ ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. അത് എന്റെ കഴിവല്ല അമൽ സർ ചെയ്യിച്ചത് ഞാൻ ചെയ്തു അത്രയേ ഉള്ളൂ. മമ്മൂക്കയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എന്റെ കഥാപാത്രത്തെ മെച്ചപ്പെടുത്താൻ ഒരുപാടു സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കഥാപാത്രം ഇത്രനന്നായി ചെയ്യാൻ കഴിഞ്ഞത് അതിൽ അതിയായ സന്തോഷമുണ്ട്.
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമ
അമൽ നീരദ് സാറിന്റെ ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ആസ്വദിക്കാം. യുവാക്കൾക്ക് ആഘോഷിക്കാൻ ശ്രീനാഥ് ഭാസിയുടെ പ്ലോട്ടും പറുദീസ എന്ന ഒറ്റ പാട്ടും മതി. സൗബിന്റെ കുടുംബ നാഥൻ, ഷൈനിന്റെ വില്ലൻ, ദിലീഷ് പോത്തന്റെ ജനപ്രതിനിധി, എല്ലാവരും ഒന്നിനൊന്ന് മെച്ചമായി. കോമഡിക്ക് കോമഡി, കുടുംബ പ്രേക്ഷകർക്ക് ബന്ധങ്ങളുടെ ഇഴയടുപ്പം, മതപരമായ ഒത്തൊരുമ, മാസ്സ് പ്രതീക്ഷിക്കുന്നവർക്ക് അതും ക്ലാസ് പ്രതീക്ഷിക്കുന്നവർക്ക് അതുമുണ്ട്. കെ പി എ സി ലളിത ചേച്ചിയും നെടുമുടി വേണു ചേട്ടനും സ്‌ക്രീനിലെത്തിയപ്പോൾ മനസ്സിനൊരു വിങ്ങലായിരുന്നു. ഏറ്റവും കൂടുതൽ പ്രശംസ അർഹിക്കുന്നത് അമൽ സാർ തന്നെയാണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത് അത് വളരെ നല്ല ഒരു അനുഭവവും ആയി.
പ്രതികരണങ്ങൾ വിസ്മയിപ്പിക്കുന്നു
എനിക്ക് ഇതുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രതികരണങ്ങളാണ് ഭീഷ്മ ഇറങ്ങിയപ്പോൾ കിട്ടിയത്. നടന്മാരും സംവിധായകരും സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിളിച്ച് എന്റെ കഥാപാത്രത്തെപ്പറ്റിയുള്ള അഭിപ്രായം പറയുന്നു. സിനിമാ മേഖലയിൽ തന്നെ ഒരു ആവേശം പകർന്ന വിജയമാണ് ഭീഷ്മയുടെത്. ഞാൻ മുക്കത്ത് ഒരു തിയറ്ററിലാണ് ആദ്യത്തെ ഷോ കാണാൻ പോയത്. തിയറ്റർ ഉടമകൾ ഉൾപ്പടെ നല്ല സ്വീകരണമായിരുന്നു. തിയറ്ററുകൾക്കും വളരെയധികം ഉണർവ്വും ഉത്സാഹവും ഭീഷ്മ കൊണ്ടുവന്നു. തീയറ്ററിൽ എല്ലാവരുടെയും ഒപ്പം ആർപ്പുവിളിയും ആഘോഷവുമായി ഷോ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഒരുപാടു ആളുകൾ പുലർന്നു പോകുന്ന തൊഴിൽ മേഖലയാണ് സിനിമ. കോടികൾ ചെലവഴിച്ച് സിനിമയെടുക്കുന്ന നിർമാതാവ് മുതൽ ലൈറ്റ് ബോയ്, തീയറ്ററിൽ കടല വിൽക്കുന്നവർ വരെ ബന്ധപ്പെട്ടു കിടക്കുന്ന ആ തൊഴിൽ മേഖല ഉണരേണ്ടത് ഒരുപാടുപേരുടെ ആവശ്യമാണ്. ഏതു വേഷം കിട്ടിയാലും ചെയ്യാൻ സന്തോഷമേയുള്ളൂ പക്ഷെ ഭീഷ്മയിലെ വേഷം എനിക്ക് ഒരുപാട് ഇഷ്ടമായി. ദൈവം സഹായിച്ച് ഇനിയും ഇതുപോലെയുള്ള വേഷങ്ങൾ കിട്ടിയാൽ സന്തോഷം.
അർണോൾഡ് ഷ്വാസ്നെഗര്‍ എന്റെ റോൾ മോഡൽ
‘ഐ’ എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിന് വിക്രം ക്ഷണിച്ചിട്ടാണ് അർണോൾഡ് ഷ്വാസ്നെഗര്‍ ചെന്നൈയിൽ എത്തിയത്. വിക്രം എന്നെ വിളിച്ചിട്ട് അദ്ദേഹം വരുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലീകരിച്ച ദിവസമാണ് അത്. അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിക്കാനും ഫോട്ടോ എടുക്കാനും പറ്റി. അദ്ദേഹത്തെ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹം എന്റെ റോൾ മോഡലാണ്. അദ്ദേഹത്തിന്റെ "എൻസൈക്ലോപീഡിയ ഓഫ് ബോഡി ബിൽഡിങ്" എന്ന പുസ്തകം വായിച്ചാണ് ബോഡി ബിൽഡിങ്ങിൽ എനിക്ക് താല്പര്യം വരുന്നത്. അത് എന്നെ മിസ്റ്റർ കാലിക്കറ്റ്, മിസ്റ്റർ കേരള, മിസ്റ്റർ സൗത്ത് ഇന്ത്യ, മിസ്റ്റർ ഇന്ത്യ എന്നീ ടൈറ്റിലുകൾ നേടാൻ സഹായിച്ചു. അർണോൾഡ് ഷ്വാസ്നെഗറിന്റെ ട്രെയിനിങ് രീതികളാണ് ഞാനും പിന്തുടർന്നത്. ചെറുപ്പം മുതലുള്ള ആഗ്രഹമാണ് അദ്ദേഹത്തെ കാണണം എന്നുള്ളത് അത് സാധിച്ചപ്പോൾ ജീവിതം ധന്യമായി എന്നുതന്നെ പറയാം.
എൺപതുകളുടെ വസന്തം
എൺപതുകളുടെ വസന്തകാലത്തിന്റെ ഓർമ്മയ്ക്ക് ആണ് ഹോട്ടലിനു !1980s ടീഷോപ്പ്’ എന്ന് പേരിട്ടത്. മകൻ സാനു സലിം ആണ് ഹോട്ടൽ നോക്കി നടത്തുന്നത്. ഹോട്ടൽ നല്ല രീതിയിൽ പോകുന്നുണ്ട്. എറണാകുളത്തുകൂടി ഒരു ബ്രാഞ്ച് തുടങ്ങാൻ ആലോചിക്കുന്നുണ്ട്. മകനും സിനിമ ഇഷ്ടമാണ്, രണ്ടുമൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടോവിനോയുടെ തല്ലുമാലയിലും മകൻ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ബിസിനസിലാണ് അവന്റെ ശ്രദ്ധ നല്ല വേഷങ്ങൾ കിട്ടിയാൽ സിനിമ ചെയ്യാൻ അവനു താല്പര്യമുണ്ട്.
പുതിയ ചിത്രങ്ങൾ
അൽഫോൻസ് പുത്രന്റെ ഗോൾഡ്, ജോജു ജോർജ്ജ് നായകനാകുന്ന പുലിമട, കടുവ തുടങ്ങിയ ചിത്രങ്ങൾ വരുന്നുണ്ട്. കടുവയാണ് ഇപ്പോൾ പൂർത്തിയാക്കിയത്. കോവിഡ് കാരണം റിലീസ് താമസിച്ച ചിത്രങ്ങളുണ്ട്. ഒമർ ലുലുവിന്റെ പവർസ്റ്റാർ തുടങ്ങാനിരിക്കുന്നു. ബാബു ആന്റണി, ഞാൻ, ബാബുരാജ്, റിയാസ് ഖാൻ എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. പ്രിയൻ സാറിന്റെ ഒരു സ്പോർട്സ് സിനിമ വരുന്നുണ്ട് അതിനുവേണ്ടി ശരീരം ഒന്നുകൂടി ഫിറ്റ് ആക്കാനുള്ള പ്രയത്നത്തിലാണ്. കൂടുതൽ നല്ല ചിത്രങ്ങളും വേഷങ്ങളും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു "എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ".