ADVERTISEMENT

‘പട’യിലെ ജില്ലാ കലക്ടര്‍ അജയ് ശ്രീപദ് ഡാങ്കെയെ അവതരിപ്പിച്ച്‌ മലയാളത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ് അർജുൻ രാധാകൃഷ്ണൻ. 2017ൽ റിലീസായ ശ്രീലാന്‍സറിലൂടെയും, റോക്കറ്റ് ബോയ്സ് എന്ന വെബ് സീരീസിലെ ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍ കലാമിന്റെ വേഷത്തിലൂടെയുമൊക്കെ മലയാളിക്ക് പരിചിതനാണ് അർജുൻ രാധാകൃഷ്ണൻ. ഝുന്‍ഡിലെ അമിതാഭ് ബച്ചന്റെ മകനായും തിളങ്ങിയ അർജുൻ, മനോരമ ഓൺലൈനിനോട് ‘പട’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്...

 

‘പട’യിലേക്ക്

 

‘പട’യിൽ സച്ചിന്‍ അഗര്‍വാള്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലേക്കാണ് കമലേട്ടന്റെ അസിസ്റ്റന്റ് എന്നെ വിളിക്കുന്നത്.  ഓഡിഷനും അതിനായി നടത്തി. ഞാന്‍ ജനിച്ചത് നാഗർകോവിലിലാണ്. പഠിച്ചതും വളര്‍ന്നതും പുനൈയിലാണ്. അമ്മയുടേത് തമിഴ് കലർന്ന മലയാളമാണ്. അതുകൊണ്ട് ഒരു മിക്സഡ് സംസാരരീതിയാണ് എന്റേത്. ഓഡിഷന്‍ സമയത്ത് സംവിധായകന്‍ കമല്‍  എന്റെ സംസാരരീതിയും ഭാഷയും മനസ്സിലാക്കി. അദ്ദേഹം പ്രതീക്ഷിച്ചതിനെക്കാള്‍ നന്നായി ഞാന്‍ മലയാളം സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് കലക്ടർ അജയ് ആയി എന്നെ തീരുമാനിച്ചത്.

arjun-pada

 

‘പട’യെപ്പറ്റി കേട്ടപ്പോൾ

 

മലയാളത്തിൽ ഒരു മുഴുനീള വേഷം ചെയ്യാൻ കിട്ടുന്നു എന്നറിഞ്ഞപ്പോൾ വീട്ടുകാർക്കും അതൊരു എക്സൈറ്റ്മെന്റ് ആയിരുന്നു. കമലേട്ടൻ കഥ പറഞ്ഞപ്പോഴാണ് ഇത്‌ ഒരു നടന്ന സംഭവമാണെന്ന് ഞാനറിയുന്നത്. ഈ സംഭവം മലയാളികൾ നേരിട്ട് കണ്ടിട്ടുള്ളതാണെന്നു കൂടി അറിഞ്ഞപ്പോൾ അന്നത്തെ കലക്ടർ ആന്ധ്രാക്കാരനായ ഡബ്ല്യു.ആര്‍. റെഡ്ഡിയെ നേരിട്ട് കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ നടന്നില്ല. 

arjun-radhakrishnan

 

‘പട’യ്ക്കുവേണ്ടിയുള്ള തയാറെടുപ്പ്

 

ഇതൊരു ഡോക്യുമെന്ററി സ്വഭാവമുള്ള എന്റർടെയ്നർ സിനിമയാണ്. അതിന്റെ ഒരു സ്വാതന്ത്ര്യം ചിത്രത്തിലുടനീളം കിട്ടിയിരുന്നു. എന്റെ സുഹൃത്തിന്റെ അച്ഛൻ ഐഎഎസ് ഓഫിസർ ആണ്. അദ്ദേഹത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി ഞാൻ കലക്ടറുടെ ഓഫിസിൽ പോയി ഇരുന്നിട്ടുണ്ട്. ഈ സംഭവം നടക്കുമ്പോൾ അന്നത്തെ കലക്ടർക്ക് ഏകദേശം 36 വയസ്സ് പ്രായമുണ്ട്. ആ വേഷം ചെയ്യുന്നതിന് വേണ്ടി കുറച്ച് ഭാരം കൂട്ടേണ്ടി വന്നു. പിന്നെ അത് കുറയ്ക്കാൻ കുറച്ച് ബുദ്ധിമുട്ടി. കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും കമലേട്ടൻ നേരിട്ട് കണ്ടിട്ടുണ്ട്. എല്ലാവരെപ്പറ്റിയും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ സംസാരരീതിയും പെരുമാറ്റവും എല്ലാം അദ്ദേഹം കൃത്യമായി പറഞ്ഞും തന്നു.

 

കലക്ടറുടെ മലയാളം

 

എന്റെ അവധിക്കാലങ്ങൾ കൂടുതലും നാഗർകോവിലിലും ആലുവയിലുമായിട്ടായിരുന്നു. വീട്ടിൽ മലയാളവും തമിഴും കൂടിച്ചേർന്നുള്ള സംസാരരീതിയാണ്. പക്ഷേ കൂടുതലും മലയാളം തന്നെയാണ്. ആ ഒരു ധൈര്യത്തിൽ സെറ്റിൽ എത്തിയപ്പോൾ ആദ്യം ഭാഷ തന്നെ എന്നെ കുഴക്കി. മുൻപ് മലയാളത്തിൽ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് കേരളത്തിലെ ഒരു കലക്ടറുടെ വേഷം ഞാൻ ചെയ്താൽ എങ്ങനെയാവും എന്ന സംശയവും ഉണ്ടായിരുന്നു. എന്റെ പശ്ചാത്തലം മറാഠിയാണ്, അതുകൊണ്ടാകും സിനിമയിലും കലക്ടർക്ക് കാര്യമായ മാറ്റം വരുത്താഞ്ഞത്. സെറ്റിലെത്തി മറ്റുള്ളവരോട് സംസാരിച്ച് മലയാളം മെച്ചപ്പെടുത്താന്‍ ഞാൻ ശ്രമിച്ചപ്പോൾ കമലേട്ടന്‍ അത് വേണ്ട എന്ന് പറഞ്ഞിരുന്നു. അതിന് കാരണമായി ‘എന്റെ മനസ്സിലുള്ള അജയ് ശ്രീപദ് ഡാങ്കെയുടെ രീതിയാണ് അർജുനുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.

 

അണിയറ പ്രവർത്തകരെപ്പറ്റി

 

എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പഠന എക്സ്പീരിയൻസ് തന്നെയാണത്. ദിലീഷ് ഏട്ടൻ ഒരു ഡയറക്ടറുടേതായ രീതി തന്നെയാണ് സെറ്റിൽ ഫോളോ ചെയ്തത്. ചാക്കോച്ചനെപ്പോലെയുള്ളവരുടെ അച്ചടക്കവും പെരുമാറ്റവും പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തി. കമലേട്ടനും സമീറേട്ടനും വലിയ സപ്പോർട്ട് ആയിരുന്നു. ആക്ടേഴ്സിനു അവരുടേതായ സ്പേസ് കൊടുത്ത സംവിധായകനാണ് കമലേട്ടൻ. അവർ രണ്ടുപേരും ഒരുപാട് സജഷൻസും എനിക്ക് തന്നിരുന്നു. എന്റെ ഭാഗം മുഴുവനും ഒരു മുറിയിലാണ് ചിത്രീകരിച്ചത്. നാലു വലിയ നടന്മാർക്കൊപ്പമാണ് അഭിനയിക്കുന്നത് എന്നൊരു പേടി ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ എന്റെ പേടി മാത്രം ആയിരുന്നു. കാരണം അത്രത്തോളം സപ്പോർട്ട് ആണ് അവർ എല്ലാവരും എനിക്ക് തന്നത്. 

 

മൂന്നുവർഷത്തിനുശേഷം റിലീസ് ആയപ്പോൾ 

 

ഒരു പുതിയ സിനിമ കണ്ട ഒരു ഫീൽ ആണ് ഇപ്പോൾ എനിക്കുള്ളത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കാണുന്നത് ആദ്യമായിട്ടാണ്. ഞങ്ങളുടെ നാട്ടിൽ ആ ഒരു രീതി ഇല്ല. അവിടെ സിനിമാ പ്രവർത്തകർ ഒരുമിച്ചിരുന്നാണ് സിനിമ കാണുന്നത്. അതുകൊണ്ടുതന്നെ സാധാരണ പ്രേക്ഷകരുടെ നേരിട്ടുള്ള പ്രതികരണം, ആദ്യ ദിവസം തീയറ്ററിൽ ഇരുന്ന് അറിയാൻ പറ്റിയിട്ടില്ല. പടയിലൂടെ അത് സാധിച്ചു. അതുകൊണ്ടുതന്നെ വളരെ സന്തോഷം തോന്നി.

 

‘പട’യുടെ ആദ്യ റിലീസ്‌ കഴിഞ്ഞിറങ്ങിയപ്പോൾ അവിടെയുള്ള പ്രേക്ഷകരും മീഡിയയും തിരിച്ചറിഞ്ഞല്ലോ. അപ്പോൾ എന്താണ് തോന്നിയത്?

 

ആദ്യം മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്നു പേടിച്ചു. ചാക്കോച്ചന്റെ ഇൻറർവ്യൂ എടുക്കുന്നത് കണ്ടപ്പോൾ അവർ കാണാതെ പുറത്തേക്ക് ഇറങ്ങി. തീയറ്ററിനു പുറത്ത് എത്തിയപ്പോൾ ആരോ ഒരാൾ എന്നെ തിരിച്ചറിഞ്ഞു. സിനിമയിൽ കാണുന്ന രൂപമല്ല ഇപ്പൊ എനിക്കുള്ളത്. താടിയൊക്കെയുള്ള ഈ രൂപം പെട്ടെന്ന് തിരിച്ചറിയും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പെട്ടെന്ന് ഒരാൾ എന്നെ തിരിച്ചറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. 'നമ്മുടെ കലക്ടർ അല്ലെ ഇത്' എന്നു പറഞ്ഞു അവർ അടുത്ത് വന്നു. കൂടെ നിന്ന് ഫോട്ടോകൾ എടുത്തു. മലയാളികളോട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷമുണ്ട്. 

 

‘പട’യ്ക്ക് ശേഷം

 

മലയാളത്തിൽ ഒരു ഓപ്പർച്യൂണിറ്റി വന്നപ്പോൾ ആ വേഷം എന്തായാലും ചെയ്യണം എന്ന് ഞാൻ ഉറപ്പിച്ചു. പതിനൊന്ന് വർഷത്തോളമായി സിനിമയിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലായിരുന്നു. അതുകൊണ്ട് ഈ വേഷം കിട്ടിയപ്പോൾ മലയാളത്തിൽ തുടർന്ന് അഭിനയിക്കാൻ പറ്റും എന്ന് ഞാൻ ഒട്ടും കരുതിയില്ല. പട ചെയ്തപ്പോൾ പോലും മലയാളത്തിനു പുറത്ത് നിന്ന് വന്നയാൾ ആയതുകൊണ്ട് ഇനി അവസരങ്ങൾ കിട്ടുമെന്നും കരുതിയില്ല. പക്ഷേ 6 മാസം മുൻപ് വിനീത് കുമാർ സാറിന്റെ കൂടെ ടൊവിനോയും ബേസിലിനുമൊപ്പം ഒരു ചിത്രം കൂടി ചെയ്തു. ഇപ്പോൾ മലയാളത്തിൽ പുതിയ വേഷങ്ങൾ വന്നാൽ ചെയ്യാൻ സാധിക്കും എന്നൊരു കോൺഫിഡൻസാണ് അത് തന്നത്. മലയാളത്തിൽ തുടർന്നും അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്.

 

മലയാളത്തിൽ മറ്റ് സിനിമകള്‍

 

ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസിൽ എന്നിവര്‍ക്കൊപ്പം ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ ടീമിന്റെ ഒരു മലയാളം ചിത്രമാണ് അടുത്തത്. റോക്കറ്റ് ബോയ്‌സിന്റെ രണ്ടാം സീസണും വരുന്നു.

 

പ്രേക്ഷകരോട്

 

അഞ്ചാറു വർഷമായിട്ട് മലയാളം സിനിമകൾ കൂടുതലായി കാണാറുണ്ട്. ഇപ്പോൾ മലയാള സിനിമയുടെ ആരാധകനാണ് ഞാനും. നല്ല സിനിമയിൽ നല്ല റോൾ കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്. മാത്രമല്ല ഒരുപാട് പേർ അഭിനന്ദനം അറിയിക്കാൻ വിളിച്ചു. അതിലും സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com