ADVERTISEMENT

ലോക്‌ഡൗണിലെ കഥ പറയുന്ന നിരവധി സിനിമകൾ മലയാളത്തിൽ വന്നെങ്കിലും പ്രമേയങ്ങളേറെയും ദുരിതങ്ങളും കോവിഡ് മരണങ്ങളും വിരഹങ്ങളും വേർപാടുകളുമായിരുന്നു. കോവിഡിനിടെ വീട്ടകങ്ങളിലേക്കു ചുരുങ്ങിപ്പോയ കൗമാരത്തിന്റെ വിഹ്വലതകളെക്കുറിച്ച് പറയാൻ അധികമാരുമുണ്ടായിരുന്നില്ല. കോവിഡ് കഴിഞ്ഞു തിയറ്ററുകൾ തുറന്നപ്പോൾ സൂപ്പർ താരങ്ങളുടെ മാസ് പടങ്ങളും ത്രില്ലറുകളുമാണ് പ്രേക്ഷകരെ കാത്തിരുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി, വർഷങ്ങളുടെ അനുഭവ പരിചയവുമായി അരുൺ ഡി. ജോസ് എന്ന സംവിധായകൻ കൗമാരത്തിന്റെ നിറക്കാഴ്ചകളുമായി ജോ ആൻഡ്‌ ജോ എന്ന ചിത്രവുമായെത്തിയപ്പോൾ മനം നിറഞ്ഞു സ്വീകരിക്കുകയാണ് കുടുംബ പ്രേക്ഷകർ.


പത്തുവർഷത്തോളം അസോഷ്യേറ്റും എഴുത്തുകാരനുമൊക്കെയായി സിനിമ നന്നായി പഠിച്ചിട്ടാണ് അരുൺ തന്റെ ആദ്യ സിനിമയുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ജോ ആൻഡ് ജോയുടെ വിശേഷങ്ങളുമായി അരുൺ ഡി ജോസ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

ലോക്ഡൗണിലെ അനുഭവങ്ങൾ രസകരമാക്കിയപ്പോൾ

ഞാനും എന്റെ സുഹൃത്ത് രവീഷ് നാഥും കൂടി എഴുതിയ കഥയാണ് ജോ ആൻഡ് ജോ. രവീഷ് ഈ സിനിമയുടെ അസോഷ്യേറ്റ് ഡയറക്ടർ ആണ്. എല്ലാവരും ലോക്ഡൗണിലെ വിഷമങ്ങളും ബുദ്ധിമുട്ടുകളും സിനിമയുടെ കഥയാക്കിയപ്പോൾ നമ്മൾ അനുഭവിച്ച കാര്യങ്ങൾ തമാശയുടെ മേമ്പൊടിയോടെ പറഞ്ഞാൽ എങ്ങനെയിരിക്കും എന്ന ചിന്തയിൽ നിന്നാണ് ഈ കഥ ഉണ്ടാകുന്നത്. എഴുതാൻ വലിയ തയാറെടുപ്പൊന്നും വേണ്ടി വന്നില്ല. എഴുതി വന്നപ്പോൾ ഓരോ സംഭവമായി വന്നു ചേരുകയായിരുന്നു. കുടുംബങ്ങളിലെ സ്ത്രീപുരുഷ സമത്വമില്ലായ്മയും സഹോദരനും സഹോദരിയും തമ്മിലുള്ള പ്രശ്നങ്ങളും അടിപിടിയുമൊക്കെയായി ഒരു കഥ വളരെ നാളായി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ലോക്ഡൗൺ രണ്ടാം തരംഗത്തിന്റെ സമയത്ത് ആ ഒരു കഥ കോവിഡ് പശ്ചാത്തലത്തിൽ പറഞ്ഞാൽ നന്നായിരിക്കും എന്നു തോന്നിയിട്ട് ആ സന്ദർഭത്തിലേക്ക് കഥയെ ചേർത്തുവയ്ക്കുകയായിരുന്നു.

ജോ ആൻഡ് ജോ നമുക്ക് ചുറ്റുമുള്ളവർ

ഈ സിനിമയിലെ തൊണ്ണൂറ് ശതമാനം കഥാപാത്രങ്ങളും എന്റെ വീടിന്റെ പരിസരത്ത് ഞാൻ കണ്ടുമുട്ടിയിട്ടുള്ള ആളുകൾ തന്നെയാണ്. ഞാൻ ചെറുപ്പം മുതൽ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള സംഭവങ്ങളാണ് ഈ സിനിമയിലുള്ളത്. പ്രേക്ഷകർക്കും ഈ കഥ പരിചിതമായി തോന്നിയേക്കാം. അതുകൊണ്ടാണ് ഇത് പ്രേക്ഷകർക്കു കൂടുതൽ കണക്ട് ചെയ്യാൻ കഴിയുന്നത്. പതിനഞ്ചു മുതൽ ഇരുപതു വരെ വയസ്സുള്ള കുട്ടികളെ ടാർഗറ്റ് ചെയ്തുള്ള ഒരു ചിത്രമാണിത്. കാരണം അവരാണ് ലോക്ഡൗൺ സമയത്ത് വീട്ടിനുള്ളിൽ അകപ്പെട്ട് ഒരുപാടു മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. വീടകങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്ങ്ങളും അഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

arun-d

സ്ത്രീപുരുഷ അസമത്വം കുടുംബങ്ങളിൽ ഇപ്പോഴുമുണ്ട്.

കാലങ്ങളായി നമ്മുടെ കുടുംബങ്ങളിൽ നിലനിന്നുപോരുന്ന സ്ത്രീപുരുഷ അസമത്വം ഇപ്പോഴും തുടരുന്നുണ്ട്. ഏറെ പുരോഗമിച്ച ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെങ്കിൽക്കൂടി ഇതിനു വലിയ മാറ്റം സംഭവിച്ചിട്ടില്ല. ഈ കാര്യം സിനിമയിൽ കൊണ്ടുവരണം എന്നു കരുതിയെങ്കിലും അതു മാത്രമുള്ള കഥ പറഞ്ഞാൽ സാരോപദേശമോ ഡോക്യുമെന്ററിയോ പോലെ അനുഭവപ്പെട്ടേക്കാം. അങ്ങനെ ഒരിക്കലും ഉണ്ടാകരുത്. സിനിമയുടെ ലക്ഷ്യം ആസ്വദിപ്പിക്കുക എന്നതാണ്. അതുകൊണ്ട് പടത്തിന്റെ പ്രധാന വിഷയം അതാണെങ്കിൽക്കൂടി, ഒരു സബ് ലെയർ ആയിട്ടാണ് പറഞ്ഞു പോയിട്ടുള്ളത്.

nikhila-mathew

സമത്വത്തിനു വേണ്ടി വാദിക്കുന്ന പെൺകുട്ടികൾ ആരെയും വകവയ്ക്കാത്തവരാണ് എന്നാണോ പറഞ്ഞു വയ്ക്കുന്നത്?

ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. അച്ഛനോടും അമ്മയോടും വളരെ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന കുട്ടികളുണ്ട്. ഞാൻ ചിലപ്പോഴൊക്കെ എന്റെ അമ്മയെ പേരു വിളിക്കാറുണ്ട്. അത് സ്നേഹക്കൂടുതൽ കൊണ്ടാണ്. സിനിമയിൽ കാണിക്കുന്നത് ലോക്ഡൗണിൽ വീട്ടിൽ പെട്ടുപോയ കുട്ടികളുടെ മാനസികാവസ്ഥ കൂടിയാണ്. അവർ കൂട്ടുകാരോടൊപ്പം കോളജിൽ പോയി പഠിക്കേണ്ട സമയത്ത് വീട്ടിൽ അടച്ചിരിക്കേണ്ടി വരികയാണ്. അപ്പോൾ അവർ നേരിടുന്ന നിരാശയും അമർഷവുമൊക്കെയുണ്ട്. അതു തീർക്കുന്നത് അവർക്ക് ഏറെ വേണ്ടപ്പെട്ടവരോട് ദേഷ്യപ്പെട്ടിട്ടാകും. തനിക്കു നഷ്ടപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള നിരാശ മനസ്സിൽ അടക്കിപ്പിടിച്ചിരിക്കുമ്പോൾ അച്ഛനും അമ്മയും ഉപദേശങ്ങളുമായി വരികയാണ്. അപ്പോൾ ജോമോൾ അറിയാതെ ഉള്ളിലെ അമർഷം പുറത്തു ചാടുകയാണ്. ജോമോൾ തന്റെ നിരാശ പ്രകടമാക്കുന്നതാണ് സിനിമയിൽ കാണിക്കുന്നത്. അല്ലാതെ സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്ന പെൺകുട്ടികൾ മാതാപിതാക്കളോട് ഇങ്ങനെയാണ് പെരുമാറുന്നത് എന്നു ഞാൻ പറയാൻ ശ്രമിച്ചിട്ടേയില്ല. ജോമോൾ വീടിനു പുറത്തിറങ്ങുന്നില്ല, നമ്മുടെ വീട്ടിലായാലും നമുക്ക് അടുപ്പമുള്ളവരോടല്ലേ നമ്മൾ ചൂടാവാറുള്ളൂ, പുറത്തുപോയി ദേഷ്യം പ്രകടിപ്പിക്കാറില്ലല്ലോ.

റിയലിസ്റ്റിക് ആയ കാസ്റ്റിങ്

ജോ ആൻഡ് ജോയ്ക്ക് വേണ്ടിയുള്ള കാസ്റ്റിങ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്തതാണ്. കഥ എഴുതുമ്പോൾത്തന്നെ മാത്യുവും നസ്‍‌ലിനും മെൽവിനും നിഖിലയുമൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. ഇവരെ മനസ്സിൽക്കണ്ട് എഴുതിയതുകൊണ്ടായിരിക്കാം കാസ്റ്റിങ് നന്നായി വന്നത്. എനിക്ക് ഇവരെയെല്ലാം നേരത്തേ അറിയാം. അവർ തമ്മിലും നല്ല സൗഹൃദമുണ്ട്. അതുകൊണ്ട് അപരിചിതത്വത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ല. പിന്നെ, ജോലി ചെയ്യുകയാണ് എന്നൊരു ഫീൽ സെറ്റിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ എല്ലാവരും കൂടി ഒരു ടൂർ പോകുന്നു, അടിച്ചു പൊളിക്കുന്നു, അതിനൊപ്പം ഷൂട്ടിങ്ങും നടക്കുന്നു. അതിന്റെ റിസൽട്ടാണ് സ്‌ക്രീനിൽ കാണുന്നത്. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഒന്നുരണ്ടു ദിവസം ഓഡിഷനും റിഹേഴ്സലുമൊക്കെ ഉണ്ടായിരുന്നു. അപ്പോൾമുതൽ ഈ മൂന്നുപേർ ഒരുമിച്ചങ്ങു ജെൽ ആയി. അവർ ഒരുമിച്ചാണ് റൂമിൽ സമയം ചെലവഴിക്കുന്നത്, ഒരുമിച്ചാണ് സെറ്റിലേക്കു വരുന്നത്, അങ്ങനെ അവർ വർഷങ്ങളായി സൗഹൃദമുള്ള കൂട്ടുകാരെപ്പോലെ ആയി. അവരുടെ പ്രായവും അതാണ്‌, അവർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥയുമാണ്.

ആദ്യ പടം ഈസി

ഞാൻ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഒരു സിനിമ ചെയ്തിട്ട് ആ സിനിമ ഫ്ലോപ്പ് ആയി പോകുന്നതിനേക്കാൾ നല്ലത് മുപ്പതാമത്തെ വയസ്സിൽ ഒരു സിനിമ ചെയ്ത് അത് ഹിറ്റ് ആകുന്നതല്ലേ. വർഷങ്ങളായി അസോഷ്യേറ്റ് ആയി നിന്നിട്ട് ആദ്യത്തെ പടം ചെയ്തപ്പോൾ പരാജയപ്പെട്ടു പോയവരുണ്ട്. അതുപോലെ ഒരു പരിചയവുമില്ലാതെ വന്ന് ആദ്യത്തെ പടം ഹിറ്റ് ആക്കിയവരുമുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമാണ്. ഞാൻ പടം ചെയ്യാൻ ലേറ്റ് ആയി എന്ന് വിശ്വസിക്കുന്നില്ല. ഇത്രയും വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് എനിക്കു കിട്ടിയത് ബന്ധങ്ങളാണ്. സിനിമയിൽ കോണ്ടാക്ടിനു വലിയ പ്രാധാന്യമുണ്ട്. സിനിമയിൽ നല്ല സുഹൃത്തുക്കൾ ഒരുപാടുള്ളതുകൊണ്ട് എന്റെ ആദ്യത്തെ പ്രോജക്ട് ഓൺ ആക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതുപോലെ ലൊക്കേഷനിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ക്രൂവിനെയുമൊക്കെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നും ഇത്രയും വർഷത്തെ പരിചയം കൊണ്ട് എനിക്കറിയാം. ടെക്‌നിക്കൽ സൈഡിലുള്ള പരിചയം എനിക്ക് ഒരുപാടു ഗുണം ചെയ്തു. പക്ഷേ സിനിമ നന്നാകുന്നത് ഒരാളുടെ ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ട കാര്യമാണ്. പരിചയമുണ്ടെന്നു കരുതി സിനിമ വിജയിക്കില്ല അതിനു കണ്ടന്റ് നന്നാവുക തന്നെ വേണം.

കഥയ്ക്കു പറ്റിയ വീടും ചുറ്റുപാടും കണ്ടെത്തി

mathew-arun

രണ്ടാമത്തെ ലോക്ഡൗൺ കഴിഞ്ഞു ഷൂട്ടിങ് തുടങ്ങിയപ്പോൾ ആയിരുന്നു ജോ ആൻഡ് ജോ യുടെ തുടക്കം. അൻപതുപേർ മാത്രമേ ക്രൂവിൽ ഉണ്ടാകാൻ പാടുള്ളൂ, എല്ലാവരും കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണം അങ്ങനെയുള്ള നിയന്ത്രണങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. കൂത്താട്ടുകുളത്തുള്ള ഒരു വീട്ടിലും പരിസരത്തുമായിരുന്നു ഷൂട്ടിങ്. ഞാൻ അസോഷ്യേറ്റ് ആയി ജോലി ചെയ്യുമ്പോൾ ഒരുപാട് ലൊക്കേഷൻ ഷിഫ്റ്റ് വരുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. പ്രധാന ലൊക്കേഷൻ കിട്ടിക്കഴിഞ്ഞാൽ ആ ലൊക്കേഷന്റെ പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ ബാക്കിയുള്ള ലൊക്കേഷൻ കിട്ടിയാൽ വളരെ നല്ലതാണ്. ഈ കഥ ഇങ്ങനെയായതുകൊണ്ടു കൂത്താട്ടുകുളത്ത് ഇത്തരമൊരു വീട് കിട്ടിയപ്പോൾ ആ വീടിന് ഇരുപതു കിലോമീറ്ററിനുള്ളിലാണ് ബാക്കി ലൊക്കേഷനുകൾ കണ്ടെത്തിയത്.

സിനിമയ്ക്കു കിട്ടുന്ന പ്രതികരണങ്ങൾ

ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്റെ ആദ്യ ചിത്രത്തിന് ഇത്രയും വലിയൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് കിട്ടുന്നത് ഞാൻ വിചാരിച്ചതിനും മുകളിലുള്ള പ്രതികരണമാണ്. എന്റെ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ദിവസവും വരുന്ന പ്രതികരണങ്ങൾക്ക് കയ്യും കണക്കുമില്ല. ഞങ്ങൾ ഈ പടത്തിനു വലിയ പ്രമോഷൻ ഒന്നും കൊടുത്തിരുന്നില്ല. ഇപ്പോൾ വേഡ് ഓഫ് മൗത്ത് വഴി പടം നല്ല രീതിയിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ട്. സിനിമ കണ്ട ഒരാൾ വേറൊരാളോട് ഈ സിനിമ നല്ലതാണ്, പോയിക്കാണണം എന്നു പറയുന്നതാണ് ഏറ്റവും നല്ല പ്രമോഷൻ എന്നാണ് ഞാൻ കരുതുന്നത്. നാട്ടിൻപുറങ്ങളിലൊക്കെ സുഹൃത്തുക്കളും കുടുംബങ്ങളുമായി പോയി ജോ ആൻഡ് ജോ കണ്ട് ആസ്വദിക്കുന്നുണ്ട്. അതിൽ വലിയ സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ കഥയാണ് എന്ന രീതിയിൽ ഒരുപാടു മെസ്സേജുകൾ വരാറുണ്ട്. നല്ല പ്രതികരണങ്ങളും വിമർശനങ്ങളും സന്തോഷവുമെല്ലാം രേഖപ്പെടുത്തിയവർക്ക് നന്ദി.

മനസ്സു നിറയെ കഥകളാണ്

naslin

ജോ ആൻഡ് ജോ ആയിരിക്കും എന്റെ ആദ്യത്തെ സിനിമ എന്നൊന്നും ഞാൻ കരുതിയില്ല. മനസ്സിൽ ഒരുപാട് കഥകളുണ്ട്. ഏതെങ്കിലും ഒരു കഥ സിനിമയാക്കണം എന്നാണു കരുതിയിരുന്നത്. പക്ഷേ സാഹചര്യം ഒത്തുവന്നപ്പോൾ ഇത് എന്റെ ആദ്യത്തെ സിനിമയായി. ഇനിയും എന്റെ മനസ്സിലുള്ള ഒരു കഥ രസകരമായ രീതിയിൽ സിനിമയാക്കാം എന്നാണു കരുതുന്നത്. ചർച്ചകൾ നടക്കുന്നുണ്ട്. ഉടൻ തന്നെ ഒരു തീരുമാനമുണ്ടാകും. എന്റെ ആദ്യത്തെ സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് ഒരുപാട് നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com