ഇവിടെ വരെ എത്തിയത് ‘വാശി’ പിടിച്ച്: കീർത്തി സുരേഷ് അഭിമുഖം
Mail This Article
കീർത്തി സുരേഷിനെ സംബന്ധിച്ചടത്തോളം വാശി എന്ന സിനിമ കുടുംബാംഗങ്ങളുടെ കൂടിച്ചേരലായിരുന്നു. രേവതി കലാമന്ദിർ പ്രൊഡക്‌ഷന്‍സിന്റെ ബാനറിൽ ജി. സുരേഷ് കുമാർ ആണ് വാശിയുടെ നിർമാണം. ചിത്രത്തിന്റെ സഹ നിർമാതാക്കൾ കീർത്തിയുടെ അമ്മ മേനകയും സഹോദരി രേവതിയും. ‘വാശി’യുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് കീർത്തി സുരേഷ്....
● കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു ചേർന്ന സിനിമയാണല്ലോ ‘വാശി’?
അതെ, അതിൽ ഒരുപാട് സന്തോഷമുണ്ട്. മുൻപൊക്കെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന പ്ലാനൊക്കെയിട്ടെങ്കിലും അതു നടന്നില്ല. ഇപ്പോഴത് വളരെ സ്വാഭാവികമായി സംഭവിച്ചുവെന്നു മാത്രം. ‘വാശി’യുടെ കഥ ഞാനാണ് ആദ്യം കേൾക്കുന്നത്. എനിക്കത് നന്നായി ഇഷ്ടപ്പെട്ടു. പിന്നീടാണ് സംവിധായകൻ വിഷ്ണു ജി. രാഘവ്, എന്റെ കസിൻ സന്ദീപ് ഏട്ടന്റെ അടുത്തേക്ക് പ്രൊഡക‌്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ചെല്ലുന്നത്. അതിനുശേഷമാണ് അതിലേക്ക് അച്ഛനും അമ്മയും ചേച്ചിയും എത്തുന്നത്. ഞാൻ അഭിനയിക്കുന്നതു കൊണ്ട് അച്ഛൻ പ്രൊഡ്യൂസ് ചെയ്ത ചിത്രമല്ല ‘വാശി’. അച്ഛൻ നിർമിച്ചതുകൊണ്ട് ഞാൻ ‘വാശി’യിൽ അഭിനയിച്ചതുമല്ല. പക്ഷേ അത് എങ്ങനെയോ ഒരു നിയോഗം പോലെ ഞങ്ങളുടെ അരികിലേക്കു തന്നെ എത്തിയെന്നു മാത്രം. അങ്ങനെ ഞങ്ങൾ എല്ലാവരും ഉൾപ്പെടുന്ന ഒരു കുടുംബ സിനിമയായി മാറിയത് എന്നു പറയാം.
● എന്തുകൊണ്ട് ‘വാശി’?
നായികയ്ക്കും നായകനും ഒരേപോലെ പ്രാധാന്യമുള്ള ചിത്രങ്ങൾ കുറവായിട്ടാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ‘വാശി’ പോലെയൊരു സിനിമ ചെയ്യാൻ പറ്റിയതിൽ വളരെയധികം സന്തോഷം തോന്നി. അതിലൊരു പുതുമ തോന്നി. ‘വാശി’ക്കു പിന്നിൽ ഒരുപാട് പഠനങ്ങളും പ്രയത്നവുമുണ്ട്. അതും ‘വാശി’ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്.
● അച്ഛനും ഒരുമിച്ച് അഭിനയിച്ചല്ലോ?
വാശിയുടെ സെറ്റിൽ എത്തിയപ്പോൾ അച്ഛൻ, മകൾ എന്നുള്ള രീതിയൊക്കെ മാറ്റി, അച്ഛനെ സഹഅഭിനേതാവ് എന്ന നിലയിലാണ് കണ്ടത്. ഞങ്ങൾ ഒരുമിക്കുന്ന സീനിൽ ആദ്യം ചിത്രീകരിച്ചത് മുഖത്തോടു മുഖം നോക്കി വെറുതെ സംസാരിക്കുന്നതാണ്. സംവിധായകൻ വിഷ്‌ണു അത് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ആദ്യമൊക്കെ ഞങ്ങൾക്ക് നല്ല ചമ്മൽ അനുഭവപ്പെട്ടു. വെറുതെ എന്താണു സംസാരിക്കുന്നത് എന്നൊക്കെ തോന്നി. പിന്നീട് ഡയലോഗ് വന്നപ്പോൾ ആ ബുദ്ധിമുട്ടുകളൊക്കെ മാറി. അച്ഛൻ അഭിനയിക്കുമ്പോൾ ഞങ്ങൾ കൂടെ നിന്ന് സജഷൻസ് ഒക്കെ പറഞ്ഞു കൊടുത്തു. അച്ഛൻ അതെല്ലാം നന്നായി മനസ്സിലാക്കിയ ശേഷം കൃത്യമായി അവതരിപ്പിച്ചു. അതിന്റെ റിസൾട്ടും കിട്ടിയെന്ന് വിശ്വസിക്കുന്നു. പിന്നെ കൃത്യനിഷ്ഠയുടെ ആളാണ് അച്ഛൻ. ആ അച്ഛൻ അഞ്ചു മിനിറ്റ് ഒക്കെ സെറ്റിൽ താമസിച്ചു വരുമ്പോൾ അമ്മയോട് അതേപ്പറ്റി പറഞ്ഞു കളിയാക്കിയിരുന്നു.
● എപ്പോഴാണ് അഭിനയത്തിലേക്ക് കടക്കണം എന്നു തോന്നിയത്?
ചെറുപ്പം മുതലേയുള്ള ആഗ്രഹമാണത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് എനിക്ക് തുടർന്നു പഠിക്കുന്നതിലും കൂടുതൽ ഇഷ്ടം അഭിനയമാണ് എന്നു പറഞ്ഞു. അതെന്റെ പ്രഫഷനാക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അന്നൊന്നും അച്ഛനതിനോട് യോജിപ്പില്ലായിരുന്നു. പഠനം കഴിഞ്ഞു നോക്കാം എന്നു പറഞ്ഞ് എന്നെ ഒഴിവാക്കി. സത്യത്തിൽ അപ്പോൾ മുതൽ അഭിനയിക്കണം എന്നൊരു വാശി മനസ്സിലുണ്ടായിരുന്നു.
● ‘മഹാനടി’യിലെ അഭിനയമികവിന് ദേശീയ അവാർഡ് കിട്ടിയപ്പോൾ അച്ഛനും അമ്മയും എന്തു പറഞ്ഞു?
സിനിമയിലേക്ക് വരാൻ ആദ്യമൊക്കെ അച്ഛനെക്കാളധികം അമ്മയും ചേച്ചിയുമായിരുന്നു സപ്പോർട്ട് ചെയ്തത്. കോളജ് പഠനത്തിനു ശേഷം അഭിനയമാണ് ഞാൻ തിരഞ്ഞെടുക്കുന്ന മേഖലയെന്ന് മനസ്സിലാക്കി അച്ഛനും അത് അംഗീകരിക്കുകയായിരുന്നു. നാഷനൽ അവാർഡ് വാങ്ങാൻ സ്റ്റേജിൽ കയറിയപ്പോൾ അച്ഛനെയും അമ്മയെയും ചേച്ചിയെയും എനിക്ക് അവിടെനിന്ന് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് ഒരു വിഡിയോ കണ്ടപ്പോഴാണ് ഞാൻ തിരഞ്ഞെടുത്ത വഴിയിൽ അവർ തൃപ്തരാണെന്ന കാര്യവും അവരുടെ സന്തോഷവും ഞാൻ മനസ്സിലാക്കിയത്. അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം ഇപ്പോഴും എനിക്കോർമയുണ്ട്. ഈ കരിയറിൽ അവർ എനിക്ക് ഇപ്പോഴും ഒരുപാട് സപ്പോർട്ട് തരുന്നുണ്ട്. അതും ഒരുപാട് സന്തോഷമുള്ള കാര്യമാണ്.
● ‘കുബേരനി’ൽ തുടങ്ങി വാശിയിൽ എത്തി നിൽക്കുന്നു. രണ്ടും അച്ഛൻ നിർമിച്ച ചിത്രങ്ങൾ. എന്ത് തോന്നുന്നു?
വാശി പിടിച്ച് എത്തി എന്ന് തന്നെയാണ് തോന്നുന്നത്. ഈ പ്രഫഷൻ ഞാൻ ആഗ്രഹിച്ചു നേടിയെടുത്തതിന്റെ ഒരു സന്തോഷവുമുണ്ട്. കുബേരനെപ്പറ്റി ഓർക്കുമ്പോൾ വർഷം ഒരുപാട് കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെയാണ് തോന്നുന്നത്. ഇപ്പോഴും ഒരു തുടക്കക്കാരിയുടെ കൗതുകമാണ് സിനിമയോട്. ഓരോ പുതിയ ചിത്രങ്ങൾ വരുമ്പോഴും ഞാനതുവരെ അങ്ങനെ ഒരു വേഷം ചെയ്യണമെന്ന് ചിന്തിച്ചിട്ടില്ലല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. സിനിമയൊരു ഒരു കടൽ പോലെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിലെ വെറും ഒരു തുള്ളിയാണ് ഞാൻ. ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒരുപാട് പേരോട് നന്ദിയും കടപ്പാടും ഉണ്ട്. ഇതേപോലെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്.
● വാശിയുടെ പ്രമോഷൻ അഭിമുഖങ്ങളിൽ പറഞ്ഞല്ലോ പഠനം നന്നായി ഉഴപ്പിയെന്ന്. അത് കേട്ടിട്ട് അച്ഛൻ എന്തു പറഞ്ഞു?
അച്ഛനിതുവരെ അതെല്ലാം കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അതു കാണുമ്പോൾ അച്ഛനെങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല. ഇതൊക്കെ എപ്പോൾ ചെയ്തു എന്നൊക്കെ ചോദിക്കാനിടയുണ്ട്. അതല്ലാതെ ഒന്നും പറയാനിടയില്ല. അച്ഛൻ അതൊക്കെ കാണാൻ വേണ്ടി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്.
● പുതിയ ചിത്രങ്ങൾ?
ഭോല ശങ്കർ, ദസറ തുടങ്ങിയവയാണ്. മാമന്നന്റെ ഷൂട്ടിങ് നടക്കുന്നു.