ജയ് ഭീമിനു ശേഷം എന്തു പറ്റി ?; ലിജോമോൾ അഭിമുഖം
Mail This Article
അഭിനയിച്ച ആദ്യ സിനിമയിലെ ചില പാട്ടുവരികൾ ചേർത്തുതുന്നിയാൽ അതു ലിജോമോൾക്കും ചേരുന്ന ടൈറ്റിൽ ഗാനമാകും– ‘പെരിയാറിൻ തളയിട്ട് ചിരിതൂകിയെത്തി’ മലയാളക്കര കടന്ന ‘മിടുമിടുക്കി’. ഇടുക്കി പീരുമേട്ടിൽ നിന്നെത്തി ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ അതിലും നിറഞ്ഞത് ഇടുക്കി. അയലത്തെ വീട്ടിലെ കുട്ടിയായി അഭിനയിച്ച് അയൽനാട്ടിൽപോയി ‘ജയ് ഭീം’ എന്ന സിനിമയിലെ അഭിനന്ദനമേറെ കിട്ടിയ വേഷത്തിനു ശേഷം മലയാളത്തിൽ വീണ്ടും ലിജോമോൾ വരുന്നത് അടുത്ത മാസം 5ന് റിലീസ് ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന സിനിമയിലൂടെ. അപ്പോഴും ‘അയലത്തെ വീട്ടിലെ കുട്ടി’യെന്ന രീതി മലയാളത്തിൽ വിടുന്നില്ല. സിനിമയിൽ മാത്രമല്ല, സ്ക്രീനിനു പുറത്തും അതേ ഭാവം. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി ലിജോമോൾ...
∙ എങ്ങനെ പീരുമേട്ടിൽ നിന്ന് സിനിമയിലേക്ക് ?
ഒരിക്കലും സിനിമയിലേക്കു വരുമെന്നു ഞാൻ കരുതിയിട്ടില്ല. അതെല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ കാസ്റ്റിങ് കോൾ എന്റെ ഒരു സുഹൃത്താണു സോഷ്യൽ മീഡിയയിൽ കണ്ടത്. അതുകണ്ട് ഫോട്ടോ അയച്ചു. ഞാൻ ആ സമയത്തു പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പിജി ചെയ്യുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് ഓഡിഷനു വരണമെന്നു പറഞ്ഞു വിളിവന്നു. കൊച്ചിയിലായിരുന്നു ഓഡിഷൻ. അവിടെ വന്നു സംസാരിച്ചപ്പോഴൊക്കെ ആദ്യം പേടിയായിരുന്നു. വീട്ടിൽ പോകണമെന്നു പറഞ്ഞപ്പോൾ വിശേഷങ്ങളും പഠിക്കുന്ന കാര്യങ്ങളുമെല്ലാം ചോദിച്ചു. ഞാൻ ഇടുക്കിയിൽ നിന്നാണെന്ന് അങ്ങനെയാണ് അവർക്കു മനസ്സിലായത്. സിനിമയിലെ കഥ ഇടുക്കിയിലാണെന്നും ഞങ്ങൾ നോക്കുന്നത് ഇടുക്കിയിൽനിന്നുള്ള ആളെയാണെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ, ചില സീനുകൾ ചെയ്യിച്ചുനോക്കി. ഇതാണ് ആദ്യ സിനിമയിലേക്കുള്ള വഴി.
∙ വിശുദ്ധ മെജോ
വിശുദ്ധ മെജോ വലിയ കാര്യങ്ങൾ പറയുന്ന ഒരു സിനിമയല്ല. എന്നാൽ, തമാശയും കുടുംബവും സൗഹൃദവുമൊക്കെ ചേർന്നുള്ള രസമുള്ള ഒന്നാണ് ഈ സിനിമ. തണ്ണീർമത്തൻ ദിനങ്ങൾ ചെയ്ത സംഘത്തിന്റെ സിനിമയെന്നു പറയുമ്പോൾ എല്ലാവർക്കും അറിയാം അതെങ്ങനെയുള്ളതാണെന്ന്. ഡിനോയ് പൗലോസ്, മാത്യു തോമസ് ഉൾപ്പെടെ ഇതിലുമുണ്ട്. പരസ്യമേഖലയിൽ പ്രവർത്തിച്ചിരുന്ന കിരൺ ആന്റണിയാണ് സംവിധായകൻ.
∙ മലയാളത്തിലും തമിഴിലും അഭിനയിച്ചു. നായികയായി സിനിമകൾ വരുന്നു. എന്താണു നായികാ സങ്കൽപം ?
പ്രത്യേകിച്ചൊരു ഒരു നായികാ സങ്കൽപം ഇല്ലെന്നാണു തോന്നുന്നത്. ആദ്യ സിനിമയിൽ വന്നപ്പോൾ സംവിധായകൻ ദിലീഷേട്ടൻ അഭിനയത്തെക്കുറിച്ചു പറഞ്ഞുതന്ന കാര്യങ്ങളുണ്ട്. അതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. അഭിനയത്തെക്കുറിച്ച് ഇപ്പോഴും എനിക്കതേ അറിയൂ. ആ സിനിമയ്ക്കു മുൻപ് അഭിനയവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽപോലും ഞാൻ പങ്കെടുത്തിട്ടില്ല. കുറച്ചു സിനിമ കഴിഞ്ഞു, എന്നിട്ടും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും എന്തു ചെയ്യാൻ പറ്റും, എന്നെക്കൊണ്ടു ചെയ്യാൻ പറ്റുന്ന വേഷങ്ങൾ എന്തൊക്കെയാണ്... ഇതെല്ലാം ഓരോ സിനിമ കഴിയുമ്പോഴും ശ്രദ്ധിച്ചുവരുന്നു.
∙ ജയ് ഭീമിനു ശേഷം എന്തു പറ്റി ?
‘മഹേഷിന്റെ പ്രതികാരം’ കണ്ടാണ് ആദ്യ തമിഴ് സിനിമ ‘സിവപ്പ് മഞ്ഞൾ പച്ചൈ’യിലേക്കു വിളിക്കുന്നത്. പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് ജയ് ഭീം ചെയ്യുന്നത്. ജയ് ഭീമിനു ശേഷം ഇടവേള വന്നെന്നു പറയാനാവില്ല. ആ സിനിമയ്ക്കു മുൻപു വന്നത് അത്ര നല്ല തിരക്കഥകളായിരുന്നില്ല. ജയ് ഭീമിനു ശേഷം തമിഴിലും മലയാളത്തിലും ഇപ്പോൾ നല്ല കഥകൾ തേടി വരുന്നുണ്ട്. പക്ഷേ, ഓടിനടന്നു സിനിമ ചെയ്യണമെന്നില്ല. കുറച്ചു പതിയെ പോയാലും നല്ല സിനിമകളുടെ ഭാഗമാകാം എന്നു കരുതി. ഇപ്പോൾ ‘അന്നപൂർണി’ എന്ന തമിഴ് സിനിമ ചെയ്യുന്നുണ്ട്. മലയാളത്തിൽ പുലിമട എന്ന സിനിമയിൽ ഒരു വേഷം ചെയ്തു, പിന്നെ, ഹെർ എന്ന സിനിമയും.
∙ മാധ്യമപ്രവർത്തനം വിട്ട് സിനിമയിലേക്ക് ?
ജേണലിസത്തിൽ ബിരുദം കഴിഞ്ഞ് ഒരു ചാനലിന്റെ ഡെസ്കിലും ബ്യൂറോയിലുമായി ജോലി ചെയ്തിരുന്നു. ഷിഫ്റ്റ് കാര്യങ്ങളിൽ കുറച്ചു ബുദ്ധിമുട്ടായപ്പോഴാണ് അതു വേണ്ടെന്നുവച്ചത്. പിന്നെ, പോണ്ടിച്ചേരിയിൽ ലൈബ്രറി സയൻസ് പിജി പഠിക്കാൻ പോയി. പറഞ്ഞുവരുമ്പോൾ അതും മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണെന്നു തോന്നി. അങ്ങനെയും ആളുകളിലേക്കു വിവരങ്ങൾ എത്തിക്കാമല്ലൊ എന്നു കരുതി. അതിനിടെ സിനിമയിൽ വന്നു. ഇനി ഇവിടെനിന്നു മാറണമെന്നില്ല.
∙ വിവാഹം കഴിഞ്ഞും സിനിമയിൽ
വിവാഹം കഴിഞ്ഞു എന്നുകരുതി സിനിമയിൽ തുടരാൻ എനിക്കു ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അതെല്ലാം ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങളായാണു കരുതുന്നത്. വിവാഹം കഴിഞ്ഞാൽ സിനിമാരംഗത്തെ മൂല്യം കുറയുമെന്ന തോന്നൽ മുൻപ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയുണ്ടെന്നു തോന്നുന്നില്ല. എന്റെ കാര്യത്തിൽ ഭർത്താവ് അരുൺ നല്ല പിന്തുണയാണ്. പോണ്ടിച്ചേരിയിൽ അരുണിനു ബിസിനസ് ഉണ്ടായിരുന്നു. അതാണ് അവിടെ താമസിച്ചിരുന്നത്. ഇപ്പോൾ കൊച്ചിയിലേക്കു വന്നു. സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അരുൺ.
∙ സിനിമാരംഗത്തെ സ്ത്രീ സുരക്ഷ
മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടും മോശം അനുഭവം ഇതുവരെ എനിക്കുണ്ടായിട്ടില്ല. എന്നാൽ, സിനിമാരംഗത്തെ സ്ത്രീകൾക്കു വേണ്ടിയുള്ള കൂട്ടായ്മകൾ വളരെ നല്ലതാണ്. ഇത്തരം കൂട്ടായ്മകൾ ഉള്ളതുകൊണ്ട് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പലതും തുറന്നുപറയുകയും പുറത്തുവരികയും ചെയ്യുന്നുണ്ട്. അതുപോലെ സ്ത്രീകളോടു കുറച്ചുകൂടി മാന്യമായി ഇടപെടുന്ന രീതി കൂടിയെന്നും തോന്നിയിട്ടുണ്ട്.