ഞാൻ പകർത്തിയത് എന്റെ അച്ഛനെ: ശ്രീകാന്ത് മുരളി അഭിമുഖം
Mail This Article
നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത 19(1)(എ) പ്രേക്ഷകരുടെ മനസിൽ വരച്ചിടുന്ന ചലച്ചിത്രകാഴ്ചകളിൽ ഏറ്റവും മനോഹരമായ കഥാപാത്രസൃഷ്ടിയാണ് ശ്രീകാന്ത് മുരളി അവതരിപ്പിച്ച ഗംഗേട്ടൻ എന്ന കഥാപാത്രം. അധികാര കേന്ദ്രങ്ങളോടുള്ള നിരന്തരമായ കലഹത്തെ കേന്ദ്രകഥാപാത്രങ്ങളിലൂടെ സിനിമ അഭിസംബോധന ചെയ്യുമ്പോൾ തന്നെ ഓരോരുത്തരും സ്വന്തം ജീവിതത്തോടു നടത്തുന്ന വൈയക്തിക കലഹങ്ങളെയും സിനിമ സ്പർശിക്കുന്നുണ്ട്. അത് മികവോടെ ദൃശ്യമാകുന്നത് ശ്രീകാന്ത് മുരളിയുടെ ഗംഗേട്ടനിലാണ്. അധികം സംഭാഷണങ്ങളില്ലാതെ ശരീരഭാഷയിലൂടെയും സാന്നിധ്യത്തിലൂടെയും ഗംഗേട്ടൻ പ്രേക്ഷകരുടെ മനസിൽ കയറി പറ്റും. അച്ഛൻ വേഷങ്ങളുടെ വാർപ്പുമാതൃകകളുടെ പൊളിച്ചെഴുത്തുണ്ട് ഗംഗേട്ടനിൽ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവിൽ ഒരു നോവു പോലെ പടർന്നു കയറുകയാണ് ഗംഗേട്ടൻ. കരിയറിലെ മികച്ച വേഷങ്ങളിലൊന്നായ ഗംഗേട്ടനിലേക്കുള്ള യാത്രയെക്കുറിച്ച് മനസ്സ് തുറന്ന് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി മനോരമ ഓൺലൈനിൽ.
സംവിധായിക മനസിൽ കണ്ടത്
ഒരു ഹ്രസ്വചിത്രത്തിന്റെ ഫോർമാറ്റിലായിരുന്നു ഈ സബ്ജക്ടിന്റെ തിരക്കഥ ആദ്യം ഉണ്ടായിരുന്നത്. പിന്നീടാണ് ഒരു സിനിമയിലേക്ക് ഇതു വളർന്നത്. ഹ്രസ്വചിത്രത്തിന്റെ ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ സംവിധായിക ഇന്ദു എന്നെ വിളിക്കുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ ഗംഗേട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഇന്ദു ബ്രീഫിങ് നൽകിയിരുന്നു. എനിക്കൊരു റഫറൻസ് നൽകാനായി ഇന്ദു അവലംബിച്ചത് ഇന്ദുവിന്റെ തന്നെ അച്ഛനെയായിരുന്നു. കഥ പറഞ്ഞ് ഒരിടത്തെത്തിയപ്പോൾ എന്റെ മനസ്സിലേക്കെത്തിയത് എന്റെ അച്ഛന്റെ തന്നെ ശരീരഭാഷയാണ്.
കഥയുടെ ബ്രീഫ് കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ഗംഗേട്ടൻ പൊടി വലിക്കുമോ? എന്റെ ചോദ്യം കേട്ടതും ഇന്ദു അന്തിച്ചിരുന്നു പോയി. ആ സമയത്ത് ഇന്ദുവിന്റെ കൂടെ അതുല്യയുമുണ്ട് (സിനിമയിൽ ഫാത്തിമ എന്ന കഥാപാത്രം ചെയ്ത അഭിനേത്രി). അവർ പരസ്പരം നോക്കിയിട്ടു പറഞ്ഞു, ഇതെന്തു ടെലിപ്പതിയാണ് എന്ന്! കാരണം, ഈ കഥാപാത്രത്തിന് അങ്ങനെയൊരു ശീലമുണ്ട്. ഇന്ദുവിന്റെ അച്ഛനുമുണ്ടായിരുന്നു അങ്ങനെയൊരു ശീലം. തിരക്കഥയിൽ അതുൾപ്പെടുത്തിയിട്ടുമുണ്ടെന്ന് അവർ പറഞ്ഞു. എന്റെ അച്ഛനുമുണ്ടായിരുന്നു ആ ശീലം. അതൊക്കെയാണ് എനിക്ക് കണക്ട് ആയത്. അങ്ങനെയങ്ങനെ ആ കഥാപാത്രവും ഞങ്ങളും സെറ്റായി.
ഞാൻ പകർത്തിയത് എന്റെ അച്ഛനെ
ഗംഗേട്ടൻ എന്ന കഥാപാത്രം ചെയ്യുമ്പോൾ അച്ഛനായിരുന്നു എന്റെ മനസിൽ. എന്റെ അച്ഛനെ ഞാൻ നേരെയങ്ങ് പകർത്തിയെന്നു പറയാം. ചിലപ്പോഴൊക്കെ അച്ഛന് ഒത്തിരി പറയാനുണ്ടാകും. ഒരു നോട്ടത്തിലോ ഒരു ചുണ്ടു കൂർപ്പിക്കലിലോ ഒക്കെ ആ പറച്ചിലങ്ങ് നിർത്തും. അധികം ഒന്നും പറയില്ല. ഒരു കാര്യം സംഭവിച്ചതിനുശേഷം അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിൽ കാര്യമില്ലല്ലോ എന്നതാണ് അച്ഛന്റെ ചിന്താഗതി. അച്ഛനത് എപ്പോഴും പറയാറുണ്ട്. നമുക്ക് വേണ്ടത് പരിഹാരങ്ങളാണല്ലോ. ജീവതമല്ലേ.. അതു മുമ്പോട്ടു പോയല്ലേ പറ്റൂ എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്. അതിന്റെ പ്രതിഫലനങ്ങൾ ഗംഗേട്ടനിലും കാണാം. ബാക്കിയെല്ലാം നമുക്ക് തിരിച്ചു പിടിക്കാം. പക്ഷേ മരണം നമുക്ക് തിരിച്ചു പിടിക്കാൻ പറ്റില്ലല്ലോ. അതാണ് അദ്ദേഹത്തിന്റെ പ്രശ്നം.
ഗംഗേട്ടന്റെ മനസിൽ ഒരു കുറ്റബോധം ഉണ്ട്. അതുകൊണ്ടാണ് മകളുടെ മുഖത്തേക്ക് നോക്കാൻ പറ്റാത്തത്... മകളെ തടുക്കാൻ പറ്റാഞ്ഞത്. ചില ഇടങ്ങളിൽ നമ്മൾ വീണു പോയാൽ പിന്നെ എഴുന്നേറ്റു നടക്കാൻ തോന്നില്ല. പ്രത്യേകിച്ച് 60 വയസ്സൊക്കെ കഴിഞ്ഞാൽ! ജീവിതം തിരിച്ചു പിടിച്ച്, തളരാതെ എഴുന്നേറ്റു നടക്കാം എന്നു തീരുമാനിക്കുന്നവർ വളരെ ചുരുക്കമാണ്. കൂടുതൽ പേരും ആ വീഴ്ചയിൽ തന്നെ കിടക്കും. അത് ആസ്വദിക്കാൻ തുടങ്ങും. പിന്നെ അതൊരു ആനുകൂല്യമായി കരുതും. അങ്ങനെ ഞാൻ കണ്ടിട്ടുള്ള ചിലരുണ്ട്. അത്തരം ഒബ്സർവേഷനും കൂടി ഈ കഥാപാത്ര അവതരണത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. സിനിമയെ ഗൗരവമായി കാണുന്നവർക്ക് അത് കിട്ടി. അതിൽ സന്തോഷമുണ്ട്.
നിത്യ മേനന്റെ അച്ഛനായപ്പോൾ
വളരെ ആകസ്മികമായി, ഒരു ലോട്ടറി അടിച്ചപോലെയാണ് ആക്‌ഷൻ ഹീറോ ബിജുവിലൂടെ ഞാൻ ക്യാമറയ്ക്കു മുന്നിൽ വന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ, ഒരു നടൻ എന്ന നിലയിൽ എനിക്ക് ഗുണം ചെയ്തത് ക്യാമറയ്ക്ക് പിന്നിൽ നിന്ന എന്റെ അനുഭവങ്ങളാണ്. ഒരു സെറ്റിൽ ചെല്ലുമ്പോൾ ആ സെറ്റ് നമുക്ക് കംഫർട്ടബിൾ ആകണം. അവിടെ നമ്മുടെ കൂടെ പെർഫോം ചെയ്യുന്ന സഹ അഭിനേതാക്കൾ കംഫർട്ടബിൾ ആകണം. ഈ സിനിമയിൽ എന്റെ ഭൂരിഭാഗം സീനുകളും നിത്യ മേനന് ഒപ്പമാണ്. നിത്യ ഒരു ഗംഭീര ആർടിസ്റ്റാണ്. തമിഴിലും തെലുങ്കിലും വമ്പൻ താരങ്ങൾക്കൊപ്പം അഭിനയിക്കുന്ന താരമാണ്. നിത്യയ്ക്കൊപ്പം ഒരു ഫ്രെയിമിൽ നിൽക്കുമ്പോൾ ആദ്യം ചില ശങ്കകൾ എനിക്കുണ്ടായിരുന്നു. എന്നാൽ, നിത്യ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മറ്റു ഭാഷകളിലെ വമ്പൻ സെറ്റുകളിൽ നിന്ന്, ഈ ചെറിയ സിനിമയിലേക്ക് വന്ന നിത്യ ഇതിന് അകത്തേക്ക് അങ്ങ് ഒതുങ്ങി ആ കഥാപാത്രമായി മാറി.
ഇന്ദു എന്ന സംവിധായിക
ഏതാണ്ട് ഒന്നര വർഷം മുൻപാണ് ഈ സിനിമയുടെ കഥ കേൾക്കുന്നത്. അതിനു ശേഷം ഷൂട്ട് തുടങ്ങി ഓരോ സീൻ എടുക്കുന്നതിനു മുമ്പ് ഇന്ദു എനിക്ക് തരുന്ന ബ്രീഫുണ്ട്. അന്ന് പറഞ്ഞു വച്ചതിന്റെ ചെറിയൊരു ഓർമപ്പെടുത്തൽ തന്ന് ഇന്ദു മാറി നിൽക്കും. അതിൽ എല്ലാമുണ്ടാകും. അതിലൊക്കെ ഉപരി എന്റെ ഗുരു പ്രിയദർശനോടുള്ള നന്ദി പറയുന്നു. നമ്മൾ എന്തു കാണിച്ചാലും ആ നാലു വരയ്ക്കകത്ത് നിൽക്കണമല്ലോ. മിഡ് റേഞ്ചിലും വൈഡിലും ഒരു ബ്ലോക്കിലും ഒരു സൂമിലും ഒക്കെ എങ്ങനെയായിരിക്കും നമ്മൾ കാണിക്കുന്ന പരിപാടികൾ അവസാനം ഉണ്ടാവുക എന്നതിനെക്കുറിച്ച്, സർ പറഞ്ഞു തന്നിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. അതെല്ലാം ഇവിടെ ഉപകാരപ്പെട്ടു. നല്ല ഒരു പെർഫോമൻസ് ഉണ്ടാകണമെങ്കിൽ തീർച്ചയായും നമുക്കതിന്റെ സാങ്കേതിക പരിജ്ഞാനം കൂടി വേണം. സാങ്കേതികതയെ കുറിച്ച് ധാരണ ഉണ്ടെങ്കിൽ നമുക്ക് കുറച്ചു കൂടി നന്നായി ചെയ്യാൻ പറ്റും.
സ്ക്രീൻ സ്പേസ് നോക്കിയല്ല തിരഞ്ഞെടുപ്പ്
നിലവിലെ സാഹചര്യത്തിൽ അതായത് മികവുറ്റ അഭിനേതാക്കൾ സജീവമായുള്ള ഇൻഡസ്ട്രിയിൽ എന്നെപ്പോലെയുള്ള ഒരു ആർട്ടിസ്റ്റിന് സ്ക്രീൻ സ്പേസ് നോക്കി മാത്രം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനാവില്ല. അങ്ങനെയൊരു അവസ്ഥയിലേക്ക് ഞാൻ എത്തിയിട്ടില്ല. എന്നെ വിളിക്കുമ്പോൾ ഇതിനു മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു ക്യാരക്ടർ കണ്ടിട്ടോ അല്ലെങ്കിൽ പേഴ്സണലി മനസ്സിലാക്കിയിട്ടോ ഒക്കെയാണ് വിളിക്കുക. സത്യത്തിൽ, നടൻ എന്ന നിലയിൽ എനിക്ക് സ്ക്രീൻ സ്പേസ് ഒന്നും നോക്കാറായിട്ടില്ല. ഇനി പതുക്കെ നോക്കി തുടങ്ങണം എന്നുണ്ട്.
എന്നാലും അവസരങ്ങൾ കിട്ടുക എന്നതാണല്ലോ ഏറ്റവും പ്രധാനം. അവസരങ്ങൾ കിട്ടാനാണല്ലോ ബുദ്ധിമുട്ട്. അവസരങ്ങൾ കിട്ടുമ്പോൾ അവ ഉപയോഗപ്പെടുത്തുക എന്നതാണ് എന്റ രീതി. അത് ഒരു ഷോട്ടാണെങ്കിലും ഞാൻ പോയി ചെയ്യും. പാപ്പനിൽ ഞാൻ ഒരു ഷോട്ടിലേ ഉള്ളൂ. ജോഷി സാറിനെ പോലെ ഒരാൾ വിളിക്കുമ്പോൾ നമ്മൾ തീർച്ചയായിട്ടും ഓടിച്ചെല്ലും. ഒരു സീനിലേ ഉള്ളൂ എങ്കിൽ ഞാൻ വരുമോ എന്ന് ജോഷി സാറിന് സംശയം ഉണ്ടായിരുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞറിഞ്ഞു. ജോഷി സാറിനെ നേരത്തെ അറിയാം. മുമ്പ് കണ്ടിട്ടുണ്ട്. ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല എന്നേ ഉള്ളൂ. മദ്രാസിൽ ഉണ്ടായിരുന്ന കാലം മുതൽ ജോഷി സാറിനെ അറിയാം. പിന്നെ, ജോഷി സർ എന്തെങ്കിലും മനസ്സിൽ കണ്ടിട്ടാവുമല്ലോ നമ്മളെ വിളിക്കുക.
നല്ല വാക്കുകൾക്ക് നന്ദി
ഗംഗേട്ടൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ശ്രദ്ധിച്ചെന്നു കേൾക്കുമ്പോൾ വളരെ സന്തോഷം. ഈ സിനിമയ്ക്കു മുൻപാണ് ഞാൻ ഹോം എന്ന സിനിമ ചെയ്തത്. അതിൽ ഞാൻ മൊട്ടയടിച്ചിരുന്നു. ഗംഗേട്ടനു വേണ്ടി താടിയും മുടിയും വെട്ടിയിട്ട് ഒരു വർഷമായ ഒരു മനുഷ്യനെ പോലെ ആകണമെന്നാണ് സംവിധായിക ഇന്ദു പറഞ്ഞത്. പക്ഷേ, ഞാൻ തല മൊട്ടയടിച്ചിട്ട് നിൽക്കുന്ന സമയമാണ്. ഈ അപ്പിയറൻസിലാണ് ഇന്ദുവിനെ കാണുന്നത്. മുടി പെട്ടെന്നു വളരാൻ കുറെ പണികളെടുത്തുവെങ്കിലും അതൊന്നും വർക്കൗട്ട് ആയില്ല. ക്ഷമാപണത്തോടെയാണ് ഇന്ദുവിന്റെ മുമ്പിൽ പിന്നീട് ചെന്നു നിന്നത്. ഇന്ദുവിന്റെ മുഖത്തു നോക്കിയാലറിയാം ശരിക്കും വിഷമമായിരുന്നു. എങ്കിലും ഇന്ദു ഒന്നും പറഞ്ഞില്ല. പ്രായം കൂടുതൽ തോന്നിപ്പിക്കാൻ വേണ്ടി കുറച്ചു ലൂസ് ആയ ഷർട്ട് ആണ് ഉപയോഗിച്ചത്. ഈ സിനിമയ്ക്കു മുമ്പ് റിലീസ് ചെയ്ത സിനിമകളിൽ നിന്ന് കാഴ്ചയിൽ ഏറെ വേറിട്ടു നിൽക്കുന്ന കഥാപാത്രം കൂടിയായിരുന്നു ഗംഗേട്ടൻ. എന്തായാലും എന്റെ ലുക്കും കഥാപാത്രവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടെന്നു തിരിച്ചറിയുമ്പോൾ വലിയ സന്തോഷവും ആശ്വാസവും.
പ്രേക്ഷകപിന്തുണയെന്ന ആത്മവിശ്വാസം
ഞാൻ ആദ്യം വന്നത് ആക്ഷൻ ഹീറോ ബിജുവിലാണ്. പിന്നീടു വന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയിലുമാണ്. ആക്ഷൻ ഹീറോ ബിജു കണ്ടതിനു ശേഷം ശ്യാം പുഷ്കരനും ദിലീഷും കൂടി എന്നെ വിളിച്ച് അഭിനയിപ്പിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ച കഥാപാത്രം കക്ഷി അമ്മിണിപ്പിള്ളയിലേതാണ്. പിന്നീട് കിട്ടിയത് 41 എന്ന സിനിമയ്ക്കാണ്. അതുകഴിഞ്ഞാണ് ഹോം വരുന്നത്. ഇപ്പോൾ അഭിനന്ദനങ്ങൾ ലഭിക്കുന്ന കഥാപാത്രം ഗംഗേട്ടനും. സ്ക്രീൻ സ്പെയ്സ് കൂടുതലുള്ള സിനിമകളാണ് ഇതെല്ലാം. ഇതിനിടയിൽ വന്ന കുഞ്ഞു കുഞ്ഞു പടങ്ങളും ഉണ്ട്. എനിക്കൊരു പെർഫോർമർ എന്ന നിലയ്ക്ക് ഓരോന്നും ചെയ്യുമ്പോഴും മെച്ചപ്പെടണം എന്ന ആഗ്രഹം മനസ്സിലുണ്ട്. കുറേക്കൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുമുണ്ട്. ഇപ്പോഴും ആ ആഗ്രഹം നിലനിൽക്കുന്നു.
വീണ്ടും പ്രിയദർശനൊപ്പം
ഓളവും തീരവും എന്ന സിനിമയിൽ പ്രിയൻ സാറിന്റെ (പ്രിയദർശൻ) അസിസ്റ്റന്റായി വർക്ക് ചെയ്യുന്നുണ്ട്. 16 വർഷത്തിനു ശേഷം സാറിന്റെ കൂടെ ചെയ്യുന്ന വർക്കാണ്. 'എം.ടിയുടെ സിനിമയാണ്... നീ വരണം' എന്നു പ്രിയൻ സർ പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ഇടവേളയ്ക്കു ശേഷം ഇപ്പോൾ രണ്ട് സിനിമകൾ ചെയ്തു. ശിലാലിഖിതവും, ഓളവും തീരവും. ശിലാലിഖിതത്തിൽ ബിജു മേനോനും ഓളവും തീരവും എന്ന സിനിമയിൽ മോഹൻലാലുമാണ് നായകൻമാർ. സന്തോഷ് ശിവനും സാബു സിറിലുമൊക്കെ ഉണ്ടായിരുന്നു.
സിനിമയിലെ അതികായർക്കൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം. അങ്ങനെയൊരു അവസരം വന്നപ്പോൾ അത് മിസ് ആക്കാൻ തോന്നിയില്ല. ഇനി പതിനാറോളം സിനിമകൾ റിലീസാകാനുണ്ട്. പൃഥ്വിരാജിന്റെ തീർപ്പിൽ വളരെ പ്രതീക്ഷയുള്ള ഒരു വേഷമാണ്. പിന്നെയുള്ളത് ഇരട്ട എന്ന സിനിമയാണ്. അതിൽ ജോജു ജോർജും ഞാനും തിങ്കളാഴ്ച നല്ല ദിവസത്തിലെ മനോജും, അഭിറാമുമൊക്കെയാണ് ഉള്ളത്. ഒരു പൊലീസ് സ്റ്റോറിയാണ്. അതും വളരെ പ്രതീക്ഷയുള്ള ക്യാരക്ടറാണ്.