മലയാളത്തിന് പുതിയ നായകൻ: മൈക്കിലൂടെ രഞ്ജിത്ത്
Mail This Article
2004ൽ ധൂം എന്ന ചിത്രമിറങ്ങുമ്പോൾ രഞ്ജിത് സജീവ് സ്കൂൾ കുട്ടിയാണ്. നായകൻ ജോൺ ഏബ്രഹാമിന്റെ ഹെയർ സ്റ്റൈൽ വരെ അനുകരിച്ചിരുന്ന ഫാൻ ബോയ്. എന്നാൽ വർഷങ്ങൾക്കിപ്പുറം രഞ്ജിത് ഒരു സിനിമാനടനായപ്പോൾ ജീവിതം വലിയൊരു വിസ്മയം കാത്തുവച്ചു. ആദ്യ ചിത്രത്തിന്റെ നിർമാതാവ് ജോൺ ഏബ്രഹാം. ജോൺ നിർമിക്കുന്ന ആദ്യ മലയാള ചിത്രത്തിലെ നായക വേഷമാണ് രഞ്ജിത്തിനെ തേടി വന്നത്. ‘മൈക്ക്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി രഞ്ജിത്ത് സജീവ് മനോരമയോട്.
നായകവേഷം?
സാറയുടെയും ആന്റണിയുടെയും ജീവിതയാത്രയാണു മൈക്ക്. ആന്റണിയെയാണു ഞാൻ അവതരിപ്പിക്കുന്നത്. സാറയായി അനശ്വര രാജനും. മനസ്സിൽ ഒട്ടേറെ സംഘർഷങ്ങളുമായി നടക്കുന്നവരാണ് ഇരുവരും. ഒരു യാത്രയിൽ അവർ തമ്മിൽ കണ്ടുമുട്ടുന്നു. അവരുടെ മുന്നോട്ടുള്ള സഞ്ചാരമാണു സിനിമ. ഒരുപാട് അടരുകളുള്ള കഥാപാത്രമാണ് ആന്റണി. ഭൂതകാലം വേട്ടയാടുന്ന യുവാവ്. ആദ്യമായി ലഭിച്ച കഥാപാത്രം അത്തരത്തിൽ ഒന്നായതു വലിയ വെല്ലുവിളിയായിരുന്നു.
അഭിനയം മനസ്സിൽ കയറിയത്?
സ്കൂൾതലം മുതൽ ഡാൻസ് ചെയ്യും. സ്കൂൾ, കോളജ് നാടകങ്ങളിലെല്ലാം പങ്കെടുക്കും. 2008ൽ ന്യൂയോർക്കിൽ പോയി ന്യൂയോർക്ക് ഫിലിം അക്കാദമിയുടെ ഒരു മാസം നീളുന്ന പരിശീലനത്തിലും പങ്കെടുത്തിരുന്നു.
മൈക്കിലേക്ക് എത്തിയതെങ്ങനെ?
കോളജിൽ പഠിക്കുമ്പോൾ ചില ഷോർട് ഫിലിമുകളിൽ അഭിനയിച്ചു. മോണോലോഗ് വിഡിയോകളും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇവയിലൊന്നു സംവിധായകൻ വിഷ്ണു ശിവപ്രസാദിന്റെ ശ്രദ്ധയിൽ എത്തുകയായിരുന്നു. എന്റെ വിഡിയോ കണ്ടിഷ്ടപ്പെട്ട അദ്ദേഹം കഥ പറയാൻ വിളിച്ചു. ഷൂട്ടിങ്ങിനു മുൻപ് കുറച്ചുദിവസം പരിശീലനവും നടത്തി.
ആദ്യ ചിത്രത്തിൽ നായിക അനശ്വര ?
കുറെ ചിത്രങ്ങളിൽ അഭിനയിച്ച പരിചയം അനശ്വരയ്ക്കുണ്ട്. ഞാൻ പുതുമുഖവും. എന്നാൽ, ആദ്യം ഷൂട്ട് ചെയ്തതു ഞങ്ങൾ ഇരുവരും ഒരുമിച്ചുള്ള സീനായിരുന്നു. അതാകട്ടെ ക്ലൈമാക്സും. സംവിധായകനുൾപ്പെടെ ടെൻഷനിലായിരുന്നു. എല്ലാവരും പിന്തുണച്ചു. ഇതോടെ പ്രശ്നങ്ങളൊന്നുമില്ലാതെ ആ രംഗം ചിത്രീകരിച്ചു. ഇതു വലിയ കരുത്തായി.
എൻജിനീയറാണ്. സിനിമയിലേക്ക് വന്നപ്പോൾ?
കുട്ടിക്കാലത്ത് നാണം കുണുങ്ങിയായിരുന്നു ഞാൻ. എന്നെ വേദികളിലേക്കു നയിച്ചത് എന്റെ മാതാപിതാക്കളായ പി.കെ.സജീവും ആൻ സജീവുമാണ്. നിന്നെക്കൊണ്ടു പറ്റും എന്നാണ് അവർ അന്നെന്നോടു പറഞ്ഞത്. ബിരുദം അത്യാവശ്യമാണെന്നും അവർ പറഞ്ഞു. ഒപ്പം, എന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തന്നു.