ADVERTISEMENT

ന്നാ താൻ കേസ് കൊട് സിനിമയിലെ ഡാൻസ് ടീച്ചർ സുമലത ജീവിതത്തിലും അധ്യാപികയാണ്. കാസർഗോട് നീലേശ്വരം കുന്നുംകൈ സ്വദേശിയാണ് ചിത്ര നായർ. രാജേഷ് മാധവനൊപ്പം റീൽസ് ചെയ്ത് കഥാഗതിയിൽ മാറ്റം വരുത്തിയ സുമലത എന്ന ചിത്ര തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവെയ്ക്കുന്നു.

 

'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലേക്ക്?

 

മാക്ഫ്രെയിം എന്ന കലാകാരന്മാരുടെ സംഘടനയിൽ പലപ്പോഴും കാസ്റ്റിങ് കോളുകൾ വരാറുണ്ട്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ അവസാനവട്ട ഓഡിഷൻ സമയത്താണ് ഞാനത് ശ്രദ്ധിക്കുന്നത്. മാക്ക് ഗ്രൂപ്പിന്റെ ചീഫ് കോർഡിനേറ്റർ ആണ് ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയുള്ള ഓഡിഷന് വിഡിയോയും ഫോട്ടോയും അയയ്ക്കാൻ എന്നെ നിർബന്ധിച്ചത്. രണ്ട് ഓഡിഷനുകളും ഒരു പ്രീഷൂട്ടും ഉണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോഴും ഇത് ഫൈനൽ സെലക്‌ഷൻ അല്ല എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞുകൊണ്ടിരുന്നത്. പല വേഷങ്ങളും ചെയ്യിപ്പിച്ചു നോക്കിയതിനുശേഷം ആണ് ഞാൻ ഇപ്പോൾ ചെയ്ത സുമലതയുടെ ക്യാരക്ടർ എനിക്ക് തന്നത്. പ്രീ ഷൂട്ട് സമയത്ത് സുമലതയെയാണ് അവതരിപ്പിച്ചു നോക്കിയത്. പല വേഷങ്ങൾ നോക്കിയതുകൊണ്ട് ഒരു വേഷം ഈ സിനിമയിൽ ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ ഞാൻ അൽപം പോലും പ്രതീക്ഷ വച്ചില്ല. അതുകൊണ്ട് തന്നെ നല്ലൊരു വേഷം ഈ സിനിമയിൽ കിട്ടിയപ്പോൾ സന്തോഷം തോന്നി.

 

ചിത്ര, 'ന്നാ താൻ കേസ് കൊടിലെ' 'സുമലത' ആയപ്പോൾ?

chitra-nair-32

 

സുമലത കുറച്ചു റൊമാന്റിക് ആണ്. അതുപോലെ തന്നെ നർമവും ഒക്കെ ഉള്ള ഒരു ക്യാരക്ടർ ആണ്, അതിനായി നീളമുളള മുടി ഒന്ന് മുറിക്കണം എന്നു പറഞ്ഞു. അത് കേട്ടപ്പോൾ സത്യത്തിൽ ആദ്യം ഞാൻ ഒന്ന് മടിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാൾ,കുഞ്ചാക്കോ ബോബൻ, രാജേഷ് മാധവൻ തുടങ്ങിയവർ ഉള്ള ക്രൂ ആണിത് എന്നും ഈ ടീമിനൊപ്പം നിന്ന് ഒരു ക്യാരക്ടർ റോൾ ചെയ്താൽ ഉറപ്പായും സിനിമയിൽ ഒരു ബ്രേക്ക് കിട്ടും എന്നും അണിയറ പ്രവർത്തകർ പറഞ്ഞു. അപ്പോഴാണ് നീളമുള്ള മുടിയെയൊന്ന് ചെറുതാക്കി മുറിക്കണം എന്ന കാര്യം ഞാൻ സമ്മതിച്ചതും. ഇത്തരം നല്ല വേഷങ്ങൾ കിട്ടുന്നതിനായി മുടി മുറിച്ചാൽ കുഴപ്പമില്ല, മുടി പിന്നെയും വരുമല്ലോ എന്ന ആശ്വാസത്തിലാണത് ചെയ്തതും.

 

സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമാണ് ഈ ചിത്രം. അതിന്റെ ഭാഗം ആയപ്പോൾ?

chitra-nair-2

 

ഈ വ്യത്യസ്തത തന്നെയാണ് സംവിധായകൻ രസകരമായി ജനങ്ങളിലേക്ക്  എത്തിക്കാൻ ശ്രമിച്ചത്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഈ സിനിമയുടെ ഭാഗമാകാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അതിന് എന്നെ സഹായിച്ചവരോട് നന്ദിയും സ്നേഹവും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം ഓരോ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കുന്ന ഒരു ടീമാണ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. അതിലും ഒരുപാട് സന്തോഷമുണ്ട്.

 

ചാക്കോച്ചനൊപ്പം?

 

ഞങ്ങളുടെ നാട്ടിലുള്ള, അല്ലെങ്കിൽ ഒരു കാസർകോടുകാരൻ ആയിട്ട് തന്നെയായിട്ടാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. അതേ രീതിയിൽ തന്നെയാണ് ആ സെറ്റിൽ അദ്ദേഹം ഉണ്ടായിരുന്നതും. വളരെ കൂൾ ആയ ഒരാൾ. വളരെ ക്ഷമയോടെ ഒപ്പമുള്ള ആർട്ടിസ്റ്റുകൾക്ക് തെറ്റുകൾ പറഞ്ഞു അത് തിരുത്താനും തുടക്കക്കാരായ എന്നെപ്പോലെ ഉള്ളവരെയൊക്കെ സപ്പോർട്ട് ചെയ്യാനും ഒക്കെ അദ്ദേഹം കൂടെ നിന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. സെറ്റിൽ ഉള്ളവരെ ടെൻഷൻ ഫ്രീ ആക്കുന്നതിൽ നല്ലൊരു പങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു. വർഷങ്ങളായി ഫീൽഡിലുള്ള ഒരാളാണ് അദ്ദേഹം എന്ന രീതിയിൽ ഒന്നും പെരുമാറിയിരുന്നില്ല. ഒട്ടും ജാഡ ഇല്ലാത്ത ഒരാൾ എന്നു പറയാം. വളരെ ഫ്രീ ആയിട്ടാണ് അദ്ദേഹം എല്ലാരോടും ഇടപഴകിയതും. 

 

സമകാലിക പ്രശ്നങ്ങൾ ചർച്ചയായി നിൽക്കുമ്പോഴാണ് സിനിമ റിലീസ് ആയത്?

 

സമകാലിക പ്രശ്നങ്ങൾ സിനിമയിൽ വന്നപ്പോൾ അത് വലിയ തോതിൽ ചർച്ച ആയപ്പോഴും എനിക്ക് ഒട്ടും ടെൻഷൻ തോന്നിയില്ല. കാരണം എന്നെപ്പോലെയുള്ള  സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് ഡയറക്ടർ രതീഷ് സാർ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിലരിൽ അത് നീരസം ഉണ്ടാക്കിയെങ്കിലും അതിലും ഒരുപാട് പേർ അത് സ്വീകരിച്ചതും നാം കണ്ടല്ലോ. അതിൽ ഒരുപാട് സന്തോഷമുണ്ട്.

 

പയ്യന്നൂർ ഭാഷ സമീപകാലസിനിമകളിലൊക്കെ ഹിറ്റാണ്. പയ്യന്നൂർ എന്ന നാടും നാട്ടുകാരും എന്തു പറയുന്നു? 

 

പയ്യന്നൂർ ഉള്ള സിനിമകൾ ഇപ്പോൾ ഹിറ്റ് ആകുമ്പോൾ നാട്ടുകാരെല്ലാം അതിപ്പോൾ ആഘോഷിക്കുകയാണ് എന്ന് പറയാം. അവർക്കെല്ലാം അതിൽ ഒരുപാട് സന്തോഷമുണ്ട് എന്നാണ് പറയാറുള്ളത്.

 

ആരാണ് ഏറ്റവും സപ്പോർട്ട് തരുന്നത്?

 

ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് എന്റെ വീട്ടുകാരാണ്. ഒപ്പം തത്വമസി കരാളി മൂവീസും, മാക് ഫ്രെയിംസും നല്ല രീതിയിൽ സപ്പോർട്ട് തരുന്നുണ്ട്. 

 

'ആറാട്ടി'ലും 'ജനഗണമന'യിലും ചെറിയ വേഷങ്ങൾ ചെയ്തിരുന്നു?

 

അതെ, 'ആറാട്ടി'ൽ ഒരു പഞ്ചായത്ത് മെമ്പർ ആയിരുന്നു. പക്ഷേ അതിൽ ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതെല്ലാം നല്ല അനുഭവങ്ങളായിരുന്നു. അപ്പോഴാണ് നല്ല റോളുകൾ കിട്ടിയാൽ ചെയ്യണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. പിന്നീട് കാസ്റ്റിങ് കോളുകൾക്ക് അപ്ലൈ ചെയ്യാൻ തുടങ്ങി. ഒന്നു രണ്ടു ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. 

 

സോഷ്യൽ മീഡിയയിലും സജീവമാണല്ലോ?

 

കൊറോണ വന്നപ്പോൾ ടിക് ടോക്കിൽ ആക്റ്റീവ് ആയിരുന്നു. അതിൽ കുറച്ച് ഫോളോവേഴ്സ് ഉണ്ടായിരുന്നു. അത് പോയപ്പോൾ ‘ചിത്ര ഉമ്മസ്’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ സജീവമായി.

 

ഡാൻസ് ടീച്ചർ 'സുമലത ' ഒരു ടീച്ചർ ആണ്?

 

ടിടിസി കഴിഞ്ഞ ഉടനെ ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി നോക്കിയിരുന്നു. ഫൂഡ് ലൂസേർസ്, കരാളി തത്വമസി മൂവീസ് എന്നീ രണ്ട് ഡാൻസ് ട്രൂപ്പുകളുടെ ഭാഗമാണിപ്പോൾ. കുറച്ചു കാലമായി വെള്ളിക്കോത്ത് 'നന്ദന'ത്തിൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുമുണ്ട്.

 

പുതിയ സിനിമകൾ?

 

ചർച്ചകൾ നടക്കുകയാണ്. നല്ല വേഷങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com