ആദ്യ സീൻ പൊലീസ് നായയുമായി, നല്ല ജീവൻ പോയി: ബേസിൽ ജോസഫ് അഭിമുഖം
Mail This Article
മിന്നൽ മുരളിയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടക്കുമ്പോൾ സംവിധായകൻ ബേസിൽ ജോസഫിനെ രണ്ടു തവണ പട്ടി കടിക്കാൻ ഓടിച്ചിട്ടുണ്ട്. മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാമിന്റെ വീട്ടിലെ പട്ടിയും സൗണ്ട് ഡയറക്ടർ നിക്സന്റെ പട്ടിയുമായിരുന്നു വില്ലൻമാർ. ഒരു തവണ ഡൈനിങ് ടേബിളിനു മുകളിൽ കയറിയാണ് കടിയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. നായകളുമായുള്ള തന്റെ ഇടപെടലുകൾ പരിതാപകരമാണെന്നാണു ബേസിലിന്റെ വിലയിരുത്തൽ. പൂച്ചകളുമായും അത്ര സുഖത്തിലല്ല. എന്നാൽ, പുതിയ സിനിമയായ പാൽതൂ ജാൻവറിൽ ബേസിൽ ഫുൾടൈം മൃഗങ്ങൾക്കൊപ്പമാണ്. മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ഈ വൈരുധ്യത്തെ പറ്റി ബേസിൽ.
‘ക്യൂട്ടായ മൃഗങ്ങളെ ആളുകൾ താലോലിക്കുന്നതു കണ്ടിരിക്കാൻ എനിക്കിഷ്ടമാണ്. അനിമൽ വിഡിയോകളും കാണാറുണ്ട്. പക്ഷേ, ഇതുങ്ങൾ അടുത്തു കൂടി പോയാൽത്തന്നെ ഭയങ്കര പേടിയാണ്. പാൽതൂ ജാൻവറിലെ ആദ്യ സീൻ തന്നെ പൊലീസ് നായയുമായിട്ടായിരുന്നു. കേട്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നായയും ട്രെയിനറും കൂടി വന്നപ്പോൾ ചോദിച്ചു. ‘സാറേ ഇതെന്താ സാധനം?’ ജർമൻ ഷെപ്പേഡാണെന്നും പേരു ‘ഹണ്ടർ’ എന്നാണെന്നും മറുപടി. പേരു കേട്ടു പേടിക്കേണ്ട ആളു പാവമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെ രണ്ടും കൽപിച്ച് അഭിനയം തുടങ്ങി. നായ എന്റെ കണ്ണിൽ തന്നെ നോക്കുന്നു. ഞാൻ നോക്കി ചിരിക്കുന്നു, പോയി തലോടുന്നു. ഇതാണു സീൻ. ആ ഷോട്ടെടുക്കുമ്പോൾ ഞാൻ നായയുടെ കണ്ണിൽത്തന്നെ നോക്കിയിരിക്കുകയാണ്. അതു തിരിച്ചും. അപ്പോഴാണു ട്രെയിനർ അടുത്തു വന്നു വീണ്ടും പറയുന്നത്. ‘അങ്ങനെ അധികം കണ്ണിലേക്കു നോക്കണ്ട, കള്ളലക്ഷണം തോന്നിയാൽ ചെലപ്പം പിടിച്ചു കടിക്കും’ എന്ന്. കള്ളലക്ഷണം ഉണ്ടെന്നു സ്വയം തോന്നിയാൽ തന്നെ കള്ളലക്ഷണം വരും. തലോടിയപ്പോഴാകട്ടെ നായ കയ്യിൽ നക്കുന്നു. ഞാൻ കൈ വലിക്കും. എന്റെ മുഖഭാവം മാറും. അപ്പോ ട്രെയിനറു വന്നു വീണ്ടും പറയും. കൈ വലിക്കരുത്. കൈ വലിച്ചാൽ അതിനു കടിക്കാൻ തോന്നുമെന്ന്. പിന്നെ എങ്ങനെയൊക്കെയോ ഷോട്ടെടുത്തു. ഷൂട്ടിങ്ങിനിടെ പൂച്ചയും പട്ടിയും പന്നിയും പശുവുമായെല്ലാം അടുത്ത് ഇടപഴകേണ്ടി വന്നു. പശു വല്യ കുഴപ്പമില്ല. അതു കടിക്കില്ലല്ലോ. കറക്കാൻ ചെന്നാലല്ലേ തൊഴിക്കൂ’
∙പാൽതൂ ജാൻവറിനെ പറ്റി?
സിനിമയിൽ പശുവുണ്ട്, ആടുണ്ട്, കോഴിയുണ്ട്, ആനയുണ്ട്, മിക്ക മൃഗങ്ങളുമുണ്ട്. അതു തന്നെയാണു സിനിമയുടെ ഹൈലൈറ്റ്. വെറ്ററിനറി ഡോക്ടറുടെ തൊട്ടു താഴെയുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ് എന്റെ കഥാപാത്രം. നഗരത്തിൽ നിന്നു നാട്ടുംപുറത്തേക്കു വലിയ താൽപര്യമൊന്നുമില്ലാതെ ജോലിക്കു പോകുന്ന ഒരു ചെറുപ്പക്കാരൻ. അവിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണു സിനിമ. മൃഗങ്ങളോടു വല്യ താൽപര്യമില്ലാത്ത ഒരാളായതിന്റെ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന സിനിമയാണ്. കോമഡി ഡ്രാമ. എന്നാൽ സിനിമ തുടങ്ങുമ്പോൾ ഉള്ള കഥാപാത്രമല്ല അവസാനിക്കുമ്പോൾ. 90കളിലെ സിനിമകളുടെ ബാക് ഗ്രൗണ്ടാണ് ഉപയോഗിച്ചിട്ടുള്ളത്.
∙സിനിമയിലേക്ക് എത്തിയത്?
ജാനെമൻ, മിന്നൽ മുരളി ഒക്കെ ഇറങ്ങുന്നതിനു മുമ്പാണു ഭാവനാ സ്റ്റുഡിയോയിൽ നിന്നു വിളി വരുന്നത്. കഥ കേൾക്കുന്നതിനു മുമ്പു തന്നെ ഓക്കെ പറഞ്ഞു. കാരണം ഭാവന സ്റ്റുഡിയോസാണു നിർമിക്കുന്നത് എന്നതിനാൽ. അവരുടേതാണു കുമ്പളങ്ങി നൈറ്റ്സും, തൊണ്ടിമുതലും, മഹേഷിന്റെ പ്രതികാരവും, ജോജിയുമെല്ലാം. അവർ ഒരു ലീഡ് റോളിനു വിളിക്കുമ്പോൾ ഒന്നും നോക്കാനില്ല.
∙ പുതുമുഖ സംവിധായകന്റെ സിനിമയിൽ നടനായി സംവിധായകനായ ബേസിൽ. എന്താണു വിലയിരുത്തൽ?
അമൽ നീരദിനൊപ്പം വർക്ക് ചെയ്തിട്ടുള്ള സംഗീത് ആണു സംവിധായകൻ. സൗമ്യനായ നല്ല ക്ലാരിറ്റിയുള്ള സംവിധായകനാണു സംഗീത്. അനീഷ് അഞ്ജലി, വിനോയ് തോമസ് എന്നീ 2 മലയാളം അധ്യാപകരാണ് ഇതിന്റെ എഴുത്തുകാർ. വിനോയ് തോമസ് കഥാ വിഭാഗത്തിൽ ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. കഴിഞ്ഞ പ്രാവശ്യം നോവൽ വിഭാഗത്തിലും ഇതേ അവാർഡ് നേടിയിരുന്നു. സാഹിത്യപരമായി കഴിവുറ്റ എഴുത്തുകാർ. ഇതിനാൽ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ട്. അവരുടെ നിരീക്ഷണങ്ങളെല്ലാം ചിത്രത്തിൽ പ്രകടമാണ്. കിരൺ ദാസിന്റെ എഡിറ്റിങ്, ജസ്റ്റിൻ വർഗീസിന്റെ ട്രെൻഡിയായ മ്യൂസിക്. നല്ലൊരു ടീമായിരുന്നു.
∙ജാനേ മന്നിനു ശേഷം വീണ്ടും മുഴുനീള കോമഡി. ബേസിൽ ചിരിച്ചും ചിരിപ്പിച്ചും കാണാനാണോ പ്രേക്ഷകർക്ക് ഇഷ്ടം.
മുഴുനീള കോമഡി ചിത്രമാണെങ്കിലും കഥാപാത്രം ഒരു തമാശക്കാരന്റേതല്ല. സാഹചര്യങ്ങൾ തമാശകൾ സൃഷ്ടിക്കുക മാത്രമാണു ചെയ്യുന്നത്. ജാനേമനിൽ നായകന്റെ മണ്ടത്തരങ്ങളും കോമഡിയുമാണുള്ളതെങ്കിൽ ഇതിൽ സാഹചര്യങ്ങളും ബാക്കി കഥാപാത്രങ്ങളുമാണു കോമഡിയുണ്ടാക്കുന്നത്. ദിലീഷേട്ടൻ, ജോണി ആന്റണി, ഇന്ദ്രൻസ് ചേട്ടൻ, ഷമ്മിച്ചേട്ടൻ ഇവരൊക്കെയാണു പ്രധാന കഥാപാത്രങ്ങൾ. ഇവരെല്ലാം എസ്റ്റാബിഷ്ഡായ നടൻമാരാണ്. അവരുണ്ടാക്കുന്ന കോമഡിയാണ് ചിത്രത്തിലുള്ളത്. എന്റേതു സീരിയസ് കഥാപാത്രമല്ല താനും.
∙അടുത്തിടെയായി സീരിയസ് കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നു? കോമഡി ട്രാക്കിൽ നിന്നു മാറാനുള്ള ബോധപൂർവമായ ശ്രമമാണോ?
നടൻ എന്ന നിലയിൽ സംഭവിച്ച മാറ്റമാണത്. കോമഡിയായിരുന്നു കിട്ടിയിരുന്ന കഥാ പാത്രങ്ങളെല്ലാം. ഒറ്റവരിയിൽ പറയാവുന്ന കഥാപാത്രങ്ങള്‍. അതിൽ നിന്നു കുറച്ചു കൂടി വിശദമായി പറയാവുന്ന ഒട്ടേറെ അടരുകളുള്ള കഥാപാത്രങ്ങൾ വരാൻ തുടങ്ങി. ജോജിക്കു ശേഷമാണ് ഈ മാറ്റം. അതിലെ പള്ളീലച്ചന്റെ കഥാപാത്രം കണ്ടാണു പലരും എന്നെ അത്തരത്തിൽ ആലോചിച്ചു തുടങ്ങിയത്. അതു വരെ ഞാനും അഭിനയം ഗൗരവമായി എടുത്തിരുന്നില്ല. സംവിധാനം തന്നെയായിരുന്നു മുൻഗണന. അതിനു വേണ്ടിയായിരുന്നു പ്രയത്നം. കോമഡി ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ ഒരു പോയിന്റെത്തുമ്പോൾ നമുക്കും ഓഡിയൻസിനും ബോറടിക്കും. കുറേക്കൂടി ഉത്തരവാദിത്തമുള്ള കഥാപാത്രങ്ങൾ വന്നതോടെ സീരിയസായി അഭിനയത്തെ കണ്ടു തുടങ്ങി. കുറെക്കൂടി സീരിയസായി കഥാപാത്രങ്ങളെ ചെയ്യാനുള്ള സ്പേസിലേക്കും അതുകൊണ്ട് എത്തി. എന്നാലും സംവിധാനം തന്നെയാണു പ്രധാനം. രണ്ട് അവസരവും ഒരുമിച്ചു വന്നാൽ സംവിധാനം ചെയ്യാനേ പോകൂ. ഏതുറക്കത്തിലും അങ്ങനെയാണ്.
∙ഗൗരവമുള്ള കഥാപാത്രങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നു തോന്നിയോ.
ആ വേഷങ്ങൾ അംഗകരിക്കപ്പെട്ടു. അതുകൊണ്ടാണു കൂടുതൽ സംവിധായകർ എന്നെ വച്ചു ഗൗരവമായ വിഷയങ്ങൾ ആലോചിച്ചു തുടങ്ങിയത്. ‘ന്നാ താൻ കേസ് കൊട്’ പോലെയുള്ള ചിത്രങ്ങളിലേക്കു വിളി വന്നത് അതുകൊണ്ടാണ്. ജോജി ശരിക്കും ഒരു ടേണിങ് പോയിന്റായിരുന്നു. സത്യൻ അന്തിക്കാട് സാർ കണ്ടപ്പോഴും സംസാരിച്ചതു ജോജിയിലെ കഥാപാത്രത്തെക്കുറിച്ചായിരുന്നു.
∙അഭിനയത്തെക്കാൾ സംവിധാനം തിരഞ്ഞെടുക്കും എന്നു പറഞ്ഞു. 24 സിനിമയിൽ അഭിനയിച്ചപ്പോൾ 3 സിനിമയാണു സംവിധാനം ചെയ്തത്. കാരണം.
അഭിനയിക്കുമ്പോൾ നമ്മൾ എടുക്കുന്ന അധ്വാനം കുറവാണ്. കഥ കേൾക്കുന്നു. പിന്നെ അഭിനയിക്കാൻ ചെന്നാൽ മതി. ഇതിൽ നിക്ഷേപിക്കുന്ന സമയവും വളരെ കുറവാണ്. എന്നാൽ സംവിധാനം അങ്ങനെയല്ല. ഒരു സിനിമയിൽ ഒരു ദിവസം അഭിനയിച്ചാലും 24 സിനിമകളിൽ ഒന്നായി. അതുകൊണ്ട് എണ്ണം കൂടും. നടൻ എന്ന രീതിയിൽ സിനിമകൾക്കിടയ്ക്കുള്ള ബ്രേക്കുകളിലും അഭിനയിക്കാം. സിനിമ സംവിധാനം ചെയ്യുന്നതിനിടയിലുള്ള സമയത്തും മറ്റു നടൻമാരുടെ ഡേറ്റിനുവേണ്ടി കാത്തിരിക്കുന്ന സമയത്തും ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സംവിധായകൻ എന്ന നിലയിൽ ഒരുപാടു സിനിമ ചെയ്യണമെന്നില്ല. എന്നാൽ ചെയ്യുന്നത് നല്ല സിനിമയാകണം എന്ന ആഗ്രഹമുണ്ട്. ആക്ടിങ് കരിയർ പാരലലായി ഉണ്ടായിരുന്നതു കൊണ്ടു സാമ്പത്തിക സ്ഥിരതയുണ്ടായി. അതു സംവിധാനം ചെയ്യുന്ന സിനിമകൾക്കു കുറെക്കൂടി സമയമെടുത്തു നിലവാരത്തിൽ കോംപ്രമൈസ് ചെയ്യാതെ പ്രവർത്തിക്കാൻ സഹായിച്ചിട്ടുണ്ട്.
∙മിന്നൽ മുരളി രണ്ടാം ഭാഗം.
ഒരു സമയം നിശ്ചയി്ചിട്ടില്ലെങ്കിലും ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം. പല ഘടകങ്ങൾ കൂടിച്ചേരുമ്പോൾ അതു സംഭവിക്കും. ഇനി ഒന്നാം ഭാഗത്തിനു മുകളിലേക്കുള്ള സിനിമയാണു പ്രേക്ഷകർ പ്രതീക്ഷിക്കുക. രണ്ടാം ഭാഗം ചെയ്യാനായി മാത്രം എന്തെങ്കിലും ചെയ്തിട്ടു കാര്യമില്ല. ചെയ്യുമ്പോൾ കൃത്യമായി, നന്നായിത്തന്നെ ചെയ്യണം. അധികം വൈകാതെ അതിനുള്ള ശ്രമമുണ്ടാകും.