ADVERTISEMENT

ഫിറ്റ്നസിന്റെ കാര്യത്തിൽ തിരുവല്ലക്കാരി പെൺകുട്ടികൾ പണ്ടേ മാസ് ആണ്. തെന്നിന്ത്യൻ താരം നയൻതാരയുടെ നാട്ടിൽ നിന്നും എത്തി മോഡലിങ് രംഗത്ത് തന്റെ മുദ്ര പതിപ്പിച്ച തിരുവല്ലക്കാരിയാണ് നടി നേഹ റോസ്. വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നേഹ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചുരുക്കം ചില സിനിമകളിലൂടെ തന്റേതായ ശൈലിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നേഹ റോസ് മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....

 

മോഡലിങ് രംഗത്തേക്ക് വരുന്നത്?

neha-rose-32

 

ഫാഷന്റെ പിന്നാലെ പായണം എന്നാണ് ചെറുപ്പം മുതലേ മനസ്സിൽ ആഗ്രഹിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇന്റർനാഷ്നൽ ഫാഷൻ ഷോകളും ആഡ് ഫിലിംസുമൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു. ഫാഷൻ മാഗസിനുകളും വാങ്ങി വായിച്ചിരുന്നു. അതെല്ലാം ഫോളോ ചെയ്യാനും ശ്രദ്ധിച്ചു. റാമ്പ് വാക്ക് എങ്ങനെ ചെയ്യണം എന്നൊക്കെ ഞാൻ വെറുതെ ചെയ്തു നോക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. അന്നേ ഫാഷൻ എന്നാൽ എനിക്ക് ഭ്രാന്ത് ആയിരുന്നു. അങ്ങനെയാണ് ഞാൻ എന്റെ പാഷൻ തിരിച്ചറിഞ്ഞതും അതിലേക്ക് നടക്കാൻ തുടങ്ങിയത്..

 

neha-rose

ജോലി ഉപക്ഷിച്ച് മോഡൽ ആയി?

 

neha-rose

ഒരിക്കലും നല്ലൊരു സാമ്പത്തിക പശ്ചാത്തലം കളഞ്ഞിട്ട് ആരും മോഡലിങ് രംഗത്തേക്ക് ഇറങ്ങിത്തിരിക്കില്ലല്ലോ. റാമ്പിൽ അത്യാവശ്യം സജീവമായി കൊണ്ടിരിക്കുന്ന സമയത്താണ് ജോലി ഉപക്ഷിച്ചാലും എനിക്ക് അത് ഓക്കേ ആണ് എന്ന് മനസ്സിലാക്കി അതിൽ സജീവമാകുന്നത്. സത്യത്തിൽ ചെയ്തിരുന്ന ജോലിയോട് എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എല്ലാ ദിവസവും ഒരേ ജോലി ആണ് അവിടെല്ലാം ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു സുഖമില്ലാത്ത, അല്ലെങ്കിൽ ബോർ ആയിട്ടുള്ള ജോലിയായി തോന്നി തുടങ്ങിയിരുന്നു. നമുക്ക് ഇഷ്ടമില്ലാത്ത ഒരു ജോലി തുടരുന്നതിലും നല്ലത് ഇഷ്ടമുള്ള ജോലി ചെയ്യുന്നതല്ലേ?

 

joju-neha
സോളമന്റെ തേനീച്ചകൾ സിനിമയിൽ ജോജു ജോർജിനൊപ്പം

അങ്ങനെ അത് ഉപേക്ഷിച്ചു. പിന്നീട് ഹൈദരാബാദിലെ പാസ്സ് കൺസൾട്ടിങ് ഗ്രൂപ്പിൽ ജോലി ചെയ്തു. അതും എനിക്ക് ഇഷ്ടപെട്ടില്ല. രസകരമാകും എന്ന് കരുതി പോയ ജോലി എനിക്ക് പറ്റുന്നില്ല എന്ന് തിരിച്ചറിഞ്ഞ് ഞാൻ ഉപേക്ഷിക്കുകയായിരുന്നു. പിന്നെ എച്ച്ആർ എന്ന് പറയുന്ന ആൾ എല്ലാ ജോലിക്കാരുടെയും ശത്രുവാണ്. അതുകൊണ്ട് തന്നെ അത് വളരെ ഒരു ബുദ്ധിമുട്ടുള്ള ജോലി ആയിട്ടാണ് ഞാൻ അതിനെയൊക്കെ കണ്ടത്. പിന്നീട് സ്ട്രോം ഫാഷൻ കമ്പനിയിൽ ബിസിനസ് മാനേജർ ആയിട്ട് ജോലി ചെയ്തു. ഇന്ത്യയിലെ മുഴുവൻ സ്ഥലങ്ങളിലും പോകേണ്ട തരത്തിലുള്ള ഒരു ജോലിയാണ് അവിടെ ചെയ്തിരുന്നത്. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതിനിടയിൽ കേരളത്തിലും വന്നു പോയിരുന്നു.

 

ചില പ്രതിസന്ധികളും തരണം ചെയ്തു? 

 

സ്റ്റോം ഫാഷനിലെ ജോലിയുമായി ബന്ധപ്പെട്ട് ആണ് ഞാൻ കേരളത്തിലേക്ക് വരുന്നത്. 2018 പകുതിയോടുകൂടിയാണത്. അപ്പോഴേക്കും വെള്ളപ്പൊക്കവും കൊറോണ അങ്ങനെ പല കാര്യങ്ങളും വന്നു. ഡിമോണിറ്റൈസേഷൻ നടന്ന സമയത്തും ഫാഷൻ ഷോയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടൊക്കെ എനിക്ക് വന്ന അവസരങ്ങൾ എല്ലാം ഞാൻ നന്നായി ഉപയോഗിച്ചു. ചെറിയ റോളുകൾ, വലിയ റോളുകൾ, ക്യാരക്ടർ റോളുകൾ അങ്ങനെയൊന്നും ചിന്തിക്കാതെ നല്ല പ്രോജകടിന്റെ ഭാഗമാവുക എന്ന് മാത്രം ചിന്തിച്ചു. അങ്ങനെ ആ കാലം തൊട്ട് ഇവിടെ പരസ്യങ്ങൾ സജീവമായി ചെയ്തു തുടങ്ങി. ഒപ്പം മോഡലിങും തുടർന്നു. എപ്പോഴും ഈ മേഖലകളിൽ ഒരു കുട്ടിയായി ഇരിക്കാൻ പറ്റില്ലല്ലോ. അങ്ങനെയാണ് ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് ആഡ് ഫിലിംസ് ചെയ്യുമ്പോൾ ഇനി ഒന്ന് ചുവട് മാറ്റിപ്പിടിക്കണം എന്നൊരു തോന്നലുണ്ടായത് എന്ന് പറയാം. പരസ്യങ്ങൾ ചെയ്തപ്പോൾ സിനിമയും ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കി. അതിനായി ശ്രമങ്ങളും തുടങ്ങി. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടി എന്ന് പറയാം. 

 

neha-train
പേഴ്സനൽ ട്രെയിനർ ജിന്റോയ്‌ക്കൊപ്പം

മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക്?

 

കലാപരമായി മുന്നോട്ടു പോകണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. സിനിമ പോലെ തന്നെ ഫാഷനും ഒരു കലയാണ്. ഫാഷനായി ഞാൻ കുറെയധികം കാലം മാറ്റിവച്ചിരുന്നു എന്നു പറയാം. ആഴ്ച അവസാനങ്ങളിൽ റാമ്പ് വാക്ക് പോലെയുള്ള കാര്യങ്ങൾക്കായി പോയിരുന്നു. മോഡലിങ്ങിലേക്കു വന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മുന്നേ ഞാൻ സിനിമയിൽ എത്തിയേനെ എന്നാണ് ഇപ്പോൾ തോന്നുന്നത്. ഞാൻ ജോലി ചെയ്തത് എല്ലാം ഒരു ഫാഷൻ ഓറിയന്റഡ് സിറ്റിയിൽ ആയിരുന്നു. അവിടെ കിട്ടിയ അവസരങ്ങളെല്ലാം തന്നെ ഫാഷനുമായി ബന്ധപ്പെട്ടതും ആയിരുന്നു. ആഡ് ഫിലിംസും കുറച്ചു മാത്രമേ കിട്ടിയിരുന്നുള്ളൂ. കൂടുതൽ റാമ്പുകളാണ് ഉണ്ടായിരുന്നത്. ആ സമയത്തൊന്നും സിനിമയെ ഫോക്കസ് ചെയ്തിരുന്നില്ല. 

 

എന്റെ മുന്നിൽ വന്നിരുന്ന അവസരങ്ങളും ഫാഷനുമായി ബന്ധപ്പെട്ട തന്നെയായിരുന്നു. ഞാനതിൽ സാറ്റിസ്ഫൈഡ് ആയിരുന്നു. ഫാഷനെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഒരുപാട് മോഡൽസും നമുക്കുണ്ട്. അങ്ങനെ അതുമായി മുന്നോട്ടുപോയി. സിനിമയിൽ തല കാണിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ലല്ലോ. അങ്ങനെ ഒരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. പക്ഷേ അതൊരു സീരിയസ് കാര്യമായി എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ഇപ്പൊൾ സിനിമയിലേക്ക് എത്തിയതിനു പിന്നിൽ ഒരുപാട് ആളുകളുടെ സപ്പോർട്ട് ഉണ്ട്. സിനിമ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ ആദ്യം മുതലേ കുറെ റഫറൻസുകൾ കിട്ടി. അതിൽ ഒരു സുഹൃത്ത് വഴിയാണ് വൺ എന്ന സിനിമയിലേക്ക് ഞാൻ എത്തുന്നത്. അതിൽ ഒരു അതിഥി വേഷമാണ് ചെയ്തത്. അതൊരു രണ്ടുദിവസത്തെ ഷൂട്ട് ആണ് ഉണ്ടായിരുന്നതും.

neha-rose-3

 

പീസ് സിനിമയിൽ അനിൽ നെടുമങ്ങാടിനൊപ്പം?

 

സിനിമയിൽ അനിൽ നെടുമങ്ങാടിന്റെ ഭാര്യയായിട്ടാണ് ഞാൻ അഭിനയിച്ചത്. ഒരു നാടൻ ലുക്കിലാണ് അഭിനയിച്ചത്. ഞാനാണ് അത് ചെയ്തത് എന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടുണ്ട്. കരിയറിന് തുടക്കത്തിൽ തന്നെ അങ്ങനെ ഒരാൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. പിന്നെ നാടൻ ആയാലും മോഡേൺ ആയാലും നന്നായി ചെയ്യുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ കിട്ടുന്ന വേഷങ്ങൾ എല്ലാം നന്നായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നുമുണ്ട്.

neha-rose-2

 

ആരോഗ്യ സംരക്ഷണം?

 

തുടക്കകാലത്ത് ഗ്രൗണ്ട് എക്സർസൈസുകൾ ചെയ്യുമായിരുന്നു. ബേസിക് ആയിട്ടുള്ള എക്സർസൈസുകളാണ് ചെയ്തിരുന്നത്. ഏകദേശം ഒരു മണിക്കൂറോളം വർക്കൗട്ടാണ് ചെയ്തിരുന്നത്. മോഡലിങ് സമയത്ത് അതു മതിയായിരുന്നു. ഇപ്പോൾ അത് മാറി. വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യാറുണ്ട്. ഒപ്പം ജിമ്മിൽ പോയും ചെയ്യാറുണ്ട്. 

 

ആഹാര രീതി?

 

പൊതുവേ നന്നായി വെള്ളം കുടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെ അളവും കുറവാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ കൃത്യമായി ആഹാരം രീതികളിൽ നിയന്ത്രണം പാലിച്ചിരുന്നു. ഇപ്പൊൾ ഒരു ഡയറ്റീഷ്യന്റെ സപ്പോർട്ടോടുകൂടി കൃത്യമായ ഡയറ്റും ഫോളോ ചെയ്യുന്നു. 

 

ട്രോളുകളോട്?

 

നമ്മുടെ ലോകത്തുള്ള മനുഷ്യർ പലവിധമാണ്. ഓരോരോ ആളുകൾക്കും ഓരോരോ ചിന്താഗതിയാണ്. ഓരോരുത്തർക്കും ഓരോ അഭിപ്രായവുമാണ്. ഒരു ചായ ഇട്ടാൽ തന്നെ അതിൽ പഞ്ചസാരയുടെ അളവ്, ചായപ്പൊടിയുടെ അളവ് എല്ലാം പലരു ചെയ്യുമ്പോൾ അത് പലത് ആയിരിക്കും. രുചിയും വ്യത്യസ്തമായിരിക്കും. എല്ലാവർക്കും അവരവരുടെ കാഴ്ചപ്പാട് ഉണ്ടല്ലോ. മറ്റൊരാളുടെ രുചി നോക്കി നമ്മൾ ചായ ഇടാൻ നിന്നു കഴിഞ്ഞാൽ അത് ഒരിക്കലും നന്നായി എന്നും വരില്ല. അത് പോലെയാണ് ട്രോളുകൾ. ഒരാൾ എന്തെങ്കിലും പറയുന്നു, അത് കേട്ട് മറ്റൊരാൾ കുറെ മറുപടി പറയുന്നു. അതിനോടൊന്നും ഞാൻ യോജിക്കുന്നില്ല. കാരണം മറ്റുള്ളവർ എന്തുപറഞ്ഞാലും അത് തെറ്റല്ല. കാരണം അവർ പറയുന്നത് അവരുടെ കാഴ്ചപ്പാടും അഭിപ്രായങ്ങളുമാണ്. അത് അവർ വന്ന സാഹചര്യങ്ങളിൽ നിന്നും അവർ പഠിച്ച സാഹചര്യങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ്. അത് അവർ പറയട്ടെ.അവർ ചിലപ്പോൾ വെറുതെ പറയുന്നതുമായിരിക്കും എന്നാണ് ഞാൻ കണക്കാക്കുന്നത്. നമ്മൾ എന്തിനാണ് അതിനെപ്പറ്റി ചിന്തിക്കുന്നത്. നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതിൽ സംതൃപ്തരാവുക. 

 

വീട്ടുകാരുടെ പിന്തുണ?

 

ഒരു സ്ലീവ്‌ലെസ് ഇടാനോ, ലിപ്സ്റ്റിക് ഇടാനോ ഒന്നും വീട്ടിൽ ആദ്യമൊന്നും സമ്മതിക്കില്ലായിരുന്നു. ചെറുപ്പത്തിൽ കുറച്ച് ഡാർക്ക് ആയിട്ട് ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞാൽ എന്നെ വീട്ടിൽ വഴക്കു പറയുമായിരുന്നു. എങ്കിലും ഞാൻ ലൈറ്റ് ആയിട്ട് ലിപ്സ്റ്റിക് ഇടുമായിരുന്നു. സപ്പോർട്ട് ആണെങ്കിലും ഇത്തരം കാര്യങ്ങളിൽ അവർക്ക് താല്പര്യമില്ലായിരുന്നു. ആദ്യമായി ഞാൻ ഒരു ജോലി രാജി വയ്ക്കുമ്പോൾ അതിന് വീട്ടുകാർ ഒട്ടും സപ്പോർട്ട് ആയിരുന്നില്ല. സഹോദരി ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്, ചേട്ടന് ബിസിനസ് ആണ്. അങ്ങനെയൊരു ഫാമിലി ആയതുകൊണ്ട് തന്നെ അവർക്ക് അത് എന്താണെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.ഈ മേഖലയിൽ എന്നെ സപ്പോർട്ട് ചെയ്യാൻ ഒന്നും ആരുമില്ല. സ്വാഭാവികമായും അന്ന് അവർക്ക് നല്ല പേടി ഉണ്ടായിരുന്നു. ഇപ്പൊൾ അതൊക്കെ മാറി.

 

ഡ്രീം റോൾ?

 

അങ്ങനെ ചോദിച്ചാൽ 'ഡേർട്ടി പിക്ചറിൽ' വിദ്യാബാലൻ ചെയ്തതു പോലൊരു റോൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

 

പുതിയ ചിത്രങ്ങൾ?

 

തമിഴിൽ ഞാനിപ്പോൾ ഒരു ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ പേര് 'വമ്പലൻ ' എന്നാണ്. ചിത്രത്തിലുടനീളം പ്രാധാന്യമർഹിക്കുന്ന ഒരു ഡിറ്റക്ടീവ് നോവലിസ്റ്റിന്റെ വേഷമാണ്.

 

വീട്ടിൽ?

 

അച്ഛൻ ജോർജ്ജ് തോമസ് ബാങ്ക് മാനേജർ ആയിരുന്നു. ഇപ്പൊൾ റിട്ടയർ ചെയ്തു. അമ്മ അന്നമ്മ തോമസ് ടീച്ചറാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് ഷെറിൻ തോമസ് ആണ് സഹോദരി. തിരുവല്ല സ്വദേശിയാണെങ്കിലും ജോലി സംബന്ധമായി ഞാനിപ്പോൾ എറണാകുളത്ത് ആണ് താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com