‘എഴുപതാം വയസ്സിൽ എന്റെ ആദ്യ നായകവേഷം’; ആ നായകനുമായി ഒരഭിമുഖം
Mail This Article
എഴുപതാം വയസ്സിൽ നായകനായി ഒരു സിനിമ. അൻപതാണ്ടുകൾ നീണ്ട അഭിനയജീവിതത്തിൽ ആദ്യമായൊരു സിനിമയിൽ നായകവേഷം ലഭിച്ചതിന്റെ അഹ്ലാദത്തിലാണ് ജയരാജ് കോഴിക്കോട്. ‘ജനനം 1947, പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലാണ് ജയരാജ് കോഴിക്കോട് നായകനായെത്തുന്നത്. നവാഗതനായ അഭിജിത് അശോകൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്രയോൺസ് പിക്ചേഴ്സിൻറെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ നിർമ്മാണവും അഭിജിത് അശോകൻ തന്നെയാണ് നിർവ്വഹിക്കുന്നത്.
∙ കോഴിക്കോടൻ അരങ്ങിന്റെ ഊർജം
പണ്ടുകാലങ്ങളിൽ കോഴിക്കോട്ട് തിരുവാതിരക്കാലത്ത് നാട്ടിൻപുറങ്ങളിലും മറ്റും പൊറാട്ടുനാടകങ്ങള് സജീവമായിരുന്നു. തിരുവാതിരക്കാലത്ത് അവതരിപ്പിക്കുന്ന പൊറാട്ടുനാടകങ്ങളിലൂടടെയാണ് ജയരാജ് അഭിനയരംഗത്തേക്കു കടന്നു വന്നത്. സ്കൂൾ നാടകങ്ങളും ദേശപോഷിണി വായനശാലയടക്കമുള്ളവരുടെ നാടകങ്ങളും അഭിനേതാവെന്ന നിലയിൽ ജയരാജിനെ വളർത്തി. ഗ്രാമീണമായ തനതുശൈലിയുള്ള അഭിനയം കണ്ടാൽ തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പ്രതീതിയാണ് പ്രേക്ഷകർക്കു തോന്നാറുള്ളത്. കോഴിക്കോട് അണിയറ, യുഡിഎ തുടങ്ങിയവയുടെ സ്ഥിരം അഭിനേതാവായി. അക്കാലത്ത് നഗരത്തിലെ അറിയപ്പെടുന്ന ജാസ് പ്ലെയറും ഡ്രമ്മറുമായിരുന്നു ജയരാജ്. മൈംഷോ എന്ന വൺമാൻഷോയിലും ജയരാജ് സജീവമാണ്. ശബ്ദലേഖന രംഗത്ത് ഫോളി ആർട്ടിസ്റ്റുമാണ് ഇദ്ദേഹം. പഴയകാല നാടക കലാകാരൻമാരുടെ കഥ പറയുന്ന നാടകപുരാണം എന്ന യൂട്യൂബ് ചാനലും ജയരാജ് നടത്തുന്നുണ്ട്.
∙ സത്യൻ അന്തിക്കാടിന്റെ കണ്ടെത്തൽ
സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ നാട്ടിൻപുറത്തുകാരനായാണ് ജയരാജ് കോഴിക്കോട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. സത്യൻ അന്തിക്കാടിന്റെ ‘എന്നും നൻമകൾ’ സിനിമയിൽ ബസ് കണ്ടക്ടറായാണ് ജയരാജ് സിനിമയിലെത്തുന്നത്. എവിടെയോ കണ്ടുമറന്ന നാട്ടിൻപുറത്തുകാരന്റെ മുഖമുള്ള ജയരാജ് മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെയും സിനിമകളില്‍ അഭിനയിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ, പിന്നെയും എന്നീ സിനിമകളിലും അഭിനയിച്ചു.
അഭിഭാഷകന്റെ കേസ് ഡയറിയിൽ നരേന്ദ്രപ്രസാദ് അപ്രതീക്ഷിതമായി കോടതിയിലെത്തിക്കുന്ന ഒരു സാക്ഷിയാണ് മമ്മൂട്ടിയുടെ കഥാപത്രത്തെ വെള്ളം കുടിപ്പിക്കുന്നത്. രാത്രി തേങ്ങ മോഷ്ടിക്കുന്നതിനിടെ തെങ്ങിലിരുന്ന് കുറ്റകൃത്യം നേരിട്ടുകണ്ട സാക്ഷിയായി ജയരാജിന്റെ അഭിനയം ആർക്കും മറക്കാൻ കഴിയില്ല.
∙ തേടിവന്ന നായകൻ
ഹെലൻ എന്ന സിനിമയിൽ അന്ന ബെന്നിനൊപ്പമുള്ള തകർപ്പൻ അഭിനയം കണ്ടാണ് ജയരാജിനെത്തേടി സംവിധായകന്റെ വിളിയെത്തിയത്. താൻ നായകനാവുന്ന സിനിമയെന്നു കേട്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടിക്കളിയാവുമെന്നാണ് ആദ്യത്തെ അമ്പരപ്പിൽ തോന്നിയത്. പക്ഷേ പിന്നീടാണ് വളരെ സീരിയസായ സിനിമയാണെന്ന് തിരിച്ചറിയുന്നതെന്നും ജയരാജ് കോഴിക്കോട് പറഞ്ഞു. ചിത്രത്തിന്റെ അവസാനഘട്ടപണികളാണ് ഇപ്പോൾ നടക്കുന്നത്.
∙ വരാനിരിക്കുന്നത് കിടിലൻവേഷങ്ങൾ
ഷറഫുദ്ദീൻ നായകനായെത്തിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ ജയരാജിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ തെക്കൻ തല്ലുകേസിൽ ബിജുമേനോനൊപ്പം ഒരു കഥാപാത്രത്തെ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ജയരാജ്.
എംടിയുടെ കഥയെ ആസ്പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചുകഴിഞ്ഞു. ബഷീറിന്റെ ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന നീലവെളിച്ചത്തിലും ജയരാജ് കോഴിക്കോടുണ്ട്. ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറിലും ജയരാജ് ഇടംപിടിച്ചിട്ടുണ്ട്.