ADVERTISEMENT

ബിന്ദു പണിക്കർ അഭിനയിച്ച ‘വാത്സല്യ’ത്തിലെ നളിനി മലയാളികളുടെ നെഞ്ചു നോവിച്ച കഥാപാത്രമായിരുന്നു, തുടർന്നിങ്ങോട്ട് ട്രോളന്മാരുടെ ഇഷ്ടകഥാപാത്രങ്ങളായ ഇന്ദുമതി, സിഐഡി മൂസയിലെ രമണി, സാറാമ്മ, വനജ തുടങ്ങി അൻപതിലധികം അനശ്വര കഥാപാത്രങ്ങൾ അഭ്രപാളിയിലെത്തിച്ച ബിന്ദു ‘സൂത്രധാരനി’ലെ ദേവമ്മയിലൂടെ മലയാളികളെ ആദ്യമായി ഞെട്ടിച്ചു. ഇന്ന് മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ കണ്ടവർ ബിന്ദു പണിക്കരെ കണ്ടു വീണ്ടും ഞെട്ടി. ഒരിടവേളയ്ക്കു ശേഷം ബിന്ദു തിരിച്ചെത്തിയത് സീതമ്മ എന്ന ആരെയും ഭയപ്പെടുത്തുന്ന അമ്മ കഥാപാത്രവുമായിട്ടാണ്. അളന്നു മുറിച്ചാണ് മമ്മൂട്ടി റോഷാക്കിലെ താരങ്ങളെ നിർദേശിച്ചത്, മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ല. മമ്മൂട്ടിയോളം തന്നെ വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനവുമായി ബിന്ദു വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്. റോഷാക്ക് കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല എന്ന് ബിന്ദു പറയുന്നു. ശക്തമായൊരു കഥാപാത്രവുമായി സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ച് ബിന്ദു പണിക്കർ മനോരമ ഓൺലൈനൊപ്പം ചേരുന്നു...

റോഷാക്ക് പോലൊരു ചിത്രം ആദ്യം

ഞാൻ ഇപ്പോൾ റോഷാക്ക് കണ്ടു വന്നതേയുള്ളൂ. പുതിയ പടത്തിന്റെ ഷൂട്ട് നടക്കുന്നതുകൊണ്ട് ഇതുവരെ തിയറ്ററിൽ പോകാൻ പറ്റിയിരുന്നില്ല. പടം കാണാൻ പോകുമ്പോൾ പോലും എങ്ങനെയായിരിക്കും എന്ന് ഒരു ധാരണയും ഇല്ലായിരുന്നു. മനസ്സിൽ എന്തെങ്കിലും ധരിച്ചു വച്ചിരുന്നെങ്കിൽ പോലും പടം കണ്ടപ്പോൾ അതെല്ലാം മാറി. നിസ്സാം ബഷീർ ഞങ്ങൾക്ക് എല്ലാവർക്കും ഫുൾ സ്ക്രിപ്റ്റ് തന്നിട്ടുണ്ട്. പടം ചെയ്യുമ്പോൾ ഏകദേശരൂപം നമുക്ക് അറിയാൻ പറ്റും, പക്ഷേ ഇതൊന്നുമല്ല പടം എന്നത് ഇന്നു കണ്ടപ്പോഴാണ് മനസ്സിലായത്. മലയാള സിനിമയിൽ ഒരു ബോംബിട്ടതു പോലെയാണ് തോന്നുന്നത്. ആകെയൊരു ഷോക്കാണ്. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക്. എല്ലാവരും ഈ സിനിമ കണ്ടിരിക്കണം. തിയറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യരുത്. നിങ്ങൾ ഇതുവരെ കണ്ട പടങ്ങളോ ആളുകളോ അല്ല ഇത്. നിസ്സാമിന്റെ മേക്കിങ്ങിനെക്കുറിച്ച് പറയാതെ വയ്യ. ഇതിൽ അഭിനയിച്ച ഓരോ താരവും നിസ്സാം ഈ കഥ എങ്ങനെ പ്രേക്ഷകരിൽ എത്തിക്കുന്നു എന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു. ക്യാമറ, മ്യൂസിക്, എഡിറ്റിങ് എന്നുവേണ്ട ഈ സിനിമയോടൊപ്പം പ്രവർത്തിച്ച അണിയറപ്രവർത്തകരെല്ലാം തന്നെ മികച്ച രീതിയിൽ ആണ് വർക്ക് ചെയ്തത് അതിന്റെ റിസൽട്ടാണ് ഈ സിനിമയുടെ വിജയം.

എല്ലാവരും നന്നായി അഭിനയിച്ച സിനിമ

റോഷാക്കിൽ അഭിനയിച്ച ഷറഫ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ ഇക്ക, സഞ്ജു ശിവറാം, ശ്രീജ രവി, സീനത്ത് തുടങ്ങി എല്ലാവരും നല്ല അഭിനയം കാഴ്ചവച്ചു. ജഗദീഷേട്ടനെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. സിനിമ കണ്ടു വന്നിട്ട് എനിക്ക് നെഞ്ചിനൊരു വിങ്ങലാണ്. ഞാൻ ചെയ്ത കഥാപാത്രത്തെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടാരുന്നു. സീത എങ്ങനെയുള്ള കഥാപാത്രമാണെന്ന് എനിക്കറിയാം, പക്ഷേ സിനിമ കണ്ടപ്പോൾ, ഞാൻ മനസ്സിലാക്കിയതിൽനിന്ന് എത്ര വ്യത്യസ്തമായിട്ടാണ് നിസ്സാം സീതയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലായി. നിങ്ങൾക്ക് സീതയിൽ ബിന്ദു പണിക്കരെ കാണാൻ കഴിയില്ല, ഞാൻ സീതയായി മാറുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ശബ്ദിക്കാൻ പറ്റിയില്ല. വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി. ഇങ്ങനെയുള്ള മനുഷ്യരുണ്ടോ?. സീത മാത്രമല്ല ലൂക്ക് ആന്റണി, ദിലീപ്, ബാലൻ, സുജാത, അനിൽ, അഷ്റഫ് തുടങ്ങി ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിന്ന് വേദനിപ്പിക്കുന്നുണ്ട്.

മമ്മൂക്കയുടെ അഭിനയത്തിന് മാർക്കിടാൻ ഞാനാരുമല്ല, എങ്കിലും

റോഷാക്കിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഓരോ താരും കഥാപാത്രമായി മാറുകയായിരുന്നു. ആ കഥാപാത്രത്തിന്റെ മാനസിക സംഘർഷവും പ്രശ്നങ്ങളും ഞങ്ങൾ അനുഭവിക്കുകയായിരുന്നു. അവിടെ ബിന്ദു പണിക്കരോ മമ്മൂക്കയോ ഉണ്ടായിരുന്നില്ല, അവിടെ സീതയും ലൂക്ക് ആന്റണിയും ആണ് ഉണ്ടായിരുന്നത്. മമ്മൂക്കയുടെ അഭിനയത്തെപ്പറ്റി ഞാൻ എടുത്തുപറയേണ്ട കാര്യമില്ല. മമ്മൂക്ക നമുക്ക് എപ്പോഴും ഒരു അദ്ഭുതമാണല്ലോ. സെറ്റിൽ കഥാപാത്രത്തെപ്പോലെ തന്നെ എനിക്കാണ് പ്രായം കൂടുതൽ ഫീൽ ചെയ്തത്. മമ്മൂക്കയ്ക്ക് പ്രായത്തിന്റെ ഒരു പ്രശ്നങ്ങളുമില്ല. ആക്‌ഷൻ സീനൊക്കെ പുല്ലുപോലെ ആണ് ചെയ്യുന്നത്. മമ്മൂക്ക ആക്‌ഷൻ ചെയ്യുന്നത് കണ്ട് അദ്ഭുതപ്പെട്ടുപോയി. ഇപ്പോൾ തന്നെ ഞാൻ കുനിഞ്ഞിട്ടു നിവരുമ്പോൾ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയൊന്നുമില്ല പണ്ട് കണ്ട ആൾ തന്നെ ഇപ്പോഴും മുന്നിലിരിക്കുന്നത്. നമ്മളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും വിസ്മയിപ്പിക്കാനും വേണ്ടി മമ്മൂക്ക ഇനിയും കാലങ്ങളോളം ഇങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണു പ്രാർഥന.

പുതിയൊരു ജഗദീഷിനെ ആണ് റോഷാക്കിൽ കണ്ടത്

ഈ സിനിമയിൽ അഭിനയിച്ചവർക്ക് മുൻപ് ചെയ്ത കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നു. ഓരോരുത്തരും പുതിയ ആളായിട്ടു തോന്നി. അതിൽ എടുത്തു പറയേണ്ടത് ജഗദീഷ് ഏട്ടന്റെ കഥാപാത്രമാണ്. അദ്ദേഹവുമായുള്ള അവസാന സീൻ കണ്ടതിന്റെ ഞെട്ടൽ എനിക്കിനിയും മാറിയിട്ടില്ല. സിനിമ കണ്ടപ്പോൾ ഇത് ഞാൻ തന്നെയാണോ ചെയ്തത് എന്ന് തോന്നിപ്പോയി. അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഇത്രയ്ക്ക് ക്രൂരമായ സീൻ ആയി തോന്നിയില്ല. ആ സീൻ കണ്ടപ്പോൾ ശരിക്കും സങ്കടമോ പേടിയോ എന്താണെന്നു അറിയില്ല, നെഞ്ചിൽ ഇപ്പോഴും വിങ്ങലാണ്. പടം കണ്ടിട്ട് വന്നു ഞാൻ ജഗദീഷേട്ടനെ വിളിച്ചു സംസാരിച്ചിരുന്നു.

സീത എന്നെത്തേടി വന്നപ്പോൾ സന്തോഷം തോന്നി

ബാദുഷ ആണ് എന്നെ വിളിച്ച് നിസ്സാം കഥ പറയാൻ വരുന്നുണ്ട് എന്നു പറഞ്ഞത്. പിന്നീട് നിസ്സാം ബഷീറും തിരക്കഥാകൃത്ത് സമീർ അബ്ദുല്ലയും വന്നു കഥപറഞ്ഞു. കഥ പകുതി കേട്ടപ്പോൾ ഞാൻ അതിൽ മുഴുകിപ്പോയി, ഒടുവിൽ ഞാൻ കമന്റ് പറഞ്ഞത് ‘‘അയ്യോ, ഇത് വല്ലാത്തൊരു കഥ ആണല്ലോ’’ എന്നാണ്. ആ കഥാപാത്രത്തെ എന്നെ ഏൽപിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്. ആ വേഷം ചെയ്യാൻ കഴിയുമോ എന്ന സംശയം ഒന്നുമില്ലായിരുന്നു. കഥ കേട്ടപ്പോൾത്തന്നെ ഞാൻ സീതയെ മനസ്സിൽ ഏറ്റെടുത്തു കഴിഞ്ഞു. ഞാൻ സായി ചേട്ടനോട് സീതയെപ്പറ്റി പറഞ്ഞു അദ്ദേഹം പറഞ്ഞത് ‘‘ബിന്ദു, നല്ല കഥാപാത്രമാണ്, നന്നായി ചെയ്യണം.’’ എന്ന്.

അഭിനയത്തെ സ്നേഹിക്കുന്ന ഏതൊരു ആർട്ടിസ്റ്റും കൊതിക്കുന്ന കഥാപാത്രമാണ് സീത. ഷൂട്ട് കഴിഞ്ഞു വരുമ്പോൾ ഓരോ ദിവസവും സായി ചേട്ടനും ഞാനും കഥാപാത്രത്തെപ്പറ്റി ചർച്ച ചെയ്യും. സിനിമ കണ്ടു കഴിഞ്ഞു സായി ചേട്ടൻ പറഞ്ഞത് ‘‘നമ്മൾ എത്രയോ സിനിമകൾ കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ഒരു അനുഭവം ആദ്യമായ്ണ്. നെഞ്ചത്ത് എന്തോ ഒരു ഭാരം കയറ്റി വച്ചതുപോലെ ഉണ്ട്’’ എന്നാണ്. എനിക്കും അതേ അനുഭവമാണ്. ഒരു കുടുംബം മുഴുവൻ മനസ്സിൽ ദുഷ്ടത നിറഞ്ഞ ആളുകൾ. ഓർക്കുമ്പോൾത്തന്നെ പേടിയാകുന്നു. ആരും കുറ്റവാളികൾ ആയി ജനിക്കുന്നില്ലല്ലോ. ചിലപ്പോൾ ഓരോരുത്തരുടെ ജീവിത സാഹചര്യങ്ങൾ അവരെ കുറ്റവാളിയാക്കുന്നതാകാം. അവരുടെയൊക്കെ മാനസിക സംഘര്‍ഷങ്ങൾ എന്തായിരിക്കും എന്ന് ഞങ്ങൾ ആലോചിക്കുകയായിരുന്നു. സിനിമയിൽ അഭിനയിച്ച എല്ലാവരെയും സായി ചേട്ടൻ വിളിച്ച് അഭിനന്ദിച്ചു. ഒരുപാടു പേർ വിളിച്ച് നല്ല പ്രതികരണങ്ങൾ അറിയിച്ചു. എനിക്ക് ഷൂട്ട് ഉള്ളതുകൊണ്ട് തിയറ്റർ വിസിറ്റിനൊന്നും പോകാൻ പറ്റിയില്ല. പക്ഷേ ഷറഫ്, ഗ്രേസ് ഒക്കെ വിളിച്ചിട്ട്, ചേച്ച‌ീ, നല്ല റിപ്പോർട്ട് ആണ്, സിനിമ വേറെ ലെവൽ ആണ് എന്നൊക്കെ പറഞ്ഞു.

സിനിമയിൽനിന്ന് ബ്രേക്ക് എടുത്തോ

ഞാൻ മനഃപൂർവം സിനിമയിൽനിന്ന് ബ്രേക്ക് എടുത്തിട്ടില്ല. സിനിമകളൊന്നും എന്നെത്തേടി വന്നില്ല എന്നുള്ളതാണ് സത്യം. ഒരിടവേളയ്ക്കു ശേഷം വലിയൊരു അവസരമാണ് എന്നെത്തേടി എത്തിയത്. റോഷാക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മമ്മൂക്കയാണ് ഈ സിനിമയ്ക്ക് വേണ്ടി താരങ്ങളെ നിർദേശിച്ചത് എന്നു കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇതൊരു നന്മയുടെ സിനിമയാണ്. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുട്ടികളും വളരെ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് അവരുടെ സ്നേഹത്തിന്റെയും നന്മയുടെയും സിനിമയാണിത്.

മകൾ സിനിമയിലേക്ക് വരുമോ

bindu-panicker-family

എന്റെ മകൾ കല്യാണി ഇപ്പോൾ യുകെയിൽ ഫ്രഞ്ച് ക്വിസീൻ മെയിൻ എടുത്ത് കളിനറി ആർട്സിന് പഠിക്കുകയാണ്. അവൾ റോഷാക്ക് കാണാൻ കാത്തിരിക്കുകയാണ്. അവൾക്ക് യു കെയിൽ പോയി പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു അതിപ്പോൾ സാധിച്ചു. അവൾ സിനിമയിലേക്ക് വരുമോ എന്നൊന്നും ഇപ്പോൾ അറിയില്ല, പഠിച്ചിട്ടു വരട്ടെ. ഭാവിയിൽ എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലല്ലോ.

പുതിയ ചിത്രങ്ങൾ

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഷറഫുദീൻ, രജിഷ വിജയൻ തുടങ്ങിയവർ ഇതിലുണ്ട്. റോഷാക്കിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. സിനിമയിൽ വീണ്ടും സജീവമാകണമെന്നാണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com