ADVERTISEMENT

തിരുവനന്തപുരത്ത് ഡിഡിഎൻഎംആർസി ന്യൂക്ലിയർ മെഡിസിൻ ആൻഡ് തെറാപ്പി സെന്റർ എന്ന കേരളത്തിലെ ആദ്യ അത്യാധുനിക ന്യൂക്ലിയർ മെഡിസിൻ സെന്റർ സ്ഥാപിച്ച് തന്റെ സംരംഭക ജീവിതം ആരംഭിച്ച വ്യക്തിയാണ് ന്യൂക്ലിയർ മെഡിസിൻ ഫിസിഷ്യനായ ഡോ. അജിത് ജോയ്. ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച അദ്ദേഹം 2014 ൽ, പരേതനായ പിതാവ് ജോയ് ജോസഫ് സ്ഥാപിച്ച ഡിഡിആർസി എസ്എൽആർ ഡയഗ്നോസ്റ്റിക് സേവനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. 72 യൂണിറ്റുകളിൽനിന്ന്, നേരിട്ട് പ്രവർത്തിക്കുന്ന 240 ശാഖകളുമായി കേരളത്തിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് നെറ്റ്‌വർക്കിലേക്ക് ബിസിനസ് വളർത്തി.

കേരളത്തിൽ കോവിഡ് ആർ‌ടി‌പി‌സി‌ആർ ടെസ്റ്റുകൾ ആരംഭിക്കുകയും പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട് ഡിഡിആർസി എസ്ആർഎൽ. പിന്നീട് അദ്ദേഹം തന്റെ ബിസിനസ് മിറ്റ്സുയി കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ ഐഎച്ച്എച്ച് ഗ്രൂപ്പിന് വിറ്റിരുന്നെങ്കിലും ഡോക്‌ടേഴ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റർ എന്ന, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യത്തെ പ്രഫഷനൽ ഡയഗ്‌നോസ്റ്റിക് ബ്രാൻഡ് ഇപ്പോഴും ഡോ. ​​അജിത്തും ഭാര്യ ഡോ. സ്മിതയും കൈകാര്യം ചെയ്യുന്നുണ്ട്. ഒരു കലാകാരൻ എന്ന നിലയിലും സംഗീതപ്രേമി എന്ന നിലയിലും കലയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം ജോയ് മൂവി പ്രൊഡക്‌ഷൻസ്, ജോയ് മ്യൂസിക്, സിനിമാ നിർമാണത്തിനുള്ള ഇൻഫ്രാസ്ട്രക്ചർ ലീസിങ് കമ്പനി എന്നിവ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. ഇപ്പോഴിതാ നാല് സിനിമകൾ ഒരുമിച്ച് നിർമിച്ച് സിനിമാ നിർമ്മാണത്തിലേക്കും ചുവടുവയ്പ് നടത്തുകയാണ് ഡോ. അജിത്.

ജോയ് മൂവി പ്രൊഡക്‌ഷൻസ് ആദ്യമായി നിർമിച്ച ‘വിചിത്രം’ ഒക്ടോബർ പതിനാലിന് തിയറ്ററുകളിൽ എത്തുകയാണ്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, കനി കുസൃതി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അച്ചു വിജയനാണ്. ഡോ. അജിത്ത് നിർമ്മിച്ച ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’, ‘ആട്ടം’, ‘ചാൾസ് എന്റർപ്രൈസസ്’ എന്നീ ചിത്രങ്ങളും വിചിത്രത്തിനു പിന്നാലെ റിലീസിന് തയാറെടുക്കുകയാണ്. കാൻസർ എന്ന ഭീകരനെ തുരത്തിയോടിക്കുന്നതിൽ ബദ്ധശ്രദ്ധനായ ഡോക്ടർ, സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഹൃദിസ്ഥമാക്കിയാണ് പുതിയ മേഖലയിലേക്ക് ചുവടു വയ്ക്കുന്നത്. ഡോ. അജിത് സംസാരിക്കുന്നു.

വിചിത്രമായ ഒരു സിനിമ

ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ആദ്യത്തെ ചിത്രമായ വിചിത്രം ഒരു ക്രൈം ത്രില്ലർ ആണ്. നാല് ചിത്രങ്ങളാണ് ഞങ്ങൾ ഇപ്പോൾ ചെയ്തത് അതിൽ ആദ്യത്തേതാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലാൽ, കനി കുസൃതി, കേതകി നാരായൺ, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വിഷ്ണു എന്ന പുതുമുഖവും മറ്റു ചില പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ഒരമ്മയുടെയും അഞ്ചു മക്കളുടെയും കഥയാണ് വിചിത്രം. അവർ തറവാട്ടു വീട്ടിലേക്ക് താമസം മാറി വരുന്നതും അവിടെ വന്നതിന് ശേഷം അനുഭവപ്പെടുന്ന ചില വിചിത്രമായ സാഹചര്യങ്ങളുമാണ് പ്രമേയം. അച്ചു വിജയൻ എന്ന പുതിയ ആളാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം ഒരുപാടു നാളായി എഡിറ്റർ ആയി വർക്ക് ചെയുന്ന ആളാണ്. ദേശീയ അവാർഡ് ജേതാവ് വിഷ്ണു ആണ് സംഗീതം ചെയ്തിരിക്കുന്നത്. വിചിത്രം ഒക്ടോബർ 14 നു റിലീസ് ചെയ്യും. നന്നായി ക്യാമറയും മ്യൂസിക്കും ചെയ്തു നന്നായി ചെയ്ത ഒരു സിനിമയാണ് വിചിത്രം, ഫാമിലി സ്റ്റോറി ആണ്. തമാശയും മിസ്റ്ററിയും ത്രില്ലിങ് എലെമെന്റും എല്ലാം ഒത്തുചേർന്ന സിനിമയായിരിക്കും. താരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. നിർമാതാവ് എന്ന നിലയിൽ എനിക്ക് തൃപ്തിയുണ്ട്. ബാക്കി പ്രേക്ഷകർ തീരുമാനിക്കട്ടെ.

സിനിമയുടെ എ ടു ഇസഡ്

എന്റെ പ്രൊഡക്‌ഷൻ ഹൗസ് മൂവി പ്രൊഡക്‌ഷൻ മാത്രമല്ല കളറിങ് സ്റ്റുഡിയോ, ക്യാമറ റെന്റൽ, ഗിമ്പൽ തുടങ്ങിയവയടക്കം സിനിമ ചെയ്യാനുള്ള പല സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരു സ്റ്റുഡിയോ ആയാണ് തുടങ്ങിയിരിക്കുന്നത്. ബ്ലാക്ക്‌മാജിക് അഡ്വാൻസ്ഡ് ഡാവിഞ്ചി റിസോൾവ് പ്ലാറ്റ്‌ഫോമുകളുള്ള അത്യാധുനിക ഡിജിറ്റൽ കളറിങ് സ്റ്റുഡിയോ, 4 കെ ലേസർ കളറിങ് പ്രൊജക്ടർ എന്നിവ ആദ്യമായി കേരളത്തിൽ സ്ഥാപിക്കുന്നത് ജോയ് മൂവി ആണ്. അതിന്റെ കൂടെത്തന്നെ ഐറിസ് പിക്‌സൽസ് എന്ന വിപുലമായ വിഷ്വൽ ഗ്രാഫിക്‌സ് ആനിമേഷൻ സ്റ്റുഡിയോ, ജോയ് മ്യൂസിക് എന്ന മ്യൂസിക് ചാനൽ, ജോയ് മൂവി പ്രൊഡക്‌ഷൻസ് തുടങ്ങിയവയും ഉണ്ട്. കൂടാതെ റിയൽ എസ്റ്റേറ്റ്, മാനേജ്‌മെന്റ് കൺസൽറ്റൻസികൾ, മൈക്രോ ചിപ്പ് ടെക്‌നോളജീസ്, ഹെൽത്ത്‌കെയർ ഡിസ്ട്രിബ്യൂഷൻ എന്നീ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. അതിനൊപ്പമാണ് സിനിമ നിർമാണവും വിതരണവും ചെയ്യുന്നത്. സിനിമാ നിർമാണത്തിന്റെ എ ടു ഇസഡ് ഒത്തുചേരുന്ന ഒരു സ്ഥാപനം എന്നതായിരുന്നു കൺസെപ്റ്റ് അങ്ങനെയാണ് ജോയ് മൂവി പ്രൊഡക്‌ഷൻസ് യാഥാർഥ്യമാകുന്നത്. ഞങ്ങളുടെ വിതരണക്കമ്പനി ആദ്യമായി ഡിസ്ട്രിബ്യൂട്ട് ചെയ്ത ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ആയിരുന്നു.

dr-ajith-3

നാല് സിനിമകൾ ഒരുമിച്ച്

സിനിമ എന്നും ഒരു പാഷൻ ആയിരുന്നു. സമയക്കുറവ് കാരണം പലപ്പോഴും സിനിമ വീട്ടിലെ ഹോം തിയറ്ററിൽ ആണ് കാണുന്നത്. സിനിമാ നിർമാണം എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ ഏറ്റെടുത്തത്. വിചിത്രം കഴിഞ്ഞാൽ റിലീസ് ആകാൻ പോകുന്നത് 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രമാണ്. വിനീത് ശ്രീനിവാസൻ, സുരാജ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ നവംബര്‍ 11 നു ചിത്രം റിലീസാകും. വിനീത് ശ്രീനിവാസൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായിട്ടാണ് എത്തുന്നത്. 'ആട്ടം' ആണ് അടുത്ത ചിത്രം. വിനയ് ഫോർട്ട്, ഷാജോൺ, പിന്നെ അവരുടെ ഒരു നാടക ഗ്രൂപ്പും കൂടി ചേർന്ന് ചെയ്യുന്ന ചിത്രമാണ്. അത് ഫെസ്റ്റിവലുകൾക്ക് പോയതിനു ശേഷം മാത്രമേ റിലീസ് ഉണ്ടാകൂ. ഫെസ്റ്റിവൽ മൂവി അല്ലെങ്കിൽ പോലും ടെക്‌നിക്കലി ഉയർന്ന നിലവാരം പുലർത്തുന്ന ചിത്രമാണ് ആട്ടം. അടുത്ത പടം 'ചാൾസ് എന്റർപ്രൈസ്' ആണ്. ഉർവശി, ഗുരു സോമസുന്ദരം, തമിഴിലെ കലയരശൻ, ബാലു വർഗീസ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. നാല് ചിത്രങ്ങളും നാലു തരം പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. നാലും ഒരുമിച്ചായിരുന്നു ചിത്രീകരണം നടന്നത്. ഈ നാലും റിലീസ് ചെയ്തതിനു ശേഷം മാത്രമേ അടുത്ത ചിത്രത്തിലേക്ക് കടക്കൂ. നാലു പടങ്ങൾ ഒരുമിച്ച് ചിത്രീകരണം നടക്കുന്നത് ചെറിയ കാര്യമല്ലല്ലോ.

ആരോഗ്യവും കലയും

പ്രഫഷനൽ ആയി ഞാൻ ഒരു ഓങ്കോളജിസ്‌റ്റാണ്‌. ന്യൂക്ലിയർ മെഡിസിൻ, കാൻസർ ചികിത്സാ രംഗത്താണ് സേവനം അനുഷ്ഠിക്കുന്നത്. ഡിഡിആർസി ലാബിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു ഞാൻ. എന്റെ പിതാവ് തുടങ്ങിയ സ്ഥാപനമാണ്. പിരമൽ ഗ്രൂപ്പുമായി ഒരു ജോയിന്റ് വെഞ്ചറിലേക്ക് 2006 മുതൽ മാറി. ഫ്രാഞ്ചൈസി ഇല്ലാതെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിംഗിൾ യൂണിറ്റാണ്. ഡിഡിആർസി ഇത്തരത്തിൽ വളർന്നു വന്നിട്ട് നാൽപതു കൊല്ലമായി. കോവിഡ് വന്നപ്പോൾ സർക്കാരിനൊപ്പം കോവിഡ് ടെസ്റ്റ് ധൃതഗതിയിൽ ചെയ്യാനുണ്ടായിരുന്നു. ഇപ്പോൾ ഡിഡിആർസിയുടെ ഷെയർ ഹോൾഡർ മാത്രമാണ് ആണ് ഞാൻ. ഇപ്പോൾ ആരോഗ്യരംഗം ഉൾപ്പടെ നിരവധി മേഖലകളിലേക്ക് തിരിഞ്ഞു. സിനിമ അതിലൊന്നാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ 2006 മുതൽ സിടി ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങൾ ഞങ്ങളുടെ കമ്പനി ആണ് ചെയ്തിരുന്നത്.

ബോംബെയിൽ ബാബ അറ്റോമിക് റിസർച് സെന്ററിൽ ആയിരുന്നു ആദ്യം അവിടെനിന്ന് പിന്നീട് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോലി ചെയ്തു. 2004 കാലഘട്ടത്തിലാണ് കേരളത്തിൽ എത്തുന്നത്. ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ന്യൂക്ലിയർ മെഡിസിൻ ആൻഡ് റിസർച് സെന്റർ ആണ് ആദ്യം തുടങ്ങിയത്. 2006 ലാണ് ആശുപത്രികൾക്ക് ഹൈ എൻഡ് ഇമേജിങ് ഡയഗോനോസ്റ്റിക്സ് ഔട്ട്സോഴ്സ് ചെയ്യാം എന്നൊരു മോഡൽ ഞങ്ങൾ കൊണ്ടുവരുന്നത്. അതിന്റെ ആദ്യത്തെ പ്രവർത്തനം കിംസിലായിരുന്നു. ഞങ്ങളുടെ ഡിഡിസി ലാബ് ഇപ്പോഴുമുണ്ട്. എന്റെ കുടുംബ വീട് കൊച്ചിയിലാണ്. ദുബായിലാണ് ഇപ്പോൾ താമസിക്കുന്നത്. ഷൂട്ടിങ് ആവശ്യങ്ങൾക്കായി കേരളത്തിൽ വന്നതാണ്. വിചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ മിക്കപ്പോഴും ഞാൻ സെറ്റിൽ പോകുമായിരുന്നു. സിനിമയുടെ നിർമ്മാണത്തിൽ വരുന്ന പല കാര്യങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കാൻ പറ്റി. കലയെ കലയായിട്ടും ബിസിനസിനെ ബിസിനസായിട്ടും കാണണം. ഏതു ബിസിനസിലെയും റിസ്ക് എടുത്തുള്ള ശീലമാണ് എനിക്കുള്ളത്. സിനിമ വിജയിക്കുമോ എന്ന പേടിയൊന്നും ഇല്ല, തിയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകരാണ് സിനിമയുടെ അന്തിമവിധി തീരുമാനിക്കുന്നത് എന്ന നല്ല ബോധ്യമുണ്ട്.

പ്രേക്ഷകന്റെ അഭിരുചി മാറി

കാലഘട്ടങ്ങളും സാഹചര്യങ്ങളുമാണ് ഓരോ സിസ്റ്റവും ഉണ്ടാക്കുന്നത്. കോവിഡ് വന്നപ്പോൾ ആകെയൊരു വിനോദോപാധി ടിവി മാത്രമായി. അങ്ങനെ വന്നപ്പോൾ ഒടിടി ചാനലുകൾ കൂടുതലായി ഉണ്ടായി വന്നു. രണ്ടു കൊല്ലം കൊണ്ട് ആളുകളുടെ കാഴ്ചകൾ മാറി. കൂടുതൽ പേര് ഹോം തിയറ്ററുകൾ സെറ്റപ്പ് ചെയ്യാൻ തുടങ്ങി. പക്ഷേ എല്ലാവരും ഹോം തിയറ്ററിലോ ടിവിയിലോ അല്ല കാണുന്നത്. മിക്ക ആളുകളും മൊബൈലിൽ ആണ് സിനിമ കാണുന്നത്. ചില ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ വരുമ്പോൾ കണ്ടാൽ മതി എന്ന് കരുതും പക്ഷേ ചില സിനിമകൾ തിയറ്ററിൽ കണ്ടാൽ മാത്രമേ ആസ്വാദനം പൂർണമാകൂ. അങ്ങനെയുള്ളവർക്ക് തിയറ്ററിൽ വന്നു സിനിമ കാണേണ്ടതിന്റെ ആവശ്യമുണ്ടാകും.

വിചിത്രം ഒരു ത്രില്ലറാണ്. അറ്റ്മോസ് മിക്സിൽ ആണ് സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. തിയറ്ററിൽ കണ്ടാൽ മാത്രമേ സിനിമയുടെ മുഴുവൻ ക്വാളിറ്റിയിൽ ആസ്വദിക്കാൻ പറ്റൂ. ഇപ്പോൾ ഒടിടി ചാനലുകൾ കോവിഡ് കാലത്തേക്കാൾ വ്യത്യസ്ത രീതിയിലാണ് സിനിമ എടുക്കുന്നത്. തിയറ്ററിൽ 14 ദിവസമെങ്കിലും ഓടിയ സിനിമകളൊക്കെയാണ് അവർ എടുക്കാൻ താല്പര്യം കാണിക്കുന്നത്. ആളുകൾക്ക് എന്താണ് ഇഷ്ടപ്പെടുന്നതെന്ന് പ്രവചിക്കാൻ പറ്റാത്ത സമയമാണ്. വലിയ പണച്ചെലവില്ലാതെ എടുക്കുന്ന, ഒട്ടും പ്രതീക്ഷിക്കാത്ത ചില സിനിമകൾ വലിയ ഹിറ്റുകളാകുന്നതും നമ്മൾ കാണുന്നുണ്ട്. നമ്മുടെ സിനിമകളും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com