മസിൽ പിടിക്കാത്ത ത്രില്ലർ, അതാണ് കൂമൻ: ജീത്തു ജോസഫ് അഭിമുഖം
Mail This Article
ആസിഫ് അലിയെ നായകനാക്കി ‘കൂമൻ’ എന്ന സിനിമയുമായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന മോഹൻലാൽ ചിത്രം റാമിനു പുറമേ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുതിയ സിനിമകളും അണിയറയിലുണ്ട്. കൂമന്റെയും പുതിയ സിനിമകളുടെയും വിശേഷങ്ങൾ പങ്കുവച്ച് ജീത്തു ജോസഫ്...
‘കൂമൻ’ പറന്നിറങ്ങിയത് ?
കൂമൻ, ഒരു ത്രില്ലർ സിനിമയാണ്. ‘ദൃശ്യം’ ഒരു ഫാമിലി ഡ്രാമയാണെങ്കിൽ കൂമൻ ശരിക്കും ഒരു ത്രില്ലർ തന്നെയാണ്. കേരള–തമിഴ്നാട് അതിർത്തിയിലാണ് കഥ. ‘കൂമൻ’ എന്ന പേരിനും സിനിമയുമായി കൃത്യമായ ബന്ധമുണ്ട്. ആസിഫിന്റെ കഥാപാത്രം ഒരു പൊലീസുകാരനാണ്. പൊലീസിന്റെ കഥയിൽ ഒരു മോഷ്ടാവ് വരും. അവരെ പിടിക്കാൻ ഇറങ്ങുമ്പോൾ പൊലീസിനും രാത്രിസഞ്ചാരങ്ങളുണ്ട്. സിനിമയുടെ തിരക്കഥാകൃത്ത് കെ.ആർ.കൃഷ്ണകുമാർ ‘കൂമൻ’ എന്ന പേരു പറഞ്ഞപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു.
കൃഷ്ണകുമാറുമായി ചേർന്നു രണ്ടാം സിനിമ
ഞാൻ സിനിമയിൽ വരുന്നതിനും മുൻപേ കൃഷ്ണകുമാർ എന്റെ സുഹൃത്താണ്. കോവിഡ് കാലത്ത് മുംബൈയിലെ ഒരു നിർമാതാവ് ‘ട്വൽത് മാൻ’ സിനിമയുടെ ആശയം പറഞ്ഞു. അതു കൃഷ്ണകുമാറുമായി ചർച്ച ചെയ്തപ്പോൾ അദ്ദേഹം എഴുതാൻ തയാറായി. അന്ന് അധികം യാത്ര ചെയ്യാതെ ചിത്രീകരിക്കാവുന്ന ഒരു സിനിമയായിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് ആദ്യം ചെയ്യേണ്ടതു കൂമൻ ആയിരുന്നു.
ജീത്തു ജോസഫ് – ആസിഫ് അലി കൂട്ടുകെട്ട് എങ്ങനെ സംഭവിച്ചു ?
കൂമനിലെ കേന്ദ്രകഥാപാത്രം ആവശ്യപ്പെടുന്നത് ആസിഫിനെപ്പോലെ ഒരാളെയായിരുന്നു. മസിലൊക്കെയുള്ള ഒരു പൊലീസുകാരനെയല്ല ഈ സിനിമയിൽ വേണ്ടിയിരുന്നത്; ചെറുപ്പക്കാരനായ ഒരു സാധാരണ സിവിൽ പൊലീസ് ഓഫിസറെയാണ്. അയാൾക്ക് മസിൽ പവറില്ല, എന്നാൽ ബുദ്ധിശാലിയാണ്. സിനിമയിൽ നാട്ടുകാർ ചോദിക്കുന്നുണ്ട്, ഇവനെങ്ങനെയാണ് പൊലീസിൽ ജോലി കിട്ടിയതെന്ന്.
‘ദൃശ്യം മോഡൽ’ എന്നു പരാതി കേൾക്കേണ്ടി വന്നിട്ടുണ്ടോ ?
ദൃശ്യത്തിനു മുൻപും ശേഷവും ആ സിനിമയിലേതു പോലുള്ള കൃത്യങ്ങൾ നടന്നിട്ടുണ്ട്. ഒരു കുറ്റകൃത്യം നടന്നാൽ അതു മറയ്ക്കാനും തെളിവു നശിപ്പിക്കാനുമാണ് അതിനു പിന്നിലുള്ളവർ ആദ്യം ശ്രമിക്കുക. അതെല്ലാം സിനിമ ഉണ്ടാകുന്നതിനു മുൻപേയുള്ളതാണ്. സിനിമയിൽ കാണുന്ന ഒരു കാര്യം ചിലരെ സ്വാധീനിച്ചേക്കാം. ഒരിക്കൽ ഒരു കേസ് പിടിച്ചപ്പോൾ, അതിലെ പ്രതികൾ പറഞ്ഞത് അവർ ഉപയോഗിച്ച മൊബൈൽ ഫോൺ മറ്റൊരു ദിക്കിലേക്കുള്ള ട്രെയിനിൽ ഉപേക്ഷിച്ചെന്നാണ്. സിനിമയിൽ നിന്നാണ് ആ ആശയം കിട്ടിയതെന്നും പറഞ്ഞു. പക്ഷേ, അവർക്കതുകൊണ്ട് ഗുണമുണ്ടായില്ല, പിടിക്കപ്പെട്ടു. ജോർജുകുട്ടി എന്ന കഥാപാത്രം ദൃശ്യം സിനിമയിൽ ചെയ്തതു ജീവിതത്തിൽ ചെയ്താൽ പെട്ടെന്നു പിടിക്കപ്പെടും. തിയറ്ററിൽ ആളുകളെ വിസ്മയിപ്പിക്കണം. അതാണു നോക്കിയത്.
ആശയങ്ങൾ, പുതിയ സിനിമകൾ
ദൃശ്യം 3 ഒന്ന് ആലോചിച്ചു നോക്കാൻ ആന്റണി പെരുമ്പാവൂർ സൂചിപ്പിച്ചിരുന്നു. നല്ല ആശയം കിട്ടിയാൽ ചെയ്യും. ത്രില്ലറുകൾ മാത്രം ചെയ്താൽ മടുപ്പാകും. ചെയ്തുനോക്കാൻ വ്യത്യസ്തമായ കുറച്ച് ആശയങ്ങളുണ്ട്. റിസ്ക് ഉണ്ടാകും. എന്നാലും ചെയ്യും. നിലവിൽ ഏറ്റെടുത്ത കുറച്ച് സിനിമകളിൽ നിന്നു പെട്ടെന്നു മാറാനാവില്ല. അതു തീർക്കണം.
റാം സിനിമയുടെ യുകെയിലെ ചിത്രീകരണം തീർന്നു. അടുത്തതു മൊറോക്കോയിലാണ്. ഉടൻ അവിടേക്കു പോകും. അതിനുശേഷം ചിത്രീകരണം തുനീസിയയിലാണ്. ചിലപ്പോൾ ഇസ്രയേലിലും ഉണ്ടാകും. റാം വലിയ സിനിമയാണ്; പാൻ ഇന്ത്യൻ സിനിമയായാണ് അത് ഒരുക്കുന്നതും. അതിനു ശേഷം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളുണ്ട്.