ജയയുടെ സ്വന്തം ജയൻ ചേട്ടൻ: അഭിമുഖം
Mail This Article
തിയറ്ററുകളെ പൊട്ടിച്ചിരിപ്പിച്ച ‘ജയജയജയജയ ഹേ’ മലയാളിസമൂഹത്തിനു കൊടുത്ത ഷോക്ക് ചില്ലറയല്ല. ജയയും രാജേഷും അവരുടെ കുടുംബാംഗങ്ങളും തമ്മിൽ ട്രോളിയും തൊഴിച്ചും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ജയയുടെ സഹോദരൻ ജയനാണ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം. ഹിമാലയത്തിലെ കശ്‌മലൻ, അറ്റൻഷൻ പ്ലീസ് തുടങ്ങിയ ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ച ആനന്ദ് മന്മഥൻ ആണ് ജയനായി ചിത്രത്തിലെത്തിയത്. പത്തിലേറെ ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും നടൻ എന്ന നിലയിൽ കഴിവു തെളിയിക്കാൻ കഴിഞ്ഞ കഥാപാത്രം ഇപ്പോഴാണ് കിട്ടിയതെന്ന് ആനന്ദ് പറയുന്നു. ജയജയജയജയ ഹേ വിജയിച്ച സന്തോഷത്തോടൊപ്പം പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി ആനന്ദ് മന്മഥൻ മനോരമ ഓൺലൈനിൽ.
പൊട്ടിച്ചിരിച്ചുകൊണ്ട് കേട്ട കഥ
സിനിമാ മോഹവുമായി നടന്ന എനിക്ക് ഷോർട്ട് ഫിലിം ചെയ്യുന്ന സമയത്തുതന്നെ വിപിൻ ദാസിനെ പരിചയമുണ്ട്. വിപിന്റെ ‘അന്താക്ഷരി’യിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതിനു മുൻപുതന്നെ ഒരുമിച്ച് ചെറിയ പരസ്യ വർക്കുകൾ ചെയ്‌തിട്ടുണ്ട്. വിപിൻ എന്നെ വിളിച്ച് ‘‘ഇങ്ങനെ ഒരു വർക്ക് ഉണ്ട്. കഥ കേൾക്കാൻ വരൂ’’ എന്ന് പറഞ്ഞു. കോറൈറ്റർ ആയ നാഷ് ആണ് എനിക്കു കഥ പറഞ്ഞു തന്നത്. കേട്ടപ്പോൾത്തന്നെ രസം തോന്നി. ഈ സിനിമ ചർച്ച ചെയ്യപ്പെടുമെന്ന് അന്നേ തോന്നിയിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ടാണ് കഥ കേട്ടത്. ബേസിൽ ജോസഫിനെ തന്നെയാണ് ഞാൻ കഥ കേട്ടപ്പോൾ രാജേഷായി മനസ്സിൽ കണ്ടത്. ദർശനയാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ദർശന എങ്ങനെയായിരിക്കും ഇതു ചെയ്യുക എന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു. ദർശന വളരെ മനോഹരമായി ചെയ്തു. സിനിമയിലെ ഫൈറ്റ് ട്രെയിനിങ് ഒക്കെ ഞങ്ങളെല്ലാം കണ്ടിരുന്നു. ബേസിലിനും ദർശനയ്ക്കും നല്ല ഇടി കിട്ടിയിരുന്നു. അവർ രണ്ടും നല്ല കഠിനാധ്വാനം ചെയ്താണ് ഈ സിനിമയിൽ അഭിനയിച്ചത്. വർക്ക് ചെയ്യാൻ വളരെ രസമുള്ള ടീമായിരുന്നു ജയജയജയജയ ഹേ.
അടിച്ചു പിടിച്ചു വളരുന്ന സഹോദരങ്ങൾ
കുഞ്ഞു കുട്ടികൾ ആയിരിക്കുമ്പോൾ അടിയും പാരവയ്പ്പുമായി വളരുന്ന സഹോദരങ്ങളെ ഏതു വീട്ടിലും കാണാൻ കഴിയും. ഒരാൾക്ക് അടി കിട്ടാൻ വേണ്ടി മറ്റെയാൾ അച്ഛനും അമ്മയ്ക്കും എരി കേറ്റിക്കൊടുക്കും. തമ്മിൽ കണ്ണെടുത്താൽ കണ്ടുകൂടാ. എന്റെ വീട്ടിലും ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയായിരുന്നു. പക്ഷേ ഒരു പ്രായം കഴിയുമ്പോൾ കാര്യങ്ങൾ ഇങ്ങനെയല്ല, നമ്മൾ പരസ്പരം സ്നേഹിച്ച് സഹോദര്യത്തോടെ ജീവിക്കേണ്ടവരാണ് എന്നൊക്കെ തോന്നിത്തുടങ്ങും. ഏതോ ഒരു നിമിഷത്തിൽ ഞാനും എന്റെ സഹോദരനും കൂട്ടുകാരെപ്പോലെ പെരുമാറാൻ തുടങ്ങി, ഏതു പ്രായത്തിലാണ് അങ്ങനെ തോന്നിയതെന്ന് അറിയില്ല. എന്റെ അനിയൻ എന്നെപ്പോലെ ഒരു വ്യക്തിയാണല്ലോ എന്ന് എനിക്കു തോന്നിത്തുടങ്ങി. അതുപോലെ തന്നെയാണ് ഈ സിനിമയിലും. ഡിഗ്രിക്കു പഠിക്കുന്നതു വരെ ജയ എന്ന കഥാപാത്രത്തിന്റെ സഹോദരൻ അവളെ ചൊറിഞ്ഞു നടക്കുകയാണ്. അവൾക്ക് ഒന്നിനും സ്വാതന്ത്ര്യം കൊടുക്കാതെ, സ്കൂളിൽനിന്ന് ടൂർ പോകാൻ സമ്മതിക്കാതെ, ഇഷ്ടമുള്ള കോളജിൽ പഠിക്കാൻ അനുവദിക്കാതെ എല്ലാത്തിനും ഉടക്ക് പറയുന്ന ഒരു ചേട്ടനാണ് ജയൻ. പക്ഷേ ഏതോ ഒരു പോയിന്റിൽ വച്ച് ചേട്ടന്റെ സ്വഭാവം മാറുകയാണ്. അത് വിസിബിൾ ആയി കാണിക്കുന്നില്ല. പക്ഷേ അവൾക്ക് ഒരാവശ്യം വരുമ്പോൾ ചേട്ടൻ അവളുടെ കഷ്ടപ്പാട് മനസ്സിലാക്കുകയും അവൾക്ക് തുണയാവുകയും ചെയ്യുകയാണ്. ഈ സിനിമയിൽ സ്വഭാവ പരിണാമം സംഭവിക്കുന്നത് രണ്ടുപേർക്കാണ്. ഒന്ന് ദർശന. അത് നമുക്ക് നന്നായി മനസ്സിലാകും. രണ്ട് അവളുടെ ചേട്ടനാണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും തുടക്കം മുതൽ ഒടുക്കം വരെ ഒരേ സ്വഭാവമാണ്. എന്തായാലും വിപിൻ പറഞ്ഞതുപോലെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നാണു തോന്നുന്നത്.
സെറ്റിലും നിറഞ്ഞ പോസിറ്റീവ് വൈബ്
ബേസിലും ദർശനയും നല്ല ഫാൻ ബേസും താരത്തിളക്കവും ഉള്ള ആർട്ടിസ്റ്റുകളാണ്. പക്ഷേ അവർ സെറ്റിൽ വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് പെരുമാറിയത്. ഞങ്ങൾ എല്ലാം ഒരു കുടുംബത്തെപ്പോലെയാണ് സെറ്റിൽ കഴിഞ്ഞത്. ആ ഒരു കൂട്ടുകെട്ട് സിനിമയുടെ വിജയത്തിനു സഹായിച്ചിട്ടുണ്ട്. വിപിനോട് നല്ല സൗഹൃദമുണ്ട്. പ്രൊഡ്യൂസേഴ്സ് സൂപ്പർ കൂൾ ആയിരുന്നു. പുതിയ താരങ്ങൾ ഉൾപ്പെടെ എല്ലാവരും നല്ല സൗഹൃദത്തിലാണ് പെരുമാറിയത്. മൊത്തത്തിൽ നല്ല പോസിറ്റീവ് ആയ അന്തരീക്ഷം ആയിരുന്നു.
ചെറുപ്പം മുതലുള്ള സ്വപ്നം സഫലമായി
സ്കൂൾ കാലഘട്ടം മുതൽ മനസ്സിൽ കയറിക്കൂടിയ കാര്യമാണ് അഭിനയം. ഒരു പ്രായം കഴിഞ്ഞപ്പോൾ പഠനം ജോലി എന്നിവയായി ലക്ഷ്യം. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴും, എന്റെ മേഖല ഇതല്ല അഭിനയമാണെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ജോലി രസമായിരുന്നു. പക്ഷേ ഇതല്ല എനിക്കു വേണ്ടത് എന്നു തീരുമാനിച്ച് ജോലിയിൽനിന്നു വിട്ടുപോന്നു. അപ്പോഴും എന്തു ചെയ്യണം എന്ന് ഒരു തീരുമാനവും എടുത്തിട്ടില്ല. പിന്നീട് ഓഡിഷന് പോയിത്തുടങ്ങി. പക്ഷേ അവിടെയും ഭാഗ്യം തുണച്ചില്ല. അതുകൊണ്ടു സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു. സ്വന്തമായി വിഡിയോകൾ ഷൂട്ട് ചെയ്ത് ഇടുമായിരുന്നു. അതു കണ്ടിട്ട് സുനിൽ ഇബ്രാഹിം എന്ന സംവിധായകൻ വിളിച്ച് ഒരു ഓഡിഷന് ചെല്ലണം എന്ന് പറഞ്ഞു. അങ്ങനെ കിട്ടിയ സിനിമയാണ് ‘വൈ’. പക്ഷേ അതിനു ശേഷം കിട്ടിയ ‘ഹിമാലയത്തിലെ കശ്മലൻ’ ആണ് ആദ്യമായി റിലീസ് ചെയ്ത ചിത്രം. അന്നുമുതൽ ഇന്നുവരെ സിനിമയ്ക്ക് പിന്നാലെ തന്നെയാണ്. ‘അറ്റൻഷൻ പ്ലീസ്’ എന്ന സിനിമ ചെയ്തപ്പോൾ ഒരുപാടു പേര് വിളിച്ചിരുന്നു. ജയജയജയജയ ഹേയിൽ ആണ് കൂടുതൽ സ്ക്രീൻ സ്‌പേസ് ഉള്ള ശ്രദ്ധിക്കപ്പെട്ട വേഷം കിട്ടിയത്.
‘അറ്റൻഷൻ പ്ലീസ്’
‘അറ്റൻഷൻ പ്ലീസി’ൽ പ്രധാന കഥാപാത്രം ചെയ്ത വിഷ്ണു ഗോവിന്ദൻ എന്റെ സുഹൃത്താണ്. ഓഡിഷന് പോയി മടുത്തിരിക്കുന്ന സമയത്താണ് അവൻ വിളിക്കുന്നത്. ‘‘എടാ നല്ലൊരു കഥാപാത്രമുണ്ട്. നീ വന്നു കേട്ടുനോക്കൂ’’ എന്നുപറഞ്ഞു. ജിതിൻ ആണ് അതിന്റെ സംവിധായകൻ. അദ്ദേഹം വളരെ കഴിവുള്ള സംവിധായകനാണ്. വളരെ ചുരുങ്ങിയ ബജറ്റിൽ എട്ടു ദിവസം കൊണ്ട് ചെയ്ത സിനിമയാണ്. അത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചു. അതായിരുന്നു ഞങ്ങളുടെ സ്വപ്നവും. ഐഎഫ്എഫ്കെയിൽ ചിത്രം കണ്ട ആൾ വഴി അത് കാർത്തിക് സുബ്ബരാജിൽ എത്തി. അദ്ദേഹം അത് ഏറ്റെടുക്കുകയും നെറ്റ്ഫ്ലിക്സിൽ വരികയും ചർച്ചയാവുകയും ചെയ്‌തു. അത്രയൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല. വിഷ്ണുവിന്റെ ഒരു വൺ മാൻ ഷോ ആണ് ആ ചിത്രം.
പ്രതികരണങ്ങൾ
ജയജയജയജയ ഹേയ്ക്ക് വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ഒരുപാടു പേര് വിളിച്ചു. ജയയുടെ ആങ്ങള ജയനെ ഒരുപാടു പേർക്ക് കണക്ട് ചെയ്യാൻ പറ്റി. ഇങ്ങനെ ഒരു സഹോദരൻ ഉണ്ടായിരുന്നു, ഇത് കണ്ടപ്പോൾ എന്റെ സഹോദരനെ ഓർമ വന്നു എന്നൊക്കെ പലരും പറഞ്ഞു.
പുതിയ ചിത്രങ്ങൾ
നവംബർ 18 നു റിലീസ് ചെയ്യുന്ന സെന്ന ഹെഗ്‌ഡെയുടെ ‘1744 വൈറ്റ് ആൾട്ടോ’ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ, എല്ലാവർക്കും ചിരിക്കാൻ കഴിയുന്ന സിനിമയായിരിക്കും അത്. പിന്നെ ഞാൻ കൂടി എഴുതിയ ഒരു സിനിമയുടെ ചിത്രീകരണം നടക്കുകയാണ് ഇപ്പോൾ. ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ എന്നാണു ചിത്രത്തിന്റെ പേര്. കുട്ടികളുടെ ചിത്രമാണ്. അതിൽ അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. അതിലും ഞാൻ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്.