ADVERTISEMENT

മുപ്പതിലധികം വർഷങ്ങളുടെ മാധ്യമ പ്രവർത്തന പരിചയവുമായിട്ടാണ് മനോജ് ഭാരതി 'ഹയ' എന്ന തന്റെ ആദ്യ സിനിമയുടെ തിരക്കഥയൊരുക്കിയത്.  അടുത്തിടെ ക്യാംപസുകളിൽ അരങ്ങേറിയ ഒരു വിവാദവിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ അത് സുഹൃത്തും സംവിധായകനുമായ വാസുദേവ് സനലുമായി ചർച്ച ചെയ്ത് ഒടുവിൽ അത് ഹയയെന്ന ചലച്ചിത്രമായി മാറുകയായിരുന്നു എന്ന് മനോജ് ഭാരതി പറയുന്നു. ഹയ ഒരു ക്യാംപസ് എന്റർടെയ്നർ മാത്രമല്ല കുടുംബത്തോടൊപ്പം എല്ലാവരും തിയറ്ററിലെത്തി കാണേണ്ട ചിത്രം കൂടിയാണ്.  ശാസ്‌താംകോട്ട ഡിബി കോളജിലെ മനോജിന്റെ സഹപാഠികളായിരുന്ന വേണു കൃഷ്ണൻ, ഹർഷ കുമാർ, ശ്രീജിത്ത് ബിനു സരിഗ തുടങ്ങിയവരുടെ പങ്കാളിത്തത്തിൽ സിക്സ് സിൽവർ സോൾസ് എന്ന ബാനറിലാണ് 'ഹയ' എന്ന ചിത്രമൊരുങ്ങുന്നത്. മാധ്യമപ്രവർത്തകനിൽ നിന്ന് തിരക്കഥാകൃത്തിലേക്കുള്ള ചുവടുമാറ്റം നടത്തുന്ന മനോജ് ഭാരതി മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.

 

ഹയ ഒരു ക്യാംപസ് ത്രില്ലർ  

manoj-haya

 

ഹയ എന്ന ചിത്രം ഒരു ക്യാംപസ് ത്രില്ലറാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേരളത്തിലെ ക്യാംപസുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സാമൂഹിക വിഷയങ്ങളാണ് ചിത്രത്തിൽ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. വളരെ ആഘോഷപരമായി പോകുന്ന ഒരു ക്യാംപസ് ചിത്രം കൂടിയാണ് ഹയ. കേരളത്തിലെ വിദ്യാർഥികളുടെ അച്ഛനമ്മമാർ എല്ലാവരും തന്നെ കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ് ഹയ. ക്യാംപസ് ചിത്രങ്ങൾ എന്നുപറയുമ്പോൾ യുവാക്കൾക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന ധാരണയാണ്.  ഈ ചിത്രത്തിലും യുവാക്കൾക്ക് വേണ്ടിയുള്ള അടിച്ചുപൊളി മുഹൂർത്തങ്ങളുണ്ട്. അതോടൊപ്പം തന്നെ ഇതൊരു കുടുംബ ചിത്രം കൂടിയാണ്. പ്രായപരിധിയില്ലാതെ തിയറ്ററിൽ തന്നെ വന്നു കണ്ടു ആസ്വദിക്കാൻ കഴിയുന്ന ചിത്രം കൂടിയാണ് ഹയ.   

 

കേരളത്തിൽ ചർച്ച ചെയ്യേണ്ട വിഷയം 

manoj-haya-3

 

ചിത്രത്തിന്റെ സംവിധായകൻ വാസുദേവ് സനൽ വളരെ നാളായിട്ടുള്ള സുഹൃത്താണ്. അഞ്ചാറ് വർഷം മുൻപേ ഞങ്ങൾ ഒന്നുരണ്ടു വിഷയം സംസാരിച്ചു തുടങ്ങിയിരുന്നു.  അപ്പോഴാണ് പെട്ടെന്ന് ക്യാംപസുമായി ബന്ധപ്പെട്ട ഒരു സംഭവം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഒരു പരമ്പരപോലെ കേരളത്തിലെ പല ക്യാംപസുകളിലും അതിന്റെ ആവർത്തനമുണ്ടായപ്പോൾ അത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് എന്ന് തോന്നി. മാധ്യമ ശ്രദ്ധ ആ സംഭവത്തിന് കിട്ടിയിട്ടുണ്ടെങ്കിൽ പോലും ഈ വിഷയം കൂടുതൽ പ്രസക്തമായി കുടുംബങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം കൂടി ഈ ചിത്രത്തിനുണ്ട്. ഒരു മുഴുനീള എന്റർടെയ്നർ കൂടിയാണ് ചിത്രം. വലിയ ക്യാൻവാസിലുള്ള ചിത്രമാണ് ഹയ. ചിത്രം പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇതൊരു തിയറ്റർ റിലീസിന് വേണ്ടിയുള്ള ചിത്രമായിട്ടാണ് ചെയ്തത്. രണ്ടുവർഷത്തോളം ഞാനും വാസുദേവും ഈ ചിത്രത്തിനായുള്ള ചർച്ചയിലായിരുന്നു.

 

haya-team

ഗുരു സോമസുന്ദരം കുടുംബനാഥനാകുന്നു 

 

ഗുരു സോമസുന്ദരം മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ്. മലയാളത്തിൽ എത്തുന്നതിനു മുൻപ് തന്നെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ഒരു വില്ലനായി എത്തി എല്ലാവർക്കും പ്രിയതാരമായി മാറുകയായിരുന്നു. വില്ലനെ പ്രേക്ഷകർ ഏറ്റെടുക്കുക അസാധാരണമാണ് എന്നാൽ ഗുരുവിന്റെ എളിമയുള്ള പെരുമാറ്റവും അനുപമമായ അഭിനയശൈലിയും മലയാളികൾക്ക് ഏറെ പ്രിയമായി മാറുകയായിരുന്നു.  അദ്ദേഹത്തിന്റെ വളരെ വ്യത്യസ്തമായ കുടുംബനാഥന്റെ കഥാപാത്രമാണ് ഹയയിൽ. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള കാലത്ത് കുടുംബത്തിൽ മാതാപിതാക്കളും കുട്ടികളുമായുള്ള ആശയവിനിമയം എത്രത്തോളം കാര്യക്ഷമമാണെന്ന് സംശയമുണ്ട്. അത്തരമൊരു അവസ്ഥ സിനിമയിലെത്തുമ്പോൾ അതിൽ നിർണായകമായ പങ്കുവഹിക്കുന്ന കഥാപാത്രമായിട്ടാണ് ഗുരു ഈ ചിത്രതിൽ എത്തുന്നത്.

 

മാധ്യമപ്രവർത്തനം എഴുത്തിന് ശക്തിപകർന്നു 

      

ഞാൻ മുപ്പതു വർഷമായി മാധ്യമരംഗത്തുള്ള ആളാണ്. എഫ്എം സ്റ്റേഷൻ ഹെഡ് ആയിരുന്നപ്പോഴാണ് സജീവ മാധ്യമ പ്രവർത്തനം തൽക്കാലം നിർത്തി തിരക്കഥാരചനയിലേക്ക് തിരിഞ്ഞത്. കോവിഡ് രൂക്ഷമായപ്പോൾ സിനിമ തടസ്സപ്പെട്ടു. എന്റെ മേഖല എഴുത്തിന്റെ മേഖലയാണ്. എന്റെ എട്ടാമത്തെ പുസ്തകം  "ഭ്രാന്തിമാൻ"  അടുത്തിടെ പുറത്തിറങ്ങി. എന്റെ '24 x 7 ന്യൂസ് ചാനൽ'  എന്ന നോവൽ മീഡിയ അക്കാദമിയിലെ മലയാള ടെലിവിഷൻ ചരിത്രം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ചിതൽ പ്രതികാരം, ജുഗൽ ബന്ധി, ഘർ വാപസി തുടങ്ങി കഥാസമാഹാരങ്ങളും ഞാൻ എഴുതിയിട്ടുണ്ട്. നാട്ടുവഴിയോരത്തെ പൂമരഛായയിൽ എന്ന പരമ്പര ഓൺലൈനിൽ പ്രസിദ്ധീകരിച്ചട്ടുണ്ട്. മലയാളം ഭാഷയുടെ പ്രാദേശിക ഭാഷാഭേദങ്ങളെക്കുറിച്ചുള്ള ഭാഷാശാസ്ത്ര പഠനം ഞാൻ എഴുതിയിട്ടുണ്ട്. മമ്മൂട്ടിയുടെ പത്ത് കഥാപാത്രങ്ങളെ ഉപകരണമായി എടുത്താണ് കേരളത്തിലെ തെക്കുമുതൽ വടക്കുവരെയുള്ള ഭാഷാഭേദങ്ങളെപ്പറ്റി എഴുതിയത്. എഴുത്തിന്റെ മേഖലയിൽ കൂടി കടന്നുപോകുമ്പോൾ സിനിമയ്ക്കായി തിരക്കഥ രചിച്ചാൽ എന്താണെന്ന തോന്നലാണ് ഇപ്പോൾ ഹയയിൽ എത്തി നില്കുന്നത്. കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രവർത്തിച്ച എനിക്ക് സിനിമ മറ്റൊരു മാധ്യമായിട്ടാണ് തോന്നുന്നത്.

 

സഹപാഠികളുടെ ആദ്യ നിർമാണ സംരംഭമാണ് ഹയ

 

ശാസ്‌താംകോട്ട ഡിബി കോളജിൽ 1989 - 92 ബിഎസ്‌സി ഫിസിക്സ് ബാച്ചിൽ ഒരുമിച്ച് പഠിച്ച എന്റെ നാല് സുഹൃത്തുക്കൾ ആയ വേണു കൃഷ്ണൻ, ഹർഷ കുമാർ, ശ്രീജിത്ത്, ബിനു സരിക തുടങ്ങിയവരാണ് 'ഹയ' നിർമിച്ചത്. സിക്സ് സിൽവർ സോൾസ് എന്നാണ് സ്റ്റുഡിയോയുടെ പേര്. വിദേശ രാജ്യങ്ങളിൽ മൾട്ടി നാഷ്നൽ കമ്പനികളിൽ ജോലി ചെയ്യുന്നവരായിരുന്നു അവർ. ഇപ്പോൾ അതൊക്കെ വിട്ടിട്ട് ഇന്ത്യയിൽ തന്നെ വളരെ മികച്ച രീതിയിൽ നടക്കുന്ന യുവ സംരഭകഗ്രൂപ്പ് ആണ് അവർ ഇപ്പോൾ. സുഹൃത്തുക്കളിൽ ഒരാൾ ബിനു സരിഗ ഗായകനും കൂടിയാണ്, അദ്ദേഹം ഈ ചിത്രത്തിൽ പാടുകയും ചെയുന്നുണ്ട്. ശാസ്‌താംകോട്ട ഡിബി കോളജിലെ പ്രൊഫസറും എഴുത്തുകാരനുമായ പ്രൊഫസർ പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി രചിച്ച ഒരു ഗാനം കെ.എസ്. ചിത്ര പാടുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. മസാലകോഫി എന്ന മ്യൂസിക് ബാൻഡിന്റെ കോഫൗണ്ടർ ആയ വരുൺ സുനിലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com