ADVERTISEMENT

ഈ വർഷം തീയറ്ററിൽ ഹിറ്റായിമാറിയ തല്ലുമാലയിലും ഇപ്പോൾ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുന്ന സൗദി വെള്ളക്കയിലും ശ്രദ്ധേയമായ വേഷത്തിലെത്തിയ നടനാണ് ബിനു പപ്പു. കോഴിക്കോട്ടുകാരുടെ സ്വന്തം കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു കാരക്റ്റർ റോളുകളിലൂടെ മലയാളസിനിമയിൽ തന്റെ കസേരയുറപ്പിക്കുകയാണ്. കുതിരവട്ടം പപ്പു മുതൽ സൗദി വെള്ളക്ക വരെയുള്ള തന്റെ യാത്രയെക്കുറിച്ച് ബിനു പപ്പു മനസ്സുതുറക്കുന്നു:

 

∙ എങ്ങനെയാണ് സൗദി വെള്ളക്കയിലെത്തിയത്?

binu-pappu-3

 

സൗദി വെള്ളക്ക സിനിമ തുടങ്ങുമ്പോൾ എനിക്ക് കഥാപാത്രം ഉണ്ടായിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിനു പത്തുദിവസം മുൻപാണ് എന്നെ വിളിച്ചത്. ഷൂട്ടിങ് തുടങ്ങി പത്തുദിവസമൊക്കെ ആവുമ്പോഴേക്ക് ഞാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായി. ഈ സിനിമയിൽ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. എന്നാൽ സാധാരണയായി സിനിമയിലേക്ക് വിളിച്ചാൽ പോയി അഭിനയിക്കുകയെന്നതുമാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. പക്ഷേ ഈ സിനിമ അങ്ങനെയല്ല. തീയറ്ററിലെത്തിയ ശേഷവും ജോലി അവസാനിക്കുന്നില്ല. 

 

∙ താരങ്ങളുടെ മക്കൾ സിനിമയിലെത്തുമ്പോൾ തങ്ങളുടെ പിതാവിന്റെ അഭിനയത്തിന്റെ ഒരംശമെങ്കിലും അവശേഷിക്കാറുണ്ട്. എന്നാൽ കുതിരവട്ടം പപ്പുവിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ബിനു പപ്പുവിന്റെ അഭിനയം.?

 

അങ്ങനെ വരാതെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല. എനിക്ക് അഭിനയത്തിൽ എന്റെ വ്യക്തിത്വം ഉണ്ടാക്കണമെന്നാണ്. അച്ഛന് അച്ഛന്റെ വ്യക്തിത്വമുണ്ട്. വളരെ കൃത്യമായിട്ട് അദ്ദേഹത്തിന്റെ അഭിനയം ആളുകൾ ഓർക്കുന്നുണ്ട്. ഇപ്പോഴും ആസ്വദിക്കപ്പെടുന്നുണ്ട്. എന്നാൽ വേറൊരു രീതി സ്വീകരിച്ചതുകൊണ്ട് അതെന്നെ ബാധിക്കുന്നില്ല. എന്നാലും ആളുകളുടെ മനസ്സിൽ താരതമ്യപ്പെടുത്തി നോക്കൽ ഉണ്ടാവുമെന്നത് ഉറപ്പാണ്. ഹ്യൂമർ ട്രാക്കിലേക്ക് ഞാൻ പോവുന്നില്ല. അത്തരമൊരു താരതമ്യപഠനം വരുമെന്നതുകൊണ്ട് മനപ്പൂർവം ഹ്യൂമർ ട്രാക്കിലേക്ക് പോവാതെ നോക്കണമെന്ന് ശ്രദ്ധിക്കുന്നത്. കാരക്റ്റർ റോളുകൾ ചെയ്യാനാണ് എനിക്കിഷ്ടം. ഹ്യൂമർ ചെയ്യില്ല എന്നൊന്നുമല്ല. ഞാൻ ഭീമന്റെ വഴിയിൽ ഹ്യൂമർ ടച്ചുള്ള കഥാപാത്രം ചെയ്തിട്ടുണ്ട്. ചിലർക്ക് വർക്കായിട്ടുണ്ട്. കിട്ടുന്ന ഏതു കഥാപാത്രവും ചെയ്യും. അതെന്റെ രീതിയിൽ ചെയ്യണമെന്നാണ് ആഗ്രഹം.

 

binu-pappu-4

∙ പപ്പു ഇന്നുണ്ടായിരുന്നെങ്കിൽ ഇന്ദ്രൻസൊക്കെ ചെയ്യുന്നതുപോലുള്ള നായക വേഷങ്ങൾ തേടിയെത്തുമായിരുന്നില്ലേ?

 

അച്ഛൻ മരിച്ചിട്ട് 22 വർഷമായി. എന്നിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗുകൾ ചർച്ച ചെയ്യപ്പെടുന്നു. ആളുകൾ നൽകുന്ന അംഗീകാരമാണ് വലുത്. എവിടെയെങ്കിലും നിൽക്കുമ്പോൾ ആളുകൾ വന്ന് ‘ ആ.. ചേട്ടാ..’ എന്നു വിളിച്ചു ചിരിക്കുന്നുണ്ടല്ലോ. അതാണ് വലിയ അംഗീകാരം.

കുതിരവട്ടം പപ്പുവിന്റെ കഴിവുകൾ മലയാള സിനിമ എങ്ങനെ ഉപയോഗിച്ചുവെന്ന് എഴുപതുകളിൽ ഐ.വി.ശശി സിനിമകൾ കണ്ടാലറിയാം. ഷാജി കൈലാസിന്റെയും പ്രിയദർശന്റെയും സിനിമകൾ കണ്ടാലറിയാം. കാലഘട്ടത്തിന്റെ വ്യത്യാസം ഉണ്ടെന്നേയുള്ളു. ആഷിക്കേട്ടനും ശ്യാമേട്ടനുമൊക്കെ അച്ഛനൊപ്പം വർക്കു ചെയ്യാൻ അവസരം കിട്ടിയില്ലെന്ന് പറഞ്ഞിട്ടുണ്ട്.

 

∙ മകൻ സിനിമയിലെത്തണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നോ?

 

അച്ഛന്റെ ജീവിതം സിനിമയും നാടകവുമായിരുന്നു. മരിക്കുന്നതുവരെ അഭിനയിക്കുകയെന്നതായിരുന്നു. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടായിരുന്നില്ല. നാടകം കഴിഞ്ഞു. പിന്നെ സിനിമയായി. സിനിമയിൽ അവസാനിച്ചു. എങ്ങനെയാണ് ഒരാൾ നൂറുശതമാനം ഡെഡിക്കേറ്റഡ് ആവുകയെന്നതിന് ഉദാഹരണമായിരുന്നു അച്ഛൻ. 

 

ഞാൻ സിനിമയിലെത്തണമെന്നൊന്നും അച്ഛൻ ആഗ്രഹിച്ചിട്ടില്ല. കാരണം ഞങ്ങൾ പഠിക്കുക, ജോലി കണ്ടെത്തുക എന്നിവയായിരുന്നു അച്ഛന് താൽപര്യം. എന്താണോ ഞങ്ങൾക്കിഷ്ടം, ആ മേഖലയിലേക്ക് പോവുകയെന്നതായിരുന്നു അച്ഛനുമിഷ്ടം.ഞാൻ വളരെ വൈകിയാണ് സിനിമയിലേക്ക് വന്നത്. ഡിഗ്രി കഴിഞ്ഞ ശേഷം ബംഗളൂരുവിൽ പോയി. അനിമേഷനും വിഎഫ്എക്സും പഠിച്ചു. 13 വർഷം ജോലി ചെയ്ത ശേഷമാണ് വിചാരിക്കാതെ ഞാൻ സിനിമയിൽ എത്തിപ്പെട്ടത്.

 

എന്നും സിനിമയോട് താൽപര്യമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിഎഫ്എക്സിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ആർടിടെക്ചർ വിഷ്വലൈസേഷൻ ആയിരുന്നുവെന്നതു മാത്രമാണ്. ആഷിഖ് അബുവിന്റെ അസി.ഡയറക്ടറായി ചേരുന്നത് എന്റെ ജോലിക്ക് അത്യാവശ്യം സംവിധാനം അറിയണമെന്ന ലക്ഷ്യത്തോടെയാണ്.

ആഷിഖ് അബുവിനും ശ്യാമേട്ടനുമൊപ്പെ മായാനദിയെന്ന സിനിമ വർക്ക് ചെയ്ത ശേഷമാണ് എനിക്കും സിനിമ ചെയ്യണമെന്ന് തോന്നിയത്. 2017ലാണ് ഞാൻ ജോലി വിട്ടത്. അതിനുശേഷമാണ് പൂർണമായും സിനിമയിലേക്കിറങ്ങിയത്.

 

∙ സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

 

എന്നെ വിളിച്ചു. ഞാൻ പോയി അഭിനയിച്ചു. അത്രയേയുള്ളൂ. അഭിനയിക്കാൻ വേണ്ടി ഞാൻ തേടി നടന്നിട്ടേയില്ല. കോഴിക്കോട്ട് ചിത്രീകരിച്ച ഗുണ്ട എന്ന സിനിമയിലാണ് ഞാനാദ്യം അഭിനയിച്ചത്. അത് ഫോൺവിളികളെക്കൊണ്ട് നിവൃത്തിയില്ലാതായപ്പോൾ പോയി അഭിനയിച്ചതാണ്. ‘ നീ അഭിനയിക്കുന്നില്ലേ’, ‘ബാക്കി എല്ലാവരുടെ മക്കളും അഭിനയിക്കുന്നുണ്ടല്ലോ’  എന്നൊക്കെ പലരും ഫോൺവിളിച്ച് പറഞ്ഞതോടെയാണ് ഞാൻ പോയി അഭിനയിച്ചത്. അതിനുശേഷം ഞാൻ തിരികെ ബംഗളൂരുവിലേക്ക് പോയി.

പ്രൊഡക്ഷൻ കൺട്രോളർ ബെന്നിച്ചേട്ടൻ എന്റെ ഫോട്ടോ ആഷിഖ് അബുവിനെ കാണിച്ചപ്പോഴാണ് ഗ്യാങ്സ്റ്ററിലേക്ക് വിളിച്ചത്. ഒരു വർഷം കഴിഞ്ഞാണ് റാണി പദ്മിനിയിലേക്ക് വിളിച്ചത്. ഇതിനിടയ്ക്കൊന്നും ഞാൻ അഭിനയിക്കാൻ പോയിട്ടില്ല. ചാൻസ് ചോദിച്ചിട്ടുമില്ല. റാണി പദ്മിനിക്കുശേഷമാണ് അഭിനയത്തിലും ശ്രദ്ധിച്ചുതുടങ്ങിയത്. എന്നാൽ സംവിധാനമായിരുന്നു ലക്ഷ്യം. പിന്നെ സിദ്ധാർഥ് ശിവ സഖാവിലേക്ക് വിളിച്ചു. രഞ്ജിത്തേട്ടൻ പുത്തൻപണത്തിലേക്ക് വിളിച്ചു.  

 

∙കുട്ടിക്കാലം തൊട്ട് സെലിബ്രൈറ്റി ആയിരുന്നോ?

 

ഇവിടെ കോഴിക്കോട്ട് എല്ലാവർക്കുമെന്നെ അറിയാം. മലബാർ ക്രിസ്ത്യൻ കോളജിലും ഗുരുവായൂരപ്പൻ കോളജിലുമൊക്കെയാണ് പഠിച്ചത്. നമ്മൾക്ക് ഇവിടെ കിട്ടുന്നൊരു ഫ്രീഡമുണ്ട്. അത് ഇപ്പോൾ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്.നമ്മൾ വളർന്നുവന്ന സാഹചര്യം അങ്ങനെയായിരുന്നു. അച്ഛന് സിനിമയിൽ ഗ്ലാമറൊക്കെയുണ്ട്. പക്ഷേ അന്നൊന്നും നമ്മൾക്ക് അങ്ങനെയായിരുന്നില്ല. അച്ഛൻ ഒരു സെലിബ്രൈറ്റി ആയിട്ടല്ല ജീവിച്ചത്. അത് കോഴിക്കോട്ടുകാർക്ക് വളരെ കൃത്യമായിട്ടറിയാം. നമ്മളെ വളർത്തിയതും അങ്ങനെയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് ഈ സെലിബ്രൈറ്റി  ചോദ്യങ്ങൾ വന്നുതുടങ്ങിയത്.

 

ചെറുപ്പം മുതലേ സെലിബ്രൈറ്റി ജീവിതമൊന്നുമായിരുന്നില്ല. കൂട്ടുകാരുടെ വീട്ടിലൊക്കെ പോവുമ്പോൾ ‘മോന്റെ അച്ഛനെന്താ ചെയ്യുന്നതെന്ന ചോദ്യം വരും’.‘ സിനിമയിലാണെ’ന്ന് പറയും. ‘ സിനിമയിൽ എന്തു ചെയ്യുന്നു’വെന്നാണ് അടുത്ത ചോദ്യം. നടനാണെന്ന് ഉത്തരം. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണ് സെൽഫിയൊക്കെ വന്നത്. ഇപ്പോഴാണ് നമ്മൾ എവിടെയെങ്കിലും നിൽക്കുമ്പോൾ ഫോട്ടോയെടുത്ത് ഇൻസ്റ്റയിലിടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിൽക്കുമ്പോൾ ഫോട്ടോയെടുത്ത് ‘സ്പോട്ടഡ് അറ്റ്’ എന്ന ക്യാപ്ഷനിട്ടാണ് പോസ്റ്റുചെയ്തത്. എന്തോ ഒരു സാധനം ഇതിലേപോയി എന്നതുപോലെ ! അതുകൊണ്ട് ഇപ്പോൾ കള്ളത്തരങ്ങളൊന്നും പറ്റുന്നില്ല. ആൾക്കാർ കണ്ടുപിടിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com