കൊട്ട മധുവിനെപ്പോലെ തന്നെ ശക്തയായ പ്രമീള; അപർണ ബാലമുരളി അഭിമുഖം
Mail This Article
ഷാജി കൈലാസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും മാസ് പടങ്ങളുമായി എത്തുന്നത് ഒട്ടേറെ പുതുമകളുമായിട്ടാണ്. തിരുവനന്തപുരത്തിന്റെ ഗുണ്ടാ കുടിപ്പകയുടെ ചരിത്രം പറയുന്ന കാപ്പയും വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ നെടുംതൂണുകളായി രണ്ടു സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതാണ് കാപ്പയിൽ ശ്രദ്ധേയമായത്. തേച്ചു വടി പോലെയാക്കിയ വെള്ള ഡബിൾ പോക്കറ്റ് ഷർട്ടിനും കറുത്ത പൊട്ടിനും പിന്നിൽ കൊട്ട മധു തന്റെ ജീവിതം മാറ്റിയെഴുതാൻ ശ്രമിക്കുമ്പോൾ മധുവിന് പിന്തുണയുമായി ഉൾക്കരുത്തുള്ള പ്രമീള എന്ന ഭാര്യയുണ്ട്. കരുത്തരായ നിരവധി സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് കൊട്ട മധുവിന്റെ പ്രമീളയായി എത്തിയത്. ചെറുപ്പം മുതൽ ആസ്വദിച്ച നിരവധി സിനിമകളുടെ അമരക്കാരനായ ഷാജി കൈലാസിന്റെ ചിത്രത്തിൽ നായികയായ സന്തോഷം പങ്കുവച്ചു കൊണ്ട് അപർണ ബാലമുരളി മനോരമ ഓൺലൈനിൽ.
സ്ത്രീ പ്രാധാന്യമുള്ള കാപ്പ
സിനിമയിൽ ഉള്ള രണ്ടു സ്ത്രീകളും ശക്തമായ കഥാപാത്രങ്ങളാണ്. അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ എനിക്കും വളരെ സന്തോഷമായി. കാപ്പയുടെ കഥ വളരെ ശക്തമാണ്. ഇന്ദുഗോപൻ ചേട്ടന്റെ ഏറ്റവും നല്ല കഥകളിൽ ഒന്നാണ്. കഥ വായിച്ചപ്പോൾത്തന്നെ എനിക്ക് കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു. നായകനെപ്പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രമീള. അതുപോലെ തന്നെ ബിനു എന്ന കഥാപാത്രവും വളരെ ശക്തയായ സ്ത്രീയാണ്. പ്രമീളയ്‌ക്ക് നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്.
മലയാള സിനിമ മാറുന്നു
ഇപ്പോൾ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഒരുപാട് സിനിമകൾ വരുന്നുണ്ട്. ‘ജയ ജയ ജയ ജയ ഹേ’, എന്റെ തന്നെ സിനിമ ‘ഇനി ഉത്തരം’ തുടങ്ങി നിരവധി ചിത്രങ്ങൾ വന്നുകഴിഞ്ഞു. ഞാൻ അഭിനയിക്കുന്ന ഒട്ടുമിക്ക സിനിമകളും സ്ത്രീപ്രാധാന്യം ഉള്ളതാണ്. സിനിമ നന്നായി മാറുന്നുണ്ട്. മലയാളത്തിലാണ് അത്തരത്തിൽ നല്ലൊരു മാറ്റം വന്നിട്ടുള്ളത്. കാപ്പ പോലെ ഒരു സിനിമയിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ഇത്തരമൊരു സ്ത്രീ കഥാപാത്രം. രാജു ചേട്ടന്റെ സിനിമയാണ്. അതിൽ രാജു ചേട്ടനെ തന്നെയാണ് എല്ലാവരും കാണാൻ വരുന്നത്. ഇന്ദുഗോപൻ ചേട്ടൻ എഴുതിയ ശംഖുമുഖി കഥയിൽ ഉള്ളതുപോലെ തന്നെയാണ് സിനിമ എടുത്തിരിക്കുന്നത്. ഇന്ദുഗോപൻ ചേട്ടൻ എഴുതിവച്ചതിനൊപ്പം എല്ലാവരും ഒരുപോലെ നിൽക്കുകയും ഷാജി സർ ഏറ്റവും മനോഹരമായി ചിത്രീകരിക്കുകയും ചെയ്തു. ഇത് ഒരു കൂട്ടായ്മയുടെ സിനിമയാണ്. വളരെ സന്തോഷപൂർവമാണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചത്. പടം ആളുകൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.
പൃഥ്വിരാജിന്റെ കൊട്ട മധു
കൊട്ട മധു എന്ന രാജു ചേട്ടന്റെ കഥാപാത്രം അദ്ദേഹം വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ഈ കഥാപാത്രം രാജു ചേട്ടൻ അല്ലാതെ മറ്റാരും ചെയ്താൽ ഇത്രയും ഭംഗിയാകില്ല. രാജു ചേട്ടനെ അല്ലാതെ മറ്റൊരാളെ ഈ കഥാപാത്രത്തോട് ചേർത്തുവയ്ക്കാൻ മനസ്സിൽ പോലും പറ്റുന്നില്ല. ശക്തനായ ഒരു മനുഷ്യനാണ് മധു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെന്നു കരുതി അത് മധുവിന്റെ പ്രസക്തിക്ക് ഒട്ടും കോട്ടം വരുത്തിയിട്ടില്ല.
തിരുവനന്തപുരത്തിന്റെ കഥ
തിരുവനന്തപുരത്തുകാർ ചെയ്ത തിരുവനന്തപുരത്തിന്റെ കഥയാണ് കാപ്പ. ഷാജി ചേട്ടൻ, രാജു ചേട്ടൻ, നന്ദു ചേട്ടൻ, ജഗദീഷ് ചേട്ടൻ തുടങ്ങി നിരവധിപേരാണ് ചിത്രത്തിനുവേണ്ടി പ്രവർത്തിച്ച തിരുവനന്തപുരത്തുകാർ. അതുകൊണ്ടുതന്നെ തിരുവനന്തപുരം സ്ലാങ് വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. സ്ലാങ് പഠിക്കാൻ എന്നെ സഹായിച്ചത് രാജു ചേട്ടനാണ്. ഞാൻ ആദ്യമായിട്ടാണ് തിരുവനന്തപുരം ബേസ്ഡ് സിനിമ ചെയ്യുന്നത്. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. ചില വാക്കുകൾ വളരെ വ്യത്യസ്തമായിട്ടാണ് പറയുന്നത്. പക്ഷേ പറഞ്ഞു പറഞ്ഞു വന്നപ്പോൾ വാചകങ്ങളുടെ ഘടന ഒന്നു മാറ്റിയാൽ മതി എന്നു മനസ്സിലായി. പിന്നെപ്പിന്നെ എളുപ്പമായി. വലിയ കുഴപ്പമില്ലാതെ ചെയ്യാൻ പറ്റി എന്ന് തോന്നുന്നു. ഭാഷ വളരെ നന്നായി ഉപയോഗിക്കാൻ കഴിയുന്നവർ അഭിനയിച്ചത് സിനിമയുടെ പ്ലസ് പോയിന്റായി.
ഷാജി കൈലാസിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് നല്ല അനുഭവം
ഷാജി സാറിന്റെ സിനിമകൾ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. ഇപ്പോഴും യുട്യൂബിൽ ഷാജി സാറിന്റെ സിനിമകൾ ടുത്തു കാണാറുണ്ട്. വളരെ നല്ല തിയറ്റർ അനുഭവം തന്നിട്ടുള്ള ഫിലിം മേക്കർ ആണ് ഷാജി സർ. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായത് എന്നെ സംബന്ധിച്ചത് വലിയ ഭാഗ്യമാണ്. ഈ സിനിമ ഷാജി സാറിന്റെ പുതിയൊരു സ്റ്റൈൽ ഓഫ് മേക്കിങ് ആണ്. ഇത്രയധികം അനുഭവപരിചയമുള്ള താരങ്ങൾ അഭിനയിക്കുന്ന കാപ്പ പോലൊരു സിനിമയിൽ അഭിനയിച്ചത് ഒരു പഠനക്കളരി കൂടിയായിരുന്നു എനിക്ക്.
ഒരുപാട് മഹത്തായ ചിത്രങ്ങൾ ചെയ്ത എക്സ്പീരിയൻസ് ഉള്ള ഷാജി സർ ഒരു പുതിയ സംവിധായകനെപോലെ നമ്മളോടൊപ്പം ഇടപെടുകയും ഒരു തലക്കനവുമില്ലാതെ പെരുമാറുകയും ചെയ്തത് വേറിട്ട അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് എന്റെ മുന്നിൽ വളരെ വലുതാണ്. ഞാൻ പേടിച്ചു പേടിച്ചാണ് അദ്ദേഹത്തിന്റെ സെറ്റിൽ ചെന്നത്. പക്ഷേ അദ്ദേഹം നമ്മളിൽ ഒരാളായി മാറി വളരെ സൗമ്യമായി എല്ലാം പറഞ്ഞു തന്നു. അതോടെ ടെൻഷൻ എല്ലാം മാറി. അതുപോലെ ഷാജി സാറും ജോമോൻ ചേട്ടനും തമ്മിലുള്ള കോംബോ എനിക്ക് ഒരുപാട് ഇഷ്ടമായി.
കാപ്പ മികച്ച പ്രതികരണങ്ങൾ നേടുന്നു
കാപ്പ വളരെ നന്നായി പോകുന്നു. തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ആണ്. കൂടുതൽ തിയറ്ററുകളും ഷോയും ഉണ്ട്. പ്രമീള എന്ന എന്റെ കഥാപാത്രത്തെപ്പറ്റി നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്.
സ്ത്രീകൾക്ക് ന്യായമായ വേതനം
സിനിമയിൽ എല്ലാവർക്കും ന്യായമായ വേതനം നൽകണം എന്നാണ് ഞാൻ പറഞ്ഞത്. അത് സ്ത്രീയോ പുരുഷനോ എന്ന് നോക്കി കുറയ്ക്കാൻ പാടില്ല. ഞാൻ ഇതു പറഞ്ഞതിന് ശേഷം ഒരുപാട് പുതിയ ഫിലിം മേക്കേഴ്‌സുമായി ആരോഗ്യകരമായ ചർച്ചകൾ നടന്നിട്ടുണ്ട്. ഒരു വലിയ മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയുമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ സ്ത്രീകൾക്കും അർഹമായ വേതനം നൽകണം എന്നുതന്നെയാണ് ഞാൻ പറയുന്നത്.
ദേശീയ അവാർഡ് കിട്ടിക്കഴിഞ്ഞ് കരിയറിൽ ഉണ്ടായ മാറ്റം
ദേശീയ അവാർഡ് കിട്ടിയതിനു ശേഷം കരിയറിൽ ഒരു മാറ്റം വേണം എന്നൊക്കെ ഉണ്ടോ. അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്ക് അംഗീകാരം കിട്ടുന്നത് നല്ലതു തന്നെയാണ്. അവാർഡ് കിട്ടുന്നതിനു മുൻപ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളിലാണ് ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു കഥ എന്റെ മുന്നിൽ വരുമ്പോൾ ദേശീയ അവാർഡ് കിട്ടിയ ആളാണ് എന്ന ഫാക്ടർ ഒന്നും ഞാൻ മുന്നോട്ട് വയ്ക്കില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുക, നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്നതു മാത്രമാണ് എന്റെ ലക്‌ഷ്യം.
പുതിയ ചിത്രങ്ങൾ
ധൂമം എന്ന ചിത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പദ്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാൻ പോവുകയാണ്. അതിനു ശേഷം രുധിരം എന്ന ചിത്രവുമുണ്ട്.