ADVERTISEMENT

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘തങ്ക’ത്തിലൂടെ, ചെറുപ്പം മുതൽ സിനിമ നെഞ്ചേറ്റിയ മറ്റൊരാൾ കൂടി മലയാള സിനിമയിൽ കഴിവുറ്റ സംവിധായകരിലൊരാളായി അവരോധിക്കപ്പെടുകയാണ്– സഹീദ് അരാഫത്ത്‌. ഹ്രസ്വചിത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ മുതൽ ദിലീഷ് പോത്തനുമായി സൗഹൃദത്തിലായ അരാഫത്ത്‌ ദിലീഷും ശ്യാം പുഷ്കരനും ഒരുമിച്ച മിക്ക സിനിമകളിലും സഹായിയായി ഒപ്പമുണ്ടായിരുന്നു. നിരവധി പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള അരാഫത്ത്‌ 'തീരം' എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു കഥ പറയുമ്പോൾ അത് മനസ്സിൽ തൊടുന്ന ഒരു സീനാക്കി മാറ്റാൻ പ്രത്യേക കഴിവ് തന്നെ ശ്യാം പുഷ്‌കരനുണ്ട് എന്ന് സഹീദ് അരാഫത്ത്‌ പറയുന്നു. നിർമാതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് തങ്കം എന്ന സിനിമയുടെ വിജയമെന്നും സിനിമയെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും സഹീദ് അരാഫത്ത്‌ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ചെറുപ്പം മുതൽ സിനിമയ്ക്കു പിന്നാലെ

ഇരുപത്തിരണ്ടു വയസ്സ് മുതൽ സിനിമയുടെ പിന്നാലെയാണ്. ടെലിഫിലിം ചെയ്തായിരുന്നു തുടക്കം. യൂട്യൂബൊന്നും അത്ര സജീവമല്ലാത്ത കാലമായതിനാൽ ഇന്നത്തെപ്പോലെ ടെലിഫിലിം അധികമാരിലും എത്തില്ല. അന്നുമുതൽ ഒരുമിച്ചുള്ളതാണ് ദിലീഷ്പോത്തൻ. ദിലീഷും സുഹൃത്തുക്കളും ചെയ്ത ഷോർട് ഫിലിമുകളിൽ ഞാൻ അസോഷ്യേറ്റ് ആയിരുന്നു. അതിനു ശേഷം ഞാൻ പരസ്യ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ആദ്യം ലോക്കൽ പരസ്യങ്ങളും പിന്നീട് ചില പ്രശസ്ത ബ്രാൻഡുകൾക്കു വേണ്ടിയും ചെയ്തു. അപ്പോഴും സിനിമ തന്നെയായിരുന്നു ലക്ഷ്യം. സിനിമയ്ക്ക് അസിസ്റ്റ് ചെയ്തു തുടങ്ങിയപ്പോഴാണ് ശ്യാം പുഷ്കരനുമായി അടുക്കുന്നത്. അങ്ങനെ ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായി. ഞാൻ പരസ്യചിത്രങ്ങളിൽ നിൽക്കുമ്പോൾ അവർ ആഷിഖ് അബുവിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഒരു വശത്തുകൂടി ഞാൻ സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു പ്രോജക്ടുകൾ ചർച്ച ചെയ്‌തെങ്കിലും ഒന്നും നടന്നില്ല.

saheed

വലിയ പ്രോജക്ടുകളുടെ പിന്നാലെ നടന്നിട്ട് കാര്യമില്ല, എനിക്ക് എന്നെത്തന്നെ പ്രൂവ് ചെയ്തു കാണിക്കണം എന്ന് തോന്നിയപ്പോഴാണ് സുഹൃത്തുക്കളുമായി ചേർന്ന് ‘തീരം’ ചെയ്തത്. എന്റെ നാട് ആലപ്പുഴയാണ്. അവിടെ നടക്കുന്ന കഥയായാൽ എനിക്ക് എളുപ്പമായിരിക്കും. അങ്ങനെയാണ് ആലപ്പുഴ ലൊക്കേഷൻ ആക്കിയത്. ഒരു ക്യാമറയും വളരെ ചെറിയൊരു ലൈറ്റിന്റെ യൂണിറ്റും സ്വന്തമായി വാങ്ങി ഒരു ചെറിയ ജനറേറ്റർ കൊണ്ട് വർക്ക് ചെയ്യിച്ച് അതൊരു ഓട്ടോറിക്ഷയിൽ യൂണിറ്റ് വണ്ടിപോലെ പ്രവർത്തിച്ചാണ് ആ സിനിമ ചെയ്തത്. അപ്പോഴേക്കും ശ്യാം പുഷ്ക്കരൻ സിനിമയിൽ പേരെടുത്തു കഴിഞ്ഞിരുന്നു. ആ സിനിമ റിലീസ് ആയപ്പോൾ കണ്ടിട്ട് ശ്യാം പറഞ്ഞു, ഇനി ഒരു വർക്ക് ഉണ്ടെങ്കിൽ പറയൂ, നമുക്ക് ഒരുമിച്ചു ചെയ്യാമെന്ന്. ശ്യാം അങ്ങനെ പറഞ്ഞത് വലിയൊരു ആത്മവിശ്വാസമാണ് തന്നത്. എനിക്കെപ്പോഴും എന്റെ ചുറ്റും നടക്കുന്ന ചെറിയ കഥകളിലാണ് താൽപര്യം. സുഹൃത്തുക്കളൊക്കെ ചില സംഭവങ്ങൾ പറയുമ്പോൾ അതൊരു സിനിമ പോലെ മനസ്സിൽ ദൃശ്യവൽക്കരിക്കാൻ കഴിയാറുണ്ട്. അത്തരത്തിൽ ഒരു സംഭവം കേട്ടപ്പോൾ അതിൽനിന്ന് മനസ്സിൽ പാറിവീണ ഒരു ചെറുതരിയാണ് തങ്കം. ആ മേഖലയിൽ അന്വേഷിച്ച് ഒരുപാട് പോയി അപ്പോൾ എനിക്ക് താൽപര്യം തോന്നുന്ന പല കാര്യങ്ങളും കിട്ടി. ശ്യാമും ദിലീഷും കുമ്പളങ്ങി ചെയ്യുന്ന സമയത്ത് ഞാൻ ഈ കഥ ശ്യാമിനോട് പറഞ്ഞു ശ്യാമിനും ഇഷ്ടമായി. ശ്യാം ദിലീഷിനോട് കഥ പറഞ്ഞു. ദിലീഷ് എന്നെ വിളിച്ചു, ഒരു പ്രൊഡക്‌ഷൻ തുടങ്ങുന്നുണ്ട്, കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ചെയ്യാൻ പോവുകയാണ്, അതുകഴിഞ്ഞു നമുക്ക് നോക്കാം എന്നുപറഞ്ഞു. ആ ഉറപ്പിൽ ആ കഥ ഊതിക്കാച്ചിയാണ് ഇന്നുകാണുന്ന തങ്കത്തിലേക്ക് എത്തിച്ചത്.

ആദ്യത്തെ പടം തീരം

ചെറിയ ബജറ്റിൽ സുഹൃത്തുക്കൾ ചേർന്ന ചെയ്ത സിനിമയായിരുന്നു തീരം. വലിയ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വിതരണക്കാരെ കിട്ടിയിരുന്നില്ല. വളരെ കുറച്ചു തിയറ്ററിൽ മാത്രമേ റിലീസ് ചെയ്തുള്ളൂ. 2017 ലെ സംസ്ഥാന അവാർഡ് ലിസ്റ്റിൽ ഇടംനേടിയ സിനിമയായിരുന്നു തീരം. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. തീരത്തിലെ പാട്ടുകളൊക്കെ ഹിറ്റ് ആയിരുന്നു. ശ്രേയ ഘോഷാൽ പാടിയ ‘ഞാനും നീയും’ എന്ന പാട്ടിന് ദശലക്ഷക്കണക്കിനു വ്യൂവേഴ്സിനെയാണ് യൂട്യൂബിൽ ലഭിച്ചത്.

വിനീത്, ഫഹദ്, പിന്നെയും വിനീത്

തങ്കത്തിലെ കണ്ണൻ എന്ന കഥാപാത്രത്തെക്കുറിച്ചാണ് ആദ്യം മുതൽ ചിന്തിച്ചത്. കണ്ണൻ ആണ് സിനിമയുടെ ആത്മാവ്. ആദ്യം മുതൽ എന്റെ മനസ്സിൽ വിനീത് തന്നെയായിരുന്നു. അതേസമയം തന്നെ ശ്യാമും ദിലീഷും നമുക്ക് വിനീത് ശ്രീനിവാസനെ കാസ്റ്റ് ചെയ്താലോ എന്ന് ചോദിച്ചു. വിനീതിനോടു കാര്യം പറഞ്ഞു 2019 ൽ സിനിമ പ്രഖ്യാപിച്ച് 20 ൽ ഷൂട്ട് തുടങ്ങാനിരിക്കുമ്പോഴാണ് കോവിഡ് വരുന്നത്. അപ്പോഴേക്കും വിനീതിന് ചില അസൗകര്യം വന്നു. വിനീത് ഹൃദയം ചെയ്യാൻ തുടങ്ങുകയുമായിരുന്നു. അങ്ങനെ ഞങ്ങൾ ഫഹദ് ഫാസിലിനോട് കാര്യം പറഞ്ഞു. ഫഹദ് ഓക്കേ പറഞ്ഞു. ഇതിനിടെ കോവിഡ് സമയത്ത് ദിലീഷ് പോത്തൻ ‘ജോജി’ ചെയ്തപ്പോൾ ഞാൻ സഹസംവിധായകനായി വർക്ക് ചെയ്തു. ജോജിയിൽ ഫഹദ് അസാമാന്യ പ്രകടനമായിരുന്നല്ലോ. കുറെ സിനിമകൾ ഫഹദ് നായകനായി ഈ ടീം തന്നെ ചെയ്തു കഴിഞ്ഞപ്പോൾ ഇനി അടുത്ത സിനിമയിൽ കാസ്റ്റിങ് ഒന്ന് മാറ്റിപ്പിടിക്കാം എന്ന് തോന്നുകയും വീണ്ടും അത് വിനീതിൽ എത്തുകയും ചെയ്തു.

saheed-arafath1

തൃശൂരിൽനിന്നു തന്നെ ബിജു മേനോന് ഒപ്പം നിൽക്കാൻ പറ്റുന്ന ഒരാളെ എങ്ങനെ കണ്ടുപിടിക്കാം എന്ന തിരച്ചിലാണ് വിനീത് തട്ടിൽ എന്ന താരത്തിൽ എത്തിയത്. പോത്തന്റെ സഹസംവിധായകൻ റോയ് ആണ് തട്ടിലിനെപ്പറ്റി പറഞ്ഞത്. ഭയങ്കര കഴിവുള്ള താരമാണ് തട്ടിൽ. പുള്ളിയുടെ ഭാഗം നന്നാക്കി നമുക്കൊരു പ്രഷർ തരാതെ കൊണ്ടുപോകാൻ തട്ടിൽ ശ്രദ്ധിക്കും. മഹാരാഷ്ട്ര പൊലീസ് ആയി അഭിനയിച്ച ഗിരീഷ് കുൽക്കർണിയുടെ സിനിമകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. പല സിനിമയിലും പല തരത്തിലാണ് അദ്ദേഹത്തിന്റെ പെർഫോമൻസ് റേഞ്ച്. സിനിമയിൽ തന്നെ പറയുന്നതുപോലെ, മുംബൈയിൽ നടന്ന ഒരു മല്ലു കൊലക്കേസ് തമിഴ്നാട്ടിൽ അന്വേഷിക്കുകയാണ്. അപ്പോൾ മഹാരാഷ്ട്ര പൊലീസ് ആയി അഭിനയിക്കാൻ ഒരു നടൻ വേണം. നമുക്ക് അവിടെയുള്ള പൊലീസുകാരെപ്പറ്റി വ്യക്തമായ ധാരണയില്ല. അതൊക്കെ അറിയാവുന്ന ആളാണെങ്കിൽ കാര്യം എളുപ്പമാകും. അങ്ങനെയാണ് ഗിരീഷ് കുൽക്കർണിയിലേക്ക് എത്തിയത്. അദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയാണ്. തമിഴ് താരങ്ങളെയെല്ലാം നാലു മാസത്തോളം കോയമ്പത്തൂരിൽ സ്റ്റേ ചെയ്തിട്ട് ഓഡിഷൻ ചെയ്ത് എടുത്തതാണ്. ബിജു മേനോൻ, അപർണ, ഇന്ദിര ചേച്ചി തുടങ്ങി കഴിവുറ്റ താരങ്ങൾ അഭിനയിച്ചപ്പോൾ തങ്കം യാഥാർഥ്യമായി.

തൃശൂരിൽനിന്ന് മുംബൈ വരെയുള്ള യാത്ര എളുപ്പമാക്കിയത് നിർമാതാക്കൾ

നിർമാതാക്കളുടെ പിന്തുണയാണ് ഈ സിനിമയുടെ വിജയം. അതുകൊണ്ടുതന്നെ തൃശൂർ മുതൽ മുംബൈ വരെ യാത്രചെയ്തു ചെയ്ത ഈ ഷൂട്ട് ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല. നിർമാതാക്കളുടെ സപ്പോർട്ട് ജോജിയിൽ വർക്ക് ചെയ്തപ്പോൾത്തന്നെ മനസ്സിലായതാണ്. എത്ര ദിവസം ആകുന്നു എന്നതിലല്ല, എന്തൊക്കെ ചെയ്താൽ സിനിമ ഭംഗിയാക്കാം എന്നാണ് അവർ നോക്കുന്നത്. നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ സിനിമ എത്താൻ എത്ര ബുദ്ധിമുട്ടാനും ദിലീഷ് തയാറാണ്. തങ്കത്തിനു വേണ്ടി അൻപത് ലൊക്കേഷനിൽ കൂടുതൽ വർക്ക് ചെയ്തിട്ടുണ്ട്. പല ഭാഷകളിൽ, ഒരുപാട് യാത്ര ചെയ്ത്, ഒരു റോഡ് മൂവി പോലെ ചെയ്ത സിനിമ അത്ര എളുപ്പമായിരുന്നില്ല. പക്ഷേ നിർമാതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും.

തൃശൂരിൽ സ്ലാങ്ങിനു വേണ്ടി കടുംപിടിത്തമില്ല

കഥയിലാണ് ഞങ്ങൾ ശ്രദ്ധിച്ചത് അതുകൊണ്ടു തന്നെ തൃശൂർ സ്ലാങ് അതുപോലെ കൊണ്ടുവരണമെന്നു തോന്നിയില്ല. ഭാഷാ ശൈലി ശ്രദ്ധിച്ചാൽ മറ്റു പല കാര്യങ്ങളും കോംപ്രമൈസ് ചെയ്യേണ്ടിവരും. അങ്ങനെ നോക്കിയാൽ തമിഴ്‌നാട്ടിൽ ഒരുപാട് സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളുണ്ട്. അവിടെയൊക്കെ ഭാഷ ഒരുപാട് വ്യത്യസ്തമാണ്. നമുക്ക് ആ ഒരു ഭാഷാശൈലി മാത്രം മതി എന്നുകരുതി, അസൽ തൃശൂർ സ്ലാങ് വേണമെന്ന് ബലം പിടിച്ചില്ല. ബിജു മേനോൻ, അപർണ, വിനീത് തട്ടിൽ തുടങ്ങിയവരൊക്കെ തൃശൂർക്കാരാണ്. എങ്കിലും അവർക്കും അസ്സൽ തൃശൂർ സ്ലാങ് ഇല്ല എന്നുതന്നെ പറയാം.

saheed3

ക്രൈം ത്രില്ലറിൽ തിരക്കഥ അതുപോലെ പിന്തുടരണം

ഒരു ഇൻവെസ്റ്റിഗേഷൻ സ്വഭാവമുള്ള സിനിമയിൽ താരങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ അഭിനയിക്കാനും ഡയലോഗ് പറയാനും വിട്ടാൽ ശരിയാകില്ല. കാരണം അത് സിനിമയുടെ സ്വഭാവത്തിൽനിന്ന് മാറിപ്പോകും. നമ്മൾ കണ്ടുവച്ചിരിക്കുന്ന ഉത്തരത്തിലേക്ക് എത്തത്തക്കവിധത്തിൽ പ്ലാൻ ചെയ്ത തിരക്കഥയാണ്. ഓരോരുത്തരും എന്തു പറയണം, എന്തു പറയരുത് എന്നൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. പ്ലാൻ ചെയ്തത് അവരുടെ ശൈലിയിൽ അവതരിപ്പിക്കുക, അവർക്ക് അപ്പൊ അതിനോട് പ്രതികരിക്കാൻ തോന്നുന്ന രീതിയിൽ ചെയ്യുക എന്നാണ് അവരോടു പറയുക. ഏതു സ്ഥലമാണ് മാറ്റിപ്പിടിക്കേണ്ടത് എന്നുമാത്രമാണ് അവരോടു പറയുക. തിരക്കഥ അവർക്ക് പറഞ്ഞു കൊടുത്തിട്ട് ഇത് എങ്ങനെയായിരിക്കും ചെയ്യാൻ പറ്റുക എന്ന് താരങ്ങളോട് ചോദിച്ചിട്ട് അവർ ചെയ്യുന്നത് ഞാൻ കണ്ടു നോക്കുകയാണ്. സിനിമ ചെയ്യുമ്പോൾ അങ്ങനെ ഒരു ഫോർമുല ഒന്നും ഇല്ലായിരുന്നു ഇത്തരത്തിലാണ് ചെയ്തത് എന്ന് ഇപ്പൊ ആലോചിക്കുമ്പോൾ എനിക്ക് തോന്നുകയാണ്. പലപ്പോഴും ഒരു ഓർഡറിലാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്തോറും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ അവർക്കു തന്നെ പിന്തുടരാൻ പറ്റുന്നുണ്ട്. ഒരുപാട് ബ്രേക്ക് വരുന്നവർക്കാണ് നമ്മൾ ഇതുവരെ ഇത്രയുമാണ് ചെയ്തത് ഇപ്പോൾ ഇവിടെയാണ് നിൽക്കുന്നത് എന്ന് പറഞ്ഞുകൊടുക്കേണ്ടി വരുന്നത്. പടം തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ കഥാപാത്രത്തിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റി. അതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല. താരങ്ങളെല്ലാം കഴിവുറ്റവരായത് എന്റെ ജോലി എളുപ്പമാക്കി.

സ്വർണപ്പണിക്കാരെക്കുറിച്ച് നന്നായി പഠിച്ചു

കോവിഡിന് മുന്നേ ചെയ്യാനിരുന്ന ഒരു സിനിമയാണ് തങ്കം. ജിഎസ്ടി ഒക്കെ പൂർണമായി നടപ്പാക്കുന്നതിന് മുന്നേ സ്വർണക്കച്ചവടം ഇങ്ങനെയൊക്കെയായിരുന്നു നടന്നിരുന്നത്. തൃശൂർ എന്ന സ്ഥലം ഗോൾഡ് ക്യാപിറ്റൽ ആണെന്നു പറയുന്നത് വെറുതെയല്ല. പ്രശസ്തരായ ജ്വല്ലറി ഉടമകൾ ഒക്കെ അവിടെയുള്ളവരാണ്. തൃശൂരിൽ സ്വർണപ്പണി ചെയ്യുന്നവരുടെ വീടിനു സൈഡിൽ ഒരു വർക്ക് ഷോപ്പ് ഉണ്ടാകും. അവിടെ ആഭരണങ്ങൾ പണിഞ്ഞാണ് പല ജ്വല്ലറികളിലേക്കും ഇന്ത്യയുടെ പല ഭാഗത്തേക്കും പോയിരുന്നത്. കോവിഡിന് മുൻപ് ഈ ബിസിനസ് വളരെ വ്യാപകമായി നടന്നിരുന്നു. ഇപ്പോഴും ചെറിയ അളവിലെങ്കിലും ഇത്തരം ബിസിനസ് നടക്കുന്നുണ്ട്. പല കച്ചവടങ്ങളും പകുതി ബില്ല്, പകുതി ബില്ലില്ലാതെ ഒക്കെയാണ് നടക്കുന്നത്. ഇത് കള്ളക്കടത്താണെന്നു പറയാൻ പറ്റുമോ എന്നറിയില്ല. ഇത് പലരുടെയും ജീവിതപ്രശ്നമാണ്. ചെറുകിട ബിസിനസുകാരാണ്. അവരുടെ തൊഴിലാളികളുടെ ശമ്പളവും ചെറിയ ലാഭവുമൊക്കെ ഇത്തരം കച്ചവടത്തിൽ നിന്നാണ് കിട്ടുന്നത്. സ്വർണത്തിന്റെ ബിസിനസ് ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, ഇതാണ് യാഥാർഥ്യം. ഈ പോക്കിൽ പലർക്കും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപാട് യാത്ര ചെയ്ത് പഠനം നടത്തിയാണ് സിനിമ ചെയ്തത്. ജിഎസ്ടി വന്നതിനു ശേഷം അവസ്ഥ മാറിയിട്ടുണ്ട്. കോവിഡിന് മുന്നേയുള്ള അവസ്ഥയാണ് സിനിമയാക്കിയിരിക്കുന്നത്.

കുറ്റാന്വേഷണത്തിലും നർമം വിടാതെ

തങ്കത്തിലെ നർമം കൂടുതലും ഭാഷയെ അടിസ്ഥാനമാക്കിയാണ്. ഒരാളുടെ ഭാഷ മറ്റൊരാൾക്ക് മനസ്സിലാകാത്തതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതും കാണികളിൽ ചിരി ഉണർത്തുന്നു. ശ്യാം പുഷ്ക്കരൻ ആണ് നർമത്തിനു പിന്നിലെ ശിൽപി. ഞാൻ പോയി അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ പുള്ളിയോട് പറയുമ്പോൾ പുള്ളി അത് രസകരമായ വിധത്തിൽ ഒരു സീൻ ആയി നമ്മുടെ മുന്നിൽ അവതരിപ്പിക്കും. പറയുന്നത് ക്ളീഷേ ആയിപോകാത്ത വിധത്തിൽ അവതരിപ്പിക്കാൻ ശ്യാമിന് അറിയാം അതിന്റെ റിസൽറ്റ് ആണ് സിനിമയിൽ അത്രയും ചിരിയുണർത്തുന്നത്. ഒരാൾക്ക് ഭാഷ അറിയാത്തതുകൊണ്ട് പറ്റുന്ന അബദ്ധങ്ങൾ മറ്റൊരാൾക്ക് കാണുമ്പോൾ തമാശ ആയി തോന്നാം. ഇതാണ് സിനിമയിൽ കഥാപാത്രങ്ങൾ മാനസിക സമ്മർദങ്ങളിൽ നിൽക്കുമ്പോഴും പ്രേക്ഷകന് നർമമായി തോന്നിയത്.

പ്രതികരണങ്ങളിൽ സന്തോഷം

സിനിമയുടെ ക്ലൈമാക്‌സ് ചർച്ചയാകുന്നതിൽ വലിയ സന്തോഷമുണ്ട്. പലർക്കും പല ചോദ്യങ്ങളും ഉണ്ടാകും. അതിനെക്കുറിച്ചൊക്കെ എനിക്ക് ഒരിക്കൽ വിശദമായി സംസാരിക്കാൻ കഴിയും. എല്ലാവരുടെയും ചോദ്യങ്ങൾക്ക് എന്റെ മനസ്സിൽ ഉത്തരമുണ്ട്. ഇപ്പോൾ പറഞ്ഞാൽ സസ്പെൻസ് പോകില്ലേ, എല്ലാംഒരിക്കൽ പറയാം. എന്നെ വിശ്വസിച്ച് പണം മുടക്കിയവർക്ക് സംതൃപ്തിയുണ്ട് എന്നറിയുമ്പോൾ സന്തോഷമുണ്ട്. സിനിമാമേഖലയിൽ നിന്നും പുറത്തുനിന്നും ഒരുപാട്പേര് വിളിക്കുന്നുണ്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. ഞങ്ങളുടെ ടീം മുഴുവൻ സന്തോഷത്തിലാണ്.

ഭാവി പ്രോജക്ടുകൾ

ചില കഥകൾ മനസിലുണ്ട്, ചിലതൊക്കെ ചർച്ചകൾ നടത്തിയിട്ടുണ്ട്. ശ്യാമുമായിത്തന്നെ ചിലത് വർക്ക്ഔട്ട് ചെയ്യുന്നുണ്ട്. അടുത്തതായി ഏതാണ് ചെയ്യുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. തങ്കത്തിന്റെ തിരക്കുകൾ കഴിഞ്ഞിട്ടേ എന്തെങ്കിലും തീരുമാനിക്കാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com