‘തങ്ക’ത്തിൽ തിളങ്ങി ഈ അമ്മയും മകളും; അഭിമുഖം
Mail This Article
‘തങ്ക’ത്തിൽ വിനീത് ശ്രീനിവാസൻ–അപർണ ബാലമുരളി ജോഡിയുടെ മകളായെത്തിയ ബേബി നന്ദിതയുടെ അമ്മ അനുപമ സ്വാമിനാഥനും ആ സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തിയിരുന്നു. ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായാണ് അനുപമ എത്തിയത്. സ്കൂൾ, കോളജ് നാടകങ്ങളിലും സ്പോർട്സിലും സജീവമായിരുന്ന അനുപമ ജോലിയും തിരക്കുകളുമായി കലാപ്രവർത്തനം മറന്ന മട്ടായിരുന്നു. സിനിമയിലേക്കുള്ള മകളുടെ രംഗപ്രവേശമാണ് അനുപമയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന താരത്തെ തൊട്ടുണർത്തിയത്. തങ്കത്തിന്റെ ഭാഗമാകാൻ മകളെയും കൊണ്ടെത്തിയ അനുപമയുടെ മുന്നിലേക്ക് നിനച്ചിരിക്കാതെ വീണുകിട്ടിയതാണ് ബിജു മേനോന്റെ ഭാര്യയുടെ വേഷം. സർഗധനരായ ഒരുപറ്റം സിനിമാപ്രവർത്തകരോടൊപ്പം അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അനുപമ പറയുന്നു. തങ്കത്തിന്റെ വിശേഷങ്ങളുമായി അനുപമ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ
ഒരുപാട് ആഗ്രഹങ്ങളുള്ള, ക്രിയേറ്റിവ് ആയ വ്യക്തി എന്ന നിലയിൽ കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യമായി ഒരു സിനിമയിലെത്തുമ്പോൾ അത് ഭാവന സ്റ്റുഡിയോയുടെ ബാനറിൽ തങ്കം എന്ന ചിത്രത്തിലായതിൽ ഏറെ സന്തോഷമുണ്ട്. വളരെ പ്രഫഷനലായ ഒരു ടീമിനൊപ്പം അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്.
ചില നേട്ടങ്ങൾക്കായി നമുക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം, ഉദാഹരണത്തിന്, കോസ്റ്റ് അക്കൗണ്ടന്റ് പ്രഫഷനലായ എനിക്ക് ആ യോഗ്യത നേടിയെടുക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ‘തങ്കം’ എനിക്ക് അനായാസം ലഭിച്ച ഭാഗ്യമാണ്. കുട്ടിക്കാലം മുതൽ അഭിനയിക്കാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരു നല്ല സിനിമയിലൂടെത്തന്നെ തുടക്കം കുറിക്കണമെന്ന് കരുതിയിരുന്നു. എന്റെ ആഗ്രഹം സാധ്യമാക്കാൻ ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തി എന്നുതന്നെ ഞാൻ പറയും. എന്റെ മകൾ നന്ദിത അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് തങ്കം. അവളെയും കൊണ്ട് ഷൂട്ടിങ്ങിന് എത്തിയതായിരുന്നു ഞാൻ. ഈ സിനിമയുമായി ബന്ധപ്പെട്ട എന്റെ ചില സുഹൃത്തുക്കളാണ് ഈ റോളിലേക്ക് എന്നെ നിർദ്ദേശിച്ചത്. അങ്ങനെ ആകസ്മികമായി ലഭിച്ച ഭാഗ്യമാണ് തങ്കം.
സ്കൂൾ തലം മുതൽ കലയുമായി ബന്ധമുണ്ട്
ഞാൻ ജനിച്ചതും വളർന്നതും കലകളാൽ സമ്പന്നമായ കോഴിക്കോട്ടാണ്. ചെറുപ്പം മുതൽ ‘സൺഡേ തിയറ്ററി’ന്റെ ഭാഗമാകാനും പിന്നീട് തിയറ്റർ ക്ലബ്ബുകളിൽ സജീവമാകാനും കേരള നാടകോത്സവത്തിൽ വിവിധ നാടകങ്ങളിൽ സഹകരിക്കാനും സാധിച്ചിട്ടുണ്ട്. സ്‌കൂൾ-കോളജ് കാലത്ത് നാടകങ്ങളിൽ മികച്ച നടി എന്ന അംഗീകാരം ലഭിച്ചിരുന്നു. നൃത്തം, നാടകം, ആലാപനം, കാലിഗ്രാഫി, മാസികകളുടെ എഡിറ്റോറിയൽ എഴുത്ത് തുടങ്ങിയവയായിരുന്നു അക്കാലത്ത് എന്റെ വിനോദം. സ്‌കൂളിലെ സ്‌പോർട്‌സ് ക്യാപ്റ്റൻ ആയിരുന്നു ഞാൻ. കോജ് തലത്തിൽ യൂണിവേഴ്‌സിറ്റി ബാഡ്മിന്റൻ ടീമിന്റെ ഭാഗവും ആയിരുന്നു.
ബിജു മേനോന്റെ നായിക
ആരും കാണാൻ ഇഷ്ടപ്പെടുന്ന ഒരു ഇമോഷനൽ ക്രൈം ഡ്രാമയാണ് തങ്കം. അതിഗംഭീരമായി ഫ്രെയിം ചെയ്ത തിരക്കഥ, അർപ്പണബോധമുള്ള സംവിധായക സംഘം, അക്ഷീണം പ്രയത്നിക്കുന്ന ടീം എന്നിവയാണ് തങ്കത്തിന്റെ വിജയത്തിന് പിന്നിൽ. എന്റെ കഥാപാത്രത്തിനു സ്ക്രീൻ പ്രസൻസ് കുറവാണെങ്കിലും, എന്നെ ആവേശഭരിതയാക്കുന്നത് സിനിമയിലെ ഹിറ്റ് ഗാനമായ ‘ദേവി നീയേ’യിൽ ഒരു ഭാഗമാകാൻ എനിക്കും മകൾക്കും കഴിഞ്ഞു എന്നതാണ്. വീട്ടുജോലികളും കുടുംബവും നന്നായി കൈകാര്യം ചെയ്യുന്ന ഒരു മധ്യവർഗ ക്രിസ്ത്യൻ ഭാര്യയാണ് സിനിമയിലെ മുത്തുവിന്റെ ഭാര്യ ഷീന എന്ന എന്റെ കഥാപാത്രം.
മലയാളം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബിജു മേനോനെപ്പോലെ ഒരു നടന്റെ ഭാര്യയായി അഭിനയിച്ചുകൊണ്ട് സിനിമയിൽ രംഗപ്രവേശം നടത്താൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. അരാഫത്ത് എന്റെ ആദ്യ ഷോട്ട് ഓക്കേ ആണെന്ന് പറയുന്നവരെ ഈ അവസരം എനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ചെറുപ്പം മുതൽ സ്റ്റേജ് ഫിയർ ഇല്ലാതിരുന്നതുകൊണ്ട് എന്തു ചെയ്യുന്നതിനും ഒരു പേടിയും തോന്നിയിരുന്നില്ല. ഈ റോൾ ഞാൻ തന്നെ ചെയ്താൽ മതിയെന്ന് ഉറപ്പുണ്ടോ എന്ന് അരാഫത്തിനോട് ഞാൻ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു. കാരണം എനിക്ക് അപ്പോഴും എന്റെ സിനിമാപ്രവേശത്തെക്കുറിച്ച് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അരാഫത്ത് പറഞ്ഞു, ‘നിങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസമാണ് ഞങ്ങളുടെ ആത്മവിശ്വാസം.’ അരാഫത്തിന്റെ വാക്കുകൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
ആദ്യ സിനിമ മകൾക്കൊപ്പം
എന്റെ മകൾ അഭിനയിക്കുന്ന സിനിമയിൽത്തന്നെ അവസരം ലഭിക്കുക എന്നത് അപൂർവ ഭാഗ്യമാണ്. അവൾ ജനിക്കുന്നതുവരെ ഞാൻ പഠനത്തിലും ജോലിയിലും മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. അവൾ ജനിച്ചുകഴിഞ്ഞ് അവളെ കലയുടെ രംഗത്തേക്ക് കൊണ്ടുവന്നതിനൊപ്പം എന്നിലെ കലാകാരിയും പുനർജനിക്കുകയായിരുന്നു. കലാ സാംസ്കാരിക മേഖലകളിൽ ഒരുകാലത്ത് ആക്റ്റീവ് ആയിരുന്ന എനിക്ക് ഉള്ളിൽ കുഴിച്ചുമൂടിയ ആഗ്രഹങ്ങൾ പുറത്തെടുക്കാനും തേച്ചു മിനുക്കാനും മകളോടൊപ്പമുള്ള യാത്രകൾ സഹായിച്ചു. പാട്ടും അഭിനയവും വോയ്‌സ് ഓവറുമാണ് എന്റെ ശക്തി. എന്റെ മകൾ നന്ദിതയ്‌ക്കൊപ്പം സിനിമയിലേക്ക് പിച്ചവയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
കഴിവുള്ള അഭിനേതാക്കളിൽനിന്ന് സിനിമയുടെ ബാലപാഠങ്ങൾ
നിരീക്ഷണമാണ് ഒരു ആക്ടറിന് വേണ്ട ഏറ്റവും വലിയ കഴിവെന്ന് ബാല്യകാലം മുതൽ അഭിനയ ശിൽപശാലകളിലും സെഷനുകളിലും പങ്കെടുത്തിട്ടുള്ളതുകൊണ്ട് എനിക്ക് മനസ്സിലായിരുന്നു. തങ്കത്തിന്റെ ഭാഗമായപ്പോൾ എന്റെയൊപ്പം ഉണ്ടായിരുന്നത് മലയാള സിനിമയിലെ ഏറെ കഴിവുറ്റ പരിചയസമ്പന്നരായ അഭിനേതാക്കളായിരുന്നു. അവരുടെ അതിമനോഹരമായ അഭിനയം നേരിട്ട് കണ്ട് ആസ്വദിക്കാനും പഠിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. എന്റെ ആദ്യ ചിത്രത്തിൽത്തന്നെ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി എന്നിവർക്കൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്.
പ്രതികരണങ്ങൾ
എനിക്ക് കിട്ടിയ അവസരം ഏറ്റവും മികച്ചതാണെന്ന് എനിക്കുറപ്പുണ്ട്. അത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം. കഴിവിന്റെ പരമാവധി നന്നായി ഞാൻ ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ പ്രവർത്തിക്കുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു. ആ പാഠങ്ങൾ ഭാവിയിൽ കൂടുതൽ അവസരം ലഭിക്കുമെങ്കിൽ അവയെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നെയും നന്ദുവിനെയും ബിഗ്സ്‌ക്രീനിൽ ഒരുമിച്ച്കാണാൻ കഴിഞ്ഞതിൽ എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സന്തോഷത്തിലാണ്. മിക്കവരും ആദ്യ ദിവസം തന്നെ സിനിമ കണ്ട് വിളിക്കുകയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നന്നായി ചെയ്തു എന്നുതന്നെയാണ് എല്ലാവരും പറഞ്ഞത്.
ഭാവി പ്രതീക്ഷകൾ
ഞാൻ ഒരു സ്റ്റാർട്ടപ് കമ്പനിയുടെ പ്രോജക്റ്റ് ഹെഡ് ആയി ജോലി ചെയ്യുകയാണ് ഇപ്പോൾ. എന്റെ ആദ്യ സിനിമ ആകസ്മികമായി സംഭവിച്ചതാണ്. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണ്. അഭിനയ സാധ്യതയുള്ള ഏതു വേഷങ്ങളും ഏറ്റെടുക്കാനും എന്റെ കഴിവ് തെളിയിക്കാനും ഞാൻ തയാറാണ്.