ഭാവന നോ പറയുമോ എന്നായിരുന്നു എന്റെ പേടി: ആദിൽ എം. അഷറഫ് അഭിമുഖം
Mail This Article
ആദിൽ എം.അഷറഫ് എന്ന ഇക്കാക്കയ്ക്ക് അനുജനാണ് ഉള്ളത്. ഒരു അനുജത്തി ആയിരുന്നെങ്കിൽ എങ്ങനെയായിരിക്കും എന്ന ആദിലിന്റെ ഭാവനയാണ് ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്നു’ എന്ന സിനിമയുടെ കഥയായി മാറിയത്. ചെറുപ്പം മുതൽ മനസ്സിൽ കയറിക്കൂടിയ സിനിമയെന്ന പ്രണയം സഫലമായതിന്റെ സന്തോഷത്തിലാണ് ആദിൽ. കൗമാരത്തിലെ പ്രണയവും വർഷങ്ങൾക്കു ശേഷമുള്ള പുനഃസംഗമവും തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ കഥ ഒരുപാടുപേരുടെ അനുഭവങ്ങളുടെയും ഭാവനയുടെയും ആകെത്തുകയാണെന്ന് ആദിൽ പറയുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറുന്ന തന്റെ കന്നിച്ചിത്രത്തിന്റെ വിശേഷങ്ങളുമായി ആദിൽ എം.അഷറഫ് മനോരമ ഓൺലൈനിൽ.
പത്താം ക്ലാസ് മുതൽ മനസ്സിൽ കയറിക്കൂടിയ സിനിമ
സിനിമ സംവിധാനം ചെയ്യണം എന്നതായിരുന്നു ചെറുപ്പം മുതൽ ആഗ്രഹം. ആദ്യം ഡയറക്‌ഷൻ പഠിക്കാൻ ശ്രമിച്ചെങ്കിലും അത് കിട്ടിയില്ല. അങ്ങനെയാണ് എഡിറ്റിങ് പഠിക്കാൻ പോയത്. പത്താം ക്ലാസ് കഴിഞ്ഞുള്ള വലിയ അവധിക്കാലത്ത് ഞാൻ ഒരുപാട് സിനിമകൾ കണ്ടിരുന്നു. ആ സമയത്ത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരസ്യം കണ്ടിരുന്നു. സിനിമ ഉണ്ടാക്കാനാണ് അവിടെ പഠിപ്പിക്കുന്നത് എന്നു കേട്ടപ്പോൾ താൽപര്യം തോന്നി. അപ്പൊ മുതൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞ് വിഷ്വൽ കമ്യൂണിക്കേഷൻ ആണ് പഠിച്ചത്. അത് കഴിഞ്ഞു പുണെയിൽ ഡയറക്‌ഷൻ കോഴ്സ് ചെയ്യാൻ ശ്രമിച്ചു, കിട്ടിയില്ല. പിന്നീടു കൊൽക്കത്തയിൽ പോയി എഡിറ്റിങ് പഠിച്ചു. കംപ്യൂട്ടറിൽ എഡിറ്റിങ് ചെയ്തു നോക്കിയിട്ടുണ്ട്. അവിടെ പഠിക്കുന്ന കാലത്ത് പലരുടെയും വർക്കുകളിൽ സിനിമയിലെ ഒട്ടുമിക്ക മേഖലയിലും വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ എന്നും സംവിധാനം തന്നെയായിരുന്നു മനസ്സിൽ. ‘കമല’ എന്ന സിനിമ ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. ‘കൽക്കി’യുടെ അസോഷ്യേറ്റ് എഡിറ്റർ ആയിരുന്നു. പിന്നെ കോവിഡ് കാലത്ത് ഒരു സിനിമ എഡിറ്റ് ചെയ്തിട്ടുണ്ട്, അത് റിലീസ് ആയിട്ടില്ല.
പെട്ടെന്ന് എഴുതിയ കഥ
‘ന്റിക്കാക്ക’യുടെ കഥ എന്റേതാണെങ്കിലും വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ ശബരി തുടങ്ങി രണ്ടുമൂന്നു പേർ എഴുത്തിൽ സഹകരിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ സിനിമയിൽ സഹകരിച്ച പലരുടെയും അഭിപ്രായങ്ങൾ ഈ കഥയിലേക്കും സംഭാഷണത്തിലേക്കും എടുത്തിട്ടുണ്ട്. സിനിമ ചെയ്യണം എന്നു തോന്നിയപ്പോൾ മറ്റൊരു കഥയായിരുന്നു ആദ്യം എഴുതിയത്. പക്ഷേ അതൊരു വലിയ ക്യാൻവാസിൽ ചെയ്യേണ്ട പടമാണ്. അത് ഉടൻ നടക്കില്ല എന്ന് തോന്നിയതുകൊണ്ട് പെട്ടെന്നു ചെയ്യാൻവേണ്ടി എഴുതിയ കഥയാണിത്. ചെറുപ്പം മുതലേ കഥ എഴുതുമായിരുന്നു. വെറുതെ കുറെ എഴുതും, സിനിമയ്ക്കു വേണ്ടി എങ്ങനെയാണ് എഴുതുക എന്നൊന്നും അറിയില്ല, തോന്നുന്നതൊക്കെ എഴുതി വയ്ക്കും. നാലഞ്ച് സ്ക്രിപ്റ്റ് ഒക്കെ വെറുതെ എഴുതിയിട്ടുണ്ട്.
ആത്മകഥാംശം ഉണ്ട്
എനിക്ക് ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജനുണ്ട്. അതാണ് ഈ സിനിമയിലെ പ്രധാന ആത്മകഥാംശം. അനുജനു പകരം അനുജത്തി ആക്കി. അവനും ഞാനുമായി സിനിമയിലെ ഇക്കയും അനിയത്തിയുമായുള്ള ബന്ധമല്ല. കുടുംബത്ത് ഒരു കുട്ടി ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അനുജത്തി ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടികൾ കുറവാണ്. എനിക്ക് ഒരു ജ്യേഷ്ഠനും അനുജനുമാണ് ഉള്ളത്. എന്റെ അനുജനും ഞാനുമായി കുറച്ചുകൂടി സീരിയസ് ആയ ബന്ധമാണ് ഉള്ളത്. സിനിമയിൽ കാണിച്ചത് അനിയത്തി ആയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ആയിരുന്നേനെ എന്നത് എന്റെ ഫാന്റസി ആണ്. ഞാൻ എഴുതുമ്പോഴൊക്കെ അവൻ വന്നു നോക്കിയിട്ട് കഴിഞ്ഞില്ലേ എന്നൊക്കെ ചോദിക്കും. അവൻ പടം കണ്ടിട്ടില്ല. അവൻ നവോദയയിൽ ആണ് പഠിക്കുന്നത്. കുട്ടിക്കാലത്ത് ഒരു പ്രേമമൊക്കെ മിക്കവാറും എല്ലാവർക്കും ഉണ്ടാകുമല്ലോ അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതിനു ശേഷം വീണ്ടും കണ്ടുമുട്ടുക എന്നുള്ളതും സംഭവിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ല ബാക്കിയൊക്കെ ഫിക്‌ഷനാണ്.
ഇക്കാക്കയുടെ അനുജത്തി അടിപൊളി ആണ്
സാനിയ ഫാഫിയാണ് ഇക്കാക്കയുടെ അനുജത്തി മറിയ ആയിട്ട് അഭിനയിച്ചത്. സാനിയ നല്ല ടാലന്റഡ് ആർടിസ്റ്റാണ്. സിനിമയിൽ അസിസ്റ്റന്റായ അതുല്യ എന്റെ സുഹൃത്താണ്. അവളാണ് സാനിയയുടെ ഒരു ഷോർട് ഫിലിം അയച്ചു തന്ന് ഈ കുട്ടിയെ നോക്കൂ എന്ന് പറഞ്ഞത്. എന്റെ കാസ്റ്റിങ് ഡയറക്ടർ അബു തന്നതും ഈ കുട്ടിയെത്തന്നെ ആയിരുന്നു. സാനിയ ഭയങ്കര സ്മാർട്ട് ആണ്. എന്തു പറഞ്ഞാലും പെട്ടെന്നു ചെയ്യും. അവളെ കൺട്രോൾ ചെയ്യുക എന്നതു മാത്രമാണ് നമ്മുടെ ജോലി. എക്സ്പീരിയൻസ് ഉള്ള താരങ്ങളെക്കാൾ പ്രഫഷനൽ ആയ താരമാണ് സാനിയ.
ഭാവന ഒരു പ്രഫഷനൽ ആക്ടർ
സിനിമയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾത്തന്നെ ഷറഫ് ആയിരുന്നു മനസ്സിൽ. അന്നൊന്നും നായിക ആരായിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പിന്നീട് നിത്യ എന്ന നായികയെക്കുറിച്ച് ആലോചിച്ചപ്പോൾ ഭാവന തന്നെ മതി എന്ന് തോന്നി. ഭാവന നോ പറയുമോ എന്നായിരുന്നു പേടി. ഫസ്റ്റ് ഡ്രാഫ്റ്റ് കൊടുത്തപ്പോൾത്തന്നെ വായിച്ചിട്ട് ഭാവന ഓക്കേ പറഞ്ഞു. ഭാവന ഒരു പ്രഫഷനൽ ആക്ടർ ആണ്. രണ്ടാം വരവാണെന്നോ കുറെ നാളായി ഇൻഡസ്ട്രിയിൽനിന്ന് വിട്ടു നിൽക്കുകയാണെന്നോ തോന്നിയില്ല. ആദ്യ ഷോട്ട് മുതൽ ഭാവന കഥാപാത്രമായി മാറി, ഷൂട്ടിങ് ഇല്ലാത്തപ്പോൾ ജോളി ആയി എല്ലാവരോടും കൂടും. പണി അറിയാവുന്നവർ ഒപ്പമുണ്ടെങ്കിൽ നമ്മുടെ ജോലി എളുപ്പമാകും.
കുടുംബ പ്രേക്ഷകരുടെ സിനിമ
സിനിമയുടെ പ്രേക്ഷകർ കൂടുതലും സ്ത്രീകളും കുടുംബ പ്രേക്ഷകരുമാണ്. യുവാക്കളെക്കാൾ സ്ത്രീകൾക്കാണ് സിനിമ ഇഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. അത്തരത്തിൽ ഒരുപാട് പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. ഒരു പടം ചെയ്യുമ്പോൾ നമ്മുടെ പ്രതീക്ഷകൾ ഒരുപാടായിരിക്കും. അവിടെ എത്താനുള്ള ശ്രമമാണ്. ഇത് ആദ്യത്തെ സിനിമയാണല്ലോ. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമ എന്നാണ് പ്രതികരണങ്ങൾ കിട്ടുന്നത്. പലർക്കും കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ട് എന്നാണ് പറയുന്നത്. പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും ഈ സിനിമയിലുണ്ട്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന സിനിമയാണ്. എല്ലാവരും തിയറ്ററിൽ പോയി കണ്ടു പിന്തുണ തരണം എന്നാണ് പറയാനുള്ളത്.
സിനിമയിലെ ബാപ്പയല്ല എന്റെ ബാപ്പ
കൊരട്ടിക്ക് അടുത്ത് മാമ്പ്ര എന്ന സ്ഥലത്താണ് എന്റെ വീട്. ഉമ്മയും ബാപ്പയും ജ്യേഷ്ഠനും കുടുംബവും അനുജനുമാണ് എന്റെ കുടുംബം. സിനിമയിൽ കണ്ടതുപോലെയൊരു ബാപ്പയല്ല എന്റേത്. എനിക്കിഷ്ടം സിനിമയാണെന്ന് അറിഞ്ഞപ്പോൾ നിന്റെ ഇഷ്ടത്തിന് പഠിച്ചുകൊള്ളു എന്നാണ് ബാപ്പ പറഞ്ഞത്. എനിക്കു പഠിക്കാനുള്ള എല്ലാ പിന്തുണയും തന്നിട്ടുണ്ട്. ജീവിക്കാൻ ഒരു ജോലി വേണം എന്നു ബാപ്പ പറഞ്ഞിട്ടുണ്ട്. സിനിമ ചെയ്യാൻ എല്ലാ മാനസിക പിന്തുണയും ബാപ്പ തന്നിട്ടുണ്ട്. ഇപ്പോൾ എന്റെ ആദ്യ സിനിമ വന്നു കണ്ടപ്പോൾ ബാപ്പയ്ക്ക് സന്തോഷമായി.
പുതിയ പ്രോജക്റ്റ്
ഞാൻ രണ്ടു പടങ്ങൾ ചെയ്യാൻ റെഡി ആക്കിയിരുന്നു. പല കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല, ആ സിനിമകൾ ചെയ്യാനുള്ള ശ്രമമാണ് അടുത്തത്. ആദ്യം ചെയ്തതിൽനിന്ന് വ്യത്യസ്തമായ ജോണർ ആയിരിക്കും ഇനി ചെയ്യുക. എഡിറ്റിങ് നോക്കുന്നുണ്ട്, എഡിറ്റിങ് ആണ് എന്റെ ജോലി, നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് ആഗ്രഹം.