ADVERTISEMENT

ഓരോ അഭിമുഖത്തിനെത്തുമ്പോഴും ഇനിയെന്നാ സിനിമയിലേക്ക് എന്ന ചോദ്യം പലപ്പോഴും പൂർണിമ ഇന്ദ്രജിത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒരു നല്ല കഥാപാത്രം വരട്ടെ എന്ന് പുഞ്ചിരിയോടെ പൂർണിമ പറഞ്ഞു നിറുത്തും. ഏറെ നാളുകളായി ആവർത്തിച്ചു കേട്ട ചോദ്യത്തിന് ഉത്തരമാണ് തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രമെന്ന് പറയുകയാണ് പൂർണിമ. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടവനുമായിട്ടാണ് പൂർണിമ വീണ്ടും പ്രേക്ഷകർക്കു മുമ്പിലെത്തിയത്. മാജിക് എന്നോ അനുഗ്രഹം എന്നോ വിളിക്കാവുന്ന ആ അവസരത്തിനു വേണ്ടി പൂർണിമ ക്ഷമയോടെ കാത്തിരുന്നത് വർഷങ്ങളാണ്. ഒടുവിൽ, ഏതൊരു അഭിനേതാവും മോഹിക്കുന്ന ആഴവും പരപ്പുമുള്ള കഥാപാത്രം പൂർണിമയെ തേടിയെത്തി. പ്രേക്ഷകർ ഏറ്റെടുത്ത തുറമുഖത്തിലെ കഥാപാത്രത്തെക്കുറിച്ചും അഭിനയജീവിതത്തിലെ സ്വപ്നങ്ങളെക്കുറിച്ചും മനസു തുറന്ന് പൂർണിമ ഇന്ദ്രജിത് മനോരമ ഓൺലൈനിൽ.  

 

കാത്തിരുന്നത് ഇങ്ങനെയൊരു വേഷത്തിന്

 

സിനിമയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഞാൻ പറഞ്ഞത് തീർച്ചയായും ഞാൻ സിനിമയിൽ വരും എന്നായിരുന്നു. എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഇത്രയും കാലം ഞാൻ പരിശ്രമിക്കുകയായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല. കാരണം, ഇതാണ് എനിക്ക് ആവശ്യമുള്ളത്. ഒരു ആർടിസ്റ്റിന് ഏറ്റവും സന്തോഷം തോന്നുന്നത് അവരിലൂടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കപ്പെടുമ്പോൾ ആ കഥാപാത്രത്തെ എല്ലാ തലങ്ങളിലും ഉൾക്കൊള്ളാൻ കഴിയുന്നതും അത് അതുപോലെ സിനിമയിൽ പകർത്തിയെടുക്കാൻ കഴിയുന്നതും ഒടുവിൽ പ്രേക്ഷകർക്ക് ആ കഥാപാത്രം കണക്ട് ആകുന്നതുമാണ്. ഇത് അപൂർവമായി സംഭവിക്കുന്ന പ്രക്രിയയാണ്. അങ്ങനെ ഒരു കഥാപാത്രം എന്റെ ജീവിതത്തിൽ എനിക്കു ചെയ്യണം എന്ന ആഗ്രഹം എനിക്ക് ശക്തമായി ഉണ്ടായിരുന്നു. അതൊരു പ്രധാന ലക്ഷ്യമായി വച്ചുകൊണ്ടു തന്നെ എന്റെ മറ്റു സ്വപ്നങ്ങളുടെ പിന്നാലെയായിരുന്നു ഞാൻ. എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ ചെറുതെങ്കിലും ഒരു ചുവടു വയ്ക്കണമല്ലോ. അതാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്.

 

പ്രായം തുറന്നു വയ്ക്കുന്ന സാധ്യത

poornima-3

 

ഒരു അഭിനേതാവ് എന്ന നിലയിൽ പ്രായം ചെല്ലുന്തോറും അനുഭവങ്ങളുടെ തലം ഏറി വരും. തുടക്കം മുതലുള്ള അതേ ഊർജ്ജത്തോടും ഇഷ്ടത്തോടും കൂടിയാണ് വീണ്ടും വീണ്ടും അഭിനയത്തെ സമീപിക്കുന്നത്. കാലവും നമ്മെ ഒരുക്കും. എന്നെ ഏറ്റവും കൂടുതൽ ഒരുക്കിയത് സമയമാണ്. എന്റെ തീരുമാനങ്ങൾ, അതിലൂടെ സംഭവിച്ച വീഴ്ചകൾ, ലഭിച്ച ശക്തികൾ എന്നിവയുടെ ആകെത്തുകയാണ് ഇന്നത്തെ ഞാൻ. വൈകാരികമായ വളർച്ച എന്റെ ജീവിതം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. തൊഴിലിലും വ്യക്തിജീവിതത്തിലും അത്തരമൊരു വളർച്ച സംഭവിച്ചിട്ടുണ്ട്. ക്ഷമ എന്നത് സുന്ദരമായ ഒന്നാണ്. ക്ഷമയോടെ കാത്തിരുന്നാലേ ചിലത് സംഭവിക്കൂ. മികച്ച നടിക്കുള്ള ഓസ്കർ ലഭിച്ച മിഷേൽ യോ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. നിങ്ങളുടെ പ്രൈം ടൈം കഴിഞ്ഞുവെന്ന് നിങ്ങളോട് പറയാൻ ഒരാൾക്കും നിങ്ങൾ അവസരം കൊടുക്കരുത്. അത് നമുക്കേ പറ്റൂ. വളരെ കഴിവുള്ള, ഉറ്റുനോക്കാൻ കഴിയുന്ന അഭിനേതാക്കളാണ് ഇപ്പോൾ ഇൻഡസ്ട്രിയിലുള്ളത്. തുറമുഖത്തിലെ ഉമ്മയെപ്പോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ മലയാള സിനിമയിൽ വിരളമാണ്. അതായത് അവസരങ്ങൾ വളരെ കുറവും പ്രഗത്ഭരായ അഭിനേതാക്കൾ കൂടുതലുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പോലും ഞാൻ ആഗ്രഹിച്ച ഒരു കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റി. അതാണ് ഇപ്പോൾ നടന്ന മാജിക്.  

poornima-thuramukham

 

സ്ത്രീകളുടെ നരേറ്റീവിന് പ്രേക്ഷകരുണ്ട്

 

എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. സ്ത്രീകളുടെ സ്വപ്നത്തെക്കുറിച്ച് മിക്കവാറും സംസാരിക്കാറു പോലുമില്ല. ഒരു കാലം വരെ അതൊരു സംസാരവിഷയമായിരുന്നില്ല. ഇന്നത്തെ കാലത്താണ് നമ്മൾ അതു സംസാരിച്ചു തുടങ്ങുന്നത്. അതിനു കാരണം ഇത്തരം സിനിമകളാണ്. കലയിലൂടെയും കഥാപാത്രങ്ങളിലൂടെയും കാണുമ്പോഴാണ് ഇത് എനിക്കും പറ്റും എന്ന് തോന്നുന്നത്. അങ്ങനെയാണ് സിനിമ മറ്റുള്ളവർക്ക് പ്രചോദനമാകുന്നത്. എത്രയോ സ്ത്രീകളുടെ കഥ പറയാനുള്ള സാഹചര്യം ഇന്നത്തെ സിനിമയിലുണ്ട്. സ്ത്രീകളെ കുറിച്ച് കണ്ടിട്ടുള്ള നരേറ്റീവുകൾ (narratives) ഭൂരിപക്ഷവും പുരുഷന്മാരുടേതാണ്. അതും മനോഹരമാണ്. എന്നാൽ സമൂഹത്തെപ്പറ്റി, ബന്ധങ്ങളെപ്പറ്റി അങ്ങനെ എന്തിനെപ്പറ്റിയും സ്ത്രീകളുടെ നരേറ്റീവ് വരുന്നത് രസകരമായിരിക്കില്ലേ? ഒടിടി തുറന്നു തരുന്നത് അത്തരമൊരു സാധ്യതയാണ്. അത്തരം സിനിമകൾക്ക് പ്രേക്ഷകരുണ്ട്. സ്ത്രീകളുടെ കഥകളും അവർക്ക് പറയാനുള്ളതും അവരുടെ വൈകാരിക ചിന്തകളും എല്ലാം വരണം. അതു വരുന്ന ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ‌ മാത്രമാണ് എനിക്കും എന്റെ സ്ത്രീസുഹൃത്തുക്കൾക്കും നല്ല കഥാപാത്രങ്ങൾ ലഭിക്കുകയുള്ളൂ. അത്തരം സിനിമകൾ വരികയും അതു പ്രേക്ഷകർ സ്വീകരിക്കുകയും വേണം.  . 

indrajith-and-poornima

 

ക്ലൈമാക്സ് ബാക്കിയാക്കുന്ന വേദന

 

ആ രംഗം എപ്പോൾ ഓർത്താലും എനിക്കു സങ്കടം വരും. ക്ലൈമാക്സിൽ ഞാൻ ശരിക്കും കരഞ്ഞു നിലവിളിച്ചുപോയതാണ്. അത് എനിക്ക് തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത സംഭവമായിരുന്നു. ആ സ്ത്രീകളുടെ പോരാട്ടം അവിടെ പരാജയത്തിലാണ് അവസാനിക്കുന്നത്. അതാണ് ആ സീനിലെ വേദന. സംവിധായകന് വേണമെങ്കിൽ ശുഭപര്യവസായിയായ ക്ലൈമാക്സ് ഒരുക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് വേറൊരു സിനിമ ആകുമായിരുന്നു. എന്നാൽ ഇതാണ് ഏറ്റവും സത്യസന്ധമായ സമീപനം. ഇവിടെ നടന്നിട്ടുള്ള ഒരു സംഭവമാണ് സിനിമയിൽ പറയുന്നത്. അത് സത്യസന്ധമായി തന്നെ പറയണമെന്നത് സിനിമയുടെ അണിയറപ്രവർത്തകരുടെ ധീരമായ നിലപാടാണ്.

 

പ്രോസ്തറ്റിക് മേക്കപ്പിട്ട് അഭിനയം

 

ഉമ്മയായി മാറുന്നതിന് അൽപം ശരീരഭാരം കൂട്ടിയിരുന്നു. ഒപ്പം പ്രോസ്തറ്റിക് മേക്കപ്പും ഉപയോഗിച്ചിരുന്നു. തൊലിപ്പുറത്ത് ചുളിവ് വരുന്നതിന് ആൽക്കഹോൾ ബേസും മറ്റും ഇട്ടിരുന്നു. ചൂട് കൂടുമ്പോൾ കണ്ണിനടയിൽ പൊള്ളുന്ന പോലെ തോന്നും. സിലിക്കൺ ബേസ് ആയുള്ള ബോഡി ഫോം ആദ്യം ഉപയോഗിച്ചിരുന്നു. അതു ചൂടാവും. പ്രായമായ സീക്വൻസിലാണ് അത് ഉപയോഗിച്ചത്. നല്ല ഭാരമുണ്ട് അതിന്. പുറമെ ചൂട് കൂടുമ്പോൾ ഇതും ചൂടാകും. ശരീരത്തിൽ മുഴുവൻ പ്ലാസ്റ്റിക് ചുറ്റിയപോലെയുള്ള ചൂടാണ് അനുഭവപ്പെടുക. പക്ഷേ, അഭിനയിക്കാൻ തുടങ്ങുമ്പോൾ അതെല്ലാം മറക്കും. ഓരോ രംഗവും ഏറെ വൈകാരിക ഭാരം നിറഞ്ഞതായിരുന്നു. ആ മൂഡ് നഷ്ടപ്പെടാതിരിക്കാൻ ഞാനല്പം മാറി ഇരിക്കാറുണ്ടായിരുന്നു. സീൻ എടുത്തു കഴിഞ്ഞാൽ പിന്നെ ഞാൻ അവർക്കൊപ്പം കൂടും.    

 

ഇന്ദ്രന് ഇത് എന്റെ സിനിമ

 

ഇന്ദ്രന് തുറമുഖം എന്റെ സിനിമയാണ്. ഞാൻ ഈ സിനിമയെ കണ്ടിരുന്ന രീതി, ആ കഥാപാത്രത്തിന് കൊടുത്തിരിക്കുന്ന സ്ഥാനം അതെല്ലാം അതേ തീവ്രതയോടെയാണ് ഇന്ദ്രനും ഉൾക്കൊണ്ടിട്ടുള്ളത്. എന്റെ കണ്ണിലൂടെയാണ് ഇന്ദ്രൻ ഈ സിനിമ എപ്പോഴും കണ്ടിട്ടുള്ളത്. എനിക്കു വേണ്ടി എന്നോടൊപ്പം സഞ്ചരിക്കുന്ന പാർട്ണർ ആണ് അദ്ദേഹം. കുട്ടികൾക്കും അങ്ങനെയാണ്. സുന്ദരമായ ഇടമാണ് ഞങ്ങൾ പങ്കുവയ്ക്കുന്നത്. അവരവരുടെ സ്വപ്നങ്ങളെ നേടിയെടുക്കാൻ പരസ്പരം തുണയാവുക എന്നത് ഏറെ മനോഹരമാണ്. ഇമോഷണലി നമ്മോടൊപ്പം അതേ വികാരതീവ്രതയോടെ യാത്ര ചെയ്യുക എന്നത് സന്തോഷമുള്ള കാര്യമാണ്. എന്റെ സുഹൃത്തുക്കളും അങ്ങനെയാണ്. 

 

അതിരുകൾ മറക്കാറില്ല

 

ഒരാളുടെ തൊഴിൽ, അതിൽ വന്നു ചേരേണ്ടവർ ആരെന്നുള്ള തീരുമാനം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെയും സ്വകാര്യ തീരുമാനമാണ്. അതിൽ അവർക്ക് വ്യക്തതയുണ്ട്. സുന്ദരമായ സുഹൃദ്ബന്ധങ്ങളെ കാത്തുസൂക്ഷിക്കണമെങ്കിൽ നമ്മുടെ അതിരുകൾ മറക്കാതിരിക്കണം. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും എല്ലാം. അതാണല്ലോ ആദരം എന്നു പറയുന്ന സംഭവം. 

 

ആഗ്രഹിച്ചത് പുരസ്കാരമല്ല, സിനിമയുടെ റിലീസ്

 

എന്തുകൊണ്ട് തുറമുഖത്തിലെ കഥാപാത്രത്തിന് സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിൽ ഇടമുണ്ടായില്ല എന്ന ചോദ്യം പ്രേക്ഷകർക്ക് ആ കഥാപാത്രത്തോടു തോന്നുന്ന സ്നേഹത്തിൽ നിന്നുണ്ടാകുന്നതാണ്. ആ സമയത്തെല്ലാം സിനിമ എങ്ങനെയെങ്കിലും റിലീസ് ആകണമെന്നും പ്രേക്ഷകർ സിനിമ കാണണമെന്നും മാത്രമായിരുന്നു ആത്മാർഥമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. കലാകാരന്മാർക്ക് എല്ലാ രീതിയിലും പ്രോത്സാഹനം ഉണ്ടാകണം. അത് ഒരു തരത്തിൽ മാത്രമാകണം എന്നൊന്നുമില്ല. ഞാനൊരു സ്റ്റേജ് ആർടിസ്റ്റാണ്. കരിയർ തുടങ്ങുന്നതു തന്നെ നൃത്തത്തിലൂടെയാണ്. എന്നെ ഏറ്റവും കൂടുതൽ ഉന്മേഷവതിയാക്കുന്നത് മുമ്പിലിരിക്കുന്നവരുടെ പ്രതികരണമാണ്. ആ കയ്യടിയും ബഹളവും... അതാണ് കാണികളുമായുള്ള ബന്ധത്തിന്റെ അദൃശ്യച്ചരടാണ് അത്. അതാണ് ഏറ്റവും വലിയ സന്തോഷം. ബാക്കി എന്തു വന്നു ചേർന്നാലും ബോണസാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com