ന്യൂജൻ താരങ്ങൾ തലവേദനയല്ല, മിടുക്കരാണ്; സ്വന്തം മക്കളെ വച്ചു സിനിമ ചെയ്യുന്നതു പോലെ: പ്രിയദർശൻ
Mail This Article
‘‘സിനിമയ്ക്ക് എന്നെ ആവശ്യം ഉള്ളിടത്തോളം കാലം ഞാൻ ഇവിടെ തന്നെ ഉണ്ടാകും. എക്സ്പയറി ഡേറ്റ് ആകുന്നതു വരെ പടം ചെയ്യും. എനിക്ക് ഇതല്ലാതെ മറ്റു പണി ഒന്നും അറിഞ്ഞു കൂടാ. അതു കൊണ്ട് പടം എടുക്കുന്ന ജോലി തുടരും.’’പറയുന്നത് ഇന്ത്യയിലെ സൂപ്പർ സംവിധായകരിൽ ഒരാളായ പ്രിയദർശൻ.പ്രായത്തിനു തന്നെ തളർത്താനാവില്ലെന്നു പ്രിയൻ പറയുന്നു.‘‘ഇപ്പോൾ പഴയ പോലെ ആരോഗ്യം ഇല്ലെന്ന പ്രശ്നം ഉണ്ട്. ഇതു വരെ 95 സിനിമകൾ സംവിധാനം ചെയ്തു. ഇത്രയും കാലത്തിനിടെ ചിത്രീകരണത്തിന്റെ സാങ്കേതിക വിദ്യയിൽ വലിയ വളർച്ച ഉണ്ടായി. എന്നാൽ മഞ്ഞും മഴയും വെയിലും ഒഴിവാക്കി സിനിമ എടുക്കാനാവില്ല. പടം എടുക്കണം എങ്കിൽ കുന്നും മലയും താഴ്‍വാരവും താണ്ടണം. ഇത്തരം കാര്യങ്ങൾ ഒന്നും സാങ്കേതിക വിദ്യ കൊണ്ടു മറികടക്കാനാവില്ല.എല്ലായിടത്തും പോയി ചിത്രീകരിക്കാനുള്ള ആരോഗ്യം നമുക്ക് വേണം.അത് ഉള്ളിടത്തോളം കാലം സിനിമ എടുക്കും. ഈ രംഗത്ത് എന്നെക്കാൾ മിടുക്കരായ പലരും ഉണ്ട്.അവരോട് മത്സരിച്ചു പിടിച്ചു നിൽക്കാനാണു ശ്രമം.’’പ്രിയൻ പറയുന്നു.
പുതിയ സിനിമയായ ‘കൊറോണ പേപ്പേഴ്സി’ന്റെ സെൻസറിങ്ങിനു തിരുവനന്തപുരത്ത് എത്തിയതാണ് പ്രിയദർശൻ. പുതിയ തലമുറയെ അണി നിരത്തുന്ന പരീക്ഷണമാണ് പ്രിയന്റെ ‘കൊറോണ പേപ്പേഴ്സ്’. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ലാൽ ജൂനിയർ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 42 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടെ പ്രിയൻ 95 സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞു. ഹിന്ദിയിൽ ഏറ്റവുമധികം സിനിമ സംവിധാനം ചെയ്തയാൾ എന്ന നേട്ടത്തിന്റെ തൊട്ടടുത്തു വരെ ഒരു ഘട്ടത്തിൽ എത്തിയിരുന്നു. പ്രിയൻ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പറയുന്നു.
പുതിയ താരങ്ങൾക്ക് ഒപ്പമുള്ള ജോലി എങ്ങനെ?
ന്യൂ ജനറേഷൻ താരങ്ങളെ വച്ചു സിനിമ ചെയ്താൽ തലവേദന ആണെന്നും അവർ സീനിയർ സംവിധായകരെ മൈൻഡ് ചെയ്യാറില്ലെന്നും ചിലർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്വന്തം മക്കളെ വച്ചു സിനിമ ചെയ്യുന്നതു പോലെ 40 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കി. രസകരമായ അനുഭവം ആയിരുന്നു അത്. അവർ മിടുക്കരാണ്. അവരുടെ കഴിവു മാത്രം നമ്മൾ നോക്കിയാൽ മതി. വ്യക്തിപരമായ കാര്യങ്ങൾ അറിയേണ്ട കാര്യമില്ല. അവർ നമ്മുടെ കുടുംബാംഗങ്ങൾ ഒന്നുമല്ലല്ലോ. അതു കൊണ്ട് വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാൻ പോകരുത്. ഏൽപിക്കുന്ന ജോലി കൃത്യമായി ചെയ്യുന്നവരാണ് പുതിയ താരങ്ങൾ. അവരിൽ നിന്ന് ഷൂട്ടിങ്ങിന്റെ ഒരു ഘട്ടത്തിലും എനിക്ക് പ്രശ്നം ഉണ്ടായിട്ടില്ല. മോഹൻലാലിനെ വച്ചു സിനിമ ചെയ്യുന്ന സുഖത്തോടെ ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചു.
പുതിയ തലമുറ സീനിയേഴ്സിനു മുന്നിൽ കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു സിഗററ്റ് വലിക്കും എന്നൊക്കെ ആക്ഷേപിക്കുന്നതിൽ വലിയ അർഥമില്ല. കാലം മാറി. നമ്മുടെ ചിന്താഗതികളിലും മാറ്റം ഉണ്ടായി.അപ്പോൾ അത്തരം കാര്യങ്ങൾ കുറെയൊക്കെ അവഗണിക്കണം.മറ്റുള്ളവരുടെ ബഹുമാനം നാം ചോദിച്ചു വാങ്ങേണ്ടതല്ല.ആവശ്യത്തിനുള്ള ബഹുമാനം അവർ എനിക്കു തന്നു.പുതിയ തലമുറയുടെ സ്വഭാവം നന്നാക്കാനോ അവരെ ഗുണദോഷിക്കാനോ ഒന്നും പോകേണ്ട കാര്യമില്ല.അവർ നന്നായി അഭിനയിക്കുന്നുണ്ടോ എന്നും പറയുന്നത് അനുസരിക്കുന്നുണ്ടോ എന്നും നോക്കിയാൽ മതി.ഇക്കാര്യത്തിൽ അവരുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ന്യൂജനറേഷൻ ചെയ്യുന്നതെല്ലാം കുഴപ്പം ആണെന്നു കുറ്റപ്പെടുത്തിക്കൊണ്ട് ഇരിക്കാതെ അവരിൽ നിന്നു കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം.ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.ഞാൻ തുടങ്ങിയ കാലത്തേതിൽ നിന്നു സിനിമയുടെ വേഗം മാറി.പ്രണയം മാറി.എല്ലാം മാറിയെന്നു പറയുന്നതാണ് ശരി.
പുതിയ ചിത്രത്തിന്റെ പ്രത്യേകതകൾ
കോവിഡ് കാലത്തെ ക്രൈം ത്രില്ലറാണ് പുതിയ ചിത്രം.തിരക്കഥയും ഞാൻ തന്നെയാണ് എഴുതിയിരിക്കുന്നത്.ഒരു കൊച്ചു പടമാണിത്. അവകാശ വാദങ്ങൾ ഒന്നുമില്ല. പതിവ് രീതികളിൽ നിന്നു വ്യത്യസ്തമായ ചിത്രമാണിത്. മോഹൻലാലും എം.ജി.ശ്രീകുമാറും ഇല്ല. തമാശയും പാട്ടും ഇല്ല. പുതിയ സിനിമയുടെ നിർമാതാവും ഞാൻ തന്നെയാണ്. പടം വിജയിച്ചാലും പൊളിഞ്ഞാലും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ.
ചില സംവിധായകർ എടുക്കുന്ന സിനിമകളിൽ അവരുടെ കയ്യൊപ്പ് ഉണ്ടാകും.എന്റെ സിനിമകളിൽ അതില്ല.എല്ലാ തരത്തിലുള്ള സിനിമകളും എടുക്കുന്നയാളാണ് ഞാൻ.സിനിമകൾ വ്യത്യസ്തം ആക്കാൻ ശ്രമിക്കുമ്പോൾ പുതിയ കൂട്ടു കെട്ടിൽ ചെയ്താലോ എന്നു തോന്നി.അങ്ങനെയാണ് പുതിയ താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും വച്ച് എടുക്കാൻ തീരുമാനിച്ചത്.എല്ലാവർക്കും എന്റെ മക്കളുടെ പ്രായമേ ഉള്ളൂ. അതു പൂർത്തിയാക്കിയപ്പോൾ പ്രത്യേക സുഖം തന്നെ തോന്നി.കൊച്ചിയിൽ ആയിരുന്നു ഷൂട്ടിങ്.കോവിഡിനു ശേഷം വരുന്ന സിനിമകളിൽ ഭൂരിപക്ഷവും ത്രില്ലറുകളാണ് എന്നു പറയുന്നതിൽ വലിയ കാര്യമില്ല. നല്ല സിനിമയാണെങ്കിൽ വിജയിക്കും.‘ജയ ജയ ജയ ജയ ഹേ’,‘രോമാഞ്ചം’തുടങ്ങിയവ ഒക്കെ വ്യത്യസ്ത സിനിമകൾ ആയിരുന്നല്ലോ.അവ വിജയിക്കുകയും ചെയ്തു.
വിജയ ചിത്രത്തിന്റെ ഫോർമുല എന്താണ്?
എല്ലാ സിനിമകളും എല്ലാവർക്കും ഇഷ്ടപ്പെടണം എന്നും, വിജയിക്കണം എന്നുമുള്ള ആഗ്രഹത്തോടെ ആണ് നമ്മൾ എടുക്കുന്നത്. എന്നാൽ ചില ചിത്രങ്ങൾ ജനങ്ങൾക്ക് ഇഷ്ടപ്പെടില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ എന്നത് ലോകത്ത് ഒരിടത്തും ഇല്ല. വിജയ പരാജയങ്ങൾ ഈ വ്യവസായത്തിന്റെ ഭാഗമാണ്. പരാജയപ്പെടാൻ വേണ്ടി ആരും സിനിമ എടുക്കാറില്ലല്ലോ. കഴിഞ്ഞ പടങ്ങളെ ഞാൻ വിലയിരുത്താറില്ല. സിനിമയെ വിമർശിക്കുന്നവർക്ക് അവരുടെ അഭിപ്രായം തുറന്നു പറയാൻ എല്ലാ അവകാശവും ഉണ്ട്. 150 രൂപ മുടക്കി സിനിമ കാണുന്നയാൾക്ക് ബോറടിച്ചാൽ തുറന്നു പറയാം. അത് സ്വാഭാവിക പ്രതികരണമാണ്. അതിനെ നമ്മൾ ബഹുമാനിക്കണം. ചെറുപ്പ കാലത്തു സിനിമകളെ രൂക്ഷമായി വിമർശിച്ചിരുന്നയാളാണ് ഞാൻ. കോളജ് വരാന്തയിലോ മരച്ചുവട്ടിലോ ഇരുന്നാണ് അന്നു കുറ്റം പറഞ്ഞിരുന്നത്. ഇന്നത്തെ പോലെ വിമർശനങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള സമൂഹ മാധ്യമങ്ങൾ ഒന്നും അക്കാലത്തില്ല. കഴിഞ്ഞ 42 വർഷമായി ഞാൻ ഒരുപാട് അനുമോദനങ്ങളും വിമർശനങ്ങളും കേട്ടു കൊണ്ടിരിക്കുന്നു. അതു കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. വിമർശനങ്ങൾ സഭ്യമായിരിക്കണം എന്ന അഭ്യർഥന മാത്രമേ ഉള്ളൂ.
പുതിയ ചിത്രങ്ങൾ?
മലയാളത്തിൽ ഇനി വൻ ബജറ്റ് ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല. രണ്ട് ഹിന്ദി പടങ്ങളാണ് ഇനി സംവിധാനം ചെയ്യുക. 5 വൃദ്ധർ മുഖ്യ കഥാപാത്രങ്ങളാകുന്ന തമാശപ്പടമാണ് ആദ്യം.വീനസ് ആണ് നിർമാതാക്കൾ.അക്ഷയ്കുമാർ നായകനാകുന്ന ചിത്രമാണ് രണ്ടാമത്. അതിനു ശേഷമേ മലയാളത്തിലേക്കുള്ളൂ.
ഞാൻ ‘കാലാപാനി’ എടുത്തപ്പോൾ അതു വലിയ റിസ്ക് അല്ലേ എന്നു ഗുഡ്നൈറ്റ് മോഹൻ ചോദിച്ചിരുന്നു. മുൻപ് വിജയിച്ച സിനിമകളിലെ ലാഭത്തിന്റെ ഒരു പങ്ക് ഇതിനു വേണ്ടി നീക്കി വയ്ക്കണം എന്നായിരുന്നു എന്റെ അഭ്യർഥന.‘കാലാപാനി’ പോലൊരു ചിത്രം വിജയിപ്പിക്കാൻ സാധിക്കുമോ എന്ന ആശങ്ക മോഹൻലാലും പ്രകടിപ്പിച്ചിരുന്നു. തൊഴിലിൽ നമ്മൾ പുരോഗമിക്കുമ്പോൾ പിൽക്കാലത്ത് ഓർക്കാൻ സാധിക്കുന്ന സിനിമകൾ കൂടി എടുക്കണം എന്നാണ് അന്നു ഞാൻ ലാലുവിനോടു പറഞ്ഞത്.
പഴയ കാലത്തെ പോലെ ഒരു തമാശപ്പടം ഇനി എടുക്കുമോ?
‘കിലുക്കം’ പോലെ ഒരു സിനിമ ഇന്ന് എടുത്താൽ വിജയിക്കുമോ എന്ന് എനിക്കു പറയാൻ പറ്റില്ല. ‘കിലുക്കം’ ഇപ്പോഴും ജനങ്ങൾ ടിവിയിൽ കണ്ടു രസിക്കുന്നുണ്ട്. ഭദ്രന്റെ ‘സ്ഫടികം’ വീണ്ടും റിലീസ് ചെയ്തപ്പോൾ ജനം തിയറ്ററിൽ പോയി കണ്ടു. അതു കൊണ്ട് ‘ചിത്ര’വും ‘കിലുക്ക’വും ആവർത്തിച്ചാൽ വിജയിക്കുമോ എന്ന് ഉറപ്പില്ല. പ്രേക്ഷകരുടെ മാറി വരുന്ന ആസ്വാദന രീതിയെക്കുറിച്ച് എനിക്കു വ്യക്തമായ ധാരണ ഇല്ല എന്നതാണു സത്യം. ഓരോ പടവും പേടിയോടെ ആണ് ഇറക്കുന്നത്. തിയറ്ററിൽ എത്തുമ്പോഴേ ജനം എങ്ങനെ സ്വീകരിക്കുമെന്നു പറയാൻ സാധിക്കൂ. ഇനി പഴയ ശൈലിയിലേക്ക് പോയിട്ടു കാര്യമില്ല എന്നാണ് എനിക്കു തോന്നുന്നത്.