ADVERTISEMENT

‘ആനന്ദം’ എന്ന സിനിമയിലൂടെ 2016 ൽ ചലച്ചിത്ര രംഗത്തേക്ക് വന്ന നടിയാണ് അനാർക്കലി മരക്കാർ. വിമാനം, ഉയരെ, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിമൻ സിനിമ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ നിർമിക്കുന്ന ‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ട്രാൻസ്ജെൻഡർ കഥാപാത്രമായാണ് അനാർക്കലി എത്തുന്നത്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രത്തിൽ രമ്യ നമ്പീശൻ, അശ്വതി തുടങ്ങി ആറ് നായികമാരാണുള്ളത്. പെൺ ശരീരത്തിന്റെ അളവുകളും അതിന്റെ രാഷ്ട്രീയവും ചർച്ചയാക്കുന്ന സിനിമയിൽ ഒരു ട്രാൻസ് കഥാപാത്രമായി എത്തിയത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് അനാർക്കലി പറയുന്നു. പുതിയ സിനിമകളുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് അനാർക്കലി മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.

‘നീ ട്രാൻസ്ജെൻഡർ ആണോ’ എന്ന് ചോദിച്ചിട്ടുണ്ട്

‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയിൽ സിയാ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ചെയ്യാൻ പോകുന്ന കഥാപാത്രം ട്രാൻസ് ആണെന്നറിഞ്ഞപ്പോൾ എനിക്ക് എക്സൈറ്റ്മെന്റ് ആണ് തോന്നിയത്. ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണല്ലോ, അങ്ങനെ അധികമാർക്കും കിട്ടാത്ത വേഷമാണ്. ഈ കഥാപാത്രത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആശങ്ക ഉണ്ടായിരുന്നു. ഈ കഥാപാത്രം എനിക്ക് ചേരുമോ എന്നതിൽ ഒരു ആശങ്കയുമില്ലായിരുന്നു കാരണം പുരുഷന്മാരുടെ ഭാവപ്രകടനങ്ങൾ ഉള്ള ആളാണ് ഞാൻ. എന്റെ നടത്തവും ആക്‌ഷനും ഒക്കെ ആണുങ്ങളുടേതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാൻ നടക്കുന്നത് കാണുമ്പോൾ പലരും "നീ ആരെ തല്ലാൻ പോകുവാണ്" എന്ന് ചോദിക്കാറുണ്ട്. അതുകൊണ്ട് കഥാപാത്രത്തെപോലെ പെരുമാറാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. പണ്ടുമുതൽ ഒരു ടോം ബോയ് ലുക്ക് ആയിരുന്നു എനിക്ക്. ശരിക്കും എന്നോട് പലരും നീ ട്രാൻസ്െജൻഡർ ആണോ എന്ന് ചോദിച്ചിട്ടുണ്ട്. അവരും മനുഷ്യർ തന്നെയാണ്, ആരെയും അങ്ങനെ വേർതിരിച്ചു കാണരുത്. അവരെ മറ്റൊരു കണ്ണിൽ കൂടി നോക്കുന്നതാണ് തെറ്റ്. പണ്ടെനിക്ക് സ്ത്രീകളെപ്പോലെ നടക്കാൻ പാടായിരുന്നു. ഇപ്പോൾ കുറച്ച് പെണ്ണുങ്ങളെപ്പോലെ നടക്കാൻ ശ്രമിക്കാറുണ്ട്.

ട്രാൻസ് കമ്യൂണിറ്റിയുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞിട്ടുണ്ട്

ട്രാൻസ് കമ്യൂണിറ്റിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഒരു സിനിമ ചെയ്യണം എന്നില്ല. ട്രാൻസ്ജെൻഡർ ആയ കുറെ സുഹൃത്തുക്കൾ എനിക്കുണ്ട്. പണ്ടുമുതലേ അവരോടു സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എന്റെ അമ്മ ട്രാൻസ് കമ്യൂണിറ്റിക്കു വേണ്ടി സമരം ഒക്കെ ചെയ്തിട്ടുള്ള ഒരാളാണ്. അവരുടെ പരിപാടികളിൽ ഒക്കെ വളരെ ആക്റ്റീവ് ആയി അമ്മ പോകാറുണ്ട്. ഞാൻ ഇതൊക്കെ കണ്ടാണ് വളർന്നത്. അതുകൊണ്ട് അവരെ എനിക്ക് നന്നായി മനസ്സിലാകും. അതുകൊണ്ടുതന്നെ എനിക്ക് ഈ സിനിമയും സിയാ എന്ന കഥാപാത്രവും ഒരുപാട് ഇഷ്ടമാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീ ശരീരമാണ് ചർച്ച ചെയ്യുന്നത്

anarkali-marikar-2

ബോഡി പൊളിറ്റിക്സ് സംസാരിക്കുന്ന ഒരു സിനിമയാണ് ബി 32 മുതൽ 44 വരെ. സ്ത്രീകളുടെ ശരീരം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒരു കാര്യമാണ്. പല സ്ത്രീകൾക്കും പലതരം ശരീരമാണ്. നമ്മുടെ ശരീരമാണ് പല തരത്തിൽ നമ്മുടെ ജീവിതത്തെ നിർണയിക്കുന്നത്. അത് എങ്ങനെ സ്ത്രീകളെ ബാധിക്കുന്നു, അവർ എങ്ങനെ അതിനെ മറി കടക്കുന്നു എന്നതാണ് സിനിമയിലെ വിഷയം. നല്ലൊരു സിനിമയാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള സിനിമയെന്ന് കേൾക്കുമ്പോൾ ഒരു ഓഫ് ബീറ്റ് പടം ആണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പക്ഷേ കൊമേഴ്‌സ്യൽ സിനിമ തന്നെയാണ്. ഈ സിനിമ കണ്ടു കഴിയുമ്പോൾ സ്ത്രീകളെ കൂടുതൽ മനസ്സിലാക്കാൻ മറ്റുള്ളവർക്ക് കഴിയുമെന്ന് തോന്നുന്നു. ഒരു സ്ത്രീ, സ്ത്രീപക്ഷ സിനിമ എടുക്കുന്നത് ഒരു പുരുഷൻ സ്ത്രീപക്ഷ സിനിമ എടുക്കുന്നതു പോലെയല്ല. ഒരുപാട് വ്യത്യാസമുണ്ട്. സ്ത്രീയുടെ പ്രശ്നങ്ങൾ വളരെ യഥാർഥമായി ചിത്രീകരിക്കാൻ ഒരു സംവിധായികയ്ക്കേ കഴിയു. സിനിമ കണ്ടു കഴിയുമ്പോൾ വളരെ വിപ്ലകരമായ മാറ്റം ഉണ്ടാകുമെന്നൊന്നും പറയുന്നില്ല. മാറ്റം ഒക്കെ വേരുകളിൽ നിന്ന് തുടങ്ങേണ്ടതാണ്. അവിടുന്നു തന്നെ പ്രശ്നങ്ങൾ അഡ്രസ് ചെയ്തു തുടങ്ങണം. സമൂഹത്തിൽ എന്തെങ്കിലുമൊക്കെ ചലനം സൃഷ്ടിക്കാൻ ഈ സിനിമയ്ക്കു കഴിയും.

ഇടവേള എടുത്തിട്ടില്ല

പടങ്ങൾ ഒരുപാട് വരുന്നുണ്ട്. പക്ഷേ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളത് ആകണം എന്നില്ല. വരുന്ന സിനിമകളെല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കു നല്ലതെന്നു തോന്നുന്നത് മാത്രമാണ് ചെയ്യുന്നത്. സിനിമകൾ ചെയ്യുന്നുണ്ട്, പക്ഷേ പലതും കോവിഡ് സമയത്ത് ചെയ്തതും, ഫണ്ടിന്റെ പ്രശ്നങ്ങൾ കൊണ്ട് ചെയ്തു പൂർത്തിയാക്കാൻ താമസിക്കുന്നതുമൊക്കെയാണ്. ഞാൻ ഇടവേള എടുത്തിട്ടില്ല, എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കാറുണ്ട്. ചെയ്ത കുറെ പടങ്ങൾ ഇറങ്ങാനുണ്ട്.

ടൈപ്പ് കാസ്റ്റിങ് മറികടക്കണം

ഭയങ്കര ബോൾഡ് ആയ, ടോം ബോയ്ഷ് ആയ കഥാപാത്രങ്ങൾ ആണ് എന്നെ തേടി വരുന്നത്. സുലേഖ മൻസിൽ എന്ന ചിത്രത്തിൽ തലയിൽ തട്ടമൊക്കെ ഇട്ടു നടക്കുന്ന ഒതുങ്ങിയ പാവം പെൺകുട്ടിയുടെ കഥാപാത്രമാണ്. അത് ഞാൻ ആഗ്രഹിച്ച് ഒരുപാടു ഇഷ്ടത്തോടെ ചെയ്തതാണ്. ബോൾഡ് ലുക്ക് ബ്രേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഞാൻ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വേഷങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.

പിന്നണി പാടാൻ ആഗ്രഹമുണ്ട്

anarkali-marikar

ശാസ്ത്രീയമായി ഞാൻ പാട്ട് പഠിച്ചിട്ടുണ്ട്. പാടുന്നത് ഇഷ്ടമാണ്. ഒരു ഗായികയ്ക്ക് പിന്നണി പാടണം എന്ന് ആഗ്രഹമുണ്ടാകുമല്ലോ, അത് എനിക്കുമുണ്ട്. അവസരം കിട്ടിയാൽ പാടും. സൂരജ് സന്തോഷിനൊപ്പം ഒരു പാട്ടു പാടിയിട്ടുണ്ട് സിനിമ ഇറങ്ങിയിട്ടില്ല. അമല എന്നൊരു സിനിമയിൽ ഒരുപാട്ട് പാടിയിട്ടുണ്ട്. മ്യൂസിക് ആൽബം റിലീസ് ചെയ്തു ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ.

പുതിയ പ്രോജക്ടുകൾ

സുലേഖ മൻസിൽ എന്ന പടം ഈ മാസം തന്നെ റിലീസ് ആകുന്നുണ്ട്, അതിലെ ഒരു പാട്ട് റിലീസ് ആയി. ഗഗനചാരി എന്നൊരു ചിത്രവും വരുന്നുണ്ട്. ഇപ്പോൾ മിഥുൻ മാനുവലിന്റെ ഒരു സിനിമ ചെയ്യുന്നു. ചെയ്തു വച്ച കുറച്ചു പടങ്ങൾ ഇറങ്ങാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com