ADVERTISEMENT

ഉദ്വേഗഭരിതമായ കഥ പറഞ്ഞ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് നവാഗതനായ വിഘ്നേശ് രാജ സംവിധാനം ചെയ്ത ‘പോർ തൊഴിൽ’. ശരത് കുമാറും അശോക് സെൽവനും അതി ഗംഭീര വേഷങ്ങളിലെത്തിയ ചിത്രം മലയാളി പ്രേക്ഷകരും നേഞ്ചേറ്റിക്കഴിഞ്ഞു. ‘പോർ തൊഴിൽ’ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു തോന്നും, എസ്പി ലോകനാഥനും പ്രകാശും മറ്റൊരു കേസ് കൂടി അന്വേഷിച്ചിരുന്നെങ്കിലെന്ന്! അങ്ങനെയൊരു സാധ്യത ഉടനുണ്ടാകുമെന്ന് വെളിപ്പെടുത്തുകയാണ് അശോക് സെൽവൻ. റൊമാന്റിക് ഹീറോ പരിവേഷമുള്ള അശോക് സെൽവന്റെ 'ക്യൂട്ട് ആൻഡ് ടഫ്' അവതാരമാണ് പോർ തൊഴിലിൽ പ്രേക്ഷകർക്ക് അനുഭവിക്കാനാകുക. ഈ ചിത്രം അശോക് സെൽവന്റെ മറ്റു സിനിമകളിൽ നിന്ന് വേറിട്ടു നിൽക്കുന്നുവെന്ന് പ്രേക്ഷകർ പറയുമ്പോൾ അതിനു കൃത്യമായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം തുറന്നു പറയുന്നു. ‘പോർ തൊഴിലി’ന്റെ വിശേഷങ്ങളും മലയാളവുമായുള്ള ആത്മബന്ധവും വെളിപ്പെടുത്തി അശോക് സെൽവൻ മനോരമ ഓൺലൈനിൽ.

ഈ സ്നേഹം അദ്ഭുതാവഹം!

കേരളത്തിൽനിന്നു മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. പല സ്ക്രീനുകളും ഹൗസ്ഫുൾ ആണ്. അതെല്ലാം വലിയ കാര്യങ്ങളാണ്. അതിസൂക്ഷ്മമായി സിനിമയെ വിലയിരുത്തുന്നവരാണ് മലയാളി പ്രേക്ഷകർ. മികച്ച സിനിമകൾ കണ്ടു ശീലിച്ച പ്രേക്ഷകരാണ്. അതുകൊണ്ട്, കേരളത്തിൽ ഹൗസ്ഫുൾ തിയറ്ററുകൾ ലഭിക്കുകയെന്നത് തീർച്ചയായും മനസ്സു നിറയ്ക്കുന്ന കാര്യമാണ്. മൗത്ത് പബ്ലിസിറ്റി വഴിയാണ് കേരളത്തിൽ പോർ തൊഴിലിന് ഇത്ര സ്വീകാര്യത ലഭിച്ചത്.

വിഘ്നേശ് എന്റെ സഹപാഠി

കോളജിൽ പഠിക്കുന്ന സമയം മുതൽ ഞാനും സംവിധായകൻ വിഘ്നേശ് രാജയും സുഹൃത്തുക്കളാണ്. ഞങ്ങളൊരുമിച്ച് ഹ്രസ്വചിത്രങ്ങൾ എടുത്തിട്ടുണ്ട്. അതെല്ലാം ചലച്ചിത്രമേളയിലേക്ക് അയച്ചു കൊടുക്കും. വിഘ്നേശ് എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് എനിക്കറിയാം. ക്രാഫ്റ്റിനോട് എപ്പോഴും നീതി പുലർത്തുന്ന വ്യക്തിയാണ് വിഘ്നേശ്. ഡീറ്റെയ്‌ലിങ്ങിൽ‌ ഏറെ ശ്രദ്ധിക്കും. ആവേശപൂർവം സിനിമയെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കൊപ്പം വർക്ക് ചെയ്യുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.

nikhila-ashok-selvan
നിഖില വിമലിനൊപ്പം അശോക് സെൽവൻ. ചിത്രങ്ങൾക്കു കടപ്പാട്: www.instagram.com/rahulphotoshoot

സിനിമയിൽ ഞാൻ സജീവമായ സമയത്തും ഞങ്ങൾ കണക്ടഡ് ആയിരുന്നു. പിന്നെ, എല്ലാ നല്ല പ്രോജക്ടിനും അതിന്റേതായ സമയമെടുക്കും. പോർ തൊഴിലിന്റെ വൺലൈൻ ഞാൻ കേട്ടത് 2015 ലാണ്. ആ സമയം മുതൽ വിഘ്നേശ് ഈ പ്രോജക്ടിന്റെ പിന്നിലാണ്. കോവിഡും ലോക്ഡൗണുമെല്ലാം കാരണം പ്രോജക്ട് വീണ്ടും വൈകി. ഈ സിനിമ അതിന്റേതായ സമയമെടുത്തുവെന്നു പറയുന്നതാണ് ശരി. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച തിരക്കഥ ഒരുക്കാൻ സാധിച്ചു.

ashok-selvan-sarath-kumar

പോർ തൊഴിൽ 2 ഉണ്ടാകുമോ?

സിനിമയുടെ ആദ്യ ചർച്ചകളിൽ ശരത്കുമാർ സർ ഉണ്ടായിരുന്നില്ല. വിഘ്നേശിന്റെ മനസിൽ ലോകനാഥൻ എന്ന പൊലീസ് ഓഫിസറായി കുറച്ചു സീനിയർ ആയ ആർടിസ്റ്റ് വേണമെന്നായിരുന്നു. അൽപം ഗാംഭീര്യമുള്ള, നല്ല കെൽപ്പുള്ള ഒരാൾ! പ്രകാശ് എന്ന എന്റെ കഥാപാത്രത്തിന്റെ തികച്ചും വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്ന ഒരു ആർടിസ്റ്റ്. ശരത് സർ അൻപതോളം സിനിമകളിൽ പൊലീസ് ഓഫിസറായി വേഷമിട്ടിട്ടുണ്ട്. എന്നാൽ പോർ തൊഴിലിലേത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്. ഞങ്ങൾ ഈ സിനിമയുമായി സമീപിച്ചപ്പോൾ അദ്ദേഹത്തിന് ഈ സിനിമയും കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞങ്ങൾ തുടങ്ങിയത്. ഈ സിനിമയുടെ വിജയത്തിനു ശേഷം ഞങ്ങൾക്കു തോന്നുന്നത് ഇതിനൊരു രണ്ടാം ഭാഗം ചെയ്യണമെന്നാണ്. പോർ തൊഴിൽ–2 തീർച്ചയായും സംഭവിക്കും.

ashok-selvan-33
അശോക് സെൽവൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/rahulphotoshoot

പ്രകാശ് എന്ന വെല്ലുവിളി

വൈകാരികമായി ഏറെ സങ്കീർണതകൾ ഉള്ള കഥാപാത്രമാണ് പോർ തൊഴിലിലെ പ്രകാശ്. ഈ കഥാപാത്രം മനസ്സിൽ തോന്നുന്നത് പുറത്തു കാണിക്കില്ല. അത് അഭിനയിച്ചു കാണിക്കുക എന്നതായിരുന്നു എന്റെ വെല്ലുവിളി. പ്രകാശിന് ഒട്ടും ധൈര്യമില്ല. എന്നാൽ അതു മറച്ചു പിടിക്കാനാണ് അയാൾ എപ്പോഴും ശ്രമിക്കുന്നത്. സീനിയർ ഓഫിസറിനു മുമ്പിൽ അയാളുടെ ധൈര്യമില്ലായ്മയെ മറച്ചു പിടിക്കാനാണ് അയാൾ ശ്രമിക്കുന്നത്. പക്ഷേ, അയാൾ ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യേണ്ട സന്ദർഭം വരുമ്പോൾ, ഒട്ടും ആശങ്കയില്ലാതെ അവ ചെയ്യുന്നുമുണ്ട്. കണ്ണിൽ ഭയം നിറയുമ്പോഴും ചിരിച്ചുകൊണ്ട് നിൽക്കേണ്ട രംഗങ്ങളുണ്ട്. അതെല്ലാം രസകരമായിരുന്നു. കൃത്യമായ ക്യാരക്ടർ ആർക് ഉണ്ട് പ്രകാശിന്. ആ കഥാപാത്രത്തിന്റെ പരിണാമം ഭംഗിയായി സിനിമയിൽ കാണിച്ചിട്ടുമുണ്ട്.

തോക്ക് അത്ര ഈസിയല്ല

പ്രകാശ് എന്ന കഥാപാത്രത്തിനായി ചില മുന്നൊരുക്കങ്ങൾ വേണ്ടി വന്നു. ഈ കഥാപാത്രത്തിനായി ശരീരഭാരം കുറച്ചു. അക്കാദമിയിൽ നിന്നു പഠിച്ചു പുറത്തിറങ്ങി പുതുതായി സർവീസിൽ കയറുന്ന ഓഫിസർ ആണ് പ്രകാശ്. ഫയറിങ്ങിൽ മെഡലുകൾ നേടിയ വ്യക്തി. അങ്ങനെയൊരാൾ തോക്ക് ഉപയോഗിക്കുന്നത് അത്രയും അനായാസം ആയിട്ടായിരിക്കുമല്ലോ. അതു പരിശീലിക്കാൻ ഞാൻ സമയമെടുത്തിരുന്നു. ഒരു പ്രത്യേക സീനിൽ തോക്കിലേക്ക് ഒരു നോട്ടം പോലും പോകാതെ തോക്ക് ശരിയാക്കി ഉന്നം പിടിക്കുന്നുണ്ട്. അത് പഠിച്ചെടുക്കൽ അൽപം ടാസ്ക് ആയിരുന്നു. അൽപം ട്രിക്കിയാണ് അത്. കാരണം, തോക്കിന്റെ അകവും പുറവും നന്നായി അറിയുന്ന വിദഗ്ധനു മാത്രമേ, അത്ര അനായാസമായി അതു ചെയ്യാൻ പറ്റൂ. ആ തഴക്കം വരാൻ നല്ല പരിശ്രമം വേണ്ടി വന്നു. പക്ഷേ, ആ രംഗത്തിന് തിയറ്ററിൽ നല്ല കയ്യടിയായിരുന്നു.

ashok-selvan-3
അശോക് സെൽവൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/rahulphotoshoot

നിഖില എന്ന ബ്രില്യന്റ് ആക്ടർ

നിഖില വിമലിന്റെ കൂടെ ഒട്ടും ആയാസമില്ലാതെ വർക്ക് ചെയ്യാം. ഒരുമിച്ചുള്ള സീനുകളിൽ എന്തൊക്കെ ചെയ്യാമെന്ന് ഞങ്ങൾ ചർച്ച ചെയ്ത് ഒരു പ്ലാൻ ഉണ്ടാക്കും. അവർ ഒരു ബ്രില്യന്റ് ആക്ടർ ആണ്. അവരുടെ കണ്ണുകൾ വളരെ എക്സ്പ്രസീവ് ആണ്. കണ്ണുകൾ കൊണ്ട് അവർ അഭിനയിക്കും. പ്രേക്ഷകരുടെ ശ്രദ്ധ എപ്പോഴും അവരുടെ കണ്ണുകളിൽ ആകും ഫോക്കസ് ചെയ്യുക. അതു ബ്രില്യന്റ് ആയി സംവിധായകൻ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുമുണ്ട്.

ashok-selvan-sarath-kumar-3

പ്രിയദർശൻ എന്ന പാഠപുസ്തകം

പ്രിയദർശൻ സർ ഒരു ലെജൻഡ് ആണ്. അദ്ദേഹത്തിനൊപ്പം എനിക്ക് രണ്ടു സിനിമകൾ ചെയ്യാൻ സാധിച്ചു. ‘സില സമയങ്ങളിൽ’ എന്ന സിനിമയാണ് ആദ്യം ചെയ്തത്. പിന്നീട് ‘മരയ്ക്കാർ’ ചെയ്തു. ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നു പഠിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന് ഒരു ടൈമിങ് ഉണ്ട്. അതായത്, ഒരു സീനിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന്റേതായ ഒരു ടൈമിങ് ഉണ്ട്. കോമഡി ചെയ്യുന്നതിൽ അദ്ദേഹത്തിന് ശരിക്കും ഒരു മാജിക് ടൈമിങ് തന്നെയാണുള്ളത്. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് ഒരു റൊമാന്റിക് കോമഡി സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യുമോ എന്നു ചോദിച്ചിട്ടു പോലുമുണ്ട്. കാരണം, എനിക്ക് അദ്ദേഹത്തിന്റെ ആ കോമഡി ടൈമിങ് കുറച്ചെങ്കിലും പഠിക്കണമെന്നുണ്ട്.

‘സില സമയങ്ങളിൽ’ എന്ന സിനിമയ്ക്ക് 18 ദിവസമാണ് ഷൂട്ട് ഉണ്ടായിരുന്നത്. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് എന്നിലൊരു വിശ്വാസമുണ്ട്. അതെനിക്ക് മനസ്സിലായത് ‘സില സമയങ്ങളിൽ’ അഭിനയിക്കാൻ ചെന്നപ്പോഴാണ്. ആ സിനിമയ്ക്കു വേണ്ടി പ്രൊഡക്‌ഷൻ ടീം മറ്റൊരു ആക്ടറെ ആണ് സമീപിക്കാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, പ്രിയൻ സർ എനിക്കു വേണ്ടി വാദിച്ചു. ആ സിനിമയിൽ എന്നെത്തന്നെ വേണമെന്ന് നിർബന്ധം പിടിച്ചു. ‘മരയ്ക്കാറി’ലും ഇതു തന്നെ സംഭവിച്ചു. എന്റെ കരിയറിൽ ഞാനിതു വരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു മരയ്ക്കാറിലെ വേഷം. എന്റെ കരിയറിലെ ഏക നെഗറ്റീവ് കഥാപാത്രം മരയ്ക്കാറിലേതാണ്. പലർക്കും ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു പോലും അറിയില്ല. എനിക്കിനിയും പ്രിയദർശൻ സാറിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. അതു സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

por-tozhil

ഐ.വി. അങ്കിളിനെ മിസ് ചെയ്യുന്നു

വിഘ്നേശ് രാജയെപ്പോലെ അനി ഐ.വി. ശശിയും കോളജ് കാലം മുതലുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. അനി എനിക്ക് സഹോദരനെപ്പോലെയാണ്. കോളജിൽ പഠിക്കുമ്പോൾ ഞാൻ സ്ഥിരം അനിയുടെ വീട്ടിലായിരുന്നു. ഐ.വി. ശശി സാറിനൊപ്പം ഒരുപാട് സമയം ചെലവിടാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. 'നിന്നിലാ നിന്നിലാ' കാണാൻ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഐ.വി അങ്കിൾ എപ്പോഴും എന്റെ വലിയ പ്രചോദനമായിരുന്നു. ഞങ്ങൾ എപ്പോഴും സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ചായിരുന്നു. ഞാനും അനിയും ചെയ്യുന്ന സിനിമകൾ കാണാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അനി തീർത്തും വ്യത്യസ്തനായ ഒരു സംവിധായകനാണ്. 'നിന്നിലാ നിന്നിലാ' കാണുമ്പോൾ‌ മനസ്സിലാകും ഇമോഷൻസ് സിനിമാറ്റിക്കലി ഉപയോഗിക്കാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. അതുകൊണ്ടാകാം ഒരു സിനിമ എടുക്കാൻ അദ്ദേഹം ഇത്രയധികം സമയം എടുക്കുന്നത്. അദ്ദേഹം തമിഴിലും മലയാളത്തിലും സിനിമയെടുക്കുന്നത് ഞാനും കാത്തിരിക്കുന്നു.

ashok-selvan-marakkar
മരയ്ക്കാർ സിനിമയിൽ അശോക് സെൽവൻ

ഈ സ്നേഹം എനിക്ക് സ്പെഷൽ

എന്റെ എല്ലാ അടുത്ത സുഹൃത്തുക്കളും മലയാളികളാണ്. എല്ലാ വിഷുവിനും ഓണത്തിനും ഞാൻ അവരുടെ വീട്ടിൽ ഇടിച്ചു കേറി ചെല്ലാറുണ്ട്. പ്രത്യേകിച്ച് വിഷുവിന്. അന്ന് വിഷുക്കൈനീട്ടം കിട്ടുമല്ലോ. ഐ.വി. അങ്കിളിന്റെ കയ്യിൽ നിന്ന് ധാരാളം വിഷുക്കൈനീട്ടം കിട്ടുമായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് അതു വലിയ സംഭവമായിരുന്നു. ഇപ്പോഴും ആ സ്നേഹം ഞാൻ സൂക്ഷിക്കുന്നുണ്ട്. കേരളത്തിലെ എന്റെ ആരാധകരോട് എനിക്ക് പറയാനുള്ളത് ഒന്നു മാത്രം, ഐ ലവ് യു! നിങ്ങളുടെ ഈ സ്നേഹം എനിക്ക് ഏറെ സ്പെഷലാണ്. എനിക്കെപ്പോഴും മലയാളികളിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിക്കാറുണ്ട്. നേരിൽ കാണുമ്പോഴും അവർ അവരുടെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. മലയാളികൾക്ക് എന്റെ സിനിമകൾ ഇഷ്ടമാണെന്ന് അറിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അതിലെനിക്ക് അഭിമാനമുണ്ട്.

English Summary: Interview with Ashok Selvan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com