ADVERTISEMENT

ആദ്യമായി അഭിനയിച്ച തമിഴ് സിനിമ സൂപ്പർ ഹിറ്റ്‌ ആയതിന്റെ സന്തോഷത്തിലാണ് നടൻ സന്തോഷ്‌ കീഴാറ്റൂർ. പതിനാറാം വയസിൽ നാടകത്തിൽ അഭിനയിച്ചു തുടങ്ങുമ്പോൾ സന്തോഷിന്റെ മനസിൽ സിനിമ ഉണ്ടായിരുന്നില്ല. പക്ഷേ, സിനിമ സന്തോഷിനെ തേടിയെത്തി. വിഘ്‌നേശ്‌ രാജ സംവിധാനം ചെയ്ത പോർ തൊഴിലേക്കുള്ള അവസരവും അതുപോലെ സന്തോഷിനെ തേടി എത്തിയതാണ്. എന്തായാലും ആദ്യ സിനിമയിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടു. പോർ തൊഴിൽ സിനിമയെക്കുറിച്ചും കഥാപാത്ര തിരഞ്ഞെടുപ്പിലെ നിലപാടുകളും തുറന്നു പറഞ്ഞു സന്തോഷ്‌ കീഴാറ്റൂർ മനോരമ ഓൺലൈനിൽ.

 

പോർ തൊഴിലിലേക്ക് 

santhosh-keezhattur-por-thozhil

 

സംവിധായകൻ വിഘ്നേശ് രാജ നേരിട്ടാണ് എന്നെ വിളിച്ചത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചു. സിനിമയിൽ രംഗങ്ങൾ കുറവാണെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണെന്ന് എന്നോടു പറഞ്ഞു. അതിനുശേഷം തമിഴിലെ ഡയലോഗ് ചിലത് എനിക്ക് അയച്ചു തന്നു. അതിനു ശേഷം വിഡിയോ കോളിൽ വന്ന് ആ ഡയലോഗുകൾ ഞാൻ പറഞ്ഞു കാണിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് പോർ തൊഴിലിലെ കഥാപാത്രത്തിലേക്ക് എന്നെ ഉറപ്പിക്കുന്നത്. പിന്നീട്, ചെന്നൈയിൽ പോയി വിഘ്നേശിനെ നേരിൽ കണ്ടു സംസാരിച്ചു. മലയാളത്തിലെ എന്റെ വേഷങ്ങൾ കണ്ടാണ് ഈ സിനിമയിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഒരു പുതിയ മുഖം തേടിയുള്ള അന്വേഷണമാണ് സംവിധായകനെ എന്നിലേക്ക് എത്തിച്ചത്. 

 

സാധാരണ പ്രൊഡക്ഷൻ കൺട്രോളന്മാരോ അസോഷ്യേറ്റോ ഒക്കെയാകും വിളിക്കുക. അവർ വിളിച്ചിട്ടു ഡേറ്റ് പറയും. പക്ഷേ, ഈ പ്രൊജക്ടിലേക്ക് സംവിധായകൻ നേരിട്ടു വിളിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലാണ് ഞാൻ ശരിക്കും വീണു പോയത്. പ്രായത്തിൽ ചെറുപ്പമാണെങ്കിലും വളരെ പക്വതയോടെയാണ് അദ്ദേഹം സംസാരിച്ചത്. പിന്നെ, പോർ തൊഴിലിൽ ക്യാമറ ചെയ്ത കലൈസെൽവൻ ശിവാജിയെ സഖാവ് എന്ന സിനിമയുടെ സമയത്ത് പരിചയപ്പെട്ടിട്ടുണ്ട്. ആ സിനിമയിൽ ക്യാമറ സഹായിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തെ അറിയാം. 

 

ഹീറോ സംവിധായകൻ

santhosh-keezhattur-por-thozhil-2

 

ചെന്നൈയിലായിരുന്നു എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. അഞ്ചു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂവെങ്കിലും രണ്ടു ഷെഡ്യൂൾ ആയിട്ടായിരുന്നു എടുത്തത്. ഇത്രയും ശാന്തമായ ഒരു സെറ്റ് ഞാനെന്റെ കരിയറിൽ കണ്ടിട്ടില്ല. ഈ സിനിമയെക്കുറിച്ചല്ലാതെ ആരും മറ്റൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട്, ആ കഥാപാത്രത്തിൽ‌ നിന്ന് ഒരു സെക്കൻഡ് പോലും വിട്ടു പോകില്ല. എല്ലാവരും ചെറുപ്പക്കാർ. എന്നിട്ടും അവർ പുലർത്തിയ അച്ചടക്കവും പക്വതയും അമ്പരപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ചും സംവിധായകൻ വിഘ്നേശ്! സെറ്റിൽ ചെല്ലുമ്പോൾ തന്നെ ആ ദിവസം എടുക്കാൻ പോകുന്ന ഷോട്ടുകളുടെ എണ്ണം വരെ അദ്ദേഹം പറയും. അത്രയേ അന്നു ചെയ്യേണ്ടതുള്ളൂ. ബാക്ക്ഗ്രൗണ്ട് സ്കോറിട്ടാണ് ചില സമയങ്ങളിൽ സീനുകൾ എടുത്തിരുന്നത് തന്നെ. സിനിമയുടെ ഗൗരവം ഒട്ടും ചോരാതെയായിരുന്നു ക്രൂവിലെ ഓരോരുത്തരും പെരുമാറിയിരുന്നത്. 

 

സിനിമ എന്നത് ഒരു സംഘകലയാണ്. സത്യത്തിൽ പോർ തൊഴിലിലെ ഹീറോ സംവിധായകനാണ്. വിശദമായ നരേഷൻ കൊടുത്താലെ ഏതു ആർ‌ടിസ്റ്റിനും നല്ല പ്രകടനം കാഴ്ച വയ്ക്കാനാകൂ. അക്കാര്യത്തിൽ വിഘ്നേശ് രാജയുടെ മികവ് സമ്മതിക്കണം. സിനിമ റിലീസ് ചെയ്ത് രണ്ടാം വാരത്തിലാണ് തിയറ്ററിൽ പോയി സിനിമ കണ്ടത്. എന്റെ നാട്ടിലെ തിയറ്ററിൽ ഷോ ഉണ്ടായിരുന്നില്ല. സിനിമ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. എന്റെ കഥാപാത്രം അവതരിപ്പിച്ചു പോന്നതല്ലാതെ മറ്റൊന്നും എനിക്ക് അറിയുമായിരുന്നില്ല. അഭിനയിച്ച ആർടിസ്റ്റുകൾക്കു പോലും സിനിമ കണ്ടപ്പോൾ ആവേശമായിരുന്നു. അങ്ങനെയൊരു ആവേശം ജനിപ്പിക്കാൻ കഴിയുന്ന സംവിധായകനാണ് വിഘ്നേശ്. 

 

ആദ്യ സിനിമ നൽകിയ ഭാഗ്യം

 

തമിഴ് ഇൻഡസ്ട്രി എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകൾ കാണുന്നതു പോലെ അത്രയും ആവേശത്തോടെ ഞാൻ തമിഴ് സിനിമയും കാണാറുണ്ടായിരുന്നു. മമ്മൂട്ടി, മോഹൻലാൽ പോലെ തമിഴിൽ എന്റെ ആരാധനാപാത്രം കമൽഹാസനായിരുന്നു. അശോക് സെൽവനുമായി കുഞ്ഞാലി മരയ്ക്കാർ മുതലുള്ള ബന്ധമുണ്ട്. ആ സിനിമയിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ശരത് കുമാർ സർ ആയിരുന്നു യൂത്ത് ഐക്കൺ. അദ്ദേഹത്തിന്റെ ഫൈറ്റൊക്കെ ആരാധനാപൂർവം കണ്ടിട്ടുണ്ട്. ഇവരുടെയൊക്കെ കൂടെ ഒരു സിനിമയിൽ അഭിനയിക്കുക എന്നു പറയുന്നത് വലിയ അംഗീകാരമാണ്. ഇവരുമായി കോംബിനേഷൻ രംഗങ്ങൾ ഇല്ലെങ്കിലും അവരുള്ള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുക എന്നത് വലിയ കാര്യമാണ്. അതും തമിഴിലെ എന്റെ ആദ്യ ചിത്രത്തിൽ തന്നെ! ചെന്നൈയിലെ പ്രിവ്യൂ ഷോ കണ്ട് എന്റെ ഒന്നു രണ്ട് മാധ്യമസുഹൃത്തുക്കൾ വിളിച്ചിരുന്നു. ഗംഭീര സിനിമയാണെന്നും എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നും അവർ പറഞ്ഞു. സിനിമ കണ്ട് രാത്രിയിൽ കോഴിക്കോട്ടു നിന്ന് സുധീഷേട്ടൻ വിളിച്ചു. വേറൊരു ദിവസം മാലാപാർവതി വിളിച്ചു. സിനിമ കണ്ടതിനു ശേഷമുള്ള ആവേശത്തിലാണ് അവരൊക്കെ വിളിച്ചത്. 

 

ഞാനെന്തിന് വേണ്ടെന്നു വയ്ക്കണം?

 

പോർ തൊഴിലിലേക്കു വിളിച്ചപ്പോൾ സിനിമയുടെ മുഴുവൻ കഥ കേൾക്കാൻ നിർബന്ധം പിടിച്ചൊന്നുമില്ല. സിനിമയിലെ താരങ്ങൾ, സംവിധായകൻ, പ്രൊഡക്‌ഷൻ ഇത്രയേ നോക്കിയുള്ളൂ. സിനിമയുടെ സെക്കൻഡ് ഷെഡ്യൂളിനു ചെന്നപ്പോഴാണ് എന്റെ കഥാപാത്രം മരിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അപ്പോൾ ഞാൻ സംവിധായകനോടു പറഞ്ഞു, എന്റെ കഥാപാത്രം സിനിമയിൽ മരിക്കുന്നുണ്ടെങ്കിൽ, ആ സിനിമ സൂപ്പർഹിറ്റാണെന്നൊരു ട്രോൾ മലയാളത്തിലുണ്ടെന്ന്! അപ്പോൾ അദ്ദേഹം ചിരിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ചു കണ്ടപ്പോൾ ഞാൻ ചോദിച്ചു, അന്നു ഞാൻ പറഞ്ഞ ഡയലോഗ് ഓർക്കുന്നില്ലേ എന്ന്! എന്തായാലും, തമിഴിൽ ആദ്യമായി അഭിനയിച്ച ചിത്രം സൂപ്പർഹിറ്റായല്ലോ! ഇനി തമിഴിൽ മറ്റൊരു പരിചയപ്പെടുത്തൽ ആവശ്യമില്ല. അതൊക്കെ ഭാഗ്യവും ദൈവാധീനവുമായിട്ടാണ് ഞാൻ കാണുന്നത്. കഥാപാത്രം ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. അത് എന്നെ ബാധിക്കുന്ന വിഷയമല്ല. 

 

കേരളത്തിനകത്തും വിദേശങ്ങളിലും ഒരു സോളോ ഡ്രാമയുമായി യാത്ര ചെയ്യുന്ന അഭിനേതാവാണ് ഞാൻ. ഞാൻ അഭിനയിച്ച ഏതാനും സിനിമകളിലെ വേഷങ്ങൾ മാത്രമാണോ എന്നെ അടയാളപ്പെടുത്തുന്നത്? ഞാൻ ചെയ്തത് മോശമായിട്ടില്ലല്ലോ! ആ സിനിമകളിലൊക്കെ പ്രധാന ഘടകമായിരുന്നില്ലേ? എനിക്ക് വേണമെങ്കിൽ ആ വേഷങ്ങൾ ഒഴിവാക്കാമായിരുന്നു. പക്ഷേ, ഞാൻ ചിന്തിക്കുന്നത് മറ്റൊരു തരത്തിലാണ്. എങ്ങനെ ആ വേഷങ്ങൾ നന്നാക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്റെ കഥാപാത്രം മരിക്കും എന്നു കരുതി പുലിമുരുകൻ പോലൊരു സിനിമ ഞാനെന്തിന് ഒഴിവാക്കണം? അങ്ങനെ ചെയ്താൽ ഞാനൊരു വിഡ്ഢിയായി മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ എന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ അതിനു കാരണം വെറും മൂന്നു മിനിറ്റോ നാലു മിനിറ്റോ മാത്രം വന്നു പോയ ആ വേഷങ്ങളാണ്. ആ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ എന്നെ ഇഷ്ടപ്പെട്ടത്. പിന്നെ, സോഷ്യൽ മീഡിയയുടെ കാലത്ത് ഇതൊക്കെ ഉണ്ടാകും. 

 

അഭിനയം ജീവിതം തന്നെ

 

പതിനാറാമത്തെ വയസിൽ കണ്ണൂരിലെ സംഘചേതന എന്ന നാടകസംഘത്തിൽ 50 രൂപാ വേതനത്തിന് നാടകം അഭിനയിച്ചു തുടങ്ങുമ്പോൾ അവിടത്തെ സീനിയർ ആർടിസ്റ്റുകളുടെ ഏറ്റവും താഴെയായിരുന്നു ഞാൻ. അവരുടെ കുറ്റപ്പെടുത്തലുകളും ശകാരങ്ങളും കേട്ട് അഭിനയം തുടങ്ങുമ്പോൾ ഈ അഭിമുഖം പോലും സ്വപ്നം കണ്ടിട്ടില്ല. അഭിനയത്തോടുള്ള ഇഷ്ടം മാത്രമാണ് എപ്പോഴുമുള്ളത്. പ്രത്യേകിച്ചും പെർഫോമിങ് ആക്ടിനോടുള്ള ഇഷ്ടം! സിനിമ എനിക്ക് വിദൂരമായ സ്വപ്നമായിരുന്നു. ആ യാത്ര ഇപ്പോൾ പോർ തൊഴിലിൽ എത്തി നിൽക്കുന്നു. അന്നും ഇന്നും പ്രതിഫലം നോക്കിയട്ടല്ല എന്റെ യാത്രകൾ. ഓരോ അവസരങ്ങൾ ലഭിക്കുമ്പോഴും സന്തോഷമാണ്. കഴിഞ്ഞ 33 വർഷങ്ങളായി അഭിനയം കൊണ്ടു മാത്രം ജീവിക്കുന്ന ഒരാളാണ് ഞാൻ. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിൽ വന്നത്. 

 

കമൽ സർ, ടി.വി ചന്ദ്രൻ എന്നിവരുടെ സഹായിയായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. 2005ൽ ലോഹിതദാസ് സാറിന്റെ ചക്രത്തിൽ അഭിനയിച്ചാണ് തുടങ്ങിയത്. അന്നും ഇന്നും അവസരങ്ങൾ ചോദിച്ചു പോകാൻ മടിയാണ്. സിനിമ ഇല്ലാത്ത സമയം എനിക്ക് നാടകമായും കലാപ്രവർത്തനങ്ങളായും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളായും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. പെൺനടൻ എന്ന സോളോ ഡ്രാമയുടെ അവതരണം ഇപ്പോഴും തുടരുന്നു. അതു വിട്ടൊരു കളിയില്ല. വലിയൊരു ഊർജമാണ് അത്. മനുഷ്യരുമായി നേരിട്ട് സംവദിക്കുന്ന കലയാണല്ലോ നാടകം. അതിന് ഇടയിൽ എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ അഭിനയിക്കുന്നത്. വേഷങ്ങൾ ഒരു പക്ഷേ, ചെറുതാകാം. എന്നാൽ പലപ്പോഴും വലിയ ഹിറ്റുകളുടെ ഭാഗമാകാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും സന്തോഷം നൽകുന്നതാണ് ഈ വിജയങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com