ADVERTISEMENT

സ്‌റ്റെഫി സേവ്യര്‍ എന്ന പേര് പലവട്ടം കേട്ടിട്ടുണ്ട്, അതൊക്കെ സിനിമാതാരങ്ങളെ ഉടുത്തൊരുക്കുന്ന കലാകാരി എന്ന നിലയിലായിരുന്നു. നൂറോളം സിനിമകൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്ത് സംസ്ഥാന അവാർഡും കരസ്ഥമാക്കിയ സ്റ്റെഫി സേവ്യർ പുതിയ മേഖലയിലും ഒട്ടും മോശമല്ല എന്ന് തെളിയിക്കുകയാണ് ‘മധുര മനോഹര മോഹം’ എന്ന സിനിമയിലൂടെ. പ്രേക്ഷകനെ പൊട്ടിചിരിപ്പിച്ചുകൊണ്ട് സ്റ്റെഫി ഈ സിനിമയിലൂടെ പറഞ്ഞു വയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയമാണ്. വയനാട്ടിൽ നിന്ന് സിനിമാക്കമ്പം മൂത്ത് ചുരമിറക്കിയത് വെറുതെയല്ല എന്ന് തെളിയിക്കുകയാണ് ആദ്യ സിനിമയിലൂടെ സ്റ്റെഫി ചെയ്തത്. തറവാടിത്തം, ജാതി മേല്‍ക്കോയ്മ, പുരുഷ മേധാവിത്വം എന്നിവയെയൊക്കെ ട്രോളിക്കൊണ്ട് ചിരികളുടെ അകമ്പടിയോടെ സംവിധായിക എന്ന നിലയിൽ തന്റെ പേര് അടയാളപ്പെടുത്തുകയാണ് സ്റ്റെഫി. തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞുകൊണ്ട് സ്റ്റെഫി സേവ്യർ മനോരമ ഓൺലൈനിൽ. 

 

സുഹൃത്തുക്കളുടെ ‘മധുര മനോഹര മോഹം’ 

stephy-xavier-12

 

വസ്ത്രാലങ്കാരം ചെയ്തു തുടങ്ങി ഏഴെട്ട് സിനിമ കഴിഞ്ഞപ്പോഴാണ് സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം തുടങ്ങിയത്.  2017 -18 സമയത്ത് ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് കരുതിയിരുന്നു.  ഒരു റൊമാന്റിക് കഥയാണ് ആദ്യം ചെയ്യാനിരുന്നത്.  ആ സമയത്ത് ഒരു സ്ക്രിപ്റ്റുമായി മുന്നോട്ട് പോകുമ്പോഴാണ് കോവിഡ് വരുന്നത്.   അങ്ങനെയിരിക്കെ എന്റെ സുഹൃത്ത് മഹേഷ് ഗോപാലും ജയ് വിഷ്ണുവും ഒരു സ്ക്രിപ്റ്റ് വായിക്കാൻ തന്നു. അവർ എഴുതിയ സ്ക്രിപ്റ്റ് വായിച്ച് അഭിപ്രായം പറയാൻ ആണ് തന്നത്. അത് വായിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഇത് ഞാൻ തന്നെ ചെയ്യട്ടെ എന്ന് അവരോട് ചോദിച്ചു. അങ്ങനെയാണ് എന്റെ ആദ്യ സിനിമ മധുര മനോഹര മോഹം ആയി മാറുന്നത്.  ഞാൻ ഒരു പ്രത്യേക ജോണർ ചെയ്യണം എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു സ്ക്രിപ്റ്റ് എന്നെ ആസ്വദിപ്പിക്കുമെങ്കിൽ എന്ത് ജോണർ ആയാലും ചെയ്യാൻ താൽപര്യമാണ്.  ഇനി അങ്ങോട്ടായാലും എന്ത് തരം സിനിമയും ചെയ്യാൻ തയ്യറാണ്.

 

ഒരു ജോലിയും എളുപ്പമല്ല 

stephy-xavier-1

 

സംവിധാനം എളുപ്പമാണോ എന്ന് ചോദിച്ചാൽ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ചുമതലകളും ഉത്തരവാദിത്തങ്ങളും വലുതാണ്.  ഏതു ജോലി ചെയ്താലും അതിൽ ഉത്തരവാദിത്തം ഉണ്ട്.  ചെയ്യുന്നത് എന്തായാലും അതിൽ നൂറു ശതമാനം ആത്മാർത്ഥത കാണിക്കുക അതാണ് എന്റെ പോളിസി.  സിനിമ ചെയ്യുമ്പോൾ ആണ് ചെയ്യുന്നു പെണ്ണ് ചെയ്യുന്നു എന്ന വേർതിരിവിന്റെ ആവശ്യമില്ല. ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകർ ഒരിക്കലും സംവിധായകന്റെ ലിംഗഭേദം നോക്കി അല്ല കാണുക.  ഞാൻ ഒരു സിനിമ ചെയ്യാൻ വന്നപ്പോൾ എനിക്ക് മുന്നേ വന്ന സംവിധായകർ നേരിട്ട ബുദ്ധിമുട്ടുകൾ ഒക്കെ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാം. അത് പക്ഷേ പെൺകുട്ടി ആയതുകൊണ്ടല്ല.  പെൺകുട്ടി ആയതുകൊണ്ട് പ്രത്യേകിച്ച് വെല്ലുവിളികൾ ഒന്നും നേരിട്ടിട്ടില്ല.  ഏതൊരാളും ഒരു പുതിയ മേഖലയിലേക്ക് വരുമ്പോൾ പല കാര്യങ്ങളും പുതുതായി പഠിച്ചെടുക്കേണ്ടി വരും.

 

സിനിമയിൽ സുരക്ഷിതത്വം ഉണ്ട് 

 

stephy-xavier-2

ഏഴു വർഷം കൊണ്ട് ഒരു 95 സിനിമകൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.  ഇന്നിപ്പോ ഒരു സിനിമ സംവിധാനം കൂടി ചെയ്തു.  വളരെ സുരക്ഷിതമായ മേഖലയായി തോന്നിയതുകൊണ്ട് മാത്രമാണ് ഞാനിന്ന് ഇവിടെ നിൽക്കുന്നത്. എല്ലാ മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടാകാം. സിനിമ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന മേഖല ആയതുകൊണ്ടാകാം ഒരു ചെറിയ വിഷയം പോലും എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്ന നിലയിലേക്ക് പോകുന്നത്. ഒരു സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് ഞാൻ വന്നത് എന്നിട്ടു കൂടി എനിക്ക് പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.  നല്ല സൗഹൃദങ്ങൾ ഉണ്ടാകാനും സുരക്ഷിതമായി ജോലി ചെയ്യാനും ഈ മേഖലയിൽ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

 

പ്രേക്ഷകർക്കിഷ്ടമുള്ളത് നൽകുക 

 

സിനിമ ചെയ്യുന്നവരും മറ്റു സിനിമകളുടെ പ്രേക്ഷകരാണ്.  നമുക്ക് ഒരു കഥ ഓക്കേ ആണെങ്കിൽ പ്രേക്ഷകർക്കും ഇഷ്ടപ്പെടും. സിനിമ ചെയ്യുന്നവരും പ്രേക്ഷകരും രണ്ടു വിഭാഗങ്ങളല്ല എല്ലാവരും മനുഷ്യരാണ് അവരെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ഒക്കെ ഒരേ കാര്യങ്ങൾ തന്നെയാകും. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഓരോ കഥയെയും സമീപിച്ച് മനസ്സിലാക്കി നോക്കിയാൽ മതി. ഈ സിനിമയുടെ കഥയും ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആലോചിച്ചുനോക്കി. പണ്ട് നമ്മൾ ഉർവശി ചേച്ചി ചെയ്ത ചില കഥാപാത്രങ്ങൾ ആസ്വദിച്ചിട്ടില്ലേ, ചേച്ചി ഏതു കഥാപാത്രം ചെയ്താലും, അതിന് ഗ്രേ ഷെയ്ഡ് ഉണ്ടെങ്കിൽ പോലും നമ്മൾ ചിരിച്ചുകൊണ്ടാണ് സ്വീകരിച്ചത്. ഇതും അതുപോലെ സ്വീകരിക്കപ്പെടും എന്ന് എനിക്ക് തോന്നി.  ആ തീരുമാനം ശരിയായതിൽ ഒരു സന്തോഷമുണ്ട്.  ഇനിയും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ അത് അത്ര എളുപ്പമല്ല.  അടുത്ത സിനിമ  എപ്പോൾ ഏതു സിനിമ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല.

 

ജാതിവ്യവസ്ഥയെ ട്രോൾ ചെയ്തു 

 

ജാതി വ്യവസ്ഥയെ സിനിമയിൽ ട്രോളാൻ ശ്രമിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നല്ല പറയുന്നത്. എന്റെ ചുറ്റുപാടും കണ്ടിട്ടുള്ള പല കാര്യങ്ങളും കണ്ടിട്ടുണ്ട്. ജാതി, മതം സംബന്ധിച്ച വേർതിരിവൊന്നും എന്റെ വീട്ടിൽ ഉണ്ടായിട്ടില്ല അതുകൊണ്ട് പുറത്തു പലതും കാണുമ്പൊൾ എനിക്ക് അത് ശരിയല്ല എന്ന് തോന്നാറുണ്ട്.

 

പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷം 

 

ആദ്യ സിനിമ പ്രേക്ഷകർ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. സിനിമ മാത്രമല്ല നമ്മൾ ചെയ്യുന്ന ഏതൊരു വർക്കും മറ്റുള്ളവർ അംഗീകരിക്കുമ്പോഴാണല്ലോ സംതൃപ്തി ഉണ്ടാകുന്നത്. നമ്മൾ ചെയ്ത ഒരു വർക്ക് പിന്നീട് കാണുമ്പോ ഓ ഇവിടെ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നും. അതുപോലെ സിനിമ ഇപ്പോൾ കാണുമ്പോൾ മനസ്സിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്, പക്ഷേ അതിൽ കാര്യമില്ല.  ഒരു മേക്കർ എന്ന രീതിയിൽ എനിക്ക് മാത്രം തോന്നുന്ന കാര്യമായിരിക്കും അത്. ചെയ്ത സമയത്ത് നൂറു ശതമാനം സത്യസന്ധതയോടെ ആണ് വർക്ക് ചെയ്തത് അത് മറ്റുള്ളവർ സ്വീകരിക്കുമ്പോൾ സന്തോഷവും സംതൃപ്തിയുമുണ്ട്.   

 

പ്രതികരണങ്ങൾ തരുന്ന ഊർജം 

 

എന്നെ അറിയുന്ന ആളുകൾക്ക് ഞാൻ ഒരു സിനിമ ചെയ്തതിൽ സന്തോഷവും കൗതുകവുമുണ്ട്. അവർ എന്നെ വിളിച്ച് സന്തോഷം അറിയിക്കാറുണ്ട്.  അത് അല്ലാതെ ഒരുപാട് സീനിയർ ആയിട്ടുള്ള താരങ്ങളും സംവിധായകരും മറ്റു മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരായ ആളുകളും വിളിച്ചിട്ട് സിനിമ കണ്ടു ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്.  സിനിമ കണ്ടിട്ട് എന്നെ വിളിച്ചു അഭിപ്രായം പറയാൻ സമയം കണ്ടെത്തുന്നത് കാണുമ്പോൾ ഇനി കൂടുതൽ സിനിമ ചെയ്യാനുള്ള ഊർജമാണ് അത് നൽകുന്നത്.

 

ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന സിനിമ 

 

വസ്ത്രാലങ്കാരം ചെയ്തതിൽ ‘ആടു ജീവിതം’ ആണ് ഇനി വരാൻ ഇരിക്കുന്നത്.  വളരെയധികം പരിശ്രമമെടുത്ത്, പഠിച്ച് ചെയ്ത വർക്ക് ആണ് ആടുജീവിതം.  ഏറ്റവും കൂടുതൽ കാലം വർക്ക് ചെയ്തതും ആ സിനിമയ്ക്കു വേണ്ടിയാണ്.  വായിച്ചും കേട്ടും മലയാളികൾക്ക് എല്ലാം മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങളാണ്  ആടു ജീവിതത്തിലെ നജീബും സൈനുവും എല്ലാം.  ഫാഷൻ ഡിസൈനിങ് പഠിച്ചു വന്ന ഒരാൾ ചെയ്യുന്ന മോഡേൺ വസ്ത്രങ്ങൾ ഒന്നും നജീബിനും സൈനുവിനും കൊടുത്താൽ ആളുകൾ സ്വീകരിക്കില്ല.  ഏറ്റവും നാച്ചുറൽ ആയ രീതിയിൽ ആണ് ചെയ്തത് എന്നാണ് എന്റെ വിശ്വാസം. വേറൊരു നാട്ടിൽ പോയി നമ്മൾ ഒന്നും ഉണ്ടാകുന്നതിനു മുൻപുള്ള ഒരു കാലഘട്ടം ഷൂട്ട് ചെയ്യുമ്പോൾ വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു വേണം ചെയ്യാൻ. നാളെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന സിനിമയാണ് ‘ആടു ജീവിതം’ എന്നു ബോധ്യമുള്ളതുകൊണ്ട് ചെറിയ ഡീറ്റെയ്ൽ പോലും ശ്രദ്ധിച്ചിട്ടുണ്ട്.

 

ഓരോ സിനിമയും ആസ്വദിച്ചാണ് ചെയ്യുന്നത് 

 

ഞാൻ ഓരോ വർക്കുകളും ആസ്വദിച്ച് ചെയ്യാറുണ്ട്.  നമ്മുടെ സ്വന്തം ഇഷ്ടങ്ങൾ സിനിമയ്ക്ക് കൊടുക്കാൻ കഴിയില്ല ഓരോ സിനിമയ്ക്കും ഓരോ ആവശ്യം കാണും.  പക്ഷേ ചെയ്ത സിനിമകളിൽ എല്ലാം സംവിധായകർ എന്റെ ഇഷ്ടത്തിന് കൂടി കാര്യങ്ങൾ വിടാറുണ്ട്. നൂറു ശതമാനം എന്റെ ഇഷ്ടത്തിന് ചെയ്ത വസ്ത്രങ്ങളാണ് എസ്ര, ഗപ്പി, വിജയ് സൂപ്പറും പൗർണമി എന്നിവ. ഗപ്പിയിലെ വസ്ത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഗപ്പിയില്‍ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. നമ്മൾ ചെയ്യുന്ന കോസ്റ്റ്യൂമുകൾ ബില്ലോടു കൂടി നിർമാതാവിന് കൊടുക്കുകയാണ് പതിവ്.  ചിലത് അവർ മറ്റു ചില സിനിമകൾക്ക് ഉപയോഗിക്കും, ചിലതൊന്നും ഉപയോഗിക്കാൻ കഴിയില്ല.  

 

അടുത്തത് ആടു ജീവിതം 

 

ആടു ജീവിതം ആണ് ഏറ്റവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.  ‘ഗരുഡൻ’ എന്ന സുരേഷ്‌ഗോപി ചിത്രത്തിനും കൊസ്റ്യൂം ചെയ്തിട്ടുണ്ട്. അതും നല്ല വർക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com