‘ജയിലറി’ലെ രജനിയുടെ മരുമകൾ, ഈ ഇടുക്കിക്കാരി; മിർണ മേനോന്‍ അഭിമുഖം
Mail This Article
ആരാധനയോടെയും ആർപ്പുവിളികളോടെയും കാണുന്ന രജനിപ്പടത്തിൽ ഒരു വേഷം ലഭിച്ചാൽ, സിനിമ കാണുമ്പോൾ ആരെയാകും ശ്രദ്ധിക്കുക? സ്വന്തം അഭിനയം നോക്കുമോ അതോ സ്റ്റൈൽ മന്നൻ രജനികാന്തിനെയോ? തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിക്കുന്ന മിർണ മേനോനോട് ചോദിച്ചാൽ അവർ പറയും, "തലൈവരെ തന്നെ" എന്ന്! ‘ബിഗ് ബ്രദർ’ എന്ന മോഹൻലാൽ സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്ന മിർണ മേനോന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആവുകയാണ് ജയിലർ. രജനികാന്തിനും രമ്യ കൃഷ്ണനും ഒപ്പം അവരുടെ മരുമകളായി ഗംഭീരപ്രകടനം കാഴ്ച വച്ച മിർണ പറയുന്നു, "തിയറ്ററിൽ സിനിമ കണ്ടപ്പോൾ ഞാൻ ഈ സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ മറന്നു വിസിലടിച്ചു പോയി" എന്ന്.
സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലൂടെ സിനിമയിലെത്തിയ മിർണ മേനോൻ തമിഴ്, തെലുങ്കു സിനിമകളിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ ജയിലറിലെ സ്വപ്നസമാനമായ അവസരത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും തുറന്നു പറഞ്ഞ് മിർണ മേനോൻ മനോരമ ഓൺലൈനിൽ.
ഞാൻ പണ്ടേ രജനി ഫാൻ
ഞാൻ പണ്ടു മുതലെ രജനി ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകൾ ആദ്യ ദിവസം, ആദ്യ ഷോയ്ക്കു തന്നെ പോകുന്ന ആരാധകരിൽ ഒരാൾ. ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ എന്നു പറയുന്നത് ഒരു ഫീലാണ്. പിന്നെ, ഇത്തവണത്തെ രജനിപ്പടം എനിക്കേറെ സ്പെഷലാണല്ലോ. കാരണം, ഞാനും അദ്ദേഹത്തിനൊപ്പമുണ്ട്. ജയിലർ ടീമിനൊപ്പമാണ് ഞാൻ ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ കണ്ടത്. അതൊരു ഗംഭീര അനുഭവമായിരുന്നു. ആർപ്പുവിളികളും ആഘോഷങ്ങളും വേറെ ലെവൽ. ആ ഓളത്തിൽ ഞാൻ ഈ സിനിമയിൽ അഭിനയിച്ച കാര്യം വരെ മറന്നു പോയി.
ആ പരിചയം കൊണ്ടു വന്ന ഭാഗ്യം
എനിക്ക് നെൽസൺ സാറിനെ നേരത്തെ അറിയാം. പരിചയപ്പെട്ടിട്ടുണ്ട്. അത് 2018ലാണ്. അദ്ദേഹം രജനി സാറിനെ വച്ച് ‘ജയിലർ’ സിനിമ അനൗൺസ് ചെയ്തത് ഞാനും ശ്രദ്ധിച്ചിരുന്നു. ജയിലറിന്റെ ഷൂട്ട് തുടങ്ങാൻ ഏകദേശം രണ്ടാഴ്ച ഉള്ളപ്പോഴാണ് എനിക്ക് നെൽസൺ സാറിന്റെ ഓഫിസിൽ നിന്നും കോൾ വരുന്നത്. ഒരു സിനിമയുണ്ട്. ചെയ്യാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു ആ വിളി. ഞാൻ അടുത്ത ദിവസം അദ്ദേഹത്തെ നേരിൽ പോയി കണ്ടു. അദ്ദേഹം സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെയും പരിചയപ്പെടുത്തി. അപ്പോഴും ജയിലർ എന്ന സിനിമയുടെ പേരോ രജനി സാറിന്റെ പേരോ അദ്ദേഹം സൂചിപ്പിച്ചില്ല. അദ്ദേഹം ചോദിച്ചു, ഈ പടം ചെയ്യാൻ താൽപര്യമുണ്ടോ എന്ന്! എനിക്ക് അറിയാമായിരുന്നു, എന്നോടു പറഞ്ഞ ആ കഥാപാത്രം ജയിലർ എന്ന സിനിമയ്ക്കു വേണ്ടിയാണെന്ന്! ഒടുവിൽ ഞാൻ തന്നെ അദ്ദേഹത്തോടു ചോദിച്ചു, ഇതു ജയിലർ എന്ന സിനിമയ്ക്കു വേണ്ടിയല്ലേ? നെൽസൺ സർ ചിരിച്ചിട്ടു പറഞ്ഞു, അതെ. അങ്ങനെയാണ് ഞാൻ ജയിലറിൽ രജനി സാറിന്റെ മരുമകളുടെ വേഷത്തിൽ എത്തിയത്.
തലൈവരെ ആദ്യം കണ്ടപ്പോൾ
എന്റെ ആദ്യ ദിവസത്തെ ഷൂട്ട് രജനി സാറിനൊപ്പമായിരുന്നു. ആദ്യ ഷോട്ടും അദ്ദേഹത്തിനൊപ്പം തന്നെ. മേക്കപ്പ് ചെയ്തു തയാറായി ഞാൻ ഇരുന്നു. 'ഷോട്ട് റെഡി' എന്നു പറഞ്ഞ് അൽപം സമയത്തിനുള്ളിൽ രജനി സാറെത്തി. അപ്പോഴാണ് നെൽസൺ സർ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഞാൻ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളം ഇൻഡസ്ട്രിയിലെ അഭിനേത്രിയാണ് എന്നു പറഞ്ഞായിരുന്നു നെൽസൺ സർ എന്നെ അവതരിപ്പിച്ചത്. അദ്ദേഹം ചോദിച്ചു, ഏതു സിനിമയിലാണ് അഭിനയിച്ചത്? മോഹൻലാൽ സാറിന്റെ ബിഗ് ബ്രദറിലാണ് എന്നു പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു. കാരണം, അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ട്. അതു കേട്ടതും ഞാൻ വളരെ ഹാപ്പിയായി. അദ്ദേഹത്തിന് സിദ്ദീഖ് സാറുമായി നല്ല സൗഹൃദമുണ്ട്. അന്നു മുതൽ 30–35 ദിവസം ഞങ്ങൾ ഒരുമിച്ചായിരുന്നു.
പ്രധാന ചർച്ച സിനിമ തന്നെ
രജനി സർ വളരെ ലാളിത്യവും വിനയവുമുള്ള വ്യക്തിയാണ്. പിന്നെ, അദ്ദേഹം കുറെ കഥകൾ പറയും. സിനിമ തന്നെയാണ് പ്രധാന ചർച്ചാവിഷയം. ഒരുമിച്ച് അഭിനയിക്കുമ്പോൾ ചില സീനുകളിൽ കൊടുക്കുന്ന ചില എക്സ്പ്രഷൻസ് അദ്ദേഹം ശ്രദ്ധിക്കുകയും ഇഷ്ടപ്പെട്ടവ ചൂണ്ടിക്കാട്ടി അഭിനന്ദിക്കാറുമുണ്ട്. അതു സ്പോട്ടിൽ തന്നെ പറയും. അതെല്ലാം എനിക്കു വിലമതിക്കാനാവാത്ത ഓർമകളാണ്. അദ്ദേഹത്തെ ഇത്രയടുത്തു ലഭിക്കുമ്പോൾ സ്വാഭാവികമായും കുറെ കാര്യങ്ങൾ ചോദിക്കാൻ തോന്നുമല്ലോ. എനിക്കാണെങ്കിൽ അത്തരത്തിൽ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു. രസമെന്താണെന്നു വച്ചാൽ അദ്ദേഹത്തോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമ്മളും ഒരു ഉത്തരം കണ്ടു വയ്ക്കണം. ചോദിക്കുന്ന ചോദ്യങ്ങൾക്ക് രജനി സർ ഉത്തരം പറയും. പക്ഷേ, അടുത്ത നിമിഷം ആ ചോദ്യം അദ്ദേഹം തിരിച്ചും ചോദിക്കും.
സെറ്റിലെ സൂപ്പർസ്റ്റാർ
സംഭാഷണം ലാലേട്ടനെക്കുറിച്ചാകുമ്പോൾ രജനി സർ ആവേശഭരിതനാകും. "ഒരാൾക്ക് ഇത്രയും ടാലന്റോ! ആക്ടറാണ്, ഡാൻസറാണ്, നന്നായി പാചകം ചെയ്യും... എത്ര കഴിവുകളാണ് അദ്ദേഹത്തിനുള്ളത്!" എന്നൊക്കെ പറയുമ്പോൾ രജനി സർ പ്രകടിപ്പിക്കുന്ന ആവേശം കാണേണ്ടതാണ്. രജനി സർ സെറ്റിലെത്തിയാൽ ആകെ ലഞ്ച് ബ്രേക്ക് മാത്രമേ എടുത്തു കണ്ടിട്ടുള്ളൂ. അപ്പോൾ മാത്രമേ അദ്ദേഹം കാരവാനിലേക്ക് പോകാറുള്ളൂ. ബാക്കി സമയം മുഴുവൻ അദ്ദേഹം സെറ്റിലുണ്ടാവാറുണ്ട്. ഷൂട്ടിനിടയിലുള്ള ചെറിയ ഇടവേളകൾ അദ്ദേഹം സെറ്റിൽ തന്നെയാണ് ചെലവഴിക്കാറുള്ളത്. "കാരവനിൽ പോയി എന്തിന് ഒറ്റയ്ക്ക് ഇരിക്കണം? ഇവിടെ നിറയെ ആളുകളുണ്ടല്ലോ" എന്നാണ് അദ്ദേഹം പറയുക.
ഒടുവിൽ ഞാൻ അതു പറഞ്ഞു
എനിക്ക് രജനി സാറും രമ്യ കൃഷ്ണൻ മാഡവുമായിട്ടാണ് കൂടുതൽ കോമ്പിനേഷനുകളുള്ളത്. രമ്യ മാഡത്തിന്റെ എനർജി വേറെ ലെവലാണ്. സെറ്റിൽ എപ്പോഴും ആക്ടീവ് ആണ് കക്ഷി. ഒരു പ്രത്യേക ഭംഗിയാണ് അവർക്ക്. കണ്ണെടുക്കാൻ തോന്നില്ല. അസാധ്യമാണ് അവരുടെ കണ്ണുകൾ! ഒരു രക്ഷയില്ല! അക്കാര്യം ഞാൻ നേരിട്ടു പറയുകയും ചെയ്തു. അവരുടെ പ്രകടനവും കണ്ടിരിക്കാൻ രസമാണ്
അനിയത്തിമാരുടെ കട്ട സപ്പോർട്ട്
എന്റെ നേട്ടങ്ങളിൽ എന്നേക്കാൾ ആവേശം എന്റെ അനിയത്തിമാർക്കാണ്. അവർ ദുബായിൽ ജോലി ചെയ്യുകയാണ്. എന്നെ സ്ക്രീനിൽ കാണുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് അവരാണ്. എന്റെ അഭിമുഖങ്ങൾ പോലും അവർ വിടില്ല. എല്ലാം കാണും. ജയിലറിലെ വേഷം ഉറപ്പായതിനുശേഷം ഞാനാദ്യം വിളിച്ചു പറഞ്ഞതും അവരെയാണ്. "തലൈവർ പടമാ", എന്നൊരു അമ്പരപ്പായിരുന്നു അവരുടെ മറുപടി. വലിയ സന്തോഷമായിരുന്നു അവർക്ക്. ലൊക്കേഷനിൽ വന്ന് ഷൂട്ടിങ് കാണാനൊക്കെ അവർക്ക് വലിയ താൽപര്യമാണ്. ജയിലറിന്റെ സെറ്റിൽ വന്ന് രജനി സാറിനെ കാണണം എന്നൊക്കെ അവർക്കുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ അതു നടന്നില്ല. പിന്നീടൊരിക്കൽ നടക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.
ഞാൻ പൊതുവെ ന്യൂട്രൽ
ഞാൻ ജനിച്ചതും വളർന്നതും ഇടുക്കിയിൽ ആണ്. പക്ഷേ, ഇപ്പോൾ എല്ലാവരും ജോലിയും കാര്യങ്ങളുമൊക്കെയായി ദുബായിലും മിഡിൽ ഈസ്റ്റിലുമാണ്. ഞാനിപ്പോൾ ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലും. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്യുന്ന ഓരോ സിനിമകളും എന്റെ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളാണ്. ഞാൻ ഈ പ്രക്രിയ ആസ്വദിക്കുന്നുണ്ട്. ആസ്വദിച്ചു ചെയ്താലെ, സന്തോഷത്തോടെ ഇരിക്കാൻ പറ്റൂ. പിന്നെ, ഞാൻ പൊതുവെ ന്യൂട്രലാണ്. ഒരുപാട് എക്സൈറ്റഡ് ആകാറില്ല. നിറവുള്ള സന്തോഷമാണ് ഞാൻ കൂടുതലും ഫീൽ ചെയ്യാറുള്ളത്. ഇപ്പോൾ അങ്ങനെയൊരു സമയമാണ്.