‘ഒറ്റ’ സിനിമയുമായി വരുന്ന റസൂൽ പൂക്കുട്ടി പറയുന്നു; കഥയ്ക്കു പകരം പാക്കേജ്, മലയാള സിനിമ സൂക്ഷിക്കുക!
Mail This Article
ഒട്ടേറെ ഇന്ത്യൻ സിനിമകളുടെയും പല രാജ്യാന്തര സിനിമകളുടെയും ‘ശബ്ദമായി’ സിനിമകളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന റസൂൽ പൂക്കുട്ടി മലയാള സിനിമയോടു പറയുന്നു– ചരിത്രം പഠിക്കുന്നവരെങ്കിൽ, സൂക്ഷിക്കുക ! ഇല്ലെങ്കിൽ ബോളിവുഡ് സിനിമകളുടെ നിലവിലെ അവസ്ഥയിലേക്കു മലയാള സിനിമകളുമെത്തും. ഇന്ത്യൻ സിനിമയുടെ ശബ്ദം ഓസ്കർ വേദിയിലെത്തിച്ച റസൂൽ പൂക്കുട്ടി, ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ഒറ്റ’ 27നു തിയറ്ററുകളിലെത്തുകയാണ്. ആസിഫ് അലി, അർജുൻ അശോകൻ, സത്യരാജ്, ഇന്ദ്രജിത്, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ദിവ്യ ദത്ത, രോഹിണി ഉൾപ്പെടെയുള്ളവർ അഭിനേതാക്കളായ സിനിമയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു.
എന്താണ് ‘ഒറ്റ’ സിനിമ പറയുന്നത്?
മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരന്റെ ജീവിതത്തിൽ നടന്ന കുറെ കാര്യങ്ങൾ കഥാരൂപത്തിലേക്കു മാറ്റി. വീടും നാടും വിട്ടുപോയ കുട്ടികളെ കണ്ടെത്തി തിരിച്ചു മാതാപിതാക്കളെ ഏൽപിക്കുന്ന, അത്തരം കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ സംഘടന.
ഹരിഹരൻ തന്നെ ചെറുപ്പത്തിൽ വീടുവിട്ടു പോയി ചെന്നൈയിൽ താമസിച്ചിട്ടുണ്ട്. അവിടെ പരിചയപ്പെട്ടൊരാളാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് അടിത്തറ നൽകിയത്. കാലങ്ങൾ കഴിഞ്ഞ് ആ വ്യക്തിയെത്തേടി ഹരിഹരൻ പോയെങ്കിലും കണ്ടെത്താനായില്ല. ഈ സിനിമ വഴി അദ്ദേഹത്തെ കണ്ടെത്താൻ കഴിയുമോ?
ആ സുഹൃത്തിനെ തേടിയുള്ള യാത്ര കൂടിയാണ് ‘ഒറ്റ’. ഇതൊരു തട്ടുപൊളിപ്പൻ ചിത്രമല്ല. നമുക്കെല്ലാം കണ്ടെത്താൻ കഴിയുന്ന കുറെ ബന്ധങ്ങൾ ഈ സിനിമയിലുണ്ട്. വിവിധ ഭാഷകളിലെ അഭിനേതാക്കൾ ഒറ്റയുടെ ഭാഗമാണെങ്കിലും സിനിമ മൊഴിമാറ്റി മറ്റു ഭാഷകളിലേക്ക് എത്തിക്കുന്നില്ല. ഈ സിനിമയ്ക്ക് അതിന്റേതായ ആത്മാവുണ്ട്. അതുകൊണ്ട് സബ് ടൈറ്റിൽ ചെയ്താണു മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുക.
രാജ്യാന്തര സിനിമകൾ വന്നിട്ടും സംവിധാന അരങ്ങേറ്റം മലയാളത്തിൽ?
ഏറെപ്പേർ എന്നോട് അതു ചോദിച്ചിട്ടുണ്ട്. ആ ചോദ്യം അദ്ഭുതപ്പെടുത്തുന്നുമുണ്ട്. എന്റെ ഭാഷ മലയാളമാണ്. പഠിച്ചതു മലയാളം മീഡിയത്തിലാണ്. സംവിധാനം ചെയ്യാൻ മൂന്നു സിനിമകളാണു മുന്നിലുണ്ടായിരുന്നത്. ഹിന്ദി സിനിമയും ഇന്റർനാഷനൽ പ്രോജക്ടുമായിരുന്നു മറ്റു രണ്ടും. എന്റെ ആളുകളോട് ആശയവിനിമയത്തിന് എളുപ്പമായതുകൊണ്ട് മലയാളമാണു തിരഞ്ഞെടുത്തത്.
ശബ്ദവും സംഗീതവും
ഒറ്റയിൽ സംഗീതത്തിനും പുതിയ പശ്ചാത്തലങ്ങൾക്കും പ്രാധാന്യമേറെയാണ്. സിനിമയിലെ തമിഴ് ഗാനം എഴുതിയതു വൈരമുത്തു സാറാണ്. ഈ സിനിമയിൽ മലയാളത്തിന്റെ വിവിധ വകഭേദങ്ങളുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് വരികൾ സിനിമയിൽ വരുന്നുണ്ട്. ഭാഷകൾ എന്നെ സംബന്ധിച്ചു ശബ്ദമാണ്. ഇന്ത്യൻ സിനിമയെന്നു പറയുമ്പോൾ വിവിധ ഭാഷകളുടെ കൂടിച്ചേരലാണ്. എനിക്ക് അതാണു പാൻ ഇന്ത്യൻ സിനിമ. അല്ലാതെ സിനിമ മൊഴിമാറ്റം നടത്തി മറ്റു ഭാഷകളിൽ കാണിക്കുന്നതല്ല. ഒറ്റയിൽ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചത്.
എന്താണ് ബോളിവുഡിന് സംഭവിക്കുന്നത് ?
എല്ലാ പ്രാദേശിക സിനിമകളുടെയും നെടുംതൂൺ അതാതിടങ്ങളിലെ ലിറ്ററേച്ചറാണ്. ഹിന്ദി സിനിമയ്ക്കിപ്പോൾ ഹിന്ദി ലിറ്ററേച്ചറല്ല നെടുംതൂൺ. അവിടെ കുറച്ചു സംവിധായകരും അഭിനേതാക്കളും ചേർന്ന് നിർമിച്ചെടുക്കുന്ന പാക്കേജ് സിനിമകളാണ് കഴിഞ്ഞ 10 വർഷമായി ബോളിവുഡിൽ ഓടിക്കൊണ്ടിരുന്നത്. മാറിച്ചിന്തിക്കുന്ന ഏതാനും പേർ മാത്രമാണു മറുഭാഗത്ത്. 250 സിനിമകൾ ഉണ്ടാക്കുമ്പോൾ എട്ടെണ്ണം മാത്രമാണ് ബ്ലോക്ക് ബസ്റ്റർ ആകുന്നത്. വെറും 15 സിനിമകൾ മാത്രമാണു മുടക്കുമുതൽ തിരികെ പിടിക്കുന്നതെന്ന അവസ്ഥയാണ് ഏതാനും വർഷങ്ങളായി ബോളിവുഡിൽ. യുഎസിലെ രാജ്യാന്തര സിനിമാ നിർമാണക്കമ്പനികൾ ബോളിവുഡിലേക്കു വന്നതോടെ, കഥയ്ക്കു പകരം പാക്കേജ് പ്രോജക്ടുകളായി. അതു വീഴ്ചയായി. നിലവിലെ അവസ്ഥയിൽ, 5 വർഷത്തിനകം മലയാളം സിനിമയും ഹിന്ദിയിലേതിനു സമാനമായ അവസ്ഥയിലുടെ കടന്നുപോകും.
200ൽ അധികം സിനിമകളാണ് ഇപ്പോൾ മലയാളത്തിൽ ഒരു വർഷം പുറത്തിറങ്ങുന്നത്. ഇത്രയും സിനിമകൾ പുറത്തിറങ്ങുമ്പോൾ മികച്ച സിനിമകളുടെ എണ്ണം കുറയും. മലയാള സിനിമയുടെ ക്വാളിറ്റി കണ്ട്, ഹിന്ദിയിൽ നിന്ന് ഉൾപ്പെടെ നിർമാതാക്കൾ മലയാളത്തിലേക്കു ചേക്കേറുന്നുണ്ട്. ചരിത്രം പഠിക്കുന്നവരാണെങ്കിൽ, സൂക്ഷിക്കുക. പെട്ടെന്നു വന്നു ചാടുന്ന പണം വഴിതെറ്റിക്കും. നമ്മുടെ സിനിമയെന്താണ്, കഥയെന്താണ് എന്നതെല്ലാം മനസ്സിലാക്കി സിനിമയെടുക്കുന്നവരാണു നിലനിൽക്കുക.
പുതിയ തിരക്കുകൾ?
ശബ്ദരൂപകൽപനയിൽ ഒരു വർഷമായി ആടുജീവിതം, ഒന്നുരണ്ട് തമിഴ്, കന്നട ചിത്രങ്ങൾ എന്നിങ്ങനെ ചുരുക്കം സിനിമകളാണു ചെയ്തത്. ഇനി ആടുജീവിതത്തിന്റെ മിക്സിങ് തീർക്കണം. പുഷ്പ 2, ഒരു ഹിന്ദി സിനിമ എന്നിവയുണ്ട്. സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ കഥാചർച്ച നടന്നുവരുന്നു. ഹിന്ദിയിലും മലയാളത്തിലും സിനിമകൾ സംവിധാനം ചെയ്യാനുള്ള ചർച്ചകളുണ്ട്. പ്രേമം സിനിമയുടെ ഹിന്ദി റീമേക്ക് എന്റെ കമ്പനിയാണ് ചെയ്യുന്നത്. അതിന്റെ സംവിധാനവും ചിലപ്പോൾ ഞാനാകും. മറ്റൊന്ന് ഒരു ബ്രിട്ടിഷ് സിനിമയാണ്. ഇങ്ങനെ പല കാര്യങ്ങളും മുന്നിലുണ്ട്. ശബ്ദമേഖലയിൽ താൽപര്യമുള്ള പല പുതിയ കാര്യങ്ങൾക്കുമായി ചിലർ സമീപിച്ചിട്ടുണ്ട്. ഒരു രാജ്യം, അവരുടെ സ്വതസിദ്ധമായ ശബ്ദങ്ങൾ ശേഖരിച്ചു സംഗീതരൂപത്തിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. തീരുമാനമായ ശേഷമേ വിശദാംശങ്ങൾ അറിയിക്കാനാകൂ.