ADVERTISEMENT

‘കെട്ട്യോളാണെന്റെ മാലാഖ’യിലൂടെ അരങ്ങേറ്റം കുറിച്ച ജോസ്കുട്ടി ജേക്കബ് നായകനായ ചിത്രമാണ് പിങ്കു പീറ്ററിന്റെ ‘റാണി ചിത്തിര മാർത്താണ്ഡ’. എന്നാലും എന്റളിയാ എന്ന ചിത്രത്തിലൂടെയും ജോസ്കുട്ടി പ്രേക്ഷകശ്രദ്ധനേടി. ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ജോസ്കുട്ടി മനോരമയോട് പങ്കുവയ്ക്കുമ്പോൾ...

റാണി ചിത്തിര മാർത്താണ്ഡയിലെ അൻസൺ?

കരിയറിൽ ഇതുവരെ ചെയ്തതിൽ വച്ച് ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് റാണി ചിത്തിര മാർത്താണ്ഡ. പിങ്കു ചേട്ടൻ സ്ക്രിപ്റ്റ് വായിക്കാൻ തന്നപ്പോൾ പോലും ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിലെ അനിയൻ ക്യാരക്ടർ റോളിലേക്കാണ് അദ്ദേഹം എന്നെ ആദ്യം വിളിക്കുന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അനിയൻ കഥാപാത്രത്തിന് എന്നെക്കാൾ പ്രായം കുറവാണ്, അപ്പോൾ അത് ഞാൻ ചെയ്താൽ എങ്ങനെയാകും എന്നായിരുന്ന ഞാൻ ചിന്തിച്ചത്. അത് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് അൻസൺ എന്ന ക്യാരക്റ്ററിലേക്കാണ് എന്നെ കാസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് പറയുന്നത്. നിനക്കതിന് താല്പര്യമുണ്ടോ എന്നും ചോദിച്ചു. അപ്പോൾ വലിയ സന്തോഷം തോന്നി. ഒരു മുഴു നീളകഥാപാത്രമാണ്. അതുകൊണ്ട് ആദ്യം ഒരു ഭയം ഉണ്ടായിരുന്നു. പക്ഷേ പിങ്കു ചേട്ടൻ നല്ല സപ്പോർട്ട് ആയിരുന്നു. 

പുത്തൻ പ്രതീക്ഷ നൽകുന്ന അൻസൺ?

മിക്ക വീടുകളിലും ഒരു അൻസൻ ഉണ്ടായിരിക്കും. അൻസന്റെ പ്രായത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങളാണ് ഈ സിനിമയിലൂടെ പറഞ്ഞു പോയിരിക്കുന്നത്. ആ പ്രായത്തിലൂടെ കടന്നുപോകുമ്പോൾ ചിലരെങ്കിലും അവരുടെ ജീവിതത്തിൽ സ്വാഭാവികമായും അനുഭവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാകും അതൊക്കെ. വീട്ടുകാരുടെ തീരുമാനം കേൾക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന ഒരു തീരുമാനമെടുക്കുമ്പോൾ അവർ നേരിടേണ്ടി വരുന്ന പല പ്രതിസന്ധികളും അത് തരണം ചെയ്യാനായി അവർ അനുഭവിക്കേണ്ടി വരുന്ന ടെൻഷനും, അപ്പോഴത്തെ അവരുടെ മാനസികാവസ്ഥയും എല്ലാം തന്നെ അൻസണിലൂടെ ഈ സിനിമയിൽ പറഞ്ഞു പോകുന്നു. ഇനി അവർ ഒരു തീരുമാനം എടുക്കുകയാണ് എങ്കിൽ അതിൽ ഉറപ്പായും അവരുടെ അച്ഛനമ്മമാരുടെ സ്വാധീനവും ഉണ്ടാകും. അങ്ങനെയുള്ള ഒരു കൂട്ടം ആളുകളുടെ പ്രതിനിധിയാണ് അൻസൻ. 

josekutty-3

സൗഹൃദവും പ്രണയവും?

അൻസന്റെ ജീവിതത്തിൽ അയാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത് സൗഹൃദങ്ങളിലൂടെയാണ്. ആ സ്പെയ്സിൽ അയാൾ വളരെയധികം ഫ്രീ ആകുന്നുമുണ്ട്. വീട്ടിനുള്ളിൽ ഉള്ള ആളല്ല അയാൾ കൂട്ടുകാരുടെ അടുത്ത് എത്തുമ്പോൾ. ആ പ്രായത്തിൽ ഉള്ള വീടിനുള്ളിലെ പ്രഷർ അയാൾ അവിടെ ഇറക്കിവയ്ക്കുന്നുണ്ട്. അയാൾക്ക് അവിടമാണ് കംഫർട്ട് സ്‌പെയ്‌സ്. പലരും ഇതേപോലെയാണ്. പിന്നെ ആ ഒരു പ്രായത്തിൽ പ്രണയം ഇല്ലാത്ത ആരും ഉണ്ടാവാനും ചാൻസില്ലോ. നമ്മുടെ കൂട്ടുകാരുടെ അടുത്തോ അല്ലെങ്കിൽ അതേപോലെ ഒരു സ്ഥലത്ത് എത്തുമ്പോൾ നമ്മൾ കുറച്ചുകൂടി ഫ്രീ ആകും. ആ സമയത്ത് സന്തോഷം കിട്ടുന്ന ഒരു അവസ്ഥയുമുണ്ട്. അതൊക്കെ ഒരു പ്രായത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ആണല്ലോ. 

നറേഷൻ ഗ്യാപ്പ് നന്നായി പറഞ്ഞു പോകുന്ന ചിത്രം?

ഞാനിപ്പോൾ ഒരു അച്ഛനാണ്. എന്റെ അച്ഛൻ, കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. കൂടെയുള്ളവരെ സേഫ് ആക്കാനാണ് പലപ്പോഴും അച്ഛനൊക്കെ ചിന്തിച്ചിട്ടുള്ളത്. തന്റെ കുഞ്ഞിനെ സ്വതന്ത്രമായി കാണാൻ അവർക്കപ്പോൾ കഴിഞ്ഞെന്നും വരില്ല. അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും ചിന്തിച്ച് ആണ് അവർ കാര്യങ്ങൾ പറയുന്നത്. അതിലൂടെയാണ് അവർ മക്കളിൽ സ്വാധീനം ഉളവാക്കാൻ ശ്രമിക്കുന്നത്. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാതെ സേഫ് ആയിട്ട് മുമ്പോട്ട് പോകണം എന്ന് ചിന്തിക്കുന്നതും അതുകൊണ്ട് തന്നെയാണല്ലോ. സ്വതന്ത്ര ചിന്തയിലേക്ക് അവർ എത്തിപ്പെടാനും ചിലപ്പോൾ പ്രയാസമുണ്ടായിരിക്കും. ആ ഒരു ചട്ടക്കൂടിൽ നിന്നും പുറത്തു വരാൻ അവർ ശ്രമിക്കുമെങ്കിലും പലപ്പോഴും കഴിയാറില്ല. അവിടെയാണ് ഒരു ജനറേഷൻ ഗ്യാപ് വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു കുടുംബം ആയപ്പോൾ ഞാനും അതിനാണ് പ്രാധാന്യം നൽകുന്നത്. അത് സ്വാഭാവികമായിട്ടും ഉണ്ടാവുന്നതാണ്. ആ ഒരു ചട്ടക്കൂട് നിലനിൽക്കുന്നത് നല്ലാതിനാണ് എന്നാണ് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അത് കുറവാണ്. ഇന്ന് അവരും മുന്നോട്ട് പോകണം എന്ന് ചിന്തിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായവും. ഈ നവ ലോകത്ത് അത് നമ്മെ മുന്നേറാനും സഹായിക്കും. 

josekutty56

അച്ഛനും മകനും തമ്മിൽ വൈകാരികമായി സംസാരിക്കുന്ന ഒരു രംഗം ഉണ്ടല്ലോ?

സത്യത്തിൽ സിനിമയിലെ ഏറ്റവും കാമ്പുള്ള ഒരു ഇമോഷണൽ രംഗത്തിനാണ് ഏറ്റവും കൂടുതൽ ടേക്ക് പോയത്. സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ആ സീൻ എപ്പോൾ ഷൂട്ട് ചെയ്യും എന്നാണ് ഞാൻ ചിന്തിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്ന് നന്നായി റിവീൽ ചെയ്യുന്ന ഒരു സീക്വൻസ് ആണത്. അതിനുവേണ്ടി അന്നുമുതൽ ഞാൻ തയാറെടുപ്പുകളും തുടങ്ങിയിരുന്നു. നന്നായി ആഗ്രഹിച്ചു ചെയ്യണമെന്ന് ചിന്തിച്ചത് കൊണ്ടാവും ഡയലോഗുകൾ ഒക്കെ വൃത്തിയായി പഠിച്ച് സീൻ എടുക്കാൻ തയ്യാറായി. ആ ദിവസം എത്തിയപ്പോൾ ഡയറക്ടർ സീനിൽ കുറച്ചു മാറ്റമുണ്ട് എന്നു പറഞ്ഞു. തുടക്കം മുതലേ അതിനോട് ഒരു ഇഷ്ടം ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ പഠിച്ചു ചെയ്യാൻ വേണ്ടി ഞാൻ തയ്യാറെടുപ്പുകൾ തുടങ്ങി. പക്ഷേ കൂടെ നിൽക്കുന്നത് കോട്ടയം നസീർ ഇക്ക ആണല്ലോ. അദ്ദേഹത്തിന് ഒരു സർജറി കഴിഞ്ഞ് വന്നു നിൽക്കുന്ന സമയവും ആയിരുന്നു. അദ്ദേഹത്തെ ഒരുപാട് ബുദ്ധിമുട്ടിപ്പിക്കരുത് എന്ന ചിന്ത വന്നപ്പോൾ എനിക്ക് ആകെ ടെൻഷനായി. അങ്ങനെ ആ സീനിൻ്റെ ചിത്രീകരണം ഒരല്പം നീണ്ടു പോയി. പക്ഷേ അദ്ദേഹം വളരെ കൂൾ ആയി സഹകരിച്ചു. നന്നായി ചെയ്യൂ എത്ര വേണമെങ്കിലും ടേക്ക് എടുക്കൂ എന്നു പറഞ്ഞ് കൂടെ തന്നെ നിന്നു. അദ്ദേഹത്തെ അത് ബുദ്ധിമുട്ടിപ്പിക്കുമോ എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. പക്ഷേ ഡയറക്ടറും അദ്ദേഹവും ഒക്കെ എനിക്ക് വലിയ സപ്പോർട്ട് ആണ് തന്നത്. അത് വലിയൊരു അനുഗ്രഹമായി തന്നെയാണ് തോന്നിയത്. 

josekutty333

സിനിമയിലേക്ക്?

ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമൊന്നും ഇല്ലായിരുന്നു. പക്ഷേ പത്തിൽ ഒക്കെ പഠിക്കുമ്പോൾ സിനിമ കാണാനും അതിലെ അഭിനയം ശ്രദ്ധിക്കാനും ശ്രമിച്ചിരുന്നു. അതിലെ സംവിധായകരുടെ പേരും അഭിനേതാക്കളുടെ പേരും ഒക്കെ മനപ്പാഠം ആക്കാൻ നോക്കിയിരുന്നു. അതെനിക്ക് പെട്ടെന്ന് കഴിഞ്ഞു. അങ്ങനെയാണ് അതിൽ താല്പര്യം ഉണ്ട് എന്ന് മനസ്സിലാക്കിയത്. എൻറെ കസിൻ ലിസ്റ്റിൻ സ്റ്റീഫൻ സിനിമ ചെയ്തു തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ തുടങ്ങി. അത് സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഇഷ്ടപ്പെടാനും സഹായിച്ചു. ഹോട്ടൽ മാനേജ്മെൻറ് ആണ് പഠിച്ചത്. എന്നെങ്കിലും കാലത്ത് ഒരു ജോലി വേണം എന്ന് ഒരു ആഗ്രഹം ഉണ്ടായാൽ അതിന് ഒരു സർട്ടിഫിക്കറ്റ് വേണമെന്ന് ചിന്തയിൽ സൗദിയിൽ പോയി കുറച്ചുകാലം ജോലി ചെയ്തു. പക്ഷേ അവിടെ എനിക്ക് ഉറച്ചു നിൽക്കാനായില്ല കാരണം മനസ്സിൽ അപ്പോഴേക്കും സിനിമ ഉറച്ചിരുന്നു. അപ്പോഴും ഏതു മേഖലയിൽ തുടരണം എന്ന് ഞാൻ തീരുമാനം എടുത്തിരുന്നില്ല. സൗദിയിൽ നിന്നും തിരിച്ചെത്തി ആക്ട് ലാബിൽ പോയി അഭിനയം കുറച്ചുകാലം പഠിച്ചു. പിന്നീട് അവർ തന്ന സപ്പോർട്ടിലൂടെ പല ഡയറക്ടർസിന്‍റെ അടുത്തും ചാൻസുകൾ ചോദിച്ചു തുടങ്ങി. അങ്ങനെ ചില സിനിമകളിൽ ഒന്ന് രണ്ട് സീനുകളിൽ ഒക്കെ അഭിനയിക്കാൻ കഴിഞ്ഞു. പിന്നീട് അവസരങ്ങൾക്കായി നന്നായി ശ്രമിച്ചും തുടങ്ങി.

 അഭിനയിക്കണമെന്ന് മോഹം സത്യത്തിൽ ചേട്ടനാണ് വീട്ടിൽ അവതരിപ്പിക്കുന്നത്. ഞാൻ ആദ്യം ഇക്കാര്യം ചേട്ടനോട് ആണ് പറയുന്നതും. ഞാൻ എൻറെ ആഗ്രഹം പറഞ്ഞപ്പോൾ അവരെല്ലാം എനിക്കൊപ്പം നിന്നു. ഈ ഫീൽഡിൽ എങ്ങനെ പിടിച്ചുനിൽക്കും എന്ന ഒരു സംശയം അവർക്ക് അന്നുണ്ടായിരുന്നു, കാരണം ഞാൻ ഒരു പ്രത്യേക മേഖല തിരഞ്ഞെടുത്തിരുന്നില്ലല്ലോ. വിവാഹാലോചന വന്നപ്പോൾ തന്നെ പെൺകുട്ടിയോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞത് എന്റെ ജീവിതത്തിൽ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ആഗ്രഹങ്ങൾക്കൊപ്പം കൂടെ നിൽക്കുന്ന ഒരാളെ പാർട്ണറായി കിട്ടിയപ്പോൾ എനിക്ക് അതിൽ കൂടുതൽ ശ്രദ്ധിക്കാനും പറ്റി. അവർ വളരെ പോസിറ്റീവ് ആയി നിൽക്കുന്നതുകൊണ്ട് തന്നെ നന്നായി മുന്നോട്ടു പോകാനും സാധിക്കുന്നുണ്ട്. അത് വലിയ സന്തോഷമുള്ള കാര്യമാണ്.

English Summary:

Chat With Josekutty Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com