മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തു ഫാക്ടറി; അഭിമുഖം
Mail This Article
മിഥുൻ മാനുവൽ തോമസ് എഴുത്തു ഫാക്ടറിയാണോയെന്നാണ് അടുപ്പമുള്ളവർ മിഥുനോടു ചോദിക്കുന്നത്. തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടുന്ന ഗരുഡൻ മിഥുന്റെ തിരക്കഥയാണ്. അരുൺ വർമയാണ് സംവിധാനം.
ജയറാമിനെ നായകനാക്കിയുള്ള ഏബ്രഹാം ഓസ്‌ലറിൽ മിഥുൻ സംവിധായകന്റെ റോളിലാണ്. മിഥുൻ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ ഷൂട്ടിങ് നടന്നുവരുന്നു. ഫീനിക്സ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. അപ്പോൾ ചോദ്യം ന്യായം. എന്നാൽ ഇതിനു മിഥുന്റെ മറുപടി ഇങ്ങനെയാണ് : ‘‘ എഴുത്തുഫാക്ടറി എവിടെയെന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്.
സത്യം പറഞ്ഞാൽ മൂന്നര വർഷത്തിനു ശേഷമാണ് എന്റെ ഒരു സിനിമ തിയറ്ററിൽ എത്തുന്നത്. ഈ ഇടവേള ക്രിയേറ്റീവായാണ് വിനിയോഗിച്ചത്. സിനിമ കണ്ടും വായിച്ചും കഥകൾ ആലോചിച്ചുമാണ് ആ സമയം ഉപയോഗപ്പെടുത്തിയത്. ഇതിൽ ഗരുഡനും ഫീനിക്സും ഓസ്‌ലറും യാദൃശ്ചികമായി എന്റെ അടുത്തെത്തിയ സിനിമകളാണ്. ഓസ്‌ലർ മറ്റൊരാളുടെ തിരക്കഥയിലാണ് സംവിധാനം ചെയ്യുന്നത്. എല്ലാം ഒന്നിനു പിറകേ ഒന്നായി സംഭവിച്ചു. പ്രേക്ഷകർ അംഗീകരിക്കുന്ന കാലം വരെ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം ’’
തിരക്കഥയെഴുതാൻ മോഹിച്ചെത്തി സംവിധായകനായതാണോ ?
ഓം ശാന്തി ഓശാന എന്ന റൊമാന്റിക് കോമഡി പടത്തിലാണ് തുടക്കമെങ്കിലും എന്റെ പ്രിയ മേഖല ക്രൈംത്രില്ലറുകളാണ്. വെസ്റ്റേൺ ക്രൈംത്രില്ലർ പുസ്തകങ്ങൾ ഒരുപാട് വായിക്കാറുണ്ട്. കാണാൻ കൂടുതൽ ഇഷ്ടവും ക്രൈംത്രില്ലർ സിനിമകളാണ്. പക്ഷേ, ഞാൻ കൊണ്ടുനടന്ന ഒന്നു രണ്ട് ത്രില്ലർ സ്വഭാവമുള്ള സിനിമകൾ വലിയ ബജറ്റുള്ളതായിരുന്നു. അത് നടക്കാനെടുത്ത കാലതാമസമാണ് അവിചാരിതമായി ഓം ശാന്തി ഓശാനയിൽ എത്തിച്ചത്. അജുവാണ് ജൂഡിനെ പരിചയപ്പെടുത്തിയത്. ആ സിനിമ വൻവിജയമായപ്പോൾ അത്തരം സിനിമകൾ എഴുതാൻ കഴിവുണ്ടെന്ന് തിരിച്ചറിയുകയും അതുമായി മുന്നോട്ടു പോകുകയുമായിരുന്നു. ആട് ചെയ്യുമ്പോൾ സംവിധാനത്തെക്കുറിച്ച് കാര്യമായ ധാരണകൾ ഇല്ലായിരുന്നു. എഴുത്ത് തന്നെയാണ് എന്നും പ്രിയപ്പെട്ടത്. ആക്സിഡന്റൽ ഡയറക്ടർ എന്ന് എന്നെ വിളിക്കാം.
ത്രില്ലറുകളുടെ സ്വീകാര്യത ഒടിടി കാലത്ത് കൂടിയോ ?
അഞ്ചാംപാതിര ചെയ്യുന്നത് കോവിഡിനു മുൻപാണ്. ഗരുഡൻ കോവിഡിന് ശേഷവും. രണ്ടുകാലത്തും ത്രില്ലറുകൾ ഒരുക്കിയ ഒരാളെന്ന നിലയിൽ എനിക്ക് തോന്നുന്നത് നല്ല ത്രില്ലറുകൾക്ക് എല്ലാക്കാലത്തും പ്രേക്ഷകരുണ്ടെന്നാണ്. പക്ഷേ കോവിഡിനു ശേഷം ത്രില്ലറുകൾക്ക് സ്വീകാര്യത കൂടിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഒടിടിയുടെ വിപ്ലവം ഇതരഭാഷയിലും വിദേശങ്ങളിലുമുള്ള ത്രില്ലറുകൾ കാണാൻ പ്രേക്ഷകരെ സഹായിച്ചിട്ടുണ്ട്. ഇന്നു പ്രേക്ഷകൻ ഗ്ലോബലാണ്. പ്രത്യേകിച്ച് മലയാളി പ്രേക്ഷകൻ. ത്രില്ലറുകളെ അവർ സൂഷ്മമായി വിലയിരുത്തും. അതു നമ്മുടെ മത്സരം കൂട്ടിയിട്ടുണ്ട്.
സംവിധായകൻ തിരക്കഥയെഴുതുമ്പോഴുള്ള മാറ്റം ?
സംവിധായകനായ ശേഷം തിരക്കഥയെഴുത്ത് കുറെക്കൂടെ സാങ്കേതികമായി. സിനിമയുടെ സാങ്കേതികത്വം ഉൾക്കൊണ്ട് എഴുതാൻ സാധിക്കുന്നു. തുടക്കത്തിൽ സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞു തരാൻ സംവിധായകൻ എപ്പോഴും ഒപ്പം വേണമായിരുന്നു. ഇപ്പോൾ മിഥുൻ മാനുവൽ എന്ന സംവിധായകൻ മിഥുൻ മാനുവൽ എന്ന തിരക്കഥാകൃത്തിനെ ഒരുപാട് സഹായിക്കുന്നുണ്ട്.
മലയാളത്തിലെ വായന ?
വായന വളരെ സിലക്ടീവാണ്. എന്നെ കുട്ടിക്കാലത്ത് ഏറെ ആവേശം സൃഷ്ടിച്ച എഴുത്തുകാരൻ ജോസി വാഗമറ്റമാണ്. അദ്ദേഹം എങ്ങനെയാണ് ഇത്തരം കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളെയും ഉണ്ടാക്കുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പൾപ് ഫിക്‌ഷൻ എന്നു വിളിക്കുന്ന വിഭാഗത്തിൽപെടുത്തേണ്ട എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്.
ജോയ്സി പല പേരുകളിൽ എഴുതിയ പലതും അത്ഭുതത്തോടെ വായിച്ചിട്ടുണ്ട്. ഇപ്പോ ആളുകൾ സജസ്റ്റ് ചെയ്യുന്നതിന് അനുസരിച്ചാണ് വായന. എങ്കിലും ഇന്ദുഗോപൻ, ബെന്യാമിൻ, പി.വി.ഷാജികുമാർ, സുഭാഷ് ചന്ദ്രൻ എന്നിവരുടെ മിക്ക രചനകളും വായിച്ചിട്ടുണ്ട്. അതുപോലെ ഫെയ്സ്ബുക്കിലെ കുറിപ്പുകൾ നന്നായി വായിക്കും.
സംവിധായകനായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് തിരക്കഥ കൊടുക്കുന്ന പതിവ് പൊതുവേയില്ലല്ലോ ?
ഇപ്പോഴത്തെ സിനിമകൾ കഴിഞ്ഞാൽ ഒരു സീരിസിന്റെ രചനയിലേക്കും സംവിധാനത്തിലേക്കും കടക്കും. പലരും തിരക്കഥകൾ ആവശ്യപ്പെടുന്നുണ്ട്. എഴുത്തുകാരനായി വന്നതു കൊണ്ട് തിരക്കഥ എഴുതിക്കൊടുക്കാൻ താൽപര്യവുമാണ്.
തിരക്കഥയിൽ ഇഷ്ടങ്ങൾ ?
പുതിയ തലമുറയിൽ ജീത്തുജോസഫ്, ശ്യാംപുഷ്കരൻ എന്നിവരുടെ രചനകൾ ഏറെ ഇഷ്ടപ്പെട്ടതാണ്. അതുപോലെ പത്മരാജന്റെ തിരക്കഥകളും പ്രിയപ്പെട്ടതാണ്. എന്നാൽ ഞാൻ ആരുടെയെങ്കിലും ഫാൻബോയി ആണോ എന്ന് ചോദിച്ചാൽ അത് ലോഹിതദാസിന്റെയും രഞ്ജി പണിക്കരുടേതുമാണ്.
അലമാര, അർജന്റീന ഫാൻസ് പോലെയുള്ള പരാജയ ചിത്രങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
മൾട്ടി ടാസ്കിങ് എന്റെ രക്തത്തിലുള്ളതാണ്. ആ രണ്ട് തിരക്കഥകളും പരാജയപ്പെടാൻ പല കാരണങ്ങളുമുണ്ട്. ചില ത്രെഡുകൾ എന്നിൽ വലിയ ആവേശം ജനിപ്പിക്കും. എടുത്തു ചാട്ടത്തിന് വേഗം കൂടും. ഇനി അത്തരം അവസ്ഥകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നതാണ് ചെയ്യാൻ പറ്റുന്ന ഏക കാര്യം. അന്നൽപം ജാഗ്രത കാണിക്കാമായിരുന്നു എന്ന് എല്ലായ്പ്പോഴും ചിന്തിക്കാറുണ്ട്.
ആദ്യം ചെറിയ താരങ്ങൾക്കു വേണ്ടി ഇപ്പോൾ വലിയ താരനിര ? വ്യത്യാസം ?
എന്റെ ഫോക്കസ് പ്രേക്ഷകരാണ്. അവരുടെ റെസ്പോൺസാണ് എപ്പോഴും ആശങ്കപ്പെടുത്തുന്നത്. വലിയ താരങ്ങൾ വരുമ്പോൾ ഉത്തരവാദിത്തവും വലുതാണ്. എന്നാൽ എല്ലാ സിനിമയ്ക്കും പിന്നിലെ സംഘർഷം ഒന്നു തന്നെയാണ്. അവിടെ ചെറുതും വലുതുമില്ല. അതുപോലെ പ്രേക്ഷകരുടെ മുന്നിലും എല്ലാ സിനിമയും ഒരുപോലെയാണ്.