ആരുടേയും അനുവാദം വാങ്ങി തമാശ പറയാനാകില്ല: ഹരിശ്രീ അശോകൻ അഭിമുഖം
Mail This Article
ഇഷ്ടം എന്താണെന്നു തിരിച്ചറിഞ്ഞു അതിനുവേണ്ടി പ്രയത്നിക്കുന്നവർക്കു വിജയമുണ്ടാകുമെന്നു തെളിയിച്ച ചിലരില്ലേ? അത്തരം ഒരാളാണു ഹരിശ്രീ അശോകൻ. നടന്ന വഴികളിലെ മൂർച്ചയുള്ള കല്ലുകളെ രാകി മിനുക്കിയെടുത്ത മിടുക്കനായ കലാകാരൻ. ഏറ്റവും പുതിയ സിനിമ മഹാറാണിയെപ്പറ്റിയും ജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
സിനിമാക്കാരൻ അശോകൻ, വയസ് 36
സിനിമയിൽ വന്നിട്ടു 36 വർഷമായി. ആദ്യകാലത്തു തിരഞ്ഞെടുക്കലുകളില്ല. ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. മതിലിൽനിന്നും ടിവിയിൽനിന്നും നമ്മുടെ തല പോകരുതല്ലോ എന്നതായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. അങ്ങനെ കുറേ സിനിമകൾ ചെയ്തു. തിരക്കായപ്പോൾ ഏറെക്കുറേ എല്ലാം ചെയ്യാൻ ബാധ്യസ്ഥനായി. ഇപ്പോഴാണു നല്ല വേഷങ്ങൾ വേണമെന്നു തോന്നിത്തുടങ്ങിയത്. കോമഡിയായാലും സീരിയസായാലും നല്ലതു തിരഞ്ഞെടുക്കുന്നു. അങ്ങനെ കിട്ടിയ സിനിമയാണു മഹാറാണി.
എത്ര നന്നായി അഭിനയിച്ചാലും സിനിമ നന്നായാലേ ശ്രദ്ധിക്കപ്പെടുകയുള്ളൂ. ഗോഡ് ഫാദറിൽ വളരെ ചെറിയ വേഷമായിരുന്നു. അതുപോലുള്ള സിനിമകളൊക്കെ ഓടിയില്ലായിരുന്നെങ്കിൽ എന്നെ ആരും അറിയുകയേയില്ലായിരുന്നു.
സെൻസും സെൻസിബിലിറ്റിയും
തുടക്കം മുതൽതന്നെ ജീവിതം ഒട്ടും എളുപ്പമല്ലായിരുന്നു. അനുഭവിച്ചും കുറെയൊക്കെ വായനയിൽ നിന്നു കിട്ടിയതാണു സെൻസും സെന്സിബിലിറ്റിയും. കോളേജിൽ നിന്നോ സ്കൂളിൽ നിന്നോ പഠിക്കുന്നതല്ല. അനുഭവങ്ങളാണല്ലോ ഏറ്റവും നല്ല പാഠം.
എന്തും പറയുന്ന ആളാണു ഞാൻ. പറയാതിരിക്കുന്ന ആളുകളെക്കുറിച്ച് എനിക്കറിയില്ല. ജീവിതമെന്താണെന്ന് അറിയുന്നവർ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ആരെയും കേൾപ്പിക്കാൻ വേണ്ടി പറയുന്നതല്ല.
മുഴുവൻ സമയ തമാശക്കാരനല്ല
നാട്ടിലും സിനിമയിലും തമാശ പറയുന്ന പോലെ വീട്ടിൽ പറയാറില്ല. വീട്ടിൽ തമാശ പറഞ്ഞിട്ട് എന്തിനാണ്? പത്തു പൈസ കിട്ടില്ലല്ലോ. വീട്ടിൽ എല്ലാ കാര്യങ്ങളിലും വളരെ നിർബന്ധബുദ്ധിയുള്ള ആളാണു ഞാൻ. വീട്ടിൽ റിമോട്ട് ഉപയോഗിച്ചു കഴിഞ്ഞാൽ വരെ അത് എടുത്ത ഇടത്തുതന്നെ വയ്ക്കണം. അതു വീട്ടുകാർക്കെല്ലാം അറിയാം. എവിടെയാണെങ്കിലും ഞാൻ പറയേണ്ടത് പറയും. ചിലർക്ക് വിഷമമായി തോന്നും.
സ്നേഹബന്ധമുള്ളിടത്തേ നമുക്കു ദേഷ്യപ്പെടാൻ പറ്റൂ. എന്നാൽ കാര്യങ്ങൾ തുറന്നു പറയുന്നതു ദേഷ്യപ്പെടലല്ല. എന്റെ സുഹൃത്തുക്കളോടു ഞാൻ ദേഷ്യപ്പെടും ചിരിക്കും തമാശ പറയും. എനിക്കു പരിചയമില്ലാത്ത ഒരാളോട് തമാശ പറയാൻ പറ്റില്ലല്ലോ. അയാൾ ചിരിച്ചില്ലെങ്കിൽ എന്റെ തമാശ ചീറ്റിപ്പോകില്ലേ.
അറിഞ്ഞു പറയേണ്ടതാണു തമാശ
ചില സദസ്സുകളിൽ തമാശ പറയാൻ പറ്റില്ല. അവിടിരിക്കുന്നവർ എങ്ങനെയുള്ളവരാണെന്ന് അറിയണം. പക്ഷേ പറയേണ്ടിടത്തു പറഞ്ഞില്ലെങ്കിൽ നമുക്കു വിഷമമാകും. ഒരു തമാശ ആ സന്ദർഭത്തിൽ മാത്രമേ പറയാൻ പറ്റൂ എന്നാണെങ്കിൽ പറഞ്ഞിരിക്കണം. തമാശയോ കാര്യമോ പറയാൻ ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ല.
പറ്റിക്കപ്പെട്ടിട്ടുണ്ട്
കൈയിൽ ഉണ്ടെങ്കിൽ കൊടുക്കുന്ന ആളാണു ഞാൻ. ഇല്ലെങ്കിൽ ഇല്ലെന്നു പറയും. പത്രത്തിൽ വരാനോ വിളിച്ചു കൂവാനോ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഞാൻ കുറേ കൊടുത്തിട്ടുണ്ട്. അതിൽ കുറേപേർ എന്നെ പറ്റിച്ചിട്ടും ഉണ്ട്. പിന്നീട് അന്വേഷിച്ചിട്ടു കൊടുക്കാൻ തുടങ്ങി. അതുകൊണ്ട് ഇപ്പോൾ പറ്റിക്കലുകളില്ല. ആരെങ്കിലും ആവശ്യം പറഞ്ഞിട്ടു കൊടുത്തില്ലെങ്കിൽ ഭയങ്കര വിഷമമാണ് മനസിൽ.
ആഗ്രഹമാണ് നയിക്കുന്നത്
സിനിമയിലെ എന്നെപ്പോലുള്ള അഭിനേതാക്കൾ തുടക്കത്തിൽ ആഗ്രഹിക്കുന്നത് ഒരു പാസിങ് ഷോട്ട് എവിടെയെങ്കിലും ചെയ്യണമെന്നായിരിക്കും. പിന്നീടു നീളമുള്ള കഥാപാത്രം, സിനിമയുടെ പേരു പത്രത്തിൽ എഴുതുമ്പോൾ ആർട്ടിസ്റ്റുകളുടെ പേരിൽ എന്റെ േപരു കൂടി ഉണ്ടായിരുന്നെങ്കിൽ, ഫോട്ടോ വരുമ്പോൾ അതിൽ നമ്മുടെ ഫോട്ടയും ഉണ്ടായിരുന്നെങ്കിൽ, പോസ്റ്ററിലേക്ക് വന്നിരുന്നെങ്കിൽ തുടങ്ങി ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ എന്തും പൊരുതി നേടാനാകും. അതുണ്ടാവണം. ആഗ്രഹം ഉണ്ടെങ്കിലേ വളരാൻ പറ്റൂ.
തേരാ വാദാ
കയ്യീന്നിട്ട ഡയലോഗുകൾ ഒരുപാടുണ്ടായിട്ടുണ്ട്. പഞ്ചാബി ഹൗസിന്റെ ഡബ്ബിങ് മദ്രാസിലായിരുന്നു. രണ്ടു സ്റ്റുഡിയോകളിലായി റാഫിയും മെക്കാർട്ടിനും ഡബ് നോക്കുന്നു. എന്റെ ജോലി കഴിഞ്ഞു. ട്രെയിനിൽ പോകാനായി എല്ലാം പായ്ക്ക് ചെയ്തു ഡബ്ബിങ് സ്റ്റുഡിയോയിൽ വന്നു റാഫിയോട് യാത്ര പറഞ്ഞു. മെക്കാർട്ടിനോട് യാത്ര പറയാൻ ചെന്നപ്പോൾ ജനാർദനൻ ചേട്ടന്റെ ഡബ്ബിങ് നടക്കുകയാണ്. അതിൽ ജനാർദനൻ ചേട്ടൻ ‘'ക്യാ ഹുവാ’' എന്നു പറയുന്ന ഡയലോഗുണ്ട്. അപ്പോൾ എനിക്കു തോന്നി അവിടെ ‘തേരാ വാദാ’ എന്നു പറയാമെന്നു. സംവിധായകനോടു ചോദിച്ചു. പറഞ്ഞോളാൻ പറഞ്ഞു. അതിന് ആളുകൾ ചിരിച്ചു. അങ്ങനെ ഓരോന്നും ഒത്തു കിട്ടുന്നതാണ്.