ADVERTISEMENT

കണ്ടു കണ്ടാണു കടൽ ഇത്ര വലുതായതെന്നു കേട്ടതുപോലെ മലയാളി കണ്ടും കേട്ടും അറിഞ്ഞ കടലാണു മമ്മൂട്ടി. മമ്മൂട്ടിക്കമ്പനിയുടെ ഓരോ സിനിമയുടെയും പുതുമയെ വാഴ്ത്താതെ നിരൂപകർ കടന്നുപോകാറില്ല. അഭ്യൂഹങ്ങൾക്കും പ്രേക്ഷകചർച്ചകൾക്കും ഒടുവിൽ കാതൽ എന്ന ജിയോ ബേബി സിനിമ റിലീസിന് ഒരുങ്ങിയിരിക്കുന്നു. നായിക ജ്യോതികയും മമ്മൂട്ടിയും ജിയോ ബേബിയും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.  

ആര് കാണേണ്ട സിനിമ 

മമ്മൂട്ടി: പ്രേക്ഷകരെല്ലാം ഒരു മനസ്സുള്ളവരാണ്. താൽപര്യങ്ങൾ മാറുമായിരിക്കും. കഥയുള്ള ഒരു സിനിമയാണു കാതൽ. അധികം ആരും പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളുള്ള സിനിമ. എന്നാൽ എല്ലാവരും പറഞ്ഞിട്ടുള്ളതോ കേട്ടിട്ടുള്ളതോ അറിഞ്ഞിട്ടുള്ളതോ തന്നെയാണ് ഈ സിനിമയിലും പറയുന്നത്. 

ജ്യോതിക: ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം ഞാൻ കണ്ടിരുന്നു. മമ്മൂട്ടി  നായകനാകുന്നു. ഒത്തു വന്നപ്പോൾ ഞാൻ ചെയ്യേണ്ട നല്ല ചിത്രമാണെന്ന് തോന്നി. 

ജിയോ ബേബി: കാതലിന്റെ തിരക്കഥാ രചയിതാക്കളായ ആദർശിനെയും പോൾസനെയും എനിക്കു മുന്‍പരിചയമില്ല. ഈ കഥ പറയാൻ വരുമ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകൾ ചെയ്യാനാണ് ഇഷ്ടം. ബാക്കിയൊക്കെ ഈ കഥയുടെ വളർച്ചയാണ്. മമ്മൂക്കയും ജ്യോതികയുമൊക്കെ ഇതിലേക്കു വരുന്നതെല്ലാം പിന്നീടു സംഭവിച്ചതാണ്. മമ്മൂക്കയെ വച്ച് ഈ സിനിമ ചെയ്യണം എന്നല്ല, ഈ സിനിമയുടെ കണ്ടന്റ് പറയണമെന്നുള്ളതാണ് എക്സൈറ്റ് ചെയ്യിക്കുന്നത്. അതിനു ചേരുന്ന ആക്ടർ എന്ന നിലയിൽ എന്റെ ആദ്യത്തെ ചോയ്സാണു മമ്മൂക്ക. വേറെ ആരുടെയടുത്തും ഈ കഥ പറഞ്ഞിട്ടില്ല. മമ്മൂക്ക കേട്ടപ്പോൾ തന്നെ സിനിമ സെറ്റായി. 

"എന്റെ ഇഷ്ടം എല്ലാവരുടേതും ആകില്ലല്ലോ"  

മമ്മൂട്ടി: ഇഷ്ടമുള്ളതു ചെയ്യാൻ കിട്ടുന്ന അവസരങ്ങളാണു പലതും. എപ്പോഴും അതു പറ്റിയെന്നു വരില്ല. നല്ലതോ ചീത്തയോ ആകട്ടെ പ്രേക്ഷകർ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടേ ഇഷ്ടം അതു ചെയ്യുന്നവരുടേതാണ്. ചിലപ്പോൾ ഇഷ്ടമെന്നു തോന്നി ചെയ്തു തുടങ്ങിയിട്ടു പിന്നീടു ശരിയാകില്ല എന്നു മനസ്സിലായ സിനിമകൾ ഒരുപാടുണ്ട്.  നിങ്ങൾ നല്ലതെന്നോ ചീത്തയെന്നോ പറയുന്ന സിനിമകളെല്ലാം എനിക്ക് ഇഷ്ടമായി തോന്നി ചെയ്യുന്ന കഥാപാത്രങ്ങളാണ്. എന്റെ ഇഷ്ടങ്ങളിൽ ചിലതു മറ്റുള്ളവർക്ക് ഇഷ്ടമാകുന്നില്ല എന്നു മാത്രം. ഞാനെപ്പോഴും നടനാകാൻ ആഗ്രഹിച്ചയാളാണ്. നടനാകാൻ വേണ്ടി സിനിമയിൽ വന്നയാളാണ്. പിന്നെ നടനല്ലാതെ താരമായി വന്ന സിനിമകളും ഉണ്ടല്ലോ. താരമായി നിൽക്കേണ്ടുന്ന സിനിമകൾക്കു വിളിക്കുമ്പോൾ പോകാതിരുന്നിട്ടുമില്ല. 

mammootty-kaathal

ഞാൻ ഗ്യാരൻഡി ഉള്ള നടനൊന്നുമല്ല. ഏതു പടം വന്നാലും ഞങ്ങൾ കണ്ടോളാം എന്നൊരു ഗ്യാരൻഡി  അവരാണു തരുന്നത്.  

ലളിത ജീവിതം 

മമ്മൂട്ടി: കഴിഞ്ഞ മുപ്പതു വർഷമായി ഞാൻ ഒരേ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നത്. കമ്പനികൾ മാറിയാലും നമ്പർ മാറിയിട്ടേയില്ല. സാധാരണ ജീവിതമാണു ഞങ്ങളുടേതും. സെലിബ്രിറ്റികളാണെന്നു കരുതി രണ്ടു തവണ പ്രാതൽ കഴിക്കാനും അഞ്ചു തവണ രാത്രി ഭക്ഷണവും പറ്റില്ലല്ലോ. ഞങ്ങൾ സാധാരണക്കാരാണ്.  നമുക്കു കിട്ടുന്ന വെളളം കുടിക്കുക. ഈ വായുവിലുള്ളതു തന്നെ ശ്വസിക്കാനല്ലേ പറ്റൂ. പിന്നെ കാഴ്ചയിലെന്തെങ്കിലും വ്യത്യാസം കാണും. എങ്കിലും അങ്ങനെ ഷോ ഓഫൊന്നും ഇല്ലാത്ത ആളാണു ഞാൻ. എന്നാൽ ചിലപ്പോൾ ഉണ്ടാകുമായിരിക്കാം. നമ്മളെ ആളുകൾ ഉറ്റു നോക്കുന്നു എന്നു ചിന്തിക്കേണ്ട, അപ്പോൾ പ്രശ്നം തീർന്നില്ലേ. 

‘കാതൽ’ സിനിമയ്ക്ക് എവിടെയൊക്കെ വിലക്ക്

ജ്യോതിക: ഇരുപത്തിയഞ്ചു വർഷത്തിൽ അധികമായി ഒരേ ഫോൺ നമ്പറാണ് എന്റേതും. സൂര്യയും ഞാനും സിംപിളാണ്. സൂര്യയുടെ ഫാമിലിയും അങ്ങനെതന്നെയാണ്.  ആ കുടുംബത്തിൽ വന്നിട്ടിപ്പോൾ പതിനാറു വർഷമായി. ആ ഫാമിലിയിൽ നിന്നു കിട്ടിയ ഗുണമാണു സിംപ്ലിസിറ്റി.

സിനിമ ചെയ്യുന്നു, പുറത്താക്കപ്പെടുന്നു. 

ജിയോ ബേബി: കോളേജിൽ പഠിക്കുമ്പോൾ ഒരു ഷോർട് ഫിലിം ചെയ്തിരുന്നു. സിനിമ ഹോമോസെക്ഷ്വൽ റിലേഷൻഷിപ്പിന്റെ കഥയാണ്. ആ വിഷയം പറഞ്ഞതാണു കോളജിൽ നിന്നു പുറത്താക്കാനുള്ള കാരണം. അന്നു കോളജ് അതോറിറ്റീസ് ചിന്തിച്ചത് അങ്ങനെയാണ്. ഇപ്പോഴാണെങ്കിൽ അങ്ങനെയാകണമെന്നില്ല. ആ സംഭവമൊക്കെ പിന്നീടു സിനിമ ചെയ്യാനുള്ള ശക്തിയായി. കാലം മാറുന്നതനുസരിച്ചു സമൂഹവും മാറുന്നു. ശത്രുതാപരമായി ഇപ്പോൾ കാണുന്നില്ല. പണ്ട് അങ്ങനെയൊക്കെ ഞാൻ സംസാരിച്ചിട്ടുണ്ട്. 

'മൻ ജയ്' എന്ന മമ്മൂട്ടി 

മമ്മൂട്ടി: പൊലീസുകാരനാകാനും ബസ് കണ്ടക്ടർ ആകാനുമൊക്കെ തോന്നുന്ന പ്രായമുണ്ടല്ലോ. അവസാനം എവിടെയെങ്കിലും ഒരു സ്ഥലത്ത് എത്തിച്ചേരും. അതിപ്പോൾ ഇവിടെയായിപ്പോയി എന്നേയുള്ളൂ. എഴുത്തുകാരനാകണം എന്ന് ആഗ്രഹിച്ചിരുന്നു. അന്ന് 'മൻ ജയ്' എന്ന തൂലികാനാമം ഉണ്ടായിരുന്നു.  വെറുതെയിട്ട പേരാണ്.

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍’ ഇനി ഹിന്ദിയിൽ; ആദ്യ ടീസർ

സിനിമ സംവിധായകൻ ആകണമെന്നു പണ്ട് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോഴില്ല.  എളുപ്പമുള്ള പണിയല്ല എന്ന് എനിക്കറിയാം.  ഒരു സിനിമ എടുക്കണമെങ്കിൽ അങ്ങനെ തോന്നിക്കുന്ന ഒരു സിനിമ വേണമല്ലോ. അത്തരം ഒരു സിനിമ ഇല്ല. എല്ലാവരും എടുത്തു കഴിഞ്ഞു. 

സ്നേഹം വേണ്ടെന്നു പറയുമോ?

മമ്മൂട്ടി: ആർക്കെങ്കിലും ഇഷ്ടമില്ലാത്ത കാര്യമാണോ സ്നേഹം? ഒരാൾക്ക് ഇഷ്ടമാണെന്ന് പറയുമ്പോൾ ‘ഏ...വേണ്ട’ എന്നു പറയാനൊക്കുമോ? പലർക്കും കിട്ടാത്തതാണ്. കിട്ടുന്നത് സന്തോഷമാണ്. 

സിനിമ സിനിമയ്ക്കുവേണ്ടി 

ജിയോബേബി: പൊളിറ്റിക്സോ സന്ദേശമോ പറയാനുള്ള ടൂൾ അല്ല സിനിമ. എങ്കിലും എന്റെ സിനിമകൾ അങ്ങനെയായിപ്പോയിട്ടുണ്ട്. ജീവിക്കുന്ന സമൂഹം നമ്മളെ ബാധിക്കുന്നതു മൂലം സംഭവിച്ചു പോകുന്നതാണ്. മുൻപു ചെയ്തിട്ടില്ലാത്ത തരം സിനിമകൾ ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം. അടുത്ത സിനിമ എന്താണെന്ന് ഇപ്പോഴും പ്ലാൻ ചെയ്തിട്ടില്ല. ഇനിയൊരു തമാശ സിനിമ ചെയ്യണമെന്നാണു കരുതുന്നത്. ഞാനതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

പ്രഫഷനൽ മമ്മൂട്ടിക്കമ്പനി

ജിയോ ബേബി: മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള സിനിമകൾ കൂടി ചെയ്യാനാണു മമ്മൂട്ടിക്കമ്പനി. അതുപോലെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ഫിനാൻഷ്യലി സക്സസ് ആയതുകൊണ്ടു മാത്രം ഞങ്ങൾക്കും പ്രൊഡക്‌ഷൻ കമ്പനിയുണ്ട്. ഇഷ്ടപ്പെട്ടു ചെയ്ത സിനിമകൾ പരാജയപ്പെടുന്നുണ്ട്. എന്നാലും സിനിമ ചെയ്യാനൊരു സ്പേസ് ഇപ്പോഴുമുണ്ട്. അതു വലിയ കാര്യമാണ്. ഞാൻ പ്രത്യേകിച്ചു ടെൻഷനൊന്നുമില്ലാതെ ആസ്വദിച്ചു സിനിമ ചെയ്യുന്ന ആളാണ്. എനിക്ക് ഈ സിനിമയ്ക്ക് മുൻപു മമ്മൂക്കയെ അറിയില്ല. പുറത്തു നിന്നു കേട്ട കഥകൾ മാത്രമേയുള്ളൂ. അപ്പോൾ എനിക്കു നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ ദിവസത്തിനു ശേഷം അതു മാറുന്നു. 

jyothika

മമ്മൂട്ടിക്കമ്പനി ഏറ്റവും മനോഹരമായി സിനിമ ചെയ്യുന്ന കമ്പനിയാണ്. ഞാനുമൊരു പ്രൊഡ്യൂസറാണ്. എന്റെ കൂട്ടുകാരോട‌ു  ഞാൻ പറയാറുണ്ടു നമുക്കു മമ്മൂട്ടിക്കമ്പനി ചെയ്യുന്നതു പോലെ സിനിമ ചെയ്യണം എന്ന്. മമ്മൂട്ടിയെ സുഖിപ്പിക്കാൻ പറയുന്നതല്ല; മമ്മൂട്ടിക്കമ്പനി എന്നു പറയുന്നത് ഒരു വീടു പോലുള്ള പരിപാടിയാണ്. 

കണ്ണൂർ സ്ക്വാഡ് ഇറങ്ങുന്നതിനു മുൻപേ കാതൽ തയാറായിരുന്നു. അത് ഇറക്കാനായി ഞാൻ മമ്മൂക്കയോടു ചോദിച്ചു. അപ്പോൾ അതു നേരത്തെ റിലീസ് തയാറാക്കിപ്പോയി എന്നു മമ്മൂക്ക പറഞ്ഞു. അപ്പോൾ നമ്മുടെ പടം ലേറ്റ് ആകുന്നു എന്ന ഒരു നിരാശയുണ്ടായിരുന്നു. എന്നാൽ, കണ്ണൂർ സ്ക്വാഡ് കണ്ടപ്പോൾ വളരെ നന്നായെന്നു തോന്നി. അത്രയും രസമായി, അത്രയും ബ്രില്യന്റായി മമ്മൂക്ക അഭിനയിക്കുന്ന പടം വരുന്നു. ശേഷം നമ്മുടെ സിനിമ വരുമ്പോള്‍  ഭംഗി കൂടിയുണ്ട്. മമ്മൂട്ടിക്കമ്പനിയുടെ അടുത്ത സിനിമ എന്നൊരു ഇംപാക്റ്റ് കൂടി ഉണ്ടാകുന്നു. കഴിഞ്ഞ ഒരു കൊല്ലമായി ഞാനും എന്റെ വീട്ടുകാരും ഭക്ഷണം കഴിക്കുന്നത് മമ്മൂട്ടിക്കമ്പനിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്. ഹൃദയത്തോടു ചേർന്നു നിൽക്കുന്നതാണ്. സിനിമാനിർമാണവും ക്രിയേറ്റീവായ ജോലിയാണ്. ഇനിയും ഈ കമ്പനിയിലൂെട സിനിമകള്‍ ചെയ്യാൻ തോന്നിപ്പോകുകയാണ്. 

പെൺകുട്ടിയിൽ നിന്നും സ്ത്രീയിലേക്ക് 

ജ്യോതിക:  തുല്യ പ്രാധാന്യമുള്ള നല്ല റോളുകൾ ചെയ്യണമെന്നു മനസ്സിൽ ഉണ്ടായിരുന്നെങ്കിലും വലിയ വലിയ ഹീറോകളുടെ കൂടെ സിനിമ ചെയ്യുക പണം ഉണ്ടാക്കുക എന്ന ലക്‌ഷ്യം മാത്രമേ പണ്ട് ഉണ്ടായിരുന്നുള്ളൂ. പതിനേഴാം വയസ്സിലാണ് സിനിമയിൽ എത്തുന്നത്. ആ പ്രായത്തിൽ സിനിമയിൽ അത്ര അറിവേ ഉണ്ടായിരുന്നുമുള്ളു. പിന്നീടു പക്വതയായപ്പോൾ സ്ത്രീ എന്ന നിലയ്ക്കു സിനിമയിലൂടെ എന്തു ചെയ്യാമെന്നു മനസ്സിലാക്കാൻ സാധിച്ചു. സ്ത്രീകൾക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളെപ്പറ്റിയും അവർ എന്തുമാത്രം കഷ്ടപ്പെടുന്നു എന്നും മനസ്സിലാക്കി. സ്ത്രീകൾക്കു ബഹുമാനം കിട്ടുന്ന രീതിയിലുള്ള സിനിമകൾ ചെയ്യണമെന്നും തോന്നി. തമിഴിൽ അതുപോലെയുള്ള സിനിമകൾ വളരെ കുറവാണ്. തിരിച്ചുവരവിൽ ഭാര്യയായോ അമ്മയായോ അഭിനയിച്ചാലും ശക്തമായ കഥാപാത്രങ്ങളേ ചെയ്യൂ എന്ന തീരുമാനമെടുത്തിട്ടുണ്ട്.

English Summary:

Chat with Kaathal Movie Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com