ഭാഗ്യയുടെ താലികെട്ട് സമയത്ത് മനസ്സിൽകണ്ടതും ചക്കിയുടെ കല്യാണമാണ്: ജയറാം
Mail This Article
ഒരേ ജോലി ഒരുപാടു വർഷം തുടർച്ചയായി ചെയ്യുമ്പോൾ നമ്മൾ അറിയാതെ നമുക്ക് ചില തെറ്റുപറ്റാം. തിരഞ്ഞെടുക്കലുകളിൽ പാകപ്പിഴകൾ വന്നേക്കാം. ചെയ്യുന്ന ആക്‌ഷനുകളിൽ ആവർത്തനമുണ്ടാക്കാം. സിനിമയിൽ അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരേ വൃത്തത്തിനുള്ളിൽതന്നെ കറങ്ങുകയാണെന്ന ബോധ്യം എനിക്കുമുണ്ടായി. ചുറ്റും സംഭവിക്കുന്നവ പുറമേനിന്നു നോക്കിക്കാണാൻ ഒരിടവേള വേണ്ടിവന്നു.’ ഏബ്രഹാം ഓസ്‌ലർ എന്ന മിഥുൻ മാനുവൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ വൻ തിരിച്ചുവരവ് നടത്തിയ ജയറാം പറയുന്നു.
സിനിമ 1990 കളിൽനിന്ന് എങ്ങനെ മാറി എന്നാണു വിലയിരുത്തൽ? കഥ പറച്ചിലും കഥ കേൾക്കുന്ന രീതിയും മാറിയോ?
എല്ലാരീതിയിലും മാറ്റം വന്നിട്ടുണ്ട്. മലയാളികളുടെ മലയാളിത്തമുള്ള കൾച്ചറിൽ മാറ്റം വന്നു എന്നു പറയില്ല. എങ്കിലും സിനിമയുടെ ടെക്നിക്കൽ മേഖലകൾ, കഥ പറയുന്നതിന്റെ രീതി, ആസ്വാദനത്തിന്റെ രീതികൾ എന്നിവയിലൊക്കെ മാറ്റം വന്നിട്ടുണ്ട്.
ജയറാമിന് ഒരു പ്രതിസന്ധി വരുമ്പോൾ സത്യൻ അന്തിക്കാട് ഒരു നല്ല ചിത്രവുമായി വരും എന്നു പറയാറുണ്ട്?
5 വർഷത്തിനിടയ്ക്ക് മലയാളത്തിൽ ചെയ്ത ഏകസിനിമയാണു മകൾ. അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളിൽ എനിക്ക് ഏറെയിഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണത്. അദ്ദേഹവുമായി അത്രയും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്.
ഓസ്‌ലർ സിനിമ കാണാനായി തിയറ്ററിലെത്തിയ ആൾക്കൂട്ടത്തെ കണ്ടപ്പോൾ എന്താണ് മനസ്സിൽ വന്നത്?
35 വർഷത്തിനു മുകളിലായി പ്രേക്ഷകർ എന്നിലർപ്പിച്ചിട്ടുള്ള വിശ്വാസംകൊണ്ടാവാം ഓസ്‌ലർ പോലൊരു മെഡിക്കൽ ത്രില്ലർ ചിത്രത്തിന് ഇത്ര വലിയ സ്വീകരണം ലഭിച്ചത്. ഞാൻ പെരുമ്പാവൂരിലെ തിയറ്റലെത്തിയപ്പോൾ 60 വയസ്സിനു മുകളിലുള്ള അമ്മമാരും മക്കളും പേരക്കുട്ടികളും അടക്കം 20ൽ അധികം ടിക്കറ്റുകളാണ് ഓരോ കുടുംബവും ഈ ചിത്രം കാണാനായി എടുത്തത്. തിയറ്റർ ജീവനക്കാർതന്നെ ഈ സന്തോഷം പങ്കുവച്ചു. വളരെ കാലത്തിനുശേഷമാണ് തിയറ്ററിൽ ഇത്തരമൊരു ചലനം ഉണ്ടാകുന്നത്. കുടുംബചിത്രങ്ങൾ കൂടുതൽ ചെയ്തതുകൊണ്ടാവാം ആളുകൾക്ക് ഇപ്പോഴും ഇത്രയധികം സ്നേഹം. കുടുംബപ്രേക്ഷകരെ തിയറ്ററിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം.
പത്മരാജൻ കുടുംബവുമായുള്ള ബന്ധം?
1987ൽ സിനിമയിലേക്കുള്ള എന്റെ തുടക്കം ആ മുറ്റത്തുനിന്നായിരുന്നു. സാറിന്റെ കുടുംബം എന്നത് എന്റെതന്നെ കുടുംബമാണ്. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും എന്നോടു പറയും, അവർക്കു പിറക്കാതെ പോയ മകനാണ് ഞാനെന്ന്.
മക്കളായ കണ്ണനും ചക്കിയും വിവാഹിതരാകുന്നു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം പ്രധാനമന്ത്രിയുടെ അടുത്തുനിന്നു കണ്ടപ്പോൾ എന്തു തോന്നി...?
2024ലെ ഏറ്റവും വലിയ സന്തോഷമെന്നു പറയുന്നത് കണ്ണന്റെയും ചക്കിയുടെയും വിവാഹം തന്നെയാണ്. സുരേഷിന്റെ വീട്ടിലെ കല്യാണം എന്നാൽ എന്റെ വീട്ടിലെ കല്യാണം പോലെതന്നെയാണ്. ഭാഗ്യയുടെ താലികെട്ട് സമയത്ത് ഞാൻ മനസ്സിൽകണ്ടതും ഗുരുവായൂരിൽ ചക്കിയുടെ കല്യാണം നടക്കുന്നതാണ്.
മലയാളത്തിൽ സിനിമ ചെയ്യാത്ത കഴിഞ്ഞ 5 വർഷവും മറ്റു ഭാഷകളിൽ സജീവമായിരുന്നു.
മറ്റുഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചു. തമിഴിൽ പണ്ടുമുതലേ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. തെലുങ്കിലും കന്നഡയിലും ചിത്രങ്ങൾ വന്നു. മലയാള സിനിമ എനിക്ക് അമ്മവീടാണ്. അവിടെ എനിക്ക് വീണ്ടും ഒരു എൻട്രി കിട്ടുമെന്നും അത് എത്ര വൈകിയായാലും എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മനഃപൂർവം ഇടവേളയെടുത്തത്.
മിഥുൻ മാനുവൽ തോമസിന്റെ ഓസ്‌ലറിലേക്ക്
ഇതുവരെ ചെയ്യാത്ത തരത്തിലൊരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡാർക് ഷെയ്ഡുള്ള ഇത്തരം കഥാപാത്രം ആദ്യമായാണ് തേടിയെത്തുന്നത്. പൊലീസ് ഓഫിസറാണെങ്കിലും ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾമൂലം രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ വന്ന, അകാല വാർധക്യം ബാധിച്ച തരത്തിലുള്ള മേക്കോവറിലാണ് കഥാപാത്രം എത്തുന്നത്. പാസ്റ്റിൽ മറ്റൊരു രൂപത്തിലേക്കു മാറുന്നുമുണ്ട്.