ഗിന്നസ് റെക്കോർഡുകാരനാണ് മാങ്ങോട്ട് മല്ലൻ; കളരിയില് വാലിബന്റെ എതിരാളി; ഹരികൃഷ്ണൻ അഭിമുഖം
Mail This Article
ദേശങ്ങൾ കടന്ന്, അജയ്യരെന്നു കരുതിയിരുന്ന മല്ലന്മാരെ പോരിൽ തോൽപിച്ചു മുന്നേറിയ ചരിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്റേത്’. ഒടുവിൽ ചമതകന്റെ വെല്ലുവിളി ഏറ്റെടുത്ത് വാലിബൻ എത്തിച്ചേർന്നത് ചതിയും വഞ്ചനയും കുലത്തൊഴിലാക്കിയ മാങ്ങോട്ട് മല്ലന്റെ മുന്നിലായിരുന്നു. അടവു കൊണ്ട് വാലിബനെ വെല്ലാൻ കഴിയില്ലെന്നു മനസ്സിലാക്കിയ മാങ്ങോട്ട് മല്ലൻ വിഷം പുരട്ടിയ മനസ്സുമായി വാലിബനെ ചതിയിലൂടെ തോൽപിക്കാൻ കാത്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ൽ മാങ്ങോട്ട് മല്ലനായി എത്തിയത് ഗിന്നസ് റെക്കോർഡ് ജേതാവായ ഹരികൃഷ്ണൻ ഗുരുക്കളാണ്.
ഏകവീര കളരിപ്പയറ്റ് അക്കാദമിയുടെ സ്ഥാപകനായ ഹരികൃഷ്ണൻ മൂന്നു തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. വാലിബനിലേക്കുള്ള വിളി വരുമ്പോൾ കളരിപ്പയറ്റ് കൊറിയോഗ്രാഫി ചെയ്യാനെന്നാണ് ഹരികൃഷ്ണൻ ഗുരുക്കൾ കരുതിയത്. പക്ഷേ ലിജോ ജോസ് പെല്ലിശ്ശേരി ഹരികൃഷ്ണനെ ഏൽപ്പിച്ചത് കൗടില്യം കൈമുതലായുള്ള മാങ്ങോട്ട് മല്ലൻ എന്ന കഥാപാത്രത്തേയും. ഹരികൃഷ്ണനുൾപ്പടെ സെറ്റിലുള്ളവർക്കൊന്നും തന്നെ ഹരിയെ ഒരു മല്ലനായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ലിജോ ജോസിനു നൂറു ശതമാനം ഉറപ്പായിരുന്നു.
ലിജോയുടെ ദീർഘവീക്ഷണം തെറ്റിയില്ല എന്ന തെളിവാണ് വാലിബനു മുന്നിൽ പിടിച്ചുനിൽക്കുന്ന അഭിനയപ്രതിഭ വെളിപ്പെടുത്തിയ ഹരികൃഷ്ണൻ ഗുരുക്കൾ. തന്റെ കളരി വിഡിയോ കണ്ടിട്ട്, പ്രഭാസ് നായകനാകുന്ന കൽക്കി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യാൻ അവസരം ലഭിച്ചു എന്ന് ഹരികൃഷ്ണൻ പറയുന്നു. ലിജോ ജോസ്, മോഹൻലാൽ എന്നിവർക്കൊപ്പം മലൈക്കോട്ടൈ വാലിബൻ എന്ന ക്ലാസിക്കിന്റെ ഭാഗമാകാൻ കഴിഞ്ഞത് നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യമെന്നാണ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഹരികൃഷ്ണൻ ഗുരുക്കൾ പറയുന്നത്.
ദേശീയ അംഗീകാരം മുതൽ ഗിന്നസ് റെക്കോർഡ് വരെ
പത്തുവയസ്സുള്ളപ്പോൾ ആണ് ഞാൻ കളരി പഠിക്കാൻ തുടങ്ങിയത്. എന്റെ അപ്പൂപ്പൻ ആർമിയിൽ ആയിരുന്നു. അദ്ദേഹം കളരിപ്പയറ്റ് അഭ്യസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ കേട്ടുകേട്ടാണ് എനിക്ക് കളരിയിൽ താൽപര്യം തോന്നിയത്. അങ്ങനെയാണ് അടുത്തുള്ള കളരിയിൽ ചേർന്നത്. ഞാൻ ഒരു ആയുർവേദ നഴ്സ് ആണ്. അതാണ് പഠിച്ചത്, ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകാൻ പറ്റില്ല എന്നു വന്നപ്പോൾ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഏകവീര എന്ന കളരിപ്പയറ്റ് അക്കാദമി നടത്തുകയാണ്. കേരളത്തിലും പുറത്തും ഞങ്ങൾക്ക് 22 ഓളം ബ്രാഞ്ചുകളുണ്ട്.
ബെംഗളൂരുവിൽ മൂന്ന് ബ്രാഞ്ചുണ്ട്. ഇന്ത്യയ്ക്കു പുറത്തും ബ്രാഞ്ചുകളുണ്ട്. ദേശീയ ചാംപ്യൻഷിപ്പുകളിൽ എട്ടു മെഡൽ നേടിയിട്ടുണ്ട്. ഏഴെണ്ണം കളരിപ്പയറ്റിലും ഒരെണ്ണം തമിഴ്‌നാടിന്റെ മാർഷ്യൽ ആർട്സ് ആയ സിലംബം എന്ന മത്സരത്തിലും. കേരളത്തെ പ്രതിനിധീകരിച്ച് ആദ്യമായാണ് ഒരാൾ അതിൽ പങ്കെടുക്കുന്നത്. രണ്ടു ദേശീയ റെക്കോർഡും രണ്ടു രാജ്യാന്തര റെക്കോർഡും ഉണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആണ് ഒന്ന്, മറ്റൊന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്. അറബിക്ക് ബുക് ഓഫ് റെക്കോർഡും ഗിന്നസ് വേൾഡ് റെക്കോർഡും കിട്ടിയിട്ടുണ്ട്.
പ്രഭാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം
പ്രഭാസ് നായകനാകുന്ന ‘കൽക്കി’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഒരു യുദ്ധ രംഗത്ത് ആണ് അഭിനയിച്ചത്. രണ്ട് ഉറുമി വച്ചുള്ള ഒരു വിഡിയോ ഞാൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിന് 20 ലക്ഷത്തോളം വ്യൂ ലഭിച്ചു. അതു കണ്ടിട്ടാണ് കൽക്കിയുടെ ടീം എന്നെ വിളിച്ചത്. അതിനു മുൻപുതന്നെ മലൈക്കോട്ടൈ വാലിബനിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷേ ഷൂട്ടിങ് നീണ്ടുപോയി. ഇതിനിടയിൽ ആണ് കൽക്കിയുടെ പ്രൊഡക്‌ഷൻ കമ്പനി എന്നെ വിളിച്ചത്. എന്റെ വിഡിയോ കണ്ടിട്ട് അത് തന്നെ ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. അതിൽ ചെറിയ റോൾ ആണ് എങ്കിലും ഇത്രയും വലിയ പ്രോജക്ടിൽ സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
കൊറിയോഗ്രാഫി ചെയ്യാനെന്ന് കരുതി
വാലിബൻ സിനിമയുടെ അണിയറപ്രവർത്തകർ എന്നെ വിളിച്ചിട്ട് ഒന്ന് കാണണം എന്ന് പറഞ്ഞു. ഞാൻ ലിജോ സാറിനെ കാണാൻ പോയി. ഒരു സിനിമ ഉണ്ട് എന്ന് പറഞ്ഞെങ്കിലും മോഹൻലാൽ സാറിന്റെ ചിത്രമാണ് എന്നോ, ഇത്രയും വലിയൊരു റോൾ ആണെന്നോ പറഞ്ഞിരുന്നില്ല. അന്ന് സംസാരിച്ചു പിരിഞ്ഞു. പിന്നീട് ഒരിക്കൽ കാന്താരയുടെ ഫൈറ്റ് കൊറിയോഗ്രാഫി ചെയ്ത വിക്രം മൂർ സാറിന് എന്നെ കാണണം എന്ന് പറഞ്ഞിട്ട് ആണ് വീണ്ടും വിളിച്ചത്. ഞാൻ കരുതിയത് കളരിയുടെ എന്തെങ്കിലും കൊറിയോഗ്രാഫി ചെയ്യാൻ ആയിരിക്കും എന്നാണ്.
വിക്രം സാറിന് അറിയാമായിരുന്നു ഞാൻ ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന്. പക്ഷേ ഞാൻ അറിഞ്ഞത് ഷൂട്ടിങ്ങിനു ചെന്നപ്പോഴാണ്. അത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ഒരു സ്‌ക്രീൻ ടെസ്റ്റ് പോലും എടുക്കാതെ എന്നെ വിശ്വസിച്ചു വിളിച്ചു വരുത്തിയതാണ്. ഇത്രയും വലിയൊരു പ്രൊഡക്‌ഷൻ, ലിജോ ജോസ് പെല്ലിശ്ശേരി, മലയാളത്തിന്റെ താരരാജാവായ മോഹൻലാൽ സാർ ഈ ഒരു കോംബിനേഷൻ ചെയ്യുന്ന സിനിമയുടെ ഭാഗമാകും എന്ന് ഒരുക്കലും കരുതിയില്ല.
ഇതോ മല്ലൻ !!!
രാജസ്ഥാനിൽ ജയ്സൽമേർ എന്ന സ്ഥലത്തായിരുന്നു ലൊക്കേഷൻ. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഞാൻ അവിടെ ഉണ്ടായിരുന്നു. കേളു മല്ലൻ ആയി അഭിനയിച്ച ഹരി പ്രശാന്ത് എന്റെ ഇരട്ടിയുടെ ഇരട്ടി വലുപ്പമുണ്ട്. എന്റെ രൂപം വച്ചിട്ട് എന്നെ ഒരു മല്ലൻ ആയി കരുതാൻ കഴിയുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഹരി പ്രശാന്തിനെ കണ്ടിട്ട് എന്നെ കണ്ടപ്പോൾ അണിയറപ്രവർത്തകർക്കും സംശയം, അടുത്ത മല്ലൻ ഇത്രയും ചെറുതോ? കേളു മല്ലന്റെ ഷോട്ട് എടുത്തപ്പോൾ കൊറിയോഗ്രാഫി ചെയ്യാൻ എന്റെ ഉപദേശം കുറച്ചു തേടിയിരുന്നു. കേളു മൂപ്പന്റെ ഷോട്ടിന് കളരി കൂടി വേണമായിരുന്നു.
വിക്രംമൂർ സാറിന് എന്റെ കുറച്ചു വിഡിയോ ഞാൻ അയച്ചു കൊടുത്തു. അത് തുണി വച്ച് ചെയ്ത ഒരു ഫൈറ്റ് ആയിരുന്നു. നമുക്ക് ഇതുപോലെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. ഞാനും അദ്ദേഹവും കൂടിയാണ് ഈ ഫൈറ്റ് കൊറിയോഗ്രാഫി ചെയ്തത്. എന്റെ ഫൈറ്റും ഞാനും അദ്ദേഹവും കൂടി ഇരുന്നു ചർച്ച ചെയ്താണ് ചെയ്തത്. എനിക്ക് ഒരു മല്ലന്റെ ലുക്ക് ഇല്ലല്ലോ. മേക്കപ്പ് കഴിഞ്ഞപ്പോഴേക്കും എന്റെ ലുക്ക് ആകെ മാറി. എങ്കിലും ക്രൂവിൽ ഉള്ളവർക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ മാങ്ങോട്ടു മല്ലൻ ഞാൻ തന്നെ എന്ന് ലിജോ ചേട്ടൻ നൂറു ശതമാനം ഉറപ്പിച്ചിരുന്നു.
ആദ്യ ടേക്കിൽ തന്നെ ലിജോ പറഞ്ഞു ഓക്കേ
ഫൈറ്റിന്റെ ആദ്യ ഷോട്ടിൽ ആദ്യം ലാൽ സാറിനെ പിന്നിൽനിന്ന് ചവിട്ടണം. അപ്പോൾ അദ്ദേഹം ഉരുണ്ടു വന്ന് എനിക്ക് എതിരെ വന്നു നിൽക്കും. പിന്നെ ഹരീഷ് പേരടിയുടെ കഥാപാത്രമായ അയ്യനാരെ എടുത്ത് അടിച്ച് ചിന്നപ്പയ്യനെ കൈ ചൂണ്ടി നിർത്തിയിട്ടാണ് ഡയലോഗ് പറയുന്നത്. ഡയലോഗ് ചെറുതാണെങ്കിലും മാങ്ങോട്ട് മല്ലൻ അജയ്യനാണ്, അയാളുടെ വീര്യം കാണിക്കണം. എന്റെ കളരിയിൽ വന്ന് എന്നെ വെല്ലുവിളിച്ചതിന്റെ ദേഷ്യം കാണിക്കണം. അതോടൊപ്പം പുച്ഛവും. ഇതെല്ലം ചേർത്തുവേണം ഡയലോഗ് പറയാൻ. ഇത്രയും കാര്യങ്ങൾ ഒറ്റ ടേക്ക് ആയി ചെയ്യണം. ഇത് ചാലഞ്ചിങ് ആയിരുന്നു. പക്ഷേ എനിക്ക് അതിന്റെ ഗൗരവം ഒന്നും അപ്പോൾ അറിയില്ല. ഞാൻ ചെയ്‌തു, ആദ്യത്തെ ഷോട്ട് തന്നെ ഓക്കേ ആയി. അപ്പോൾ എല്ലാവരും ഞെട്ടി ലിജോ ചേട്ടനെ നോക്കി അദ്ദേഹം സന്തോഷവാനായിരുന്നു.
എന്റെ അവസാന ഡയലോഗ് ഒരു ഫുൾ പേജ് ആണ്, ഇതൊക്കെ പറഞ്ഞ് അഭിനയിക്കാൻ കഴിയുമോ എന്ന് പേടി ഉണ്ടായിരുന്നു. അറുനൂറോളം പേര് ഉണ്ടാകും ക്രൂ. ഇത്രയും പേർ കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോൾ എന്റെ തെറ്റ് കാരണം ഷൂട്ടിങ് തടസം ഉണ്ടാകാൻ പാടില്ലല്ലോ. ടെന്റ് സീനിൽ നിഴൽ മാറുന്നതിന് അനുസരിച്ച് ലൈറ്റ് മാറ്റി വയ്ക്കേണ്ടി വരുമായിരുന്നു. ലൈറ്റ് പോകുമ്പോൾ ഷൂട്ട് നിർത്തി അടുത്ത ദിവസത്തേക്ക് ആക്കും. ഇതിനിടയിൽ ഞാൻ കാരണം ടേക്ക് കൂടുതൽ വരാൻ പാടില്ല എന്ന് തീരുമാനിച്ചിരുന്നു. അതുപോലെ തന്നെ ഞാൻ അവരെ ബുദ്ധിമുട്ടിച്ചില്ല എന്നാണു വിശ്വാസം. മധു നീലകണ്ഠൻ ചേട്ടന് ഞാൻ വരുമ്പോൾ സന്തോഷമാണ്, ഞാൻ അധികം ടേക്ക് പോകില്ല എന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു.
ഞാനൊരു പുതുമുഖം ആണെന്ന് പലർക്കും തോന്നിയില്ല. ആക്‌ഷൻ രംഗങ്ങൾ സ്ഥിരം ചെയ്യുന്നതാണ്, അതുകൊണ്ടു കുഴപ്പമില്ല. പക്ഷേ ഡയലോഗ് പറയുന്നതും മുഖത്ത് ഭാവം വരുത്തുന്നതുമാണ് പ്രശ്നം. പലരും അഭിനയിക്കുന്നത് കണ്ട് എനിക്ക് പേടിയായി. പക്ഷേ എന്റെ ഷോട്ട് വന്നപ്പോളോ ഞാൻ നന്നായി ചെയ്തു. അതിന്റെ ക്രെഡിറ്റ് ലിജോ ചേട്ടനാണ്. ഒരു വ്യക്തിയിൽനിന്ന് എന്താണോ എടുക്കേണ്ടത് അത് എടുക്കാൻ അദ്ദേഹത്തിന് അറിയാം. എന്റെ ഷോട്ട് കഴിയുമ്പോളോ അദ്ദേഹം ഓക്കേ പറയും. അത് കാണുമ്പോളോ എല്ലാവർക്കും അതിശയം ആണ്. കാരണം അദ്ദേഹം ഓക്കേ പറയാൻ അത്ര ബുദ്ധിമുട്ടാണ്.
വിനീതനായ താരരാജാവ്
മോഹൻലാൽ സർ ഒരു വിനീതനായ മനുഷ്യനാണ്. ഞാൻ ചെറുപ്പത്തിൽ തിയറ്ററിൽ നരസിംഹം കണ്ടു ഫാൻ ആയ ആളാണ്. മലയാളത്തിന്റെ താരരാജാവായ അദ്ദേഹത്തെ കണ്ടിട്ട് അടുത്ത് ചെല്ലാൻ എനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം നമ്മുടെ അടുത്തേക്ക് വന്നു സ്നേഹത്തോടെ സംസാരിക്കും. വരുമ്പോഴും പോകുമ്പോഴും അഭിവാദ്യം ചെയ്തിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റ രീതി കണ്ടു പഠിക്കേണ്ടതാണ്. എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. ഒരേ സമയം പല സിനിമകൾ ചെയ്യുന്ന ആളാണ് അദ്ദേഹം. ആയിരക്കണക്കിന് ആളുകളെ കാണാറുണ്ട്. പക്ഷേ വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള എന്റെ പേര് ഓർത്തുവച്ചു പ്രസ് മീറ്റിൽ വരെ പറഞ്ഞു അദ്ദേഹം. ഇങ്ങനെ എല്ലാവരെയും ഓർത്തു വയ്ക്കുന്നത് എങ്ങനെയെന്ന് അറിയില്ല.
മോഹൻലാൽ കഥാപാത്രമാകുന്നത് കണ്ടു പഠിക്കേണ്ടതാണ്
വല്ലാത്തൊരു കാലാവസ്ഥ ആയിരുന്നു അവിടെ. ഭയങ്കര തണുപ്പായിരുന്നു. ഞാൻ ഒട്ടും തയാറെടുപ്പില്ലാതെയാണ് പോയത്, ഒരു ചെറിയ ജാക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈ ഒന്നു കഴുകിയാൽ പിന്നെ ചൂടാക്കിയാലേ വഴക്കം കിട്ടൂ, അത്രയ്ക്ക് മരവിച്ചു പോകും. തണുപ്പ് മാത്രമല്ല, അതിശക്തമായ പൊടിക്കാറ്റാണ്. ഷൂട്ട് തുടങ്ങിയതു തന്നെ ഫൈറ്റ് ചെയ്ത് ആയിരുന്നു. ഈ കാലാവസ്ഥയിൽ ആക്‌ഷൻ രംഗങ്ങൾ ചെയ്യുക ബുദ്ധിമുട്ടായിരുന്നു. ഇടയ്ക്കു ഫ്രീ ടൈം കിട്ടുമ്പോൾ നമ്മൾ ഒന്ന് റസ്റ്റ് എടുക്കും. ലാൽ സർ ആണെങ്കിൽ സെറ്റിൽ വന്നു സംസാരിച്ചു നിൽക്കുന്നതിനിടയിൽ ആക്‌ഷൻ പറയുമ്പോൾ കഥാപാത്രമായി മാറിയിരിക്കും. നേരിട്ട് ചെന്നു ഫൈറ്റിൽ പങ്കെടുക്കും. ഇതൊക്കെ കണ്ട് അതിശയമായിരുന്നു എനിക്ക്. ഈ ഒരു പടത്തിൽ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു.
സാധാരണ മനുഷ്യരെ താരമാക്കുന്ന സംവിധായകൻ
ലിജോ ചേട്ടന്റെ ഓരോ പടവും വ്യത്യസ്തമാണ്. ഒരു പടവും അടുത്തതുമായി സാമ്യം ഉണ്ടാകില്ല. ഇത്രയും വലിയൊരു സംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതു തന്നെ ഭാഗ്യമാണ്. അദ്ദേഹം ഒരു മികച്ച സംവിധായകൻ ആണ്. ഏത് ആളെ കയ്യിൽ കിട്ടിയാലും വേണ്ട രീതിയിൽ അഭിനയിപ്പിച്ച് എടുക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. എന്റെ ഒരു സ്‌ക്രീൻ ടെസ്റ്റ് പോലും അദ്ദേഹം ചെയ്തിട്ടില്ല. ലിജോ ചേട്ടന്റെ ഏത് പടം എടുത്താലും അതിൽ പുതുമുഖങ്ങളുണ്ടാകും. അവരെക്കൊണ്ടു നന്നായി അഭിനയിപ്പിക്കുന്നത് ലിജോ ചേട്ടന്റെ കഴിവാണ്. ലിജോ ചേട്ടൻ ആദ്യം തന്നെ എന്നോട് പറഞ്ഞത്, ‘നീ മാങ്ങോട്ട് മല്ലൻ എന്ന ശക്തനായ ഒരാളാണ്, നീ അജയ്യനാണ്, നിന്നെ ഒരാൾ വന്നു വെല്ലുവിളിച്ചിരിക്കുകയാണ്. അയാളോടുള്ള ദേഷ്യവും പകയും നിന്റെ ശരീരത്തിലും മുഖത്തും എപ്പോഴും ഉണ്ടാകണം. ദേഷ്യവും പുച്ഛവും തലയെടുപ്പും എല്ലാം വേണം.’ ഈ ഒരു ചിന്ത നമ്മുടെ തലയിൽ കടത്തി വിടും. പിന്നെ എങ്ങനെയെന്ന് അറിയില്ല, നമ്മൾ തന്നെ മാങ്ങോട്ട് മല്ലനായി മാറുകയാണ്. ഡയലോഗ് തെറ്റാതെ എങ്ങനെ ഒറ്റ ടേക്കിൽ തന്നെ ചെയ്തു എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. വലിയ സന്തോഷമുണ്ട്. എല്ലാം ലിജോ ജോസ് പെല്ലിശ്ശേരി എന്ന ബുദ്ധിമാനായ സംവിധായകന്റെ കഴിവാണ്.
പ്രതികരണങ്ങളിൽ സന്തോഷം
എന്റെ കൂട്ടുകാർക്കെല്ലാം സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത്രയും വലിയൊരു പടത്തിലാണ് ഞാൻ അഭിനയിച്ചതെന്ന് പടം കണ്ടപ്പോഴാണ് അവർക്ക് മനസിലായത്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് മെസേജ് വരുന്നുണ്ട്. എന്റെ ഫോളോവേഴ്സ് ഒരുപാട് കൂടി. എന്റെ കഥാപാത്രം നന്നായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. പടം ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുന്നു, എന്റെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് പറയുന്നു, വലിയ സന്തോഷമുണ്ട്. എന്റെ കുടുംബാംഗങ്ങൾക്കും പടം ഇഷ്ടമായി.
കുടുംബം
ഗിന്നസ് ഹരികൃഷ്ണൻ ഗുരുക്കൾ എന്നാണ് ഞാൻ അറിയപ്പെടുന്നത്. ആലപ്പുഴയിലെ പുന്നപ്ര ആണ് സ്വദേശം എങ്കിലും ജനിച്ചത് ആന്ധ്രാപ്രദേശിൽ ആണ്. അപ്പൂപ്പൻ അവിടെയാണ് ആർമിയിൽ ജോലി ചെയ്‌തിരുന്നത്. അമ്മയും ചേട്ടനും എന്റെ ഭാര്യയുമാണ് വീട്ടിൽ ഉള്ളത്.
രാജീവൻ ചേട്ടന് തെറ്റിയില്ല
ആദ്യ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. കൽക്കി എന്ന സിനിമ ഇറങ്ങാനുണ്ട്, ചെറിയ വേഷമാണെങ്കിലും അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 2017-18 ൽ എന്നെ രാജീവ് എന്ന ഒരാൾ വിളിച്ചിട്ട്, ‘താങ്കളുടെ കളരി വിഡിയോ ഒക്കെ കാണാറുണ്ട്, നന്നായിട്ടുണ്ട്, എനിക്ക് 2024 ലേക്ക് ഒരു ഓപ്പൺ ഡേറ്റ് തരണം’ എന്ന് പറഞ്ഞിരുന്നു. എനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. ഞാൻ ചോദിച്ചു ‘അങ്ങനെ പറഞ്ഞാൽ എന്താണ്?’ അദ്ദേഹം പറഞ്ഞു ‘ഹരിയെ വച്ച് എനിക്കൊരു പടം എടുക്കണം’ എന്ന്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു ‘ചേട്ടൻ മദ്യപിച്ചിട്ടാണോ ഈ പറയുന്നത്’. അദ്ദേഹം ചോദിച്ചു ‘എന്താണ് അങ്ങനെ പറയുന്നത്. താങ്കൾക്ക് അതിനുള്ള കഴിവുണ്ട്.’ അന്ന് ഞാൻ സിനിമയെപ്പറ്റിപ്പോലും ചിന്തിച്ചിട്ടില്ല.
ഈ പടത്തിൽ ഞാൻ അഭിനയിക്കുന്ന കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചിട്ട് ചോദിച്ചു ‘അന്ന് ഞാൻ പറഞ്ഞത് തെറ്റിയില്ലല്ലോ, എന്റെ ധാരണ ശരിയായിരുന്നു താങ്കൾക്ക് അതിനുള്ള കഴിവുണ്ട് എന്ന് ഞാൻ അന്നേ പറഞ്ഞില്ലേ.’ അദ്ദേഹത്തിന് സന്തോഷമായി. ഞാൻ ഇപ്പോൾ ഒരു തമിഴ് കഥ സംസാരിച്ചിട്ട് നിൽക്കുകയാണ്. നായക വേഷം എന്നാണ് പറഞ്ഞത്. നടക്കുമോ എന്നൊന്നും അറിയില്ല. നടന്നാൽ സന്തോഷം. ഇപ്പോൾ അവസരങ്ങൾ കിട്ടിയാൽ ചെയ്യാൻ കഴിയും എന്ന് വിശ്വാസമുണ്ട്. നല്ല അവസരങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും.