ADVERTISEMENT

മലയാളി അഭിമാനത്തോടെ എന്നും ഓര്‍മിക്കുന്ന രണ്ട് നാമധേയങ്ങളുടെ മകനായി ജനിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ച് അതില്‍പരം അഭിമാനകരമായി മറ്റെന്താണുളളത്? മഹാനായ ചലച്ചിത്രകാരന്‍ ഭരതന്റെയും അനശ്വര അഭിനേത്രി കെപിഎസി ലളിതയുടെയും മകന്‍ സിദ്ധാർഥ് പക്ഷേ ജന്മസൃകൃതത്തില്‍ അഭിരമിക്കാതെ സിനിമയില്‍ സ്വന്തമായ വിരല്‍പ്പാടുകള്‍ പതിപ്പിക്കാനുളള തീവ്രശ്രമങ്ങളിലാണ്. ഒരേസമയം നടന്‍ എന്ന നിലയിലും ചലച്ചിത്രകാരനായും തന്നെ അടയാളപ്പെടുത്താന്‍ സിദ്ധാർഥ് ആഗ്രഹിക്കുന്നു.

‘നമ്മള്‍’ എന്ന കമല്‍ ചിത്രത്തിലെ നായകനായി തുടങ്ങിയ സിദ്ധാർഥിന്റെ അഭിനയജീവിതത്തിന് ദീര്‍ഘമായ ഇടവേളകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ‘സ്പിരിറ്റി’ലെ മദ്യപനായ യുവാവ് പ്രകടനം കൊണ്ട് നമ്മെ നടുക്കി കളഞ്ഞു. 

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഭ്രമയുഗം എന്ന മമ്മൂട്ടിചിത്രം തന്റെ കൂടി സിനിമയാക്കി മാറ്റി സമുജ്ജ്വലമായ പ്രകടനം കൊണ്ട് അദ്ദേഹം. ഇതിനിടയില്‍ ‘നിദ്ര’ മുതല്‍ ‘ചതുരം’ വരെ സംവിധായകന്‍ എന്ന നിലയില്‍ ഒന്നിനൊന്ന് വേറിട്ട കുറെ ചിത്രങ്ങള്‍. സിദ്ധാർഥിലെ നടനോ സംവിധായകനോ മുന്നിട്ട് നില്‍ക്കുന്നത് എന്ന് കൗതുകപൂര്‍വം വീക്ഷിച്ചവര്‍ക്കു മുന്നില്‍ എന്നും ചലച്ചിത്രകാരന്റെ ത്രാസായിരുന്നു താണിരുന്നത്. എന്നാല്‍ ‘ഭ്രമയുഗ’ത്തിലെ കുശിനിക്കാരന്‍ ഈ ധാരണ പാടെ പൊളിച്ചടുക്കി. അസാമാന്യ മികവുളള ഒരു നടന്‍ ഈ മനുഷ്യനില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ഒറ്റ കഥാപാത്രത്തിലുടെ അദ്ദേഹം പറയാതെ പറഞ്ഞു.

സിദ്ധാര്‍ഥുമായുളള കൂടിക്കാഴ്ചയില്‍ നിന്ന്...

∙അഭിനയരംഗത്ത് സജീവമല്ലാതിരുന്നിട്ടും, ചെറുപ്പക്കാരനായ സിദ്ധാർഥിനെ തേടി പ്രായം ചെന്ന ഒരു കാര്യസ്ഥന്റെ കഥാപാത്രം വന്നപ്പോള്‍ എന്തുകൊണ്ട് അതിലേക്ക് പരിഗണിക്കപ്പെട്ടുവെന്ന് ഭ്രമയുഗത്തിന്റെ ശില്‍പികളോട് ചോദിച്ചിരുന്നോ?

തീര്‍ച്ചയായും. ഇത്രയും ഹെവിയായ ഒരു വേഷം തേടി വന്നപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി. അതേക്കുറിച്ച് സംവിധായകനോട് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് കാസ്റ്റിങ് നടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ എന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ്. റെഗുലറല്ലാത്ത ഒരു ഫേസ് വേണം എന്നതായിരുന്നു അവരുടെ ക്രൈറ്റീരിയ. സാധാരണ ഗതിയില്‍ സ്ഥിരം കാര്യസ്ഥന്‍/ കുശിനിക്കാരന്‍ വേഷങ്ങള്‍ ചെയ്യുന്ന നടന്‍മാരെ പരിഗണിക്കുകയാണ് പതിവ്. എല്ലാ അർഥത്തിലും വേറിട്ട ചിത്രം എന്ന നിലയില്‍ ഭ്രഗയുഗം കാസ്റ്റിങ്ങിലും ഒരു മാറ്റം ആഗ്രഹിച്ചിരിക്കാം. ഇന്നത്തെ കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ എന്നത് തന്നെ വലിയ പുതുമയല്ലേ?

പോസ്റ്റർ‍
പോസ്റ്റർ‍

∙ഇങ്ങനെയൊരു കഥാപാത്രത്തിനായി തയാറെടുപ്പുകള്‍ നടത്തിയിരുന്നോ?

ബോഡി ലാംഗ്വേജിലൂടെ അയാളുടെ ആറ്റിറ്റ്യൂഡ് എങ്ങനെ കൊണ്ടുവരാം എന്നത് സംബന്ധിച്ച് സംവിധായകന്‍ രാഹുല്‍ സദാശിവനുമായി ചര്‍ച്ച നടത്തിയിരുന്നു. സിനിമയ്ക്കു പുറത്ത് എനിക്കൊപ്പം ജോലി ചെയ്യുന്ന ആളുകളുമായും പല ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നു. പല തവണ സ്‌ക്രിപ്റ്റിന്റെ റീഡിങ് സെഷന്‍സില്‍ പങ്കെടുത്തു. ഡയലോഗ് പറയുന്ന രീതിയിലും അയാളുടെ ശരീരഭാഷയും ഉളളില്‍ ഒതുക്കിയ അമര്‍ഷവും നിസംഗഭാവവുമെല്ലാം എങ്ങനെ കഥാപാത്രത്തിലേക്ക് എത്തിക്കാം എന്നതായിരുന്നു ആലോചന. കഥാപാത്രത്തെ മനസ്സിലാക്കാന്‍ ഒരു പരിധിക്കുളളില്‍നിന്ന് ചെയ്ത കാര്യങ്ങളാണിതെല്ലാം. അതുകഴിഞ്ഞാല്‍ പിന്നെ, സ്‌പോട്ടില്‍ നാം എങ്ങനെ ഇംപ്രൊവൈസ് ചെയ്യുന്നു എന്നതാണ് പ്രധാനം.

bharathan

∙അടിസ്ഥാനപരമായി ഫിലിം മേക്കറായ ഒരാള്‍ നടനായി മാറുമ്പോള്‍ അതൊരു സപ്പോര്‍ട്ടീവ് ഫാക്ടറാണോ?

നമ്മുടെ സാങ്കേതിക ജ്‍ഞാനം ഒരു പരിധിവരെ സഹായിച്ചേക്കാം. പിന്നെ സീന്‍സ് നന്നാക്കുന്നതിന്റെ ഭാഗമായി നമുക്കുണ്ടാകുന്ന ഇന്‍സൈറ്റ്‌സ് ഡയറക്ടറുമായും കോആക്‌ടേഴ്‌സുമായും ഷെയര്‍ ചെയ്യും. പിന്നെ പരിധിവിട്ട് ഒന്നിലും ഇടപെടുകയോ അഭിപ്രായം ചെയ്യുകയോ പതിവില്ല. ഒരു സംവിധായകന്‍ പ്രതിഫലം തന്ന് നമ്മളെ ബുക്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന് ആവശ്യമുളളതു കൊടുക്കാന്‍ വേണ്ടിയാണല്ലോ. അഭിനയിക്കുമ്പോള്‍ ആ ബോധ്യമാണ് നമ്മെ നയിക്കുന്നത്. അവിടെ വന്ന് നമ്മള്‍ നമ്മുടെ ഡയറക്‌ടോറിയല്‍ സ്‌കില്‍സ് കാണിച്ച് ഞെട്ടിപ്പിക്കണ്ട കാര്യമില്ല. നമ്മളിലെ അഭിനേതാവിനെ രൂപപ്പെടുത്തിയെടുക്കേണ്ട ചുമതല ആ പടത്തിന്റെ സംവിധായകനുളളതാണ്. ആ സ്വാതന്ത്ര്യം അദ്ദേഹത്തിന് കൊടുത്തേ തീരൂ.

nammal

∙ഒരേ സമയം നടനായും സംവിധായകനായും വരവറിയിച്ചു കഴിഞ്ഞു. ചെറുപ്രായത്തില്‍ ഇതില്‍ ഏത് മേഖലയിലായിരുന്നു കമ്പം?

ഫിലിം മേക്കിങ്ങായിരുന്നു എന്നും എന്റെ സ്വപ്നം. പക്ഷേ അത് ഒട്ടും എളുപ്പമുളള ജോലിയല്ല എന്ന ബോധ്യമുണ്ടായിരുന്നു. നല്ല പക്വതയുളള ആളുകളിലേക്ക് എത്തേണ്ട കര്‍മമാണത്. അന്ന് പ്രഗത്ഭരായ മിക്കവാറും സംവിധായകർ 40 വയസ്സിനു മുകളിലുളളവരാണ്. എന്നിട്ടും ആഗ്രഹത്തിന്റെ പുറത്ത് സിനിമയുടെ സാങ്കേതികവശങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചു. മധു അമ്പാട്ട് സാറിനൊപ്പം ക്യാമറയിലാണ് ഗുരുദക്ഷിണ വച്ചത്. പിന്നീട് ജയരാജേട്ടനൊപ്പം സഹസംവിധായകനായി.അങ്ങനെയിരിക്കെ തീരെ പ്രതീക്ഷിക്കാതെ ‘നമ്മളി’ല്‍ അഭിനയിക്കാന്‍ കമല്‍ സര്‍ വിളിച്ചു. പടം വിജയമായപ്പോള്‍ നടന്‍ എന്ന നിലയില്‍ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു.

അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത പ്രായത്തിലാണ് ആ പടം ചെയ്തത്. അന്നത്തെ എന്നിലെ നടനല്ല ഇന്നുളളത്. നീണ്ട ഇടവേളയ്ക്കിടയിലെ ദീര്‍ഘമായ അനുഭവസമ്പത്ത് വലിയ തോതില്‍ എന്നെ മാറ്റിമറിച്ചിട്ടുണ്ട്. കാഴ്ചപ്പാടുകളില്‍ പോലും വലിയ മാറ്റങ്ങളുണ്ടായി. സംവിധായകന്‍ എന്ന നിലയിലും ഈ മാറ്റം ബാധിച്ചിട്ടുണ്ട്. 29 ാം വയസ്സിലാണ് ‘നിദ്ര’ ചെയ്യുന്നത്. ‘ചതുരം’ 38 ാം വയസ്സിലും. കാഴ്ചപ്പാടിന്റെ വ്യത്യാസം ഇതിലൊക്കെ കാണാം. ചന്ദ്രേട്ടനില്‍നിന്ന് വര്‍ണ്ണ്യത്തില്‍ ആശങ്കയിലേക്കും അവിടെ നിന്ന് ചതുരത്തിലേക്കും നല്ല ദൂരമുണ്ട്. നമ്മുടെ വളര്‍ച്ചയുടെ ഭാഗമായിത്തന്നെ ഇതൊക്കെ കാണുന്നു.

bharathan-kpac-lalitha

∙‘നമ്മള്‍’ ഹിറ്റായിട്ടും നടന്‍ എന്ന നിലയില്‍ അതിന് തുടര്‍ച്ചയുണ്ടായില്ല?

സത്യം പറഞ്ഞാല്‍ നല്ല അവസരങ്ങള്‍ വന്നില്ല എന്നതാണ് സത്യം. വന്ന റോളുകള്‍ അത്ര എക്‌സൈറ്റിങ്ങായി തോന്നിയതുമില്ല. ആകെക്കൂടി ആശയക്കുഴപ്പം നിറഞ്ഞ  കാലമായിരുന്നു അത്. നടന്‍ എന്ന നിലയില്‍ വളരാന്‍ അഭിനയിച്ചാല്‍ മാത്രം പോരാ. നല്ല പിആര്‍ വര്‍ക്ക് വേണം. ആളുകളെ കാണുക, സംസാരിക്കുക, നമ്മുടെ ടാലന്റ് അവരെ ബോധ്യപ്പെടുത്തുക, ബന്ധങ്ങള്‍ നിലനിര്‍ത്തുക... ഇതിലൊന്നും തീരെ മിടുക്കുളള ഒരാളായിരുന്നില്ല ഞാന്‍. എനിക്ക് തുടര്‍ന്ന് അഭിനയിക്കാന്‍ താൽപര്യമുണ്ടെന്നു പോലും പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍പിന്നെ തുടങ്ങിവച്ച മേഖലയില്‍ വീണ്ടും പയറ്റി നോക്കാമെന്ന് തീരുമാനിച്ചു. ചോരത്തിളപ്പുളള പ്രായമായിരുന്നു അത്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുളള ഫയര്‍ ഉളളിലുണ്ട്. അങ്ങനെ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രിയന്‍ സാറിനൊപ്പം അസിസ്റ്റന്റായി ചേര്‍ന്നു.

chathuram
‘ചതുരം’ സിനിമയുടെ സെറ്റിൽ സ്വാസികയ്‌ക്കൊപ്പം

∙ആദ്യസിനിമ സംവിധാനം ചെയ്തപ്പോള്‍ സാധാരണഗതിയില്‍ ആരും എടുക്കാത്ത റിസ്‌ക്കാണ് എടുത്തത്. അച്ഛന്‍ (ഭരതന്‍) അനശ്വരമാക്കിയ നിദ്ര എന്ന സിനിമ റീമേക്ക് ചെയ്യുക. എങ്ങനെ ധൈര്യം വന്നു?

അന്ന് ഞാനൊരു പടം സ്വതന്ത്രമായി ചെയ്യാനുളള ഒരുക്കങ്ങളിലായിരുന്നു. അതിനു വേണ്ടി പല നിര്‍മാതാക്കളെയും സമീപിച്ചു. രണ്ടുമൂന്നു സ്‌ക്രിപ്റ്റുകള്‍ തയാറാക്കി വച്ചിരുന്നു. ആ സമയത്ത് എനിക്ക് ഇങ്ങോട്ട് ഒരു ഓഫര്‍ വന്നു. അച്ഛന്റെ ‘നിദ്ര’ എന്ന പടം പുനര്‍നിർമിക്കണം എന്നായിരുന്നു അവരുടെ വ്യവസ്ഥ. റീമേക്ക് പടങ്ങള്‍ പലതും സംഭവിക്കുന്ന കാലം കൂടിയായിരുന്നു അത്. വന്ന അവസരം നിരസിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി. അങ്ങനെ ആ ചുമതല ഏറ്റെടുത്തു. പഴയ പടം പുതിയ അഭിനേതാക്കളെ വച്ച് വെറുതെ പകര്‍ത്തി വയ്ക്കാതെ എന്തു പുതുമ കൊണ്ടുവരാമെന്ന് ആലോചിച്ചു. പുതിയ കാഴ്ചപ്പാടില്‍ അതിനെ നവീകരിക്കാം എന്ന് തോന്നി. ലാസ്റ്റ് റീലിലെ ആ പുതിയ എലമെന്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ആ പടം ചെയ്യുമായിരുന്നില്ല. ആ മുങ്ങിപ്പോകുന്ന സീക്വന്‍സാണ് എന്നെ എക്‌സൈറ്റ് ചെയ്യിച്ചത്. ബാക്കിയൊക്കെ ഏറെക്കുറെ പഴയ സിനിമയുടെ അതേ കഥാസന്ദര്‍ഭങ്ങളായിരുന്നു.

bramaugam

∙ഭരതന്‍ ടച്ച് എന്നൊക്കെ മാധ്യമങ്ങളും നിരൂപകരും വാഴ്ത്തിയ സവിശേഷമായ സംവിധായക സാന്നിധ്യം അച്ഛന്റെ സിനിമകളിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ആ തലത്തിലുളള സിനിമകളിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞുവോ മകന്?

ഒരു ഗോലിയാത്തുമായി ഒരു ദാവൂദ് താരതമ്യം ചെയ്യപ്പെടുന്നതില്‍ അർഥമില്ല. അതിന് ശ്രമിച്ചാലും പരാജയപ്പെടുകയേയുളളു. നമുക്ക് പറയാനുളള കഥ നമ്മള്‍ എന്‍ജോയ് ചെയ്യുന്ന തരത്തില്‍ സിന്‍സിയറായി പറയുക എന്നത് മാത്രമാണ് ചെയ്യാനുളളത്. വ്യത്യസ്ത സ്വഭാവമുളള സിനിമകള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുളളത്. ഇയാളുടെ അടുത്തു നിന്ന് എന്ത് തരം പടങ്ങളാണ് വരുന്നതെന്ന് മറ്റുളളവര്‍ക്ക് പ്രഡിക്ട് ചെയ്യാന്‍ കഴിയാത്ത തരം സിനിമകള്‍ തന്നെയാണ് ചെയ്യാന്‍ ശ്രമിച്ചിട്ടുളളത്.

∙ഒരു ശൈലിയുടെ തടവുകാരനാകാന്‍ സിദ്ധാർഥ് ഭരതന്‍ എന്ന സംവിധായകന്‍ ഒരിക്കലും ശ്രമിച്ച് കണ്ടിട്ടില്ല. പക്ഷേ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന തരം ഒരു സിനിമ കരിയറില്‍ ഇതുവരെ ചെയ്യാന്‍ കഴിഞ്ഞുവോ?

എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത പടങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതായി തന്നെയാണ് തോന്നിയിട്ടുളളത്. ജീവിതത്തില്‍നിന്നു പഠിച്ച പല വിലപ്പെട്ട പാഠങ്ങളും ഞാന്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരു സിനിമയും മോശമായതായി വിചാരിക്കുന്നില്ല.

nidra

∙ഇനിയുളള കാലം സിദ്ധാർഥ് എന്ന നടനെയാണോ സംവിധായകനെയാണോ കൂടുതലായി കാണാന്‍ സാധിക്കുക?

നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അത് നന്നായി ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസവുമുണ്ട്. നല്ല കഥകള്‍ വന്നാല്‍ നല്ല സിനിമയൊരുക്കാന്‍ കഴിയുമെന്ന ധൈര്യവുമുണ്ട്. അഭിനയവും സംവിധാനവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകണമെന്നാണ് വിചാരിക്കുന്നത്.

∙പുതിയ സംവിധാന സംരംഭങ്ങള്‍?

മൂന്ന് കഥകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതില്‍ ഏതാണ് ആദ്യം തട്ടേല്‍കയറുകയെന്ന് ദൈവത്തിന് മാത്രമേ അറിയൂ..(ചിരിക്കുന്നു)

∙ഇടയ്ക്ക് മരണത്തെ മുഖാമുഖം കണ്ട ഒരു അപകടം ഉണ്ടായിരുന്നില്ലേ?

2015 ലാണ് അത് സംഭവിക്കുന്നത്. അതിന്റെ ഭീകരത ഞാനറിയുന്നത് അതില്‍നിന്നു പുറത്തു വന്നപ്പോഴാണ്. അതോടെ തീര്‍ന്നു പോയിരുന്നെങ്കില്‍ ഇതൊന്നും ചിന്തിക്കാന്‍ നമ്മള്‍ ഉണ്ടാവുമായിരുന്നില്ല. ജീവിതത്തിന്റെ വില നമ്മളെ ബോധ്യപ്പെടുത്തുന്നത് ഇത്തരം വീഴ്ചകളാണ്. പിന്നെ അപകടം നടന്ന ശേഷം അബോധാവസ്ഥയിലായതു കൊണ്ട് വേദന ഉള്‍പ്പെടെ ഒന്നും ഞാനറിഞ്ഞില്ല. എന്തോ സംഭവിച്ചുവെന്നു മാത്രം ഓര്‍മയുണ്ട്. വണ്ടിയിടിച്ചുവെന്ന് വ്യക്തമായി അറിയാം. പിന്നെ ഫുളളി കംഫര്‍ട്ടബിളായിരുന്നു. കാരണം ഫ്രാക്‌ഷന്‍ ഓഫ് സെക്കന്‍ഡ്‌സിനുളളില്‍ അബോധാവസ്ഥയിലേക്കു പോവുകയായിരുന്നു.

പിന്നീട് ബോധം തിരികെ വന്ന് പുറത്തുളളവരുമായി ആശയവിനിമയം ചെയ്യുമ്പോഴാണ് സംഭവിച്ച കാര്യങ്ങളുടെ വലുപ്പം ഞാന്‍ മനസ്സിലാക്കുന്നത്. അന്ന് എനിക്കു വേണ്ടി പ്രാർഥിച്ച സകലരെയും ഇന്നും നന്ദിയോടെയേ ഓര്‍ക്കാന്‍ കഴിയൂ. പിന്നെ ആ അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വരുന്ന ഒരു വാക്കുണ്ട്. താങ്ക് ഗോഡ്...

∙ജീവിതം നഷ്ടപ്പെട്ടു എന്ന് തോന്നിയിടത്തുനിന്ന് ഒരു തിരിച്ചുവരവായിരുന്നില്ലേ?

നിങ്ങള്‍ മൈല്‍സ്‌റ്റോണ്‍ ഇന്‍ ഫിലിം മേക്കിങ് എന്ന് ചോദിച്ചതു പോലെ മൈല്‍സ്‌റ്റോണ്‍ ഇന്‍ മൈ ലൈഫ് ആയിരുന്നു അത്. (പൊട്ടിച്ചിരിക്കുന്നു)

∙ജീവിതത്തില്‍ കൂടുതല്‍ അച്ചടക്കം ആവശ്യമാണെന്ന് ആ അപകടത്തിന് ശേഷം തോന്നിയോ?

എന്ത് അർഥത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആ അപകടത്തിന് മുന്‍പും ഞാന്‍ നല്ല ഡിസിപ്ലിന്‍ഡ് ആയിരുന്നു. എന്റെ ഭാഗത്തുളള നിന്നുളള ഏതെങ്കിലും വീഴ്ച കൊണ്ടല്ല അപകടം സംഭവിച്ചത്.

∙അപകടത്തിന് ശേഷം കൂടുതല്‍ ജാഗ്രത വേണമെന്ന് തോന്നിയില്ലേ. ഡ്രൈവിങ്ങിൽ  അടക്കം?

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചപ്പോള്‍ ഉളളില്‍ ഒരു ഭയം തട്ടിയിരുന്നു. സംഭവിച്ചതിനെക്കുറിച്ചുളള ഭയത്തേക്കാള്‍ എന്നെ അലട്ടിയത് തിരിച്ച് ജീവിതത്തിലേക്കു വരുന്നതിനെക്കുറിച്ചുളള ആലോചനകളായിരുന്നു. ബെഡ്‌റിഡണായി പോയാല്‍ പിന്നെ നമ്മള്‍ ജീവിച്ചിരുന്നിട്ട് എന്തു കാര്യം? കാലൊടിഞ്ഞ് ആറ് മാസം ഒരേ കിടപ്പ് കിടന്നു. അന്ന് തിരിച്ചു വന്ന് ഒരു പടം ഡയറക്ട് ചെയ്യാന്‍ മനസ്സ് തീവ്രമായി മോഹിച്ചു. ആ ഘട്ടത്തിലെല്ലാം എനിക്ക് ധൈര്യം തന്നത് അമ്മയായിരുന്നു. ഒന്നരവര്‍ഷം കഴിഞ്ഞ് ‘വര്‍ണ്ണ്യത്തില്‍ ആശങ്ക’ റിലീസ് ചെയ്തപ്പോഴാണ് ജീവിതം തിരിച്ചു കിട്ടി എന്ന് എനിക്ക് ബോധ്യമായത്.

∙ഒരു സെലിബ്രിറ്റിയുടെ മകനായാല്‍ പോലും താരതമ്യം ചെയ്ത് കൊന്നുകളയുന്ന ശീലം ചില മലയാളികള്‍ക്കുണ്ട്.  അച്ഛനും അമ്മയും ലെജന്‍ഡുകളായ സ്ഥിതിക്കും രണ്ടു മേഖലയിലും സിദ്ധാർഥ് കൈവച്ച സ്ഥിതിക്കും ഇരട്ട അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ?

ചോദ്യത്തില്‍ത്തന്നെ അതിനുളള ഉത്തരമുണ്ട്. അപ്പോള്‍ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് ഊഹിക്കാമല്ലോ? ഈ അഭിമുഖത്തില്‍ പോലും എന്നെ സംബന്ധിച്ചുളളതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ അച്ഛനും അമ്മയുമായി ബന്ധപ്പെട്ടുളളതാണ്. അപ്പോള്‍ അഭിനയിക്കുമ്പോള്‍ അമ്മയുമായും സംവിധാനം ചെയ്യുമ്പോള്‍ അച്ഛനുമായും താരതമ്യം ചെയ്യപ്പെടും. അതിനെ നമ്മളുടേതായ തലത്തില്‍ മറികടക്കുക എന്ന് മാത്രമേ വഴിയുളളു. എന്നെ ഞാനായി കണ്ട് വിലയിരുത്തുക എന്നാണ് താരതമ്യം ചെയ്യുന്നവരോട് പറയാനുളളത്. പിന്നെ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയേ തീരൂ.

Read more at: കണ്ണാടി നോക്കുന്ന രംഗങ്ങള്‍; സൂക്ഷ്മാഭിനയത്തിന്റെ മമ്മൂട്ടി മാതൃക


 ∙അനാവശ്യഗൗരവവും ബുദ്ധിജീവി നാട്യവുമില്ലാത്ത എന്തിനെയും വളരെ ഈസിയായി കാണുന്ന ജോവിയല്‍ ടൈപ്പാണോ സിദ്ധാർഥ്?

അങ്ങനെ ഒരാളാണെന്നാണ് എനിക്ക് എന്നെക്കുറിച്ച് തോന്നിയിട്ടുളളത്. ആരുടെ അടുത്തും ഗൗരവം കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. അച്ഛനും വളരെ ജോവിയലായിരുന്നു. പ്രത്യേകിച്ചും ഗൃഹാന്തരീക്ഷത്തില്‍. അച്ഛന്‍ വഴിയാവാം എനിക്കും ഈ പ്രകൃതം വീണു കിട്ടിയത്.

∙അഭിമുഖങ്ങളിലൊക്കെ വളരെ ഗൗരവക്കാരനായിട്ടാണ് കണ്ടിട്ടുളളത്?

അവിടെ അദ്ദേഹം ഭരതന്‍ എന്ന സംവിധായകനാണ്. നാല്‍പത് പടങ്ങള്‍ പിന്നിട്ട് സ്വയം തെളിയിച്ച ഒരാള്‍ക്ക് അങ്ങനെ ഗൗരവത്തിലൊക്കെ ഇരുന്ന് സംസാരിക്കാം. പക്ഷേ അപ്പോഴും വീട്ടില്‍ അദ്ദേഹം വളരെ സിംപിളാണ്. ഞാന്‍ ഒരിക്കലും ഗൗരവക്കാരനായ അച്ഛനെ കണ്ടിട്ടേയില്ല. ഞാന്‍ വളരുന്ന സമയങ്ങളിലൊക്കെ ലൈഫിനെ വളരെ ഈസിയായി കാണുന്ന, കഥകളൊക്കെ പറഞ്ഞു തരുന്ന സിംപിളായ ഒരു അച്ഛനെയാണ് കണ്ടിട്ടുളളത്. എല്ലാത്തിനെയും ലൈറ്ററായിട്ടെടുത്തിരുന്നു അച്ഛന്‍. സുഹൃത്തുക്കളോടും ശിഷ്യന്‍മാരോടുമെല്ലാം അങ്ങനെ തന്നെയാണ് അച്ഛന്‍ പെരുമാറിയിരുന്നത്.

∙ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ട് മലയാളസിനിമയുടെ സുവര്‍ണ കാലത്തിന്റെ തിരുശേഷിപ്പുകളാണ്. സിദ്ധാർഥും പത്മരാജന്റെ മകന്‍ അനന്തപത്മനാഭനുമായി ചേര്‍ന്ന് ഒരു പടം ആലോചനയില്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്?

തുടക്ക കാലത്ത് അങ്ങിനെ ഒരു കോംബോയില്‍ പടം ആലോചിച്ചിരുന്നു. പക്ഷേ അതൊന്നും യാഥാർഥ്യമായില്ല. ഇപ്പോഴും അതിനുളള വഴികള്‍ അടഞ്ഞിട്ടില്ല. എന്നെങ്കില്‍ ഒരിക്കല്‍ അത് സംഭവിക്കും.

∙അച്ഛന്റെ ഏത് സ്വഭാവഗുണമാണ് സ്വാധീനിച്ചിട്ടുളളത്?

അച്ഛന്‍ പറഞ്ഞ ചില കഥകളും ചില രാഷ്ട്രീയ നിലപാടുകളുമൊക്കെ സ്വാധീനിച്ചിട്ടുണ്ട്. അത് പക്ഷേ ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. ആലോചിച്ച് എടുക്കേണ്ടതുണ്ട്. പെട്ടെന്നുളള ഒരു ചോദ്യത്തിന് മറുപടിയായി പറയാന്‍ സാധിക്കില്ല. പിന്നെ ഈ ജോവിയല്‍ നേച്ചര്‍ ഒരുപക്ഷേ അച്ഛനില്‍ നിന്ന് കിട്ടിയതാവാം. കാരണം ഞാന്‍ കണ്ടുവളര്‍ന്ന അച്ഛന്‍ അങ്ങനെയായിരുന്നു.

∙വൈശാലി പോലെ എക്കാലവും ആളുകള്‍ ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ സ്വപ്നങ്ങളിലുണ്ടോ?

ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെയുണ്ട്. പക്ഷേ സിനിമയില്‍ നമ്മള്‍ വിചാരിക്കും പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. വരുന്നിടത്ത് വച്ച് കാണുക എന്നതേ പറ്റൂ. സാഗാ എന്നൊക്കെ പറയും വിധം ഒരു വല്യ സിനിമ ആഗ്രഹിക്കാത്ത ഒരു സ്‌റ്റോറിടെല്ലറും ഉണ്ടാവില്ല. വലിയ ഒരു കഥ പറയുമ്പോഴാണ് പലപ്പോഴും ഒരു ഫിലിം മേക്കര്‍ക്ക് കൂടുതല്‍ കയ്യടി കിട്ടുക.

sidharth-bharathan-mammootty

എന്നാല്‍ നടന്റെ സ്ഥിതി അതല്ല. സ്പിരിറ്റില്‍ ഞാന്‍ ചെയ്തത് ഏതാനും സീനുകളില്‍ മാത്രം വന്നു പോകുന്ന ചെറിയ കഥാപാത്രമായിരുന്നു. പക്ഷേ അതിന് വലിയ അംഗീകാരം കിട്ടി. അന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു ത്രൂ ഔട്ട് നിന്ന് അഭിനയിക്കാന്‍ പറ്റിയ ഒരു വേഷം കിട്ടിയിരുന്നെങ്കില്‍ എന്ന്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഭ്രമയുഗത്തിലാണ് അത് യാഥാർഥ്യമാകുന്നത്.

∙ഈ ആഗ്രഹം ആരുമായും പങ്ക് വച്ചിരുന്നില്ലേ?

ഇല്ല. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. അവരും ഞാനും തമ്മില്‍ സംസാരിച്ചിരുന്നതൊക്കെ ഫിലിം മേക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇപ്പോള്‍ ഭ്രമയുഗം കണ്ട ശേഷം ഞാന്‍ അഭിനയത്തില്‍ കൂടുതലായി ശ്രദ്ധിക്കണമെന്ന് അവരൊക്കെ പറയുന്നു. അത് യാഥാർഥ്യമാകുന്നില്ലെങ്കില്‍ വീണ്ടും സ്‌റ്റോറി ടെല്ലിങ്ങിലേക്ക് തിരിച്ച് പോകും.

∙ഒരു ഡേറ്റിനായി ആളുകള്‍ ക്യൂ നില്‍ക്കുന്ന സമയത്തും നല്ല വേഷം ചോദിച്ചു വാങ്ങാറുണ്ടെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ വിമുഖതയുണ്ടോ?

മമ്മൂട്ടി
മമ്മൂട്ടി

മമ്മൂക്കയ്ക്ക് അത് പറ്റും. കാരണം അദ്ദേഹം ചെയ്യാത്ത വേഷങ്ങള്‍ കുറവാണ്. അപ്പോള്‍ പുതിയത് ഒന്ന് കണ്ടെത്താന്‍ പറയാം. ഭ്രമയുഗത്തിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ അന്തം വിട്ടു നിന്നിട്ടുണ്ട്. വളരെ സ്‌റ്റൈലൈസ്ഡായ ചിരിയും നോട്ടവും പറച്ചിലും എല്ലാം. ഒരു പഠനക്കളരി കൂടിയായിരുന്നു എന്നെ സംബന്ധിച്ച് ഭ്രമയുഗത്തിന്റെ ലൊക്കേഷന്‍.

മോള്‍ഡ് ബ്രേക്ക് ചെയ്യുന്ന സിനിമകള്‍ക്കൊപ്പം മാസ് പടങ്ങളും ചെയ്ത് കരിയര്‍ കൃത്യമായി ബാലന്‍സ് ചെയ്യുന്ന നടനാണ് മമ്മൂക്ക. കാതല്‍ പോലൊരു സബ്ജക്ട് ഏറ്റെടുക്കാന്‍ കാണിച്ച ധൈര്യം അപാരമാണ്. 

∙നടനായ സിദ്ധാർഥോ അതോ ചലച്ചിത്രകാരനായ സിദ്ധാർഥോ. എങ്ങനെ കാണാനായിരുന്നു അമ്മയ്ക്ക് ആഗ്രഹം?

നല്ലൊരു മകനായി കാണാനായിരുന്നു അമ്മ ആഗ്രഹിച്ചത്.

English Summary:

Exclusive chat with Sidharth Bharathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com